Flash News
മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്തത് കാണാതായ ജസ്നയുടെ കാല്‍ തന്നെയാണോ എന്ന് സംശയം; കാല്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു   ****    കൊടുങ്ങല്ലൂരിലൊരു ‘തേന്‍ കെണി’; കെണിയില്‍ പെട്ടത് കണ്ണൂരുകാരന്‍ എന്‍‍ജിനീയര്‍   ****    ലോസ് ആഞ്ചലസില്‍ ട്രേഡര്‍ ജോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടി വെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു   ****    ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****   

എത്ര കൊണ്ടാലും പാഠം പഠിക്കാത്ത പാക്കിസ്ഥാന്‍ (എഡിറ്റോറിയല്‍)

April 12, 2017

editorialപത്താൻകോട്ടിലും ഉറിയിലുമുണ്ടായ പാക് അതിക്രമങ്ങളുടെ ചൂടാറിയിട്ടില്ല. അന്താരാഷ്‌ട്ര വേദികളിൽപ്പോലും ഇപ്പോഴും സജീവ ചർച്ചയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. പാക്കിസ്ഥാനെ ഭീകര രാജ്യമായി കണക്കാക്കി സാമ്പത്തിക- സൈനിക സഹായങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് അമെരിക്കൻ പാർലമെന്‍റിൽപ്പോലും അഭിപ്രായം ഉയർന്നത് ഈ സാഹചര്യത്തിലാണ്. മേഖലയിൽ അധീശത്വം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഒറ്റയാൻ പട നയിക്കുന്ന ചൈന മാത്രമാണു പാക്കിസ്ഥാനെ പേരിനെങ്കിലും തുണയ്ക്കുന്നത്. ചൈനയുടെ ഇന്ത്യാ വിരുദ്ധത മുതലാക്കി, സ്വന്തം ചേരി ശക്തിപ്പെടുത്താനുള്ള കുതന്ത്രങ്ങൾ പാക്കിസ്ഥാൻ പയറ്റുന്നുമുണ്ട്. എന്നാൽ,‌ സാർക്ക് രാജ്യങ്ങളുടെ പോലും പിന്തുണ കിട്ടാതെ നാണം കെട്ട അനുഭവവും അവർക്കുണ്ട്. ഇത്തരത്തിൽ ഒട്ടേറെ നാണക്കേടുകൾ നേരിടുമ്പോഴും മാനുഷിക മുഖം നഷ്ടപ്പെടുത്തുന്ന നടപടികളുമായാണ് അവരുടെ പോക്ക്. കുൽഭൂഷൻ ജാദവ് എന്ന ഇന്ത്യൻ പൗരനെ ചാരവേലക്കുറ്റം ആരോപിച്ചു കഴുവേറ്റാനുള്ള പാക് സൈന്യത്തിന്‍റെ തീരുമാനം അതാണു സൂചിപ്പിക്കുന്നത്.

അന്താരാഷ്‌ട്ര യുദ്ധ നീതികളും നിയമങ്ങൾ പോലും മാനിക്കാത്തവരാണു പാക്കിസ്ഥാൻ. ശത്രുരാജ്യത്തിന്‍റെ സൈനികരോട് ഇത്രയേറെ അപമാനിതമായി പെരുമാറുന്നവർ കുറയും. പിടിക്കപ്പെടുന്ന സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വികൃതമാക്കി തിരിച്ചയക്കുന്ന എത്രയെത്ര സംഭവങ്ങൾ പാക്കിസ്ഥാനെതിരേ ചൂണ്ടിക്കാണിക്കാനാകും. നയതന്ത്ര തലത്തിലും രാഷ്‌ട്രീയ തലത്തിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പാക് ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കുമെതിരേ ഒളിയുദ്ധം ചെയ്യുന്നതും പതിവാണ്. നേരിട്ടുള്ള ആക്രമണത്തിനു വീമ്പിളക്കുമെലും അതിനു പാങ്ങില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള ഒളിപ്പോര്. അത്തരമൊരു ഒളിപ്പോരായി വേണം കുൽഭൂഷൻ ജാദവ് എന്ന ഇന്ത്യക്കാരനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റവും അന്യായമായ വധശിക്ഷയും.

ജാദവ് ഒരു മുൻ സൈനികനാണ്. അദ്ദേഹം വളരെ നേരത്തേ ഇന്ത്യൻ നേവിയിൽ നിന്നു വിരമിച്ചയാളുമാണ്. അദ്ദേഹത്തിന് സൈന്യവുമായോ ഇന്ത്യാ ഗവണ്മെന്‍റുമായോ നേരിട്ട് ഒരിടപാടുമുള്ളയാളല്ലെന്നു നിരവധി തവണ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ, അതൊന്നും വകവയ്ക്കാതെയാണ് ജാദവിനു വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ പൗരനെ ചാരക്കുറ്റമാരോപിച്ച് പിടികൂടി പാക്കിസ്ഥാൻ വധിക്കുന്നത് ഇതാദ്യമല്ല. 1999ൽ ഷെയ്ഖ് ഷമീം എന്നയാളെ ഇതുപോലെ ചാരക്കുറ്റം ചുമത്തി പാക്കിസ്ഥാൻ തൂക്കിലേറ്റി. അബദ്ധത്തിൽ അതിർത്തി കടന്നുപോയ സരബ്ജിത് സിങ് എന്ന ചെറുപ്പക്കാരനെയും ഇതുപോലെ ചാരക്കുറ്റം ചുമത്തി കൽത്തുറുങ്കിലാക്കി. അയാളുടെ മോചനത്തിനായി കുടുംബാംഗങ്ങളും രാജ്യം തന്നെയും എത്രയോ തവണ പാക്കിസ്ഥാനുമായി അനുരഞ്ജന ചർച്ചകൾ നടത്തി. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഇതിനായി രംഗത്തു വന്നു. പക്ഷേ, മനുഷ്യത്വം മരവിച്ച പാക് അധികൃതർ സരബ്ജിത്തിനെ സഹതടവുകാർക്കു കൈക്കരുത്തറിയിക്കാനുള്ള ഇരയാക്കി. തടവുമുറിയിൽ തടവുകാരുടെ ക്രൂര മർ‌ദനമേറ്റ് സരബ്ജിത് സിങ് ദാരുണമായി കൊല്ലപ്പെട്ടു.

ഇന്ത്യയിൽ നിരവധി പാക് പൗരന്മാരെ ചാരപ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്നോളം ഒരാളെപ്പോലും തൂക്കിലേറ്റാൻ ഇന്ത്യൻ സൈന്യമോ കോടതികളോ തയാറായിട്ടില്ല. കുറ്റകൃത്യത്തിന്‍റെ തോതനുസരിച്ച് സൈനിക കോടതികൾ വിധിക്കുന്ന കാലാവധിക്കുള്ളിൽ ശിക്ഷ നൽകി പാക്കിസ്ഥാനിലേക്കു തിരിച്ചയയ്ക്കുകയാണു പതിവ്. 2013-16 കാലഘട്ടത്തിൽ മാത്രം 46 പേരെയാണ് ഇങ്ങനെ പിടികൂടിയത്. ഇവരിൽ പലരും ഇപ്പോഴും ഇന്ത്യയിലെ ജയിലുകളിലുണ്ട്. ഇവരോടെല്ലാം രാജ്യാന്തര മര്യാദകൾ പാലിച്ചുള്ള സമീപനമാണ് ഇന്ത്യൻ സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസിൽ ജീവനോടെ പിടികൂടിയ അജ്മൽ കസബ് എന്ന കൊടും ഭീകരനോടു പോലും ഇന്ത്യ ഈ നീതി കാണിച്ചു. പിടിക്കപ്പെട്ടപ്പോൾത്തന്നെ താൻ പാക്കിസ്ഥാനിയാണെന്നും അവിടെ നിന്നു ലഭിച്ച പരിശീലനമാണ് ഇന്ത്യയെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നും അജ്മൽ സമ്മതിച്ചിരുന്നു. എന്നാൽ, അവനെ സ്വന്തം പൗരനാണെന്ന് അംഗീകരിക്കാൻ ആദ്യം പാക്കിസ്ഥാൻ കൂട്ടാക്കിയില്ല. ഒടുവിൽ അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യ തെളിവുകൾ നിരത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ പാക്കിസ്ഥാന് അജ്മലിന്‍റെ പൗരത്വം അംഗീകരിക്കേണ്ടി വന്നു. എന്നിട്ടും വിചാരണയുടെ എല്ലാ ആനുകൂല്യവും നൽകി, നിയമത്തിന്‍റെ എല്ലാ പഴുതുകളും പരിശോധിച്ചാണ് അയാളെ വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഒന്നിനു പുറകേ ഒന്നായി, ഇന്ത്യാ വിരുദ്ധ നിലപാടുകൾ‌ സ്വീകരിക്കുന്ന പാക്കിസ്ഥാന്‍റെ അവസാനത്തെ പ്രകോപനമാണ് കുൽഭൂഷൻ ജാദവ്. ഉറി അതിക്രമത്തിനു ശേഷം അടഞ്ഞുപോയ സമാധാനത്തിന്‍റെ വഴിയിൽ കൂടുതൽ മുള്ളു വിതറുന്ന ഈ നടപടിക്കു പാക്കിസ്ഥാൻ വലിയ വില നൽകേണ്ടി വരും.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top