Flash News

നക്ഷത്രങ്ങളുടെ പീഡാനുഭവങ്ങള്‍ (ഭാഗം രണ്ട്): എച്‌മുക്കുട്ടി

April 6, 2017

Peedanubhavam 2 sizeമകം പിറന്ന മങ്കയായിരുന്നു, അവളുടെ വല്യമ്മ. അമ്മയുടെ ചേച്ചി. മകം പിറന്നവള്‍ വലിയ കേമമാണ് എന്ന പൊതുധാരണ എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ, വല്യമ്മ ഒരു ഭയങ്കര കുരുത്തക്കേട് കാണിച്ചു. ബസ്സോടിക്കുന്ന ഒരു നസ്രാണിച്ചെക്കന്‍റെ ഒപ്പം പോയി. അയാള്‍ക്ക് പിന്നെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറുടെ സ്ഥിരം ജോലി കിട്ടി. അവരെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അച്ഛന്‍ പറയും ആ മകത്തിന്‍റെ ബലമാണെന്ന്..

പക്ഷെ, മകത്തിനു അത്ര ബലമുണ്ടോന്ന് അവള്‍ക്കറിയില്ല. കാരണം വല്യമ്മയ്ക്ക് അടിയും തൊഴിയും ഒക്കെ ഇഷ്ടം പോലെ കിട്ടീരുന്നു. ഭര്‍ത്താവിനു സംശയരോഗം അതികലശലായിരുന്നു. ബലമുള്ള മകം അതെന്തേ തടയാത്തതെന്ന് അവള്‍ എപ്പോഴും ആലോചിക്കും.

പുരുഷന്മാര്‍ക്ക് ഏതു നക്ഷത്രത്തില്‍ ജനിച്ചാലും ഭാര്യയെ സംശയിക്കുകയും അടിക്കുകയും ഒക്കെ ചെയ്യാമെന്ന് അവള്‍ക്ക് പിന്നെ മനസ്സിലായി.

തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് കടുകിട മാറാത്ത സ്വഭാവം കൊണ്ടാണ് വല്യമ്മയെ ഭര്‍ത്താവ് തൊഴിക്കുന്നതെന്ന് അച്ഛന്‍ പറയുമായിരുന്നു. എന്തു മകം നക്ഷത്രത്തിന്‍റെ സ്വഭാവമായാലും ഭര്‍ത്താവ് പറയുമ്പോലെ വേണം ഭാര്യയുടെ ശീലം. അല്ലെങ്കില്‍ തന്‍റേടമുള്ള ആണുങ്ങളുടെ കൈയീന്ന് നാലു കിട്ടും. കാര്യം മകത്തില്‍ ജനിച്ചാല്‍ പതിഭക്തി എന്ന വലിയ ഗുണം ഉണ്ടാവുമെങ്കിലും..
മകം പിറന്ന മങ്ക കേമമാണ് എന്ന വിശ്വാസം കാരണം ക്രിസ്ത്യാനിയേയോ മുസ്ലിമിനേയോ ഒക്കെ കല്യാണം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടികള്‍ ആ നക്ഷത്രമാണ് തങ്ങള്‍ക്കെന്ന് പറയുമെന്ന് അപ്പുറത്തെ വീട്ടിലെ ആശാലതയാണ് അവളോട് പറഞ്ഞത്. ‘അതിനവരൊന്നും നക്ഷത്രം നോക്കാറില്ലല്ലോ’ എന്ന് അവള്‍ സംശയിച്ചപ്പോള്‍ ആശാലത പൊട്ടിച്ചിരിച്ചു. ‘ആ ഉറപ്പിലല്ലേ ഇങ്ങനെ തട്ടിവിടുന്നത്. മകം പിറന്ന മങ്ക കേമമാണെന്ന് അവര്‍ക്ക് അറിയുകയും ചെയ്യും. തിരിച്ചും ഇങ്ങനാടീ മണ്ടീ.. ഹിന്ദു കുടുംബത്തിലേക്ക് വരുന്ന മാപ്ലച്ചിയും ജോനോത്തിയും മകം പിറന്ന മങ്കമാരായിരിക്കും.’
അവള്‍ വിശ്വസിച്ചില്ല.

‘കാരണം ഇപ്പോഴത്തെ കാലത്ത് അതൊക്കെ കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കില്ലേ’ എന്നവള്‍ തര്‍ക്കിച്ചു.

ആശാലത പിന്നേം ചിരിക്കുക തന്നെയാണ്.

‘എടീ, കഴുതേ അങ്ങനെ ഒരു ജാതകം എഴുതി കിട്ടാനെന്താ ബുദ്ധിമുട്ട് ?രൂപ നല്ലോണം കൊടുത്താ ജ്യോല്‍സ്യന്‍ അപ്പോ എഴുതിത്തരും ഒരു ഭാഗ്യജാതകം. ഹിന്ദു കുടുംബത്തിലേക്ക് വരുമ്പോ അങ്ങനെ ഒരു ജാതകം , ക്രിസ്ത്യാനികളുടേയും മുസ്ലിമുകളുടേയും വീട്ടിലേക്ക് പോവുമ്പോള്‍ കൂടുതല്‍ എളുപ്പായി.. അവരു ജാതകം ഒന്നും നോക്കില്ലല്ലോ. അപ്പോ നക്ഷത്രം മകം ..മകം പിറന്ന മങ്ക. മനസ്സിലായോ?’

ആശാലതയെ അച്ഛന് തീരെ ഇഷ്ടമില്ലായിരുന്നു. അവിട്ടം നക്ഷത്രത്തില്‍ പിറന്നവളാണ് ആശാലത. അവളുടെ അമ്മ എപ്പോഴും അച്ഛനെക്കൊണ്ട് അവളുടെ ജാതകം നോക്കിക്കും. അവിട്ടം തവിട്ടിലും നേടും എന്നത് ആണ്‍അവിട്ടമായാലേ പറ്റൂ… പെണ്‍അവിട്ടം തവിടുകൊണ്ട് അപ്പം ഉണ്ടാക്കി തിന്നും.. അല്ലെങ്കില്‍ വേദനിക്കണ സ്ഥലത്ത് തവിട് കിഴി കുത്തും, എന്ന് പറഞ്ഞ് അച്ഛന്‍ പൊട്ടിച്ചിരിക്കും.
തന്‍റേടവും ബുദ്ധികൂര്‍മ്മതയും അവിട്ടം പെണ്ണുങ്ങള്‍ക്ക് ഉണ്ടാവും. അത് തന്നെയാണ് കുഴപ്പവും. ഭര്‍ത്താവിനേയും വീട്ടുകാരേയും തന്‍റേടം കാട്ടി വെറുപ്പിച്ചാല്‍ നന്നോ? ഒട്ടും നന്നല്ല. നക്ഷത്രത്തിന്‍റെ സ്വഭാവം ആണുങ്ങള്‍ കാണിക്കണ മാതിരി പെണ്ണുങ്ങള്‍ കാണിക്കാന്‍ പാടില്ല. പെണ്ണ് നിലയ്ക്ക് നില്‍ക്കണം.
( തുടരും )

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top