Flash News

നക്ഷത്രങ്ങളുടെ പീഡാനുഭവങ്ങള്‍ (ഭാഗം ഒന്ന്): എച്‌മുക്കുട്ടി

April 4, 2017

peedanubhavam 1 sizeജ്യോതിഷം സയന്‍സാണോ, അന്ധവിശ്വാസമാണോ, ആചാരമാണോ …. എന്നൊന്നും ചോദിച്ചാല്‍ അവളുടെ പക്കല്‍ കൃത്യമായ ഉത്തരമില്ല. അതും പറഞ്ഞ് എപ്പോഴും തര്‍ക്കിക്കലും അവളെ ഉത്തരം മുട്ടിക്കലുമാണ് അവളുടെ ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട വിനോദമെങ്കിലും..

അവളുടെ ഭര്‍ത്താവിനു ജ്യോതിഷം എന്ന വാക്കു പോലും കേട്ടുകൂടാ. ‘തകിടും കൂടും യന്ത്രവും മറ്റും എഴുതി ജാതകം വരച്ച് ഫലം പറഞ്ഞ് ആളുകളില്‍ നിന്ന് ദക്ഷിണ വാങ്ങി ജീവിക്കുകയായിരുന്നു നിന്‍റച്ഛനെന്ന് വേണ്ട സമയത്ത് അറിയാന്‍ കഴിഞ്ഞില്ലല്ലോ’ എന്ന് പറ്റുമ്പോഴെല്ലാം അവളോട് അയാള്‍ കയര്‍ക്കാറുണ്ട്.

ശരിയാണ്, ഒന്നാമത്തെ ചാന്‍സില്‍ സി എ പരീക്ഷ പാസ്സായ അച്ഛന്‍ ആദ്യമൊക്കെ പാര്‍ട്ടി പാര്‍ട്ടി യൂണിയന്‍ എന്നൊക്കെപ്പറഞ്ഞ് സമയം കളഞ്ഞു. എപ്പോഴും സമരവും ഹര്‍ത്താലും കൊടി പിടിക്കലും ബഹളവും തന്നെ. പിന്നെ ജ്യോതിഷിയായി മാറിയപ്പോള്‍ പണ്ട് കമ്യൂണിസ്റ്റായിരുന്നെന്നും ആ പാത തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടാണ് ഈശ്വരവിശ്വാസിയായ ജ്യോതിഷിയായതെന്നും അച്ഛന്‍ പറഞ്ഞിരുന്നു. ജാതകം നോക്കാന്‍ വരുന്നവരാകട്ടെ അതു കേള്‍ക്കുന്ന പാടെ അച്ഛന്‍റെ ജാതകനോട്ടം തികച്ചും ശാസ്ത്രീയമാണെന്ന് ഉറപ്പിച്ചു കഴിയും.

എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കമ്യൂണിസത്തിന്‍റെ ശാസ്ത്രീയമായ അടിത്തറ ഒരു കൊള്ളാവുന്ന കാര്യമായി തോന്നാറുണ്ട്.

കമ്യൂണിസ്റ്റായിരുന്ന ആള്‍ ദൈവവിശ്വാസിയും ജ്യോതിഷക്കാരനുമായാല്‍ പിന്നെ ഇതില്‍ക്കൂടുതല്‍ ദൈവവിശ്വാസത്തിനും ജ്യോതിഷത്തിനും ഒരു അംഗീകാരം കിട്ടാനുണ്ടോ?

ഇമ്മാതിരി വിമര്‍ശനമൊക്കെ അവള്‍ അമ്മയുടെ വലിയ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അമ്മ വായ തുറന്ന് ഒന്നും പറഞ്ഞിട്ടില്ല.

അവള്‍ക്കാണെങ്കില്‍ കിളി ജ്യോതിഷക്കാരേയും വടി ജ്യോതിഷക്കാരേയും പല നിറമുള്ള മുത്തുമാലകള്‍ ഇട്ട കുറത്തികളേയും നാഡി ജ്യോതിഷക്കാരേയും ഒക്കെ ഇഷ്ടമാണ്. അവര്‍ പറയുന്നതൊക്കെ മനസ്സിലാക്കാനും കൂട്ടത്തില്‍ അവരുടെ ജീവിതകഥ കേള്‍ക്കാനും ഇഷ്ടമാണ്.
അവളൂടെ ഭര്‍ത്താവിനു കലി കയറും. അവരൊക്കെ തനി പറ്റിപ്പുകാരും കള്ളന്മാരുമാണെന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ട്. അവര്‍ പറയുന്ന ഭാവി പ്രവചനമൊക്കെ കേട്ട് അവള്‍ അറിയാതെ അങ്ങനെയായി മാറാന്‍ ശ്രമിക്കുമെന്നാണ് അയാള്‍ ശാസ്ത്രീയമായി ആലോചിച്ച് പറയുന്നത്. അതുകൊണ്ട് ഒരു വഴിയുണ്ടെങ്കില്‍ ആ മാതിരി ആള്‍ക്കാരെ വീട്ടില്‍ കയറ്റരുതെന്നും വല്ല അമ്പലത്തിലോ മറ്റോ പോകുമ്പോള്‍ അവരെ കണ്ടാല്‍ തിരിഞ്ഞു നോക്കാതെ ഓടിക്കൊള്ളണമെന്നും അയാള്‍ അവളോട് പറഞ്ഞിട്ടുണ്ട്.

അവള്‍ക്ക് യാതൊരു ബുദ്ധിയും വിവരവും കരുതലുമില്ലെന്ന മട്ടിലുള്ള ഇമ്മാതിരി അഭിപ്രായങ്ങള്‍ അവളെ ചൊടിപ്പിക്കും … എങ്കിലും പലപ്പോഴും അവള്‍ മൌനം പാലിക്കാറാണ് പതിവ്. എന്തെങ്കിലും കാരണവശാല്‍ അവളൂടെ മൌനമുടയുന്ന ദിവസമാണ് അച്ഛനെച്ചൊല്ലിയുള്ള കയര്‍ക്കലും അന്ധവിശ്വാസികളുടെ കുടുംബത്തില്‍ ചെന്ന് കല്യാണം കഴിച്ച അപമാനവും ഒക്കെ അയാള്‍ അവളൂടെ മുഖത്ത് ച്ഛര്‍ദ്ദിക്കുക.

അച്ഛന്‍റെ തൊഴിലായിരുന്നു ജ്യോതിഷമെങ്കില്‍ അമ്മയുടെ ഒരു ഹോബിയാണ് അത് . വരാഹമിഹിരന്‍റെ ഹോര അമ്മയ്ക്ക് മന:പാഠമാണ്. ബി വി രാമന്‍റെ ഇംഗ്ലീഷിലുള്ള ജ്യോതിഷ മാസികകള്‍ വരെ അമ്മ വളരെ താല്‍പര്യത്തോടെ വായിച്ചിരുന്നു. അടുത്ത കാലത്തു പോലും ജനനസമയം പറഞ്ഞാല്‍ ജാതകം വരച്ചു കാണിക്കാനും അമ്മക്ക് കഴിഞ്ഞിരുന്നു. പക്ഷെ, അച്ഛന്‍ അമ്മയുടെ പാണ്ഡിത്യത്തെ ഒട്ടും ആദരിച്ചിരുന്നില്ല.

അമ്മ തൈരു കലക്കട്ടെ…

തുണി അലക്കട്ടെ..

ചോറു വെക്കട്ടെ..

വീട്ടു പണികള്‍ ചെയ്ത് അമ്മ തളരുമ്പോഴൊക്കെ അച്ഛന്‍ ദയ കാട്ടീരുന്നു. ‘ നീ കിടന്നോ കിടന്നോ, ഉറങ്ങിക്കോ’ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. അമ്മയുടെ പൂന്തോട്ടവും അടുക്കളത്തോട്ടവും ഒക്കെ സാധാരണ ഗതിയില്‍ അച്ഛന് അഭിമാനമായിരുന്നു.

അമ്മ ജ്യോതിഷ മാസിക മറിച്ചു നോക്കിയാല്‍ അച്ഛന്‍റെ മട്ട് മാറും. ഭരണി പൂരം പൂരാടം എന്നൊന്ന് അബദ്ധത്തില്‍ പറഞ്ഞു പോയാല്‍ കാര്യങ്ങള്‍ ആകെ കുഴയും. അമ്മയുടെ പൂച്ചെടികളും മുളകു ചെടികളും ഒക്കെ അച്ഛന്‍ പിഴുതു കളയും. റോസച്ചെടിയും പിച്ചകവും മുല്ലയും ഒക്കെ വെട്ടിക്കളയും.
ജ്യോതിഷത്തില്‍ കൂടുതല്‍ പാണ്ഡിത്യമുണ്ട് അമ്മയ്ക്കെന്ന അറിവാണോ അച്ഛനെ അത്രയധികം പ്രകോപിപ്പിച്ചിരുന്നത്?

ചെടികള്‍ വെട്ടിക്കളഞ്ഞാല്‍ പിന്നെ, വൃശ്ചിക ലഗ്നത്തില്‍ മൂലം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്ണുങ്ങള്‍ ഇങ്ങനെയാണെന്ന് അച്ഛന്‍ അലറും. അവര്‍ക്ക് ഭര്‍ത്താവിനെ ബഹുമാനമുണ്ടാവില്ല. അവര്‍ തന്നിഷ്ടം കാണിക്കും. ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്യും. ഒളിച്ചാണെങ്കിലും ചെയ്യും.
അമ്മ എന്താണ് അച്ഛനെ ഒളിച്ച് ചെയ്തിരുന്നത് ?

പഠിച്ച ജ്യോതിഷപാഠങ്ങള്‍ മറക്കാത്തതോ? അതോ അച്ഛന്‍റെ ജ്യോതിഷപുസ്തകങ്ങളും വാരികകളും വായിച്ചിരുന്നതോ?

വേറെ ഒന്നും ഒളിച്ച് ചെയ്യാന്‍ അമ്മയ്ക്ക് പ്രാപ്തിയുണ്ടായിരുന്നില്ല.

പഠിത്തമുണ്ടെങ്കിലും ജോലിക്ക് പോയിരുന്നില്ല. ടീച്ചറായി ജോലി കിട്ടുമായിരുന്നുവത്രേ. ഓര്‍ഡര്‍ വന്നതാണത്രേ. അച്ഛന്‍ അത് അമ്മയെ കാണിക്കുകയും കൂടി ചെയ്തില്ല..

പിന്നെ വളരെക്കാലം കഴിഞ്ഞ് അച്ഛമ്മയുടെ മുണ്ടുപെട്ടിക്കടിയില്‍ നിന്നാണ് ആ ബ്രൌണ്‍ നിറമുള്ള കവര്‍ അമ്മക്ക് കിട്ടുന്നത്. അന്ന് അമ്മ കുറെ കരഞ്ഞു. ഇപ്പോഴും ഇടയ്ക്കൊക്കെ ആ പഴയ കവര്‍ എടുത്ത് നോക്കുന്നത് കാണാം.

അവളൂടെ ഭര്‍ത്താവിനെ ഈ വിവരമൊന്നും അവള്‍ അറിയിച്ചിരുന്നില്ല.

‘നാട്ടുകാരെപ്പറ്റിച്ചാണെങ്കിലും നിന്‍റച്ഛന്‍ മക്കളേം ഭാര്യേം നോക്കിയില്ലേ? അമ്മക്കും ആളെപ്പറ്റിക്കാന്‍ സാധിക്കാത്തതാണോ സങ്കടം അതോ പഠിപ്പിച്ചു കുട്ടികളെ വഴി തെറ്റിക്കാത്തതോ ‘ എന്നൊക്കെ അയാള്‍ക്ക് ചോദിക്കാന്‍ ഇടകൊടുക്കുന്നതെന്തിനാണ് ?

അവളൂടെ നക്ഷത്രവും ശരിയല്ല. വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്ണുങ്ങള്‍ക്ക് വാക് സാമര്‍ഥ്യം, തര്‍ക്ക ശീലം, സ്വാതന്ത്ര്യബോധം ഇതൊക്കെ കൂടും. ഈ പറഞ്ഞതൊന്നും പെണ്‍ ശീലങ്ങളല്ല, ആവാന്‍ പാടില്ല… ഇരുപത്തൊന്നാം നൂറ്റാണ്ടായാലും കൊള്ളാം അല്ലെങ്കിലും കൊള്ളാം. അതുകൊണ്ട് നോക്കീം കണ്ടുമേ വായ തുറക്കാവൂ എന്ന് അച്ഛന്‍ അവള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടൂണ്ട്. അങ്ങനെ നേരിട്ട് പറഞ്ഞതല്ല… വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്ണുങ്ങള്‍ ഇങ്ങനെയാണ്.. നോക്കീം കണ്ടുമൊക്കെ ജീവിച്ചാല്‍ അവള്‍ക്ക് കൊള്ളാം എന്ന മട്ടില്‍..

ഏതു നക്ഷത്രത്തില്‍ ജനിച്ചാലും പെണ്‍ ജന്മത്തിനു കുറെ കുഴപ്പങ്ങളുണ്ട്. അതവള്‍ക്കറിയുകയും ചെയ്യാം. ആണ്മൂലം അറവെയ്ക്കുമെന്ന് ചൊല്ലുന്ന മൂലം നക്ഷത്രത്തില്‍ പിറന്ന പുരുഷന്‍ ധനികനാകുമെങ്കില്‍ അതില്‍ പിറന്ന പെണ്ണിന്‍റെ അമ്മായിയമ്മ വിധവയാകും എന്നാണ് മൊഴി. ഇതു കേട്ടാല്‍ പിന്നെ ആര്‍ക്കു തോന്നും മൂലത്തില്‍ പിറന്ന പെണ്ണിനെ എഴുന്നള്ളിച്ച് വീട്ടില്‍ കൊണ്ടുവരാന്‍…

ഇളയമ്മായി കല്യാണം കഴിയാതെ വീട്ടിലിരുന്ന് പോയത് അതുകൊണ്ടാണ്. അമ്മ മരുമകളായി വന്നത് അച്ഛമ്മ മരിച്ചു കഴിഞ്ഞിരുന്നത് കൊണ്ടും അന്ന് അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നതുകൊണ്ടുമാണ്. പക്ഷെ, ജ്യോതിഷിയായപ്പോള്‍ മൂലം നക്ഷത്രത്തിന്‍റെ കുഴപ്പങ്ങളൊക്കെ അച്ഛനെ വല്ലാതെ അലട്ടാന്‍ തുടങ്ങിയന്നതൊരു സത്യമാണ്. അച്ഛനു പിടിയ്ക്കാത്ത എന്തു കാര്യം അമ്മ ചെയ്താലും അതിപ്പോ കാര്യമാവണമെന്നൊന്നുമില്ല … ഒരു നോട്ടമോ ഒരുപുരികം ചുളിയ്ക്കലോ ഒക്കെ മതി പെണ്മൂലമെന്ന പെരുവഴി ഉദാഹരണങ്ങള്‍ നിരത്താന്‍… സിനിമാ നടി ശ്രീവിദ്യയെ അടക്കം അച്ഛന്‍ ഉദാഹരണമായി കാണിക്കും .മൂലം നക്ഷത്രത്തില്‍ പിറന്ന ഒരു പെണ്ണും ഒരാണിനും ദാമ്പത്യസുഖം കൊടുത്തിട്ടില്ലെന്ന് വാദിച്ചു സ്ഥാപിക്കും.

അമ്മ മൌനമായിരിക്കുകയേ ഉള്ളൂ. പക്ഷെ, ആ മൌനവും അമ്മയുടെ വലിയ കണ്ണുകളില്‍ തെളിഞ്ഞിരുന്ന ഭാവങ്ങളും അച്ഛനെ അരിശം കൊള്ളിച്ചിരുന്നു. ഭാര്യയുടെ കുലീനത്വം നിറഞ്ഞ പെരുമാറ്റങ്ങള്‍ പലപ്പോഴും ഭര്‍ത്താക്കന്മാരെ രോഷാകുലരാക്കുമെന്ന് അവള്‍ ചെറുപ്രായത്തിലേ തന്നെ മനസ്സിലാക്കി വെച്ചു.
( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top