Flash News

വിനയനെ വിലക്കിയ താരങ്ങള്‍ക്കും സംഘടനകള്‍ക്കും പിഴ, ഇന്നസെന്റ് 51,478, ഇടവേള ബാബു 19,113, സിബി മലയില്‍ 66,356, ബി. ഉണ്ണികൃഷ്ണന്‍ 32,026 രൂപ വീതം നൽകണം

March 25, 2017

vinayanന്യൂഡല്‍ഹി: മലയാള ചലച്ചിത്ര സംവിധായകന്‍ വിനയന്റെ സിനിമകള്‍ തടഞ്ഞതിന് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും അവയുടെ ഭാരവാഹികളായ സിനിമാ പ്രവർത്തകർക്കും കോംപറ്റീഷന്‍ കമീഷൻ പിഴ ശിക്ഷ വിധിച്ചു. നാല് ലക്ഷം രൂപ അമ്മയും, 85,594 രൂപ ഫെഫ്കയും, 3.86 ലക്ഷം രൂപ ഫെഫ്ക സംവിധായകരുടെ സംഘടനയും 56,661 രൂപ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനും പിഴയൊടുക്കണം. ഇതു കൂടാതെ ഭാരവാഹികളായ ഇന്നസെൻറ് 51,478 രൂപയും ഇടവേള ബാബു 19,113 രൂപയും സിബി മലയില്‍ 66,356 രൂപയും ബി. ഉണ്ണികൃഷ്ണന്‍ 32,026 രൂപയും കെ. മോഹനന്‍ 27,737 രൂപയും വ്യക്തിപരമായി പിഴ നൽകണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിൽ വ്യക്തമാക്കി. 60 ദിവസത്തിനകം പിഴ കെട്ടിവെക്കണം.

സംവിധായകന്‍ വിനയനെ അമ്മയും ഫെഫ്കയും പുറത്താക്കിയതിനു ശേഷം വിനയന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയാൻ സംഘടനകള്‍ നിര്‍ദേശം നല്‍കിയതിനെതിരെയാണ് വിനയന്‍ കോംപറ്റീഷൻ കമീഷനെ സമീപിച്ചത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്നും വിനയന്‍ പരാതിയിൽ പറഞ്ഞു.

ഇതേ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിനയന്റെ ചിത്രങ്ങള്‍ തടയാന്‍ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തിയ്യേറ്റര്‍ ഉടമകളുടെ സംഘടന നേതാവ് ലിബര്‍ട്ടി ബഷീര്‍ കോംപറ്റീഷന്‍ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.

‘യക്ഷിയും ഞാനും’ എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് സമ്മര്‍ദ്ദമുണ്ടായതെന്നും തുടര്‍ന്ന് ‘രഘുവിന്റെ സ്വന്തം റസിയ’, ‘ഡ്രാക്കുള’ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും ഇതേ തന്ത്രം സ്വീകരിച്ചതായും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായിരുന്നു ഇതിന് പിന്നിൽ. വിനയന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയണമെന്ന് അമ്മയുടെ പ്രസിഡൻറ് ഇന്നസെൻറ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഇടവേള ബാബു, സംവിധായകരുടെ സംഘടയുടെ തലവനായ സിബി മലയിലും പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ സിയാദ് കോക്കറും ആവശ്യപ്പെട്ടിരുന്നുവെന്നും ലിബർട്ടി ബഷീറിന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

എതിരാളിയെ വിലക്കി, പണിയില്ലാതാക്കി, പട്ടിണിക്ക് ഇടുന്നവരുടെ കൂടെ ഞാനില്ല: വിനയന്‍

വിനയന്റെ വാക്കുകള്‍:

എന്റെ നിലപാടുകള്‍ സത്യമായിരുന്നു. ഞാന്‍ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ വിധി അതാണ് തെളിയിക്കുന്നത്. സിനിമാരംഗത്തെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള എന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധി.

നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം ഒടുവില്‍ അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്ത് ചെന്നെത്തി. അവിടെ നിന്ന് എനിക്ക് അനുകൂലമായ വിധി ലഭിച്ചു.

എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ്. ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല. വിനയന്‍ പറഞ്ഞതായിരുന്നു, അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല ശരി എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് എന്റെ അഭ്യര്‍ഥന. ഇവിടുത്തെ വലിയ നേതാക്കളോടും മന്ത്രിമാരോടുപോലും എനിക്ക് പറയാനുള്ളത് ഇതാണ്.

സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന വേണ്ട എന്ന് തെളിയിക്കുന്നതാണ് ഈ വിധി. ഞാനെന്നും സിനിമാക്കാര്‍ക്ക് ഒപ്പം കാണും. എതിരാളിയെ വിലക്കി, പണിയില്ലാതാക്കി, പട്ടിണിക്ക് ഇടുന്നവരുടെ കൂടെ ഞാനില്ല. സിനിമാക്കാരുടെ കൂടെ എന്നും ഞാനുണ്ട്.

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ‘അമ്മ’യ്ക്കും ‘ഫെഫ്ക്ക’യ്ക്കും പിഴ വിധിച്ചത്. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top