Flash News

ഇത് വെളിച്ചമില്ലാത്ത വിഷുക്കണി (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

April 14, 2017

velichamillatha sizeതീക്കാറ്റടിക്കുന്ന, അപായമണികള്‍ ആവര്‍ത്തിച്ചു മുഴങ്ങുന്ന ദേശീയ രാഷ്ട്രീയാവസ്ഥയില്‍ കേരളത്തില്‍ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന ഇടതു ജനാധിപത്യമുന്നണി ഗവണ്മെന്റ് നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.

സാര്‍വ്വദേശീയ – ദേശീയ അന്തരീക്ഷത്തില്‍നിന്ന് ഭീഷണികള്‍ ഒരുപോലെയാണ് ഉയരുന്നത്. അത് വായിച്ചെടുക്കാന്‍ കഴിയുന്നവര്‍ക്കെല്ലാം ഈ തിരിച്ചറിവുണ്ടാകും. എന്നാല്‍ അത്തരമൊരു തിരിച്ചറിവ് ഇനിയും ഉണ്ടാവേണ്ടത് ഇ.എം.എസിന്റെയും നായനാരുടെയും പിന്‍ഗാമിയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ ഗവണ്മെന്റിനെ നയിക്കുന്നതില്‍ മുഖ്യ പങ്കാളിത്തമുള്ള സി.പി.എം മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമാണ്. ഇക്കാര്യം ചൂണ്ടിപറയുന്നതുകൊണ്ട് ആരും ചൊടിച്ചിട്ടും ആക്ഷേപിച്ചിട്ടും കാര്യമില്ല.

ഭരണഘടനാപരമായ ജനാധിപത്യവും അതുറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും നിയമവാഴ്ചയും രാജ്യത്ത് അപകടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്ക്കണ്ഠയറിയിച്ചു. അതില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെട്ടിരുന്നു. ഈ ദേശീയസ്ഥിതികള്‍ ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥയുടെ നടുവിലാണ് കേരളത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത്. അതിനൊത്തുയര്‍ന്നുള്ള ഇടപെടലും സമാശ്വാസ സംരക്ഷണ നടപടികളുമാണ് എല്‍.ഡി.എഫ് ഗവണ്മെന്റില്‍നിന്ന് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും അതിന് രാഷ്ട്രീയ ദിശാബോധം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഈ ഗവണ്മെന്റ് ജനങ്ങളുടെ ആശ്വാസത്തണലാണെന്ന് ഉറപ്പുവരുത്താന്‍ കഴിയണം.

പക്ഷേ, അവര്‍ തലമറന്ന് എണ്ണതേക്കുകയോ തീക്കൊള്ളികൊണ്ട് തലചൊറിയുകയോ പോലുമാണെന്ന് ചുറ്റും നടക്കുന്നതും കേള്‍ക്കുന്നതും ബോധ്യപ്പെടുത്തുന്നു. അതിനെ ശക്തമായി വിമര്‍ശിക്കേണ്ടത് രാജ്യത്തെ വിഴുങ്ങാന്‍ നോക്കുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കുന്നവരുടെ ബാധ്യതയായി മാറുന്നു. അത് കേള്‍ക്കുമ്പോള്‍ വക്രബുദ്ധിയെന്നോ ഗൂഢാലോചനയെന്നോ ഒക്കെ വിലയിരുത്തുന്നതും സമീപിക്കുന്നതും ദൗര്‍ഭാഗ്യത്തിന് കേരളത്തിലെ സി.പി.എം നേതാക്കളെ നയിക്കുന്ന അരാഷ്ട്രീയതയാണ്. ഇത് ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല എന്നതാണ് സമീപ സംഭവവികാസങ്ങളെ ഗവണ്മെന്റും പാര്‍ട്ടിയും കൈകാര്യംചെയ്തതില്‍നിന്ന് ബോധ്യപ്പെടുന്നത്.

ഗവണ്മെന്റ് തെറ്റു ചെയ്‌തെന്നു കണ്ടാല്‍ തിരുത്തുമെന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ കാട്ടിക്കൂട്ടുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും നിരക്കാത്ത കാര്യങ്ങളാണ്. വലതുപക്ഷത്തേക്ക് ഈ സര്‍ക്കാറിനെ വലിച്ചുകൊണ്ടുപോകുന്ന രാഷ്ട്രീയ – നയ മാറ്റങ്ങള്‍കൂടിയാണിത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഗവണ്മെന്റ് ഇടതുപക്ഷ രാഷ്ട്രീയ മണ്ഡലമാകെ ദുര്‍ബലമാക്കിയിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയമണ്ഡലം വികസിക്കാന്‍ സഹായിക്കുകയും. മാത്രമല്ല തങ്ങളുടെ പരമ്പരാഗത പൊതുമണ്ഡലത്തെ വിഴുങ്ങാനുമുള്ള അവസരം മത്സരിച്ചു ചെയ്തുകൂട്ടുകയാണ് ഈ സര്‍ക്കാര്‍.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരംകൊണ്ട് എന്തു നേടി എന്ന മുഖ്യമന്ത്രിയുടെ ചോദ്യംതന്നെ അതിന്റെ തെളിവാണ്. പൊലീസ് നയം സംബന്ധിച്ച് ഉപദേശിക്കാന്‍ ഒരാള്‍കൂടി ഇരിക്കട്ടെ എന്ന നിലയ്ക്ക് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ആശ്രിതവത്സലനായ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതടക്കമുള്ള തീരുമാനങ്ങള്‍ ഒറ്റപ്പെട്ടതല്ല. എല്‍.ഡി.എഫ് ഗവണ്മെന്റ് ഏതുവഴിക്കാണ് പോകുന്നതെന്ന് ഇനിയും സി.പി.എം ആലോചിക്കുന്നില്ലെങ്കില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ ചിന്തിക്കാനും അത് തിരുത്താനും സമയം വൈകി.

raman-srivasthava-ipsഇത് സൃഷ്ടിക്കുന്ന നയപരമായ വൈരുദ്ധ്യം ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ ഗൗരവമായി ബാധിച്ചതും ക്രമസമാധാനപ്രശ്‌നമായി വളരുന്നതും ജനങ്ങള്‍ നേരില്‍ കാണുകയാണ്. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഔദ്യോഗികമായി നടത്തിയ ശ്രമങ്ങളെ പ്രാദേശിക സി.പി.എം തടഞ്ഞതും ചോദ്യംചെയ്തതും ഈ വൈരുദ്ധ്യം മൂര്‍ച്ഛിക്കുകയാണെന്നതിന്റെ തെളിവാണ്. റവന്യൂ മന്ത്രിയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഉത്തരവുകള്‍ പൊലീസ് പരസ്യമായി തള്ളിക്കളഞ്ഞത് ഗൗരവമായി പ്രശ്‌നമാണ്.

മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ട് മന്ത്രിപ്പണി രാജിവെക്കേണ്ടിവന്ന ഒരു സി.പി.എം നേതാവ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ രാഷ്ട്രീയത്തിന്റെ ഹരിശ്രീ എഴുതിപഠിക്കുകയാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും ഇടതുപക്ഷ – ജനാധിപത്യമുന്നണിയുടെ രണ്ടാണിക്കല്ലുകളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ പരസ്യമായി കിഴുക്കാനാണ് അദ്ദേഹം എഴുത്ത് ആയുധമാക്കിയത്. സി.പി.ഐ സെക്രട്ടറി അതിരുവിടുന്നെന്ന് അതിരില്ലാത്ത നവമാധ്യമ കടലില്‍ മലര്‍ന്നുകിടന്ന് അദ്ദേഹം ആക്ഷേപിക്കുന്നു. ഇടതുപക്ഷ – ജനാധിപത്യമുന്നണിയുടെ മേലാളായി സി.പി.ഐ സെക്രട്ടറിയെ ആരു നിയമിച്ചെന്ന് ചോദിക്കുന്നു. മുന്നണിക്ക് അങ്ങനെയൊരു മേലാവുണ്ടെന്നും ഉണ്ടെങ്കില്‍ അത് തന്നെപ്പോലുള്ളവരാണെന്നും നടിക്കാനുള്ള രാഷ്ട്രീയബോധമേ അദ്ദേഹത്തിന് കൈമുതലായിട്ടുള്ളൂ എന്ന് പരിതപിക്കേണ്ടിവരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍തൊട്ട് മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വരെയുള്ളവരെ കൊച്ചാണന്മാരായി മറ്റൊരു മന്ത്രി വിശേഷിപ്പിക്കുന്നു. കയ്യേറ്റമൊഴിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ മന്ത്രിസഭയിലിരുന്ന് വെല്ലുവിളിക്കുന്നു. ഇടതുപക്ഷ – ജനാധിപത്യമുന്നണി എന്നത് സി.പി.എമ്മിന് കീഴ്‌പ്പെട്ട ഒന്നല്ലെന്നും സി.പി.എമ്മിനെപ്പോലെ തുല്യ അധികാരാവകാശങ്ങളുള്ള, നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ടും സമന്വയപ്പെട്ടും പ്രവര്‍ത്തിക്കേണ്ട ഒരു രാഷ്ട്രീയ സംവിധാനമാണെന്നും മന്ത്രിമാരും കേന്ദ്രകമ്മറ്റിയംഗങ്ങളും മറക്കുന്നു. പരിഹാസ്യമാകുന്നത് ഇവര്‍ ചേര്‍ന്നു നയിക്കുന്ന ഇടതുമുന്നണി ഗവണ്മെന്റും ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.

സമരം നടത്തുന്നതാണ് പ്രധാനം, ജയിച്ചോ തോറ്റോ എന്നതല്ല. സമരത്തിന് ന്യായമായ ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം വ്യവസ്ഥകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. അതിനുശേഷം ഈ സമരത്തിനു പിന്നില്‍ ആരുടേയോ ഗൂഢാലോചനയുണ്ട് എന്ന് ആരോപിക്കുന്നതും പ്രചരിപ്പിക്കുന്നതും മുഖ്യമന്ത്രി ചെയ്യാന്‍ പാടില്ലാത്തതാണ്.

സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റിന്റെ അതിക്രമത്തിന്റെ രക്തസാക്ഷിയായ ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എല്‍.ഡി.എഫ് ഗവണ്മെന്റ് സ്വീകരിച്ച ആശ്വാസനടപടികള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ ഏതൊരു ഗവണ്മെന്റും സ്വീകരിക്കേണ്ട നടപടികളാണ് ഇത്. മറ്റു ഗവണ്മെന്റുകള്‍ ചെയ്യാത്ത ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കേണ്ടത് ഇടതുഗവണ്മെന്റിന്റെ ബാധ്യതയാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ അതു മറന്നുകൂട.

മൂന്നു മാസമായിട്ടും ജിഷ്ണുവിന്റെ മരണത്തിനുത്തരവാദിയായവര്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുകയാണ്. കോടതി ഇടപെടലില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നത് പൊലീസ് അതിന്റെ ചുമതല നിര്‍വ്വഹിക്കാത്തതുകൊണ്ടാണ്. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രിയും ഇടതുപക്ഷ പാര്‍ട്ടിനേതാക്കളും അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അത് ബി.ജെ.പിയോ യു.ഡി.എഫോ മുതലെടുക്കുന്നത് സ്വാഭാവികമാണ്. അതിനവസരമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ഈ ഗവണ്മെന്റിനും അതിനെ നയിക്കുന്ന രാഷ്ട്രീയമുന്നണിക്കുമാണെന്ന കുറ്റബോധമാണ് മുഖ്യമന്ത്രിക്കും മറ്റും ഉണ്ടാകേണ്ടത്.

അതിനുപകരം എവിടെയോ ആരോ ആലോചന നടത്തിയെന്നും ആ വക്രബുദ്ധികളുടെ ഗൂഢാലോചനയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളില്‍ ചിലരും ആരോപിച്ചാല്‍ ജനങ്ങള്‍ അത് വിഴുങ്ങുമെന്ന് കരുതരുത്. ഗൂഢാലോചന കേസുകളിലൂടെ വളര്‍ന്നുവന്ന ചരിത്രമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇപ്പോള്‍ ഈ ഗവണ്മെന്റിനെതിരെയുള്ള ഗൂഢാലോചനയുടെ തെളിവായി ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെയും അതിന് പിന്തുണ നല്‍കിയവരെയും കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്.

capture‘ചിലരിപ്പോള്‍ വല്ലാതെ പാടുപെടുന്നുണ്ട്. എന്തെങ്കിലും പാകത്തില്‍ ഇടിച്ചുതാഴ്ത്താന്‍ പറ്റുമോയെന്ന്’ മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ പടം വെച്ച് വിഷുക്കണി കണ്ട ജിഷ്ണുവിന്റെ കുടുംബം അങ്ങനെ ചെയ്യുമെന്ന് രാഷ്ട്രീയത്തിന്റെ കറുപ്പും വെളുപ്പും കൃത്യമായി തിരിച്ചറിയുന്ന കേരള സമൂഹത്തെ വിശ്വസിപ്പിക്കാനാവില്ല. അവര്‍ ഗവണ്മെന്റിന്റെ തെറ്റുകളെ തെറ്റുകളായും ശരികളെ ശരികളായും വിലയിരുത്താന്‍ കഴിവുള്ളവരാണ്.

ബി.ജെ.പിക്കോ യു.ഡി.എഫിനോ മറ്റാര്‍ക്കെങ്കിലുമോ ആ രാഷ്ട്രീയ ബോധത്തില്‍ നുഴഞ്ഞുകയറി സ്വാധീനിക്കാനോ അനുകൂലമാക്കാനോ കഴിയില്ല. ഈ പ്രാഥമിക ബോധമെങ്കിലും മുഖ്യമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായില്ല. റവന്യൂ മന്ത്രിയേയും കൃഷിമന്ത്രിയേയും തിരിച്ചറിയാന്‍ കഴിയാത്ത സംസ്ഥാനത്തെ പൊലീസ് മേധാവികള്‍ നയിക്കുന്ന നിയമപാലകരാണോ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പോകുന്നത്. ജയിലിലടച്ച നിരപരാധികളെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയ്ക്ക് തൂക്കിലേറ്റാന്‍ പോകുന്നത്!

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയെ നയിക്കുന്നത് തെരഞ്ഞെടുപ്പിനുമുമ്പുവരെ സി.പി.എമ്മിനകത്ത് വി.എസുമായി ബന്ധപ്പെട്ടു നടന്ന ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഭീതിയാണെന്നു തോന്നുന്നു. ഭൂമിയില്‍ ആരെങ്കിലും തപസ് തുടങ്ങിയാല്‍ അത് തന്റെ സ്ഥാനം അപഹരിക്കാനാണെന്ന ദേവേന്ദ്രന്റെ ഭീതിപോലെ അത് വളരുകയാണ്. അന്താര്ഷ്ട്ര ഗൂഢാലോചനപോലും ഇതിനുപിന്നിലുണ്ടെന്ന് മന:സ്സാക്ഷി സൂക്ഷിപ്പുകാര്‍ അവകാശപ്പെടുന്നു.

ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റ് കേരള സമൂഹത്തിന്റെ കാവല്‍കോട്ടയായി നിലകൊള്ളണമെന്ന് വിശ്വസിക്കുന്നവര്‍ മൂന്നോനാലോ ലക്ഷംവരുന്ന സി.പി.എം പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ മാത്രമല്ല. മൂന്നുകോടിയിലേറെയുള്ള കേരളത്തിലെ ജനങ്ങളാകെ ഇന്നത്തെ സാഹചര്യത്തില്‍ ഈ ഗവണ്മെന്റിനെ സംരക്ഷിക്കാന്‍ പരപ്രേരണകൂടാതെ മുന്നോട്ടുവരേണ്ടവരാണ്. പക്ഷെ, ജനങ്ങളുടെയാകെ ഗവണ്മെന്റാണ് എന്ന വിശ്വാസം സൃഷ്ടിക്കാന്‍ കഴിയണം. തങ്ങളുടെ പരിമിതികളും വീഴ്ചകളും ആ നിലയ്ക്ക് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും പരിശോധിക്കുകയാണ് വേണ്ടത്. വികലമായ ചിന്തകള്‍ക്ക് സത്യത്തിന്റെ ചിറകു പിടിപ്പിക്കാനന്‍ ഔദ്യോഗിക അധികാരങ്ങളും പൊലീസിനെയും ഉപയോഗിക്കുന്നതുകൊണ്ട് സാധ്യമാകില്ല.

കേരളത്തിലെ അമ്മമാരും കുട്ടികളും സഹോദരിസഹോദരന്മാരും ഇത്തവണ വിഷുക്കണി കാണുമ്പോള്‍ അവരുടെ മനസ്സില്‍ തെളിയുന്നത് ജിഷ്ണുവിന്റെയും തളര്‍ന്ന അമ്മ മഹിജയുടെയും മുഖമായിരിക്കും. അത് അവരുടെ വികാരം മാത്രമല്ലെന്നും സമൂഹത്തിന്റെയാകെ വികാരമാണെന്നും കാണാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top