Flash News

മിത്രാസ് ആര്‍ട്സിന്റെ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്; അപേക്ഷകള്‍ ക്ഷണിക്കുന്നു

April 11, 2017

നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അസുലഭ കലാ പ്രതിഭകള്‍ കലാ ആസ്വാദകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുവാനുള്ള വേദി ഒരുക്കുവാനും വേണ്ടി സ്ഥാപിതമായ മിത്രാസ് ആര്‍ട്സ് പ്രഥമ മിത്രാസ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി മിത്രാസിന്റെ സാരഥികള്‍ പ്രസിഡന്റ് ഷിറാസും ചെയര്‍മാന്‍ രാജനും അറിയിച്ചു.

ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ് പുരസ്കാര ദാനവേദി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി ഇന്നേവരെ ഒരുക്കിയിട്ടുള്ള ഏറ്റവും പ്രൗഢഗംഭീരമായ വേദികളില്‍ ഒന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അവാര്‍ഡിനയക്കുന്ന ഓരോ സിനിമയും വിദഗ്ധ ജൂറി അംഗങ്ങള്‍ക്ക് മുൻപാകെ പ്രദര്‍ശിപ്പിക്കുന്നതിനും ഏറ്റവും സുതാര്യമായ രീതിയില്‍ അവാര്‍ഡിന് അര്‍ഹമായ ഷോര്‍ട്ട് ഫിലിം തെരെഞ്ഞെടുക്കുന്നതിനും വേണ്ടിയുള്ള സമഗ്രമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി മിത്രാസ് ഇദംപ്രഥമായി ഒരുക്കുന്ന ഈ അവാര്‍ഡിനുവേണ്ടി ജൂറി അംഗങ്ങളായി ജയൻ മുളങ്ങാട് (സംവിധായകന്‍), അജയന്‍ വേണുഗോപാലന്‍ (സംവിധായകന്‍/തിരക്കഥാകൃത്ത്), ശ്രീമതി മന്യ നായിഡു (അഭിനേത്രി), ടോം ജോര്‍ജ് (സംവിധായകന്‍), മിഥുന്‍ ജയരാജ് (ഗായകന്‍/സംഗീത സംവിധായകന്‍) എന്നിവരെ നിയമിച്ചിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.

2016 ജനുവരിക്കും 2017 മേയ് 31 നും ഇടയില്‍ പൂര്‍ത്തീകരിച്ച നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ നിര്‍മിച്ചതോ സംവിധാനം ചെയ്തതോ ആയ മലയാളം ഹ്രസ്വചിത്രങ്ങളാണ് ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി പരിഗണിക്കുന്നത്.

മികച്ച സംവിധായകന്‍, മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി, മികച്ച ഗായകന്‍/ഗായിക, മികച്ച ഛായാഗ്രാഹകന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

അപേക്ഷകള്‍ അയക്കേണ്ട വിലാസം: mitrahsfilmawards@gmail.com

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 31, 2017.

Mitras

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top