Flash News
മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്തത് കാണാതായ ജസ്നയുടെ കാല്‍ തന്നെയാണോ എന്ന് സംശയം; കാല്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു   ****    കൊടുങ്ങല്ലൂരിലൊരു ‘തേന്‍ കെണി’; കെണിയില്‍ പെട്ടത് കണ്ണൂരുകാരന്‍ എന്‍‍ജിനീയര്‍   ****    ലോസ് ആഞ്ചലസില്‍ ട്രേഡര്‍ ജോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടി വെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു   ****    ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****   

ഇരിക്കുന്ന കൊമ്പു മുറിക്കരുതേ…….!!!

March 29, 2017

komp sizeഅമേരിക്കയിലെ അടിമുടി വടിയാകുന്ന തണുപ്പുകാലവും ഏകദേശം മാറിക്കൊണ്ടിരിക്കുന്നു. ഇനി ആഘോഷങ്ങളുടേയും സ്റ്റേജ് ഷോകളുടേയും പെരുമഴക്കാലമാണ്. നാട്ടില്‍ നിന്ന് സിനിമാ-സീരിയല്‍-മിമിക്രി താരങ്ങളുടെ ഒഴുക്കായിരിക്കും ഇനി ഏതാനും മാസങ്ങളില്‍. പള്ളികള്‍, അമ്പലങ്ങള്‍, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളെക്കൂടാതെ, ജില്ല, പഞ്ചായത്ത്, ഗ്രാമം, കുടുംബം, അയല്‍ക്കൂട്ടം മുതലായ കൂട്ടായ്മകളും പിന്നെ പൂമരം കൊണ്ട് കപ്പലുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയവരുമൊക്കെ തട്ടിക്കൂട്ടുന്ന സ്വതന്ത്ര സംഘടനകളുടെ ഉത്സാഹക്കമ്മിറ്റി ഭാരവാഹികള്‍ മാക്സിമം ആള്‍ക്കാരെ പിഴിയാന്‍ ടിക്കറ്റുമായി പിരിവിനിറങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇനി നമുക്ക് കാണാന്‍ കഴിയുക.

ഈ പിരിവുകാരെ പേടിച്ച് പുറത്തേക്കിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കും ഇനിയുള്ള കാലം. ഗ്രോസറിക്കടകളില്‍, പള്ളികളില്‍, അമ്പലങ്ങളില്‍, മാളുകളില്‍, പാര്‍ക്കിംഗ് ലോട്ടുകളില്‍, എന്തിനു പറയുന്നു വീക്കെന്റുകളില്‍ സ്വൈര്യമായി വല്ല പാര്‍ക്കിലോ ബീച്ചിലോ പോയി സ്വൈര്യമായി കുറച്ചുനേരം ഇരിക്കാമെന്നു വെച്ചാല്‍ അവിടെയുമെത്തും ഈ ഉത്സാഹക്കമ്മിറ്റിക്കാര്‍. തമ്മില്‍ കണ്ടാല്‍ ടിക്കറ്റ് അടിച്ചേല്പിക്കുമെന്നുറപ്പ്. ഇനി വീട്ടിലിരുന്നൊന്ന് റിലാക്സ് ചെയ്യാമെന്നു വെച്ചാലോ ? സമയവും കാലവുമൊന്നും നോക്കാതെ അവിടെയുമെത്തും ഇക്കൂട്ടര്‍. പള്ളിപ്പിരിവ്, അമ്പലപ്പിരിവ്, പാര്‍ട്ടിപ്പിരിവ്, പൂരപ്പിരിവ്, നേര്‍ച്ചപ്പിരിവ് ഇത്യാദി പിരിവുകാരെക്കൊണ്ട് പൊറുതി മുട്ടി, മാസാമാസം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്ന മലയാളികളുടെ കദനകഥ ആര് കേള്‍ക്കാന്‍ ! സ്റ്റേജ് ഷോയുടെ പേരും പറഞ്ഞ് പിഴിയാവുന്നതിന്റെ പരമാവധി പിഴിഞ്ഞ് ചോരയും നീരും വറ്റിയ അവസ്ഥയാണ് ഒരു സാദാ മലയാളിയുടേത്.

വ്യാവസായികാടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ മുടക്കി വിവിധയിനം സ്റ്റേജ് ഷോകള്‍ അമേരിക്കയില്‍ കൊണ്ടുവരുന്ന പ്രൊമോട്ടര്‍മാരില്‍ നിന്ന് ഇരുപതിനായിരവും മുപ്പതിനായിരവും കൊടുത്ത് മേല്പറഞ്ഞ ഉത്സാഹക്കമ്മിറ്റിക്കാര്‍ ഷോകള്‍ ഏറ്റെടുക്കുന്നു. എന്തിന്റേയെങ്കിലും ‘ധനശേഖരണാര്‍ത്ഥം’ നടത്തുന്ന ഇത്തരം ഷോകള്‍ ഒരേ പ്രദേശത്ത് രണ്ടും മൂന്നും ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് നടത്തുകയും അതിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുവാനും മാക്സിമം ടിക്കറ്റ് വില്‍ക്കാനും മത്സരിച്ചോടുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ബിസിനസ് സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍, റിയല്‍ എസ്റ്റേറ്റ്/ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍ എന്നിവരൊക്കെയാണ് ഇക്കൂട്ടരുടെ ഇരകള്‍. ഒരുമാതിരി തട്ടിക്കൂട്ടി നഷ്ടവും ലാഭവുമില്ലാതെ നടത്തിക്കൊണ്ടുപോകുന്ന ബിസിനസ്സുകാരെ നിര്‍ബ്ബന്ധപൂര്‍‌വ്വം സ്പോണ്‍സര്‍ഷിപ്പ് എടുപ്പിക്കുന്നതോടെ അവരുടെ ഒരു മാസത്തെ ലാഭവിഹിതം സ്വാഹ.

ഇപ്പോള്‍ മറ്റൊരു തന്ത്രമാണ് ഈ ഉത്സാഹക്കമ്മിറ്റിക്കാര്‍ പയറ്റുന്നത്. സ്ത്രീകളെ ടിക്കറ്റ് ഏല്പിക്കുക. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മലയാളികളേയും ഇന്ത്യക്കാരേയും പിടികൂടി ടിക്കറ്റ് വാങ്ങിപ്പിക്കുമെന്ന് അവര്‍ക്കറിയാം. അതാണവരുടെ ലക്ഷ്യവും. അമേരിക്കയില്‍ ജോലി സ്ഥലത്ത് ഫണ്ട് കളക്‌ഷനും, ഫണ്ട് റെയ്സിംഗും, മതപ്രചരണവും നടത്തുന്നത് നിയമവിരുദ്ധമാണെന്നോ അങ്ങനെ ചെയ്യുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നോ ഒന്നും ഈ ഉത്സാഹക്കമ്മിറ്റിക്കാര്‍ക്കോ ടിക്കറ്റുകള്‍ ഏല്പിക്കുന്നവര്‍ക്കോ അറിയുകയില്ല. അവര്‍ക്ക് ഷോ നടക്കണം, പത്തു ഡോളറെങ്കില്‍ പത്തു ഡോളര്‍ ലാഭം കിട്ടണം. ഇങ്ങനെ തൊഴില്‍ സ്ഥാപനത്തില്‍ ‘അനധികൃത’ ബിസിനസ് നടത്തി ജോലി പോയവരുടെ അനുഭവസാക്ഷ്യമാണ്… ‘ദയവു ചെയ്ത് നിങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്’ എന്ന്.

ഇനിയങ്ങോട്ട് ഡിസംബര്‍ വരെ സ്റ്റേജ് ഷോകളും കണ്‍‌വന്‍ഷനുകളും കൊണ്ട് അമേരിക്കയിലെങ്ങും ഉത്സവലഹരിയിലായിരിക്കും. രാപകല്‍ അദ്ധ്വാനിച്ച്, ഡബിളും ട്രിപ്പിളും ചെയ്ത് സ്വൈര്യമായി ഒന്നുറങ്ങാന്‍ പോലും സമ്മതിക്കാത്ത ഈ ഷോ നടത്തിപ്പുകാരെ ഇനിയും സഹിക്കണോ? സ്വയം ബലി കൊടുത്തിട്ടുവേണോ സംഘടനകളെയും സ്റ്റേജ് ഷോകളേയും വളര്‍ത്തേണ്ടത്? ആലോചിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top