Flash News

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മിതവാദി സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മാക്രോണിന് ഉജ്ജ്വല വിജയം

May 8, 2017

emmanuel-macronപാരിസ്: ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിതവാദി സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണിന് ഉജ്വല വിജയം. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം വോട്ടു നേടിയാണു മുപ്പത്തൊന്‍പതുകാരനായ മാക്രോണ്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥി മാരീന്‍ ലെ പെന്‍ 34.5 ശതമാനം വോട്ടു നേടി.

ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും ഭാവി തീരുമാനിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായിരുന്നു. പ്രാദേശിക സമയം അഞ്ചുമണിവരെ 66 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. കഴിഞ്ഞ മൂന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഇതേ സമയത്തുണ്ടായ പോളിങ് നിരക്കിനെ അപേക്ഷിച്ച് ഇതു കുറവാണ്. 2012ല്‍ 72%, 2007ല്‍ 75.1%, 2002ല്‍ 67.6% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ പോളിങ്. വൈകിട്ട് എട്ടുമണിവരെ നീണ്ട വോട്ടെടുപ്പില്‍നിന്ന് 25 ശതമാനത്തിനും 27 ശതമാനത്തിനും ഇടയില്‍ ആളുകള്‍ വിട്ടുനിന്നെന്നാണ് അവസാനഘട്ടത്തില്‍ നടത്തിയ നാല് അഭിപ്രായ വോട്ടെടുപ്പുകളിലെ സൂചന.

തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ മാരീന്‍ ലെ പെന്‍ വടക്കന്‍ ഫ്രാന്‍സിലെ പാര്‍ട്ടി കോട്ടയായ ഇനാന്‍ ബോമോയില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇമ്മാനുവല്‍ മാക്രോണ്‍ ലെ ടൂക്കെയിലെ കേന്ദ്രത്തില്‍ വോട്ടുചെയ്തു.

മാക്രോണിന് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

MACRONലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചതായി ഡൗണിംങ് സ്ട്രീറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബ്രിട്ടന്റെ വളരെയടുത്ത സഖ്യരാഷ്ട്രമാണ് ഫ്രാന്‍സെന്നും പുതിയ പ്രസിഡന്റുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.

ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയന് പുറത്തുപോയ ബ്രിട്ടനോടുള്ള ഇമ്മാനുവല്‍ മാക്രോണ്‍ നിലപാട് ഇനിയും അറിയാനുണ്ട്. അതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ നിലപാടുകള്‍ അനുസരിച്ചാകും പുതിയ പ്രസിഡന്റുമായുള്ള ബ്രിട്ടന്റെ ബന്ധം. അടുത്തിടെ ലണ്ടനിലെത്തി തെരേസ മേയെ നേരില്‍കണ്ട് ചര്‍ച്ച നടത്തിയ അദ്ദേഹം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ വിവിധ മേഖലകളിലെ വൈദഗ്ധ്യവും കഴിവുകളും പ്രയോജനപ്പെടുത്താനായി കൂടുതല്‍ ആളുകളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുമെന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ബാങ്കിംങ്, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് അദ്ദേഹം പ്രധാനമായും എടുത്തുപറഞ്ഞത്. ഏകീകൃത യൂറോപ്യന്‍ വിപണി ശക്തിപ്രാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിന്റെ മധ്യത്തിലായതിനാല്‍ ഇതേക്കുറിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷമേ ഫ്രാന്‍സുമായുള്ള സഹകരണത്തിന്റെ രീതി വ്യക്തമാകൂ. മാക്രോണിന്റെ വിജയം യൂറോപ്യന്‍ യൂണിയന്‍ കറന്‍സിയായ യൂറോയുടെ മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ യൂറോയ്ക്ക് കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ഉണ്ടായത്.

ലണ്ടനിലെ ഫ്രഞ്ച് എംബസിയില്‍ മാക്രോണിന്റെ വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ഫ്രഞ്ച് പൗരന്മാര്‍ ഒത്തുകൂടി. മൂന്നര ലക്ഷത്തോളം ഫ്രഞ്ചുകാര്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടര ലക്ഷവും ലണ്ടന്‍ നഗരത്തിലാണ്. ഇവരില്‍ വോട്ടവകാശമുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ലണ്ടനിലെ ഫ്രഞ്ച് എംബസിയില്‍ സൗകര്യമൊരുക്കിയിരുന്നു. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ സഹകരണത്തോടെയായിരുന്നു കെന്‍സിംങ്ടണില്‍ വോട്ടെടുപ്പിനുള്ള സൗകര്യം ഒരുക്കിയത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായ മുപ്പത്തൊമ്പതുകാരനായ ഇമ്മാനുവല്‍ മാക്രോണിനെ അനുകൂലിക്കുന്നവരാണ് ലണ്ടനിലെ ഫ്രഞ്ച് വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top