Flash News

നക്​സല്‍ വര്‍ഗീസ്​ കൊടുംകുറ്റവാളിയെന്ന്​ സര്‍ക്കാര്‍ ഹൈകോടതിയില്‍

March 25, 2017

1Naxal_Vargheseകൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടുംകുറ്റവാളി അല്ലെന്ന് പറയാന്‍ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. വയനാട്ടിലെ കാടുകളില്‍ കൊലയും കൊള്ളയും നടത്തിവന്ന വറര്‍ഗീസ് നക്സല്‍ സംഘത്തിന്റെ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതാണെന്നുമാണ് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നത്.

വർഗീസിനെ പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിലും കോടതി ഉത്തരവിലൂടെയും ഇക്കാര്യം തെളിഞ്ഞ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരന്‍ എ. തോമസും മറ്റ് സഹോദരങ്ങളും നല്‍കിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി.

1970 ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളില്‍ തിരുനെല്ലി കാട്ടില്‍ നടത്തിയ കൊലപാതകവും കൊള്ളയുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായിരുന്നു വര്‍ഗീസ്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തിരുനെല്ലി കാട്ടില്‍ വര്‍ഗീസ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നപോലെ സ്റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ച് കൊന്നതാണെന്ന തരത്തിലുള്ള മൊഴി ആരും അന്ന് പറഞ്ഞിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത കോണ്‍സ്റ്റബിള്‍മാരായ ആര്‍. രാമചന്ദ്രന്‍ നായര്‍, ഹനീഫ എന്നിവര്‍ക്ക് ഇതിന്റെ പേരില്‍ ഉദ്യോഗക്കയറ്റവും അംഗീകാരവും ലഭിച്ചു. എന്നാല്‍, ലക്ഷ്മണയുടേയും ഐ.ജി.യായിരുന്ന പി. വിജയന്റേയും നിർദേശ പ്രകാരം വർഗീസിനെ സ്റ്റേഷനില്‍ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസില്‍നിന്ന് വിരമിച്ച ശേഷം 1998ല്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൈകോടതി നിര്‍ദേശ പ്രകാരമാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.

ലക്ഷ്മണക്ക് ജീവപര്യന്തം തടവ് വിധിച്ച സി.ബി.ഐ. കോടതി വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു. ലക്ഷ്മണയുടെ അപ്പീല്‍ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ ലക്ഷ്മണക്ക് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കി മോചിപ്പിക്കുകയും ചെയ്തു. അതേസമയം, ലക്ഷ്മണയുടെ അപ്പീല്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ സുപ്രീം കോടതിയിലായതിനാല്‍ സി.ബി.ഐ കോടതിയുടെ വിധി അന്തിമമായി കാണാനാവില്ലെന്നാണ് സർക്കാറിന്റെ വിശദീകരണം. അതിനാൽ, ഇൗ വിധിയുടെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല.

വര്‍ഗീസിന്റെ മരണകാലത്ത് ഒരിക്കല്‍പോലും അദ്ദേഹത്തെ സ്റ്റേഷനില്‍ വെച്ച് വെടിവെച്ച് കൊന്നതാണെന്ന ആരോപണമുണ്ടായിട്ടില്ല. അതിനാല്‍, സംസ്ഥാന ഭീകരത എന്ന വാദം നിലനില്‍ക്കില്ല. ഇതിന്റെ പേരില്‍ നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ല. ലക്ഷ്മണയുടെ അപ്പീല്‍
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടപടി തിടുക്കപ്പെട്ടതും ദുരുദ്ദേശ്യപരവുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

റെഡ് ഫ്‌ളാഗ് പ്രക്ഷോഭത്തിന്; സിപിഎം നിലപാട് തിരുത്തണം; ‘വര്‍ഗീസിന്റെ രക്തസാക്ഷിത്വം ആധുനിക കേരളത്തിലേക്കുള്ള സമരത്തുടര്‍ച്ച’

തൃശൂര്‍: നക്‌സല്‍ നേതാവ് എ. വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്നും ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ വന്‍ പ്രതിഷേധം. സി.പി.ഐ(എം.എല്‍) ഗ്രൂപ്പുകളും വിവിധ ജനാധിപത്യ മനുഷ്യാവകാശ സംഘടനകളും പ്രക്ഷോഭത്തിന്. നിയമപരവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന് ഇന്നു നടക്കുന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ തീരുമാനമാകും.

നാലര പതിറ്റാണ്ടു മുമ്പ് രക്തസാക്ഷിയായ വര്‍ഗീസിനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം തിരുത്തണമെന്നും ഇക്കാര്യത്തില്‍ സി.പി.എം. സംസ്ഥാനകമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും സി.പി.ഐ. (എം.എല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചരിത്രനിഷേധമാണ് നടത്തിയത്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായ സമരപോരാട്ടങ്ങളുടെ തുടര്‍ച്ചായായിരുന്നു വര്‍ഗീസിന്റെ ജീവിതവും രക്തസാക്ഷിത്വവും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച നൂറുപേരില്‍ ഒരാള്‍ എന്ന നിലയില്‍ അടിയോരുടെ പെരുമനായ വര്‍ഗീസിനെ വിലയിരുത്തുന്നത്. 1970 ഫെബ്രുവരി 18നാണ് വയനാട്ടില്‍നിന്നു പിടികൂടിയ വര്‍ഗീസിനെ പോലീസ് വെടിവച്ചു കൊന്നത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം വര്‍ഗീസിനുനേരെ നിറയൊഴിച്ച രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷമാണ് കുറ്റവാളികളായ പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തത്.

വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായിരുന്നെന്ന ആരോപണം നിഷേധിച്ചായിരുന്നു സി.ബി.ഐ. കോടതി വര്‍ഗീസ് കേസില്‍ വിധി പറഞ്ഞതും. സ്വര്‍ണപ്പാത്രം കൊണ്ടു മൂടിയാലും സത്യം പുറത്തുവരുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയും വിധി ശരിവച്ചു. ഈ കേസില്‍ ഐ.ജി. ലക്ഷ്ണയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകത്തിന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെട്ടത്.

ബംഗാളില്‍ ഒരു സാധാരണ പോലീസുകാരനെ ശിക്ഷിച്ചതാണു മുമ്പുള്ള ചരിത്രം. വര്‍ഗീസിനെ വെടിവച്ചു കൊന്നതാണെന്ന വിധിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നല്‍കിയ നഷ്ടപരിഹാരക്കേസിലാണ് പുതിയ സത്യവാങ്മൂലം. ഇത് സി.പി.എമ്മിന്റെ തന്നെ ചരിത്രത്തിനു വിരുദ്ധമാണെന്നും ഉണ്ണിച്ചെക്കന്‍ പറഞ്ഞു. വര്‍ഗീസ് ഏറ്റമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദ് കോയ നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ്. ശക്തിയായി എതിര്‍ത്തു. പാടിക്കുന്ന് രക്തസാക്ഷികളുടെ കഥ വിവരിച്ചുകൊണ്ടായിരുന്നു ഇ.എം.എസ്. അന്ന് മുഹമ്മദ് കോയയെ ഖണ്ഡിച്ചത്.

കമ്മ്യൂണിസ്റ്റുകാരായ പ്രവര്‍ത്തകരെ വിളിച്ചുകൊണ്ടുപോയി പോലീസ് പച്ചയ്ക്ക് വെടിവച്ചു കൊന്നിട്ട് ഏറ്റമുട്ടലില്‍ മരിച്ചുവെന്നാണ് പാടിക്കുന്ന് രക്തസാക്ഷികളെക്കുറിച്ച് സര്‍ക്കാര്‍ പറഞ്ഞതെന്നായിരുന്നു ഇ.എം.എസിന്റെ വാക്കുകള്‍. മാത്രമല്ല, പണ്ടുതൊട്ടേ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേ കേസെടുക്കുമ്പോള്‍ പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത് കൊള്ളക്കാരനും കൊലപാതകിയും സര്‍വോപരി കമ്മ്യൂണിസ്റ്റുകാരനും എന്നായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റിനു പകരം നക്‌സലൈറ്റ് എന്നായി എന്നുമാത്രം. ഇതാണിപ്പോഴും നടക്കുന്നത്. പഴയ പോലീസിന്റെ ചരിത്രം ആവര്‍ത്തിക്കുന്നത് ഭൂഷണമാണോയെന്ന് ഇടതുപക്ഷസര്‍ക്കാര്‍ ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top