പുതിയ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. മാത്രമല്ല ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവുമുണ്ട് ഈ 39 കാരന്.ചെറുപ്പക്കാരനായ ഒരാള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂതകാലവും ദാമ്പത്യജീവിതവും, എന്തിന് അദ്ദേഹം കഴിക്കുന്നതും കാണുന്നതുമടക്കം ചര്‍ച്ചയാകുമെന്നുറപ്പ്. എന്നാല്‍ ഇമ്മാനുവലിന്റെ ദാമ്പത്യജീവിതത്തിലെ ഏടുകള്‍ ചികഞ്ഞെടുത്തവര്‍ ആദ്യം ഞെട്ടിക്കാണും.
വേറിട്ട ജീവിത കഥയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റേത്. 39 കാരനായ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ 64 വയസുണ്ട്. അതായത് കൃത്യം 25 വയസ് കൂടുതല്‍. മാത്രമല്ല, സ്വന്തം അധ്യാപിക കൂടിയാണ് ഭാര്യ. സ്കൂളില്‍ പഠിക്കുമ്പോള്‍ 25 വയസ് കൂടുതലുള്ള ബ്രിഗിറ്റെ ട്രോഗ് ന്യൂക്സ് എന്ന അധ്യാപികയെ ലൈനടിച്ചതായിരുന്നു. അത് പിന്നീട് വിവാഹത്തിലും വിജയകരമായ ദാമ്പത്യജീവിതത്തിലും എത്തി.
ഇമ്മാനുവലിന് 15 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന് ബ്രിഗിറ്റെയോട് പ്രണയം തോന്നിയത്. ടീച്ചറല്ലേ, തന്നേക്കാള്‍ 25 വയസ് കൂടുതലല്ലേ, എന്നൊന്നും ആലോചിച്ച് മടിച്ചുനിന്നില്ല, 17 ാം വയസില്‍ തന്നെ ഇമ്മാനുവല്‍ ബ്രിഗിറ്റെയോട് പ്രണയാഭ്യര്‍ത്ഥനയും വിവാഹ വാഗ്ദാനവും നടത്തി. അന്ന് ബ്രിഗിറ്റെയ്ക്ക് പ്രായം 42 വയസ്. മാത്രമല്ല, മറ്റൊരാളുടെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു.
19 ാം വയസില്‍ നോര്‍ത്തേണ്‍ ഫ്രാന്‍സിലെ അമിയന്‍സിലെ പ്രൈവറ്റ് ജെസ്യൂട്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബ്രിഗിറ്റെയുടെ തിയേറ്റര്‍ പീസസില്‍ അഭിനയിച്ചതോടെ രണ്ടുപേരും തമ്മില്‍ കൂടുതല്‍ അടുത്തു. തുടര്‍ന്ന് പഠനാവശ്യത്തിനായി മാക്രോണ്‍ പാരീസിലേക്ക് പോയെങ്കിലും അധ്യാപികയുമായുള്ള ബന്ധം തുടര്‍ന്നു. ഇമ്മാനുവലിനെ കാണാനായി ബ്രിഗിറ്റെ ഇടയ്ക്കിടെ പാരീസിലേക്ക് പോകാറുണ്ടായിരുന്നു. അധികം വൈകാതെ ബ്രിഗിറ്റെ ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തുകയും ഇമ്മാനുവലിനൊപ്പം താമസം തുടങ്ങുകയുമായിരുന്നു. 2007 ലാണ് ഇവര്‍ വിവാഹിതരായത്. രണ്ട് വിവാഹത്തിലുമായി ബ്രിഗിറ്റെയ്ക്ക് ഏഴ് പേരക്കുട്ടികളുമുണ്ട്.
ഇമ്മാനുവല്‍ ജീന്‍ ഫ്രെഡറിക് മാക്രോണ്‍ എന്ന ഇമ്മാനുവല്‍ മാക്രോണ്‍ 1977 ഡിസംബര്‍ 21 ന് ഫ്രാന്‍സിലെ അമിയന്സിലാണ് ജനിച്ചത്. ഫ്രഞ്ച് ഡോക്ടറും പ്രൊഫസറുമായിരുന്ന ജീന്‍ മിഷേല്‍ മാക്രോണാണ് പിതാവ്. 1953 ഏപ്രില്‍ 13 ന് നോര്‍ത്തേണ്‍ ഫ്രാന്‍സിലെ അമിയന്‍സ് എന്ന സ്ഥലത്ത് സിമോണ്‍ പുജോള്ജീന് ട്രോഗ് ന്യൂക്സ് ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവളായാണ് ബ്രിഗിറ്റെ ജനിച്ചത്.
1974 ല്‍ വിവാഹിതയായ ബ്രിഗിറ്റെ മാക്രോണുമായി അടുപ്പത്തിലായ ശേഷം 2006 ല്‍ വേര്‍പ്പിരിയുകയായിരുന്നു. ആദ്യ ഭര്‍ത്താവിലുള്ള മക്കളായ സെബാസ്റ്റ്യന്‍, ലോറന്‍സ്, ടിഫൈന് എന്നിവര്‍ മാക്രോണുമായി നല്ല ബന്ധത്തിലാണെന്ന് ബ്രിഗിറ്റെ പറയുന്നു.
ആഗോള രാഷ്ട്രീയത്തിലെ പലരും ആദ്യവിവാഹം വേര്‍പ്പിരിഞ്ഞ് തന്നേക്കാള്‍ ഒരുപാട് പ്രായക്കുറവുള്ളവരെ ജീവിതസഖിയാക്കിയവരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്നേക്കാള്‍ 23 വയസ് പ്രായക്കുറവുള്ള മിലേനിയ ജീവിതസഖിയായത് മൂന്നാം വിവാഹത്തിലാണ്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസി ആദ്യ രണ്ട് വിവാഹങ്ങള്‍ വേര്‍പ്പിരിഞ്ഞ് പ്രസിഡന്റായിരിക്കെ മോഡലും അഭിനേത്രിയുമായ കര്‍ല ബ്രൂണിയെ വിവാഹം ചെയ്തു.
രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് മാക്രോണും ഭാര്യയും കഴിഞ്ഞ രാത്രി ഒരു വേദിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ആവേശത്തോടെ സംസാരിച്ചിരുന്നു. മാക്രോണിന് വേണ്ടിയുള്ള പ്രചാരണത്തില്‍ ബ്രിഗിറ്റെ സജീവമാണ്. തനിക്ക് തടുക്കാന്‍ പറ്റാത്ത വിധം കൗമാരത്തില്‍ തന്നെ മാക്രോണ്‍ തന്നിലേക്ക് അടുക്കുകയായിരുന്നുവെന്നാണ് ബ്രിഗിറ്റെ പിന്നീട് വെളിപ്പെടുത്തിയത്.
താന്‍ പ്രസിഡന്റായാലും ബ്രിഗിറ്റെ തനിക്കൊപ്പമുണ്ടാകുമെന്നാണ് മാക്രോണ്‍ പറയുന്നത്. ഫ്രാന്‍സിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പേജ് നാം മറിച്ചിടുകയാണെന്നും താന്‍ ഫ്രാന്‍സിന് പുതിയൊരു ഭാവിയുണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Leave a Reply