Flash News

കുരങ്ങന്മാര്‍ക്കൊപ്പം കഴിഞ്ഞ എട്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി; കുരങ്ങന്മാരുടെ ജീവിത രീതിയുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

April 6, 2017, സ്വന്തം ലേഖകന്‍

monkey

യു.പി: വന്യജീവി സങ്കേതത്തില്‍ കുരങ്ങുകള്‍ വളര്‍ത്തിയിരുന്ന എട്ടുവയസ്സുകാരി ബാലികയെ പൊലീസ് രക്ഷിച്ചു. മനുഷ്യരെ കാണുമ്പോള്‍ ഇൗ എട്ടുവയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം നക്കിയാണ് കഴിക്കുക. കാലുകള്‍ക്കൊപ്പം രണ്ടു കൈകളും നിലത്തുകുത്തിയാണ് നടത്തം. യു.പിയില്‍ മോട്ടിപൂരിലെ കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. കുരങ്ങുകള്‍ക്കൊപ്പം കളിച്ചും ഭക്ഷണം കഴിച്ചുമാണ് അവള്‍ കഴിഞ്ഞിരുന്നത്.

പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് യാദവും സംഘവും കുട്ടിക്കരികിലെത്തി. അവളെ എടുക്കാന്‍ ശ്രമിച്ച സുരേഷ് യാദവിനു നേരെ കുരങ്ങുകള്‍ ചീറിയടുത്തു. അവ സ്വന്തം കുഞ്ഞിനെപ്പോലെ അവളെ മാറോടു ചേര്‍ത്തുപിടിച്ചു. പണിപ്പെട്ടാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്. തുടര്‍ന്ന് സമീപത്തെ ജില്ലാ ആശുപത്രിയിലാക്കി.

കുട്ടിക്ക് ഒരു വാക്കുപോലും സംസാരിക്കാനോ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനോ കഴിഞ്ഞിരുന്നില്ല. മനുഷ്യര്‍ അടുത്തുവരുമ്പോള്‍ അവൾ ആക്രമണകാരിയാകുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ നേരിയ പുരോഗതിയുണ്ട്. എങ്കിലും മനുഷ്യപ്രകൃതി വീണ്ടെടുത്തിട്ടില്ല. പിച്ചവച്ച് നടക്കാന്‍ ഡോക്ടര്‍മാര്‍ അവളെ പരിശീലിപ്പിക്കുകയാണ്. എന്നാല്‍, രണ്ട് കൈകളും നിലത്തുകുത്തി മൃഗങ്ങളെപ്പോലെയാണ് നടത്തം. ശരീരമാസകലം മുറിവേറ്റ പാടാണ്. ഏറെ കാലമായി കാട്ടില്‍ കുരങ്ങുകള്‍ക്കൊപ്പമായിരുന്നു ജീവിതമെന്ന് ഇവളുടെ ചേഷ്ടകള്‍ സൂചിപ്പിക്കുന്നു. കുട്ടി എങ്ങനെയാണ് കുരങ്ങുകള്‍ക്കൊപ്പമെത്തിയത് എന്ന് ആര്‍ക്കും അറിയില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top