Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

“അനുഭവതീരങ്ങളില്‍”- തിരമാലകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)

April 12, 2017

Untitledമൂന്നു ദശകത്തിലധികം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലേയും ഒരു ദശകത്തോളമായി വിചാരവേദിയിലേയും ഒരു നിറസ്സാന്നിദ്ധ്യമാണ് ശ്രീമാന്‍ ജോണ്‍ വേറ്റം. വെറുതെ വന്ന് വല്ലതും പറഞ്ഞുപോകലല്ല അദ്ദേഹത്തിന്റെ രീതി. ചര്‍ച്ചാവിഷയം സസൂക്ഷ്മം പഠിച്ച് കാടുകയറാതെ പ്രമേയത്തോട് നീതിപുലര്‍ത്തികൊണ്ട് മിക്കവാറുമെഴുതി തയ്യാറാക്കിയുള്ള പ്രസംഗക്കുറിപ്പുമായാണ് ഇദ്ദേഹം ഈ വേദികളില്‍ ഹാജരാവുക. ഇക്കാര്യത്തില്‍ സമാനത പുലര്‍ത്തുന്നത് കൊണ്ടാവാം ഞങ്ങള്‍ പരസ്പര ബഹുമാനമുള്ള സുഹൃത്തുക്കളായത്.

ഇദ്ദേഹം ഒരു നടനും, നാടക സംവിധായകനും, ഗാനരചയിതാവുമാണെന്ന് “അനുഭവതീരങ്ങളില്‍” എന്ന കൃതി വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ജയകേരളം, മംഗളോദയം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അഭിനയത്തിനും ചെറുകഥാരചനക്കും സമ്മാനങ്ങള്‍ നേടിയ ഒരു വ്യക്തിയാണ് ശ്രീ വേറ്റം. കൂടാതെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അംഗവുമാണ്.

“അനുഭവതീരങ്ങളില്‍” എന്ന കൃതിയില്‍ ശ്രീ. വേറ്റം തന്റെ ജീവിതയാത്രക്കിടയില്‍ കണ്ടതും കേട്ടതും അനുഭവങ്ങളിലൂടെ ഉള്‍ക്കൊണ്ടതുമായ പല വസ്തുതകളുമാണ് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടും ആത്മാര്‍ത്ഥതയോടും, നേരും നെറിയോടും കൂടി ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ആരുടേയും മുഖം നോക്കാതെ, അതേസമയം സ്വന്തം മുഖം കറുപ്പിക്കാതെ, പറയാനുള്ളത് പറയാന്‍ ശ്രീ. വേറ്റം മടിക്കാറില്ലെന്നത് ഇദ്ദേഹത്തിന്റെ ഒരു സ്വഭാവസ വിശേഷതയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. അങ്ങിനെ അനുഭവങ്ങളുടെ വികാരവരികളായി “അനുഭവതീരങ്ങളില്‍” എന്ന കൃതി ശോഭിക്കുന്നു.

Untitled1ഇനി, ഞാന്‍ അല്‍പ്പം മൊഴിമാറ്റത്തോടെ, ശ്രീ വേറ്റത്തിന്റെ ഭാഷ തന്നെ കടമെടുക്കട്ടെ. ആത്മീയസഹോദരങ്ങളെ വിജാതീയരായി കാണുന്ന വികൃത സംസ്കാരത്തോടും, കാഴ്ച്ചയുള്ളവരെ അന്ധരാക്കുന്ന വിശ്വാസപ്രമാണങ്ങള്‍ കാര്യസാദ്ധ്യതക്കുവേണ്ടി മതവും രാഷ്ട്രീയവും സമ്മേളിക്കുന്ന നാടകീയ രംഗങ്ങളാക്കി മാറ്റുന്നത് ദര്‍ശിക്കുമ്പോഴും, മതേതരമായ മനുഷ്യസ്‌നേഹം മുരടിക്കുന്നത് കാണുമ്പോഴും ഏകോപനവും സമഭാവനയും തിരസ്കരിക്കപ്പെടുമ്പോഴും, സാമൂഹ്യതലങ്ങളില്‍ സന്മാര്‍ഗ്ഗരേകളും ആത്മീയസൗകുമാര്യവും മങ്ങിമങ്ങി മായുന്നത് കാണുമ്പോഴും കണ്ടതും കേട്ടതും അനുഭവിച്ചതും എന്തെന്നു നിഷ്പക്ഷതയോടെ പുറംലോകത്തെ അറിയിപ്പിക്കാനുള്ള ഔത്സുക്യം ശ്രീ വേറ്റത്തിനുണ്ടായി. പൊയ്മുങ്ങളുടെ മുഖം മൂടി അനാവരണം ചെയ്ത്, സത്യാവസ്ഥ പുറത്തു കൊണ്ടുവരിക എന്ന സദുദ്ദേശത്തോടെ നിഷ്പക്ഷതയില്‍ ഉറച്ചു നിന്നുകൊണ്ട് സകലജാതി മതസ്ഥരും ഏകോദരസഹോദരങ്ങളാണെന്ന വിശ്വാസത്തിലൂന്നി മത രാഷ്ട്രീയ സാമൂഹ്യമേലകളില്‍ സ്‌നേഹത്തിന്റെ അനുഗ്രഹവും തൂവല്‍സ്പര്‍ശവും പ്രതിഫലിപ്പിക്കപ്പെടണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഈ പുസ്തക രചനയില്‍ ശ്രീ വേറ്റം വ്യാപൃതനായതെന്ന് നമുക്ക് ഗ്രന്ഥകാരന്റെ പ്രസ്താവനയില്‍നിന്നും ഗ്രഹിക്കാവുന്നതാണ്.

ആചാരങ്ങളേയും, അനാചാരങ്ങളേയും, സമൂഹത്തിലെ വിഭാഗീയതകളേയും അക്രമാസക്ത പ്രവണതകളേയും ആള്‍ദൈവങ്ങളേയും, സ്വാര്‍ത്ഥപരതക്കായി ഏതറ്റം വരേയും കുടിലത കൈക്കൊള്ളാനും കുതന്ത്രങ്ങള്‍ മെനയാനുമുള്ള അവരുടെ ചെയ്തികളെപ്പറ്റിയുമെല്ലാം സത്യസന്ധമായി ആഖ്യാനം ചെയ്യാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുള്ളതായി ഈ പുസ്തകം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആത്മീയ പരിശുദ്ധി പകര്‍ന്ന് സംശുദ്ധമാക്കേണ്ട ഭൗതിക തലങ്ങളില്‍ കറയും കളങ്കവും വ്യാപകമായി വ്യവഹരിക്കുന്നത് കാണുമ്പോള്‍ ഗ്രന്ഥകാരന്റെ മനം മൗനനൊമ്പരം കൊണ്ട്‌ വിതുമ്പുകയും ആത്മരോഷം കൊണ്ട് തുളുമ്പുന്നതായും വായനക്കാര്‍ക്ക് അനുഭവപ്പെടും. മുഖാമുഖം കാണുന്നതു പോലുള്ള വിവരണങ്ങള്‍ പുസ്തകത്തിലുടനീളം കാണാം.

യുക്തിഭദ്രമായ വിശകലനത്തിലൂടെ നിഷ്പക്ഷമായി വസ്തുതകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താനുള്ള ശ്രീ വേറ്റത്തിന്റെ ത്വര പ്രശംസനാര്‍ഹം തന്നെ. അനുഭവവേദ്യമായ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വായനക്കാരന്റെ അഭിരുചിക്കനുസൃതമായി മിശ്രണ പ്രതികരണങ്ങളുണ്ടാക്കാം. ഒരു പള്ളിക്കാര്യം ഇത്ര ആനക്കാര്യമാക്കേണ്ടതുണ്ടൊ എന്നു ചോദിക്കുന്നവരോട് ആവിഷ്കാര സ്വാതന്ത്ര്യവും പ്രമേയ സ്വാതന്ത്ര്യവും പരിപൂര്‍ണ്ണമായും വ്യക്തിഗതമായതിനാല്‍, ആ ചോദ്യത്തിനു പ്രസക്തി ഇല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ലാളിത്യവും ചാരുതയും ഈ കൃതിയുടെ സാഹിത്യപരമായ മേന്മ വെളിവാക്കുന്നു. ഈ കൃതിയില്‍ ധാരാളം പൊതുവിജ്ഞാനം അടങ്ങിയിരിക്കുന്നത് കൂടാതെ, ഭൂമിശാസ്ത്രം, ചരിത്രം, ആത്മകഥാംശം, അടുക്കും ചിട്ടയോടും സംയമനത്തോടും കൂടിയുള്ള ഡയറിക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ഇത്യാദി കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഒരു സത്യാനേഷണ വിവരണം കൂടിയാണ്, ഓര്‍മ്മകുറിപ്പുകൂടിയാണ്. നിഷ്പക്ഷവും നിര്‍ഭയവുമായ വാസ്തവങ്ങള്‍ വെളിച്ചത്ത്‌ കൊണ്ടുവരാനുള്ള ഉദ്യമം ശ്ശാഘനീയം തന്നെ.

വിചാരവേദി ശ്രീ വേറ്റത്തിന്റെ “അനുഭവതീരങ്ങളില്‍” എന്ന കൃതിയെ മതം, രാഷ്ട്രീയം, അധികാരം എന്നീ വീക്ഷണ കോണുകളിലൂടെ ചര്‍ച്ചാവിഷയമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവിനു ഈ കാഴ്ചപ്പാടിലൂടെയുള്ള ചര്‍ച്ച ഒരു മ്ലാനത ഉളവാക്കിയുട്ടുണ്ടാവില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. പക്ഷെ ഞാനീ കൃതിയുടെ സാഹിത്യമേന്മ നോക്കികാണാനാണ് ഇഷ്ടപ്പെടുന്നത്. കാരണം ഈ പുസ്തകം കേവലം മതത്തെക്കുറില്ല പ്രതിപാദിക്കുന്നത്. പ്രത്യുത, ഒരു പറ്റം വിശ്വാസികളുടെ ആചാരപ്രമാണത്തിനും ഒരേ വിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്ക് ഒത്തുകൂടാനും ആരാധിക്കാനും വിശ്വാസദാര്‍ഢ്യം പ്രബലമാക്കാനുമുള്ള ഉദ്യമങ്ങള്‍ക്ക് മതത്തിന്റെ പരിവേഷം ചാര്‍ത്തുമ്പോഴാണ് ഇത് മതപരമാകുന്നത്.

അതേപോലെതന്നെ സാധാരണക്കാര്‍ വിവക്ഷിക്കുന്ന രാഷ്ട്രീയത്തിന്റെ ചേരുവയൊന്നും ഇതിലുള്ളതായി തോന്നിയില്ല. എന്നാല്‍ വിശ്വാസികളുടെ ഇടയിലെ യോജിപ്പും, ഐകമത്യം ഇല്ലായ്മയും ഉള്‍പ്പോരുകളും, പടലപ്പിണക്കങ്ങളും വേണ്ടുവോളമുണ്ട്താനും. അതുപോലെതന്നെ ഇവിടെ അധികാരത്തിന്റെ കാര്യത്തിലും ഒരു സന്ദേഹമുണ്ട്. കാരണം ഇതിലെ കഥാപാത്രങ്ങളായ അച്ചന്‍, ബിഷപ്പ്, ഭദ്രാസന മെത്രൊപ്പോലീത്ത എന്നിവര്‍ക്കെല്ലാം അവരുടേതായ സ്ഥാനവും പദവിയും സഭയുടെ ഭരണനിയമാവലിയില്‍ ഉണ്ട്. നാം ഈ പുസ്തകത്തില്‍ കാണുന്നത് അന്തഃച്ഛിദ്രങ്ങളും, സ്ഥാനമോഹവും, അതിനുള്ള വടംവലികളും, കൃത്യവിലോപങ്ങളും, ധര്‍മ്മച്യുതിയുമാണ്. അതെല്ലാം പുസ്തക രചയിതാവ് കാര്യകാരണസഹിതം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അനാവരണം ചെയ്തിട്ടുണ്ടെന്ന് പുസ്തക വായനയില്‍നിന്നും വ്യക്തമാവുന്നതാണ്.

വാസ്തവത്തില്‍, അധികാരത്തേക്കാള്‍ പദവിക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി തലപ്പത്തിരിക്കുന്ന ആള്‍ദൈവങ്ങളുടെ വ്യാമോഹങ്ങളും തങ്ങളില്‍ അര്‍പ്പിതമായ കാര്‍ത്തവ്യങ്ങള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാതിരിക്കുന്നതായുമാണ്‌ നാം വായിച്ചറിയുന്നത്. ഒരു പുരോഹിതന്‍ അദ്ദേഹത്തില്‍ അഭിഷിപ്ത്മായ കര്‍ത്തവ്യ നിര്‍വ്വഹണം നിഷേധിക്കുമ്പോള്‍ വിശ്വാസികളില്‍ അതൊരു നാഥനില്ലാക്കളിക്ക് കളമൊരുക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള ആള്‍ദൈവങ്ങളെക്കൊണ്ട് എന്തു പ്രയോജനം? ദൈവാലയത്തിനുതന്നെ ഇത്തരക്കാരെ താങ്ങുന്നത് ശ്രമകരവും ഭാരവുമായിരിക്കാം! ഇത്തരുണത്തില്‍ ഇത്തരക്കാരില്ലാതെതന്നെ ആരാധകര്‍ക്ക് തങ്ങളുുടെ ആരാധനാച്ചടങ്ങുകള്‍ നടത്തേണ്ടതായും വന്നേക്കാം. പട്ടക്കാരനെ ദൈവീകസിദ്ധികളുള്ള പ്രതിപുരുഷനായാണ് വിശ്വാസികള്‍ കരുതുന്നത്.

അങ്ങനെയുള്ള പുരോഹിതന്‍ ദൈവീക സംഹിതകള്‍ സ്വയം ഉള്‍ക്കൊള്ളാതെ, സാധാരണക്കാരിലും തരംതാഴ്ന്നു പ്രവര്‍ത്തിക്കുമ്പോള്‍ എന്തിനീ പട്ടക്കാരന്‍ എന്നു വിശ്വാസികള്‍ ചോദിച്ചു പോകാം!വേലിതന്നെ വിളവു തിന്നുന്നതിനു തുല്യമല്ലേ ഇത്തരം ചെയ്തികള്‍? ഈ പ്രവാസഭൂവില്‍ എല്ലാ മതക്കാരും തങ്ങളുടേതായ ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്താന്‍ ഭഗീരഥപ്രയത്‌നങ്ങള്‍ നടത്തിയിട്ടുണ്ട്; നടത്തിക്കൊണ്ടേ ഇരിക്കുന്നു. ആരാധനാസ്വാതന്ത്ര്യമടക്കമുള്ള എല്ലാ മൗലിക സ്വാതന്ത്ര്യങ്ങളും അനുവദിച്ചുതരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനക്ക്‌ നന്ദി. ശ്രീ വേറ്റത്തിന്റെ “അനുഭവതീരങ്ങളില്‍” എന്ന പുസ്തകം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു കൃസ്തീയ ദൈവാലയം നിര്‍മ്മിച്ച് നിലനിര്‍ത്താന്‍വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗങ്ങളുടെ, യജ്ഞ-യത്‌നങ്ങളുടെ. അവഹേളനങ്ങളുടെ, ഫലപ്രാപ്തിയുടെ അനുഭവവേദ്യമായ അനുബോധമാണ്. ഇതില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളും, ആണ്ട്, മാസം, തിയ്യതി സഹിതമുള്ള വിവരങ്ങളും, ഭാവിതലമുറക്ക് ഒരു വിഷയാനുസന്ധാനമായ പ്രമാണഗ്രന്ഥമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

സാഹിതീ കൂട്ടായ്മയിലെ എന്റെ ഈ ഉറ്റ മിത്രത്തിനു ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതോടൊപ്പം ഇനിയും നല്ല നല്ല കൃതികള്‍ ഈ സാഹിത്യപ്രതിഭയില്‍ നിന്നും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ.

നന്ദി, നമസ്കാരം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top