Flash News

സ്വപ്നങ്ങളെ വീണുറങ്ങൂ (ലേഖനം): ജ്യോതിലക്ഷ്മി നമ്പ്യാര്‍

March 31, 2017

swapnangale sizeഇരുപത്തിയഞ്ചു വര്‍ഷത്തെ അമേരിക്കയിലെ നീണ്ട സേവനത്തിനുശേഷമാണ് ശ്രീ കുല്‍ക്കര്‍ണി തന്റെ കുടുംബത്തെ മുംബെയില്‍നിന്നും അമേരിക്കയിലേക്കു പറിച്ച് നടുവാനുള്ള തീരുമാനത്തോടെ ‘ഗ്രീന്‍കാര്‍ഡു’മായി വന്നത്. അതിന്റെ സന്തോഷം പങ്കിടുന്ന കൂടിക്കാഴ്ചയില്‍ അവരെ എല്ലാവരും അഭിനന്ദിച്ചു. കൂട്ടത്തില്‍ ഞാനും അഭിനന്ദിച്ചു. ഇതാണ് പറ്റിയ സമയം, രണ്ടു കുട്ടികളും പഠിച്ചുകൊണ്ടിരിയ്ക്കുന്നു, അവരുടെ ഉന്നതപഠനത്തിനും, നല്ലഭാവിയ്ക്കും നല്ല തീരുമാനം എന്ന് എല്ലാവരും പറഞ്ഞു.

“തന്റെ മകള്‍ അല്ലെങ്കില്‍ മകന്‍ അമേരിക്കയിലെ ഉന്നതപഠനത്തിനുവേണ്ടി അല്ലെങ്കില്‍ ജോലിയ്ക്കുപോയിരിയ്ക്കുന്നു. ഞങ്ങളും അവിടെയൊക്കെ ഒന്ന് കറങ്ങിവന്നു” ഇത്പറയുന്നത് എത്ര അഭിമാനമായിട്ടാണ് ഓരോ അച്ഛനമ്മമാരും കാണുന്നത്! തന്റെ മകള്‍ അല്ലെങ്കില്‍ മകള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനത്തിനായി, ഡോക്ടറോ, എന്‍ജിനീയറോ, ചാര്‍ട്ടേഡ് അക്കൗണ്ടന്റോ അല്ലെങ്കില്‍ ഒരു എം.ബിഎ ബിരുദധാരിയോ ആണെങ്കില്‍ എന്ത് പണം ചെലവഴിച്ചും അമേരിക്കയിലയയ്ക്കുക എന്നതാണ് ഇന്നത്തെ ഓരോ മാതാപിതാക്കളുടെയും സ്വപനം.

ചൂടുള്ള എണ്ണയില്‍ പൊരിഞ്ഞുപൊങ്ങുന്ന പപ്പടകുമിളപോലെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉയര്‍ന്നുപൊങ്ങുന്ന ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ജനങ്ങള്‍ക്ക് അടുത്ത കാലത്തായി വന്ന വിദ്യാഭ്യാസ നയത്തോടും, തൊഴിലിനോടുമുള്ള മാറിവന്ന അഭിരുചിയ്ക്കുള്ള പ്രത്യക്ഷ തെളിവാണ്. ആദ്യമെല്ലാം ഒരു ഗവണ്‍മെന്റ് കോളേജില്‍ പഠിച്ച്ബിരുദം നേടിയെന്നത് അഭിമാനത്തോടെ പറഞ്ഞിരുന്നു. പിന്നീട് ജനങ്ങളുടെ ശ്രദ്ധ കോണ്‍വെന്റ് സ്കൂളിനോടും, കോളേജിനോടുമായതോടെ ഗവണ്മെന്റ് സ്കൂളുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ ഇപ്പോള്‍ സ്‌റ്റേറ്റ്‌ ബോര്‍ഡിലാണ് പഠിയ്ക്കുന്നതെന്നാല്‍ ഒരു പോരായ്മയായി. ഐ.സി.എസ്.സി, സിബി.എസ്.സി തുടങ്ങിയ ഇന്റര്‍നാഷണല്‍ ബോര്‍ഡുകളിലാണ് വിദ്യാഭ്യാസം കേന്ദ്രീകരിയ്ക്കുന്നത്. അതുമാത്രമല്ല, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശ ഭാഷകള്‍ അഭ്യസിയ്ക്കാനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരുന്നു. ഇതും അമേരിയ്ക്കന്‍ രാജ്യങ്ങളോടുള്ള കൂടുതല്‍ ആസക്തി വ്യക്തമാക്കുന്നു. അടുത്ത കാലത്തുവന്ന ഈ പ്രത്യക്ഷ മാറ്റത്തിന് മതിയായ കാരണം എന്താണ്?

പണക്കാര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും മാത്രം ഊരിമാറാനാകുന്ന ഇന്ത്യന്‍ നിയമങ്ങളുടെ നൂലാമാ ലയില്‍പെട്ട് വലഞ്ഞ ജനങ്ങളിലാണോ ഇത്തരം ഒരു മാറ്റം? അതോ ഉന്നത വിദ്യാഭ്യാസവും, അറിവും ഉള്ള പാവപെട്ട പണ്ഡിതനെ വിഢിയാക്കുകയും, മതിയായ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത വിഢിയെ പണ്ഡിതനാക്കുകയും ചെയ്യുന്ന, സ്വാധീനവും, കൈയ്യൂക്കും ഉള്ള, അറിവും വിവരവുമില്ലാത്ത വിഢിയ്ക്കു മുന്നില്‍ ഓഛാനിച്ച്‌നിന്ന് അവനെ പണ്ഡിതന്‍ എന്ന് വിളിയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും, മതഭ്രാന്തന്മാരുടെയും പ്രവര്‍ത്തിയില്‍ മനംനൊന്തു തന്റെ കഴിവിനെ തെളിയിയ്ക്കാന്‍ അവസരം തേടി സ്വയം ഒഴിഞ്ഞുമാറുന്ന ജനങ്ങളാണോ വിദേശ രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത്? അതോ നീതിയ്ക്കും, നിയമത്തിനും മുന്നില്‍ വിലപോകാത്ത പ്രവൃത്തികളാല്‍ കള്ളപ്പണം പുഴക്കിയെടുത്ത് ധൂര്‍ത്തടിച്ച് നടക്കുന്ന നേതാക്കളുടെയും, ബിസിനസ്സുകാരുടെയും മക്കള്‍ക്ക് വെറുമൊരു പൊങ്ങച്ചത്തിനു വേണ്ടിയാണോ വിദേശ രാജ്യങ്ങളോടുള്ള ഈ അഭിനിവേശം?

നമ്മുടെ കേരളീയരെക്കുറിച്ച് തന്നെ പ്രതിപാദിയ്ക്കാം. ആറുകളും, അരുവികളും, കളിവള്ളങ്ങളും, പച്ചകുന്നുകളും നെല്‍വയലുകളും മാന്‍തോപ്പുകളും കുളിര്‍കാറ്റും ഇളംമഞ്ഞും പൂനിലാവും ഇളംവെയിലും കായികസമൃദ്ധിയും വിഭവസമൃദ്ധിയും കണ്ട് തന്റെ ബാല്യം ചെലവഴിച്ച് ജോലിയ്ക്കുവേണ്ടി വിദേശങ്ങളില്‍ പോയി സ്ഥിരതാമസമാക്കിയ ഓരോ മലയാളിയുടെയും മനസ്സിലെ സ്വപ്നമാണ് ഒഴിവുകാലങ്ങളില്‍ തന്റെ കേരളം സന്ദര്‍ശിക്കുക, ജോലിയില്‍നിന്നും വിരമിച്ചതിനുശേഷം കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ അലിഞ്ഞുചേരുക എന്നത്. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ, ആരോ വിളിച്ച ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന യവനികയ്ക്കുള്ളില്‍ ഇന്നുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഈ സ്വപനങ്ങള്‍ക്കു ഉതകുന്നതാണോ! തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകിയിരുന്ന അരുവികളും ആറും പുഴയും, മനുഷ്യപിശാചുക്കള്‍ ആഹ്ലാദത്തിനായി കുടിച്കു വറ്റിച്ച മദ്യകുപ്പികളാല്‍ നിറഞ്ഞിരിയ്ക്കുന്നു, ഹരിതകുന്നുകള്‍ എല്ലാം ഇടിച്ച് നിരത്തി അവിടെല്ലാം വീട് കൃഷി ആരംഭിച്ചിരിയ്ക്കുന്നു, തലയുയര്‍ത്തി കിരീടം പോലെ നിന്നിരുന്ന കുന്നുകള്‍ക്കു പകരം, മടിയന്മാരായി മാറിയ മനുഷ്യര്‍ക്ക് കൃത്രിമ ഭക്ഷണം വരുന്ന കവറുകളാലും പ്ലാസ്റ്റിക് കൂടുകളാലും മറ്റു മാലിന്യങ്ങളാലും രൂപാന്തരപ്പെട്ടു ചവറു കൂമ്പാരങ്ങളായി മാറി.

ഗ്രാമത്തിലെ നിഷ്കളങ്ക മനുഷ്യരുടെ കാര്യമാണെങ്കില്‍, അധികാര കസേരയിലിരുന്നു, നാട് നന്നാക്കാന്‍ അല്ല, തന്റെ പോക്കറ്റ്‌ നിറയ്ക്കാന്‍ വേണ്ടി നിയമം എന്ന് പറഞ്ഞു സാധാരണക്കാരെ കുരങ്ങു കളിപ്പിയ്ക്കുന്ന രാഷ്ട്രീയക്കാര്‍, സാക്ഷാല്‍ സൃഷ്ടികര്‍ത്താവിനെ തന്റെ സ്വന്തം ദൈവമാക്കാന്‍ തമ്മില്‍ത്തല്ലുന്ന മതഭ്രാന്തന്‍മാര്‍, ചുരുങ്ങിയ സമയത്തില്‍ കൈനിറയെ അദ്ധ്വാനിയ്ക്കാതെ പണമുണ്ടാക്കാന്‍ കൊള്ളയടിയും മോഷണവും നടത്തുന്ന കുറെ പേര്‍, തന്റെ മണ്ണില്‍ വിയര്‍പ്പൊഴുക്കാന്‍ കഴിയാതെ മുതലാളി എന്ന വെള്ളകുപ്പായം ഇടാന്‍ വേണ്ടി പണിയെടുക്കാന്‍ വേണ്ടി അന്യ സംഥാനത്തുനിന്നും ആളുകളെ കൊണ്ടുവരുകയും, അവിടെനിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയില്ലാത്ത വിഭവങ്ങള്‍ വീര്‍പ്പുമുട്ടെ തിന്നു വീരവാദം പറയുന്നവര്‍, തന്നിലെ കാമപ്പിശാചിനെ മദ്യലഹരിയ്‌ക്കൊപ്പം സംതൃപ്തിപ്പെടുത്തുവാന്‍, അംഗന്‍വാടിയില്‍ പോകുന്ന ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ പോലും പ്രായമാകാത്ത പിഞ്ച്കുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്ന കുറെ മനുഷ്യര്‍ ഇങ്ങിനെ തുടരുന്നു.

അതുമാത്രമല്ല വര്‍ത്തമാനപത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും കുറെ നാള്‍ ചര്‍ച്ചാവിഷയമായ സിനിമാതാരം ഭാവനയെപ്പോലെ പരസ്പര വൈരാഗ്യത്തിനും മുതലെടുപ്പിനും വേണ്ടി സമൂഹത്തില്‍ നിന്നും അപ്രത്യക്ഷരാകുന്ന പ്രശസ്ഥരല്ലാത്തതും ആയതുമായ കുറെ നിഷ്കളങ്ക പെണ്‍കുട്ടികള്‍, പുതിയ തലമുറകളുടെ മാറിവരുന്ന ചങ്ങാത്തത്തിലോ മറ്റേതോ കാരണത്തലോ ജീവിതയാത്രയില്‍ വഴുതിവീഴുന്ന മിഷേലിനെപ്പോലുള്ള പെണ്‍കുട്ടികളുടെ കഥകള്‍ ഇതെല്ലാം അരങ്ങേറുന്നതും നമ്മുടെ കൊച്ചു കേരളത്തിലല്ലേ? ഇത്തരം ഒരു സാഹചര്യത്തില്‍ തന്റെ പൗരത്വം മറന്നു, സമാധാനപരമായി വിയര്‍പ്പൊഴുക്കി, കൂടുതല്‍ ജീവിതസാഹചര്യങ്ങളെ സ്വപനം കണ്ടു വിദേശങ്ങളിലേയ്ക്ക് യാത്ര തുടങ്ങുന്ന മലയാളിയെ കുറ്റപ്പെടുത്താനാകുമോ?

എന്തൊക്കെയായാലും ഈ അടുത്ത കാലത്തായി പത്രത്തില്‍ വായിയ്ക്കാനിടയായ ന്യൂയോര്‍ക്കില്‍ വംശീയ ആക്രമണത്തില്‍ ഇന്ത്യക്കാരനായ എഞ്ചിനീയര്‍ കൊല്ലപ്പെട്ടതും, ദിവസങ്ങള്‍ക്കുള്ളില്‍ സൗത്ത് കരോലിനയിലെ ലാന്‍കാസ്റ്ററില്‍ വ്യാപാരം നടത്തിയിരുന്ന യുവാവ് കൊല്ലപ്പെട്ടതുമായ വാര്‍ത്തകള്‍ ഇന്ത്യക്കാരന്റെ അമേരിയ്ക്കന്‍ സ്വപ്ങ്ങളെ അനുകൂലിയ്ക്കുന്നതാണോ? H-1 B വിസ അനുവദിയ്ക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനവും ഇന്ത്യക്കാരന്റെ അമേരിയ്ക്കന്‍ സ്വപ്നങ്ങളെ തടസ്സപ്പെടുത്തുന്നതല്ലേ?

തന്റെ പൗരത്വത്തിനാണോ, ജോലിയ്ക്കും, ജീവിതസാഹചര്യങ്ങള്‍ക്കുമാണോ പ്രാധാന്യം നല്‍ കേണ്ടതെന്ന് ഓരോ പൗരനും സ്വയം എടുക്കേണ്ട തീരുമാനം തന്നെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സ്വപ്നങ്ങളെ വീണുറങ്ങൂ (ലേഖനം): ജ്യോതിലക്ഷ്മി നമ്പ്യാര്‍”

  1. Yedunath says:

    Fortunately I am having many friends from different countries. One thing which is a major difference between them and us I felt that they love their country n feel proud of it. Not only that they feel proud about their custom n culture too. But we? Want to imitate others, feel bad about our culture. Feel proud in following others culture. Actually we are not real children of India. Hands matharam……

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top