Flash News

മൂന്നാറില്‍ കുരിശ്​ സ്​ഥാപിച്ച സംഘടനക്കെതിരെ നിരവധി പരാതികളുണ്ടെന്നും സഭയുമായി ബന്ധമില്ലെന്നും ആര്‍ച്ച് ബിഷപ്​ മാര്‍ ആന്‍ഡ്രൂസ് താഴത്ത്​

April 21, 2017

Mar-Andrews-Thazhathതൃശൂർ: കത്തോലിക്ക സഭയുടെ പഠനങ്ങളുമായി യോജിച്ചു പോകുന്നതല്ല സ്പിരിറ്റ് ഇന്‍ ജീസസിന്റെ രീതിയെന്നും ഇത് സംബന്ധിച്ച് ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇവര്‍ക്കെതിരെ നിരവധി പരാതികളുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസിനേയോ അവരുടെ നിലപാടുകളെയോ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സഭയുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ബിഷപ് പറഞ്ഞു.

സ്ഥലം കൈയ്യേറി കുരിശ് സ്ഥാപിച്ചത് ക്രൈസ്തവ ദര്‍ശനത്തിന് എതിരാണ്. കൈയേറിയ സ്ഥലത്ത് മതചിഹ്നങ്ങള്‍ വെക്കുന്നത് അംഗീകരിക്കാനാവില്ല. എന്നാല്‍, കുരിശ് മതത്തിന്റെ പ്രതീകമാണ്. അത് തട്ടി മറിച്ചിട്ടത് വിഷമമുണ്ടാക്കി. നീക്കുന്നത് രഹസ്യമായി മതിയായിരുന്നുവെന്ന് ആര്‍ച് ബിഷപ് പറഞ്ഞു.

സ്പിരിറ്റ് ഇന്‍ ജീസസിന്റെ കേന്ദ്രത്തില്‍ അന്വേഷണം, ആര്‍ച്ച് ബിഷപ്പില്‍നിന്ന് മൊഴിയെടുത്തു

തൃശൂര്‍: മൂന്നാറില്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ തൃശൂരിലെ കേന്ദ്രത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍ നിന്ന് സ്പെഷല്‍ ബ്രാഞ്ച് മൊഴിയെടുത്തു.

ഒല്ലൂര്‍ തലോറിലെ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പഠന കേന്ദ്രമായ മരിയന്‍ കൂടാരത്തിലെത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇൗ കേന്ദ്രത്തിന്റെ ചുമതലക്കാരന്‍ ടോം സ്കറിയ വിദേശത്താണ്. ടോം സ്കറിയയെക്കുറിച്ചും സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സഭയുടെ നിലപാടുമാണ് അന്വേഷണ സംഘാംഗങ്ങള്‍ ചോദിച്ചതെന്ന് ആര്‍ച് ബിഷപ് പറഞ്ഞു.

ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് ടോം സ്കറിയ തൃശൂരിലെ പീച്ചിയില്‍ ‘വചനം കൂടാരം’ എന്ന പേരില്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ കേച്ചേരി, പുതുശേരി എന്നിവിടങ്ങളിലാണ് ടോമിനെ പിന്തുണക്കുന്നവരുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്പരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി. ഇടുക്കി ജില്ലയില്‍ ഇവര്‍ക്ക് അനുയായികളില്ല. കുരിശിനെ മാത്രം ആരാധിക്കുന്ന വ്യക്തി കേന്ദ്രീകൃത സഭയായതിനാല്‍ മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണയും ഇവര്‍ക്കില്ല. 24 വര്‍ഷം മുമ്പ് തനിക്ക് യേശുവിന്റെ വെളിപാടുണ്ടായി എന്നാണ് ടോം സക്കറിയ അവകാശപ്പെടുന്നത്. അതേസമയം, പാപ്പാത്തിച്ചോലയിലെ കുരിശിന്റെ ഉത്തരവാദിത്തം സംഘടന ഇതുവരെ ഏറ്റെടുത്തിട്ടില്ല.

കുരിശ് നീക്കിയ നടപടിയില്‍ പ്രതിഷേധമെന്ന് ഫാ. പോള്‍ തേലക്കാട്ട്

Paul thelakkatകൊച്ചി: കുരിശ് ആദരത്തിന്റെ പ്രതീകമാണെന്നും അത് അനാദരിക്കപ്പെടുന്ന രീതിയില്‍ പ്രതിഷ്ഠിക്കുന്നത് തെറ്റാണെന്നും സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. സഭ ഒരുസ്ഥലത്തും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, കുരിശ് ഒരുവികാരവും വിശ്വാസവുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ആണിക്കല്ലാണത്. അനധികൃതമായി ഭൂമി കൈയേറി അത് സ്ഥാപിക്കുന്നത് ശരിയല്ല.

ക്രൈസ്തവ സഭ ഒരിക്കലും കൈയേറ്റത്തെ ന്യായീകരിക്കില്ലെന്നും സഭയുടെ വിശ്വാസത്തിന്റെ പ്രതീകമായ കുരിശിനെ കൈയേറ്റ ഭൂമിയിലല്ല സ്ഥാപിക്കേണ്ടതെന്നും എന്നാല്‍, അതിനെ നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധമുണ്ടെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയില്ല : മാര്‍ ക്രിസോസ്റ്റം

chrysostumപത്തനംതിട്ട: ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ലെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിര്‍ധനര്‍ക്ക് വീടുവെക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഭൂമി ജനങ്ങള്‍ക്ക് കൊടുക്കണം. ആരാണെങ്കിലും അതിന്റെ ഉടമസ്ഥനോട് ചോദിക്കാതെ കൈയേറാന്‍ പാടില്ല. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top