Flash News

ഇതൊരു മാരക രോഗം (കഥ)

May 8, 2017

marakarogam size

ഗ്ലാസ്സില്‍ പകര്‍ന്ന ഒന്നുരണ്ടു തുള്ളികളെ സീമ വീണ്ടും നോക്കി. അതില്‍ ഒരല്‍പ്പം വെള്ളം പകര്‍ന്നു. കുടിയ്ക്കാനായി പലവട്ടം ചുണ്ടിനോടടുപ്പിച്ചു. പെട്ടെന്നൊരു നിമിഷം, ഒന്നും അറിയാതെ കൊച്ചരി പല്ലുകാട്ടി മുന്നില്‍ ചിരിച്ചു നില്‍ക്കുന്ന തന്റെ നാലു വയസ്സുകാരി കിങ്ങിണിയുടെ രൂപവും, ‘എല്ലാ വിഷമവും ഈശ്വരന്‍ മാറ്റിത്തരുമമ്മേ’ എന്നു പറഞ്ഞു എല്ലാം ദൈവത്തിലര്‍പ്പിയ്ക്കുന്ന ആറു വയസ്സുകാരി കുട്ടുവിന്റേയും മുഖം തന്റെ കണ്ണുകളില്‍ ഓടിവന്നു. ഇല്ല, ഞാനവരെ ഒറ്റപ്പെടുത്തില്ല, അവരെ സമൂഹത്തിനു തട്ടിക്കളിയ്ക്കാന്‍ നല്‍കില്ല അച്ഛനുണ്ടായാലും, ‘പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നല്ലേ’ പ്രമാണം. പ്രത്യേകം പെണ്‍കുട്ടികള്‍ക്ക് ഒരമ്മയുടെ സാമീപ്യം എപ്പോഴും വേണം. ഒരമ്മയുടെ കൈകളിലല്ലാതെ മറ്റാരുടെ കൈകളിലും, പ്രത്യേകിച്ചും ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. ഈ പാഷാണം കഴിച്ച് അവസാനിപ്പിക്കാനുള്ളതല്ല എന്റെ ജീവിതം. ആത്മഹത്യ ഒരു ഭീരുത്വം തന്നെ. ഇല്ല, എല്ലാറ്റിനേയും തരണം ചെയ്തുതന്നെ മുന്നോട്ടു വരണം. ഈ ഒരു ഉറച്ച തീരുമാനത്തില്‍ എത്തി സീമ. മറ്റാരുടേയും കണ്ണില്‍പെടും മുമ്പ് ആ വിഷകുപ്പിയും ഗ്ലാസും അടുത്തുള്ള ഒരു പൊട്ടക്കിണറ്റിലേക്കെറിഞ്ഞു. തന്റെ വിദ്യാഭ്യാസത്തില്‍ കവിഞ്ഞ ബുദ്ധിയും വിവേകവുമുള്ള, സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന അവള്‍. ഉടുത്തൊരുങ്ങി അവളെ കണ്ടാല്‍ ഏതോ വലിയ വീട്ടിലെ പെണ്ണാണെന്നേ പറയൂ. ആരു കണ്ടാലും അവളെയൊന്നു നോക്കും. ഈ സൗന്ദര്യമാണോ അവള്‍ക്കൊരു ശാപമായത്? വിധി അവളുടെ അച്ഛനോടു കാണിച്ച ക്രൂരതയാല്‍ എട്ടാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവള്‍. മൂന്നു പെണ്‍കുട്ടികളുടെ ഉത്തരവാദിത്വത്തില്‍ നിന്നും തന്റെ അമ്മയെ ആശ്വസിപ്പിക്കാനായി സ്വമനസ്സാൽ ഏറ്റെടുത്തു വാങ്ങിയ വരണമാല്യമാണോ അവള്‍ക്കൊരു ഭാരമായത്?” ഒരല്‍പ്പം പണം കുറഞ്ഞു പോയി എന്നതാണല്ലോ ദൈവമേ ഞാന്‍ ചെയ്ത അപരാധം എന്നു പറഞ്ഞു പ്രയാസം സഹിക്കാനാകാതെ വരുമ്പോള്‍ അവള്‍ സ്വയം വിതുമ്പാറുണ്ട്. ഉടന്‍തന്നെ അവളോര്‍ക്കും ഒരുപക്ഷേ തനിക്കു മാത്രമല്ല വലിയ വീടുകളിലെ പെണ്ണുങ്ങള്‍ക്കും തന്റെ ഈ അവസ്ഥ ഉണ്ടായേക്കാം, പക്ഷെ പണം, പ്രതാപം സമൂഹത്തിലുള്ള അവരുടെ പിടിപാട് എന്നിവ അവരുടെ ഈ അവസ്ഥയെ സമൂഹത്തില്‍ നിന്നും മറച്ചു പിടിയ്ക്കുന്നതാകാം. എല്ലാറ്റിനേയും അതിജീവിച്ചു തന്റെ കുട്ടികള്‍ക്കുവേണ്ടി ജീവിക്കണം അതായിരുന്നു സീമയുടെ അടിയുറച്ച തീരുമാനം.

jyothy photoവെളുത്തു മെലിഞ്ഞ ശരീരം ഏതു സമയത്തും എണ്ണയിട്ടു മിനുക്കി ചീന്തിവച്ച കരിവണ്ടിനെ വെല്ലുന്ന മുടി, കൂടെ ജനിച്ചതാണോ എന്നു തോന്നുംവിധം ഏതു കാലാവസ്ഥയിലും ഇട്ടു നടക്കുന്ന ‘കൂളിംഗ്-ഗ്ലാസ്,’ രണ്ടു വശങ്ങളിലേക്കായി പിരിച്ച് തേളിന്റെ കൊമ്പുപോലെ വളച്ചു വച്ചിരിയ്ക്കുന്ന കൊമ്പന്‍ മീശ, അലക്കിതേച്ച വടിവൊത്ത നീളന്‍കൈ ഷര്‍ട്ട്, കൈ ഒരല്‍പ്പം തെറുത്തു മുകളിലേക്ക് വെച്ചിരിയ്ക്കുന്നു, എഴുതാനൊന്നും കാര്യമായി അറിയില്ലെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ സ്ഥിരതാമസം പിടിച്ചിരിക്കുന്ന ഒരു പേന, അലക്കി തേച്ച പാന്റ്, അല്ലെങ്കില്‍ വിദേശ സംസ്കാരത്തെ അനുകരിക്കുന്ന ഒരു തടിയന്‍ ജീന്‍സ്. സീമയുടെ ഭര്‍ത്താവ് വിനോദെന്ന വിനു. ‘ടിപ് ടോപ്പായി’ മാത്രമേ നിങ്ങള്‍ക്കു വിനുവിനെ കാണാന്‍ കഴിയൂ. കെട്ടിടപ്പണിയില്‍ തേപ്പു പണിയാണു ഇവനുദ്ദ്യോഗമെന്നു ഇവനെ കണ്ടാല്‍ ആരും പറയില്ല. എല്ലാ ദിവസവും മുടങ്ങാതെ പണിക്കു പോയാല്‍ പണം കൂടിപ്പോകുമോ എന്ന ഭയമാണോ എന്നറിയില്ല, ദിവസവും പണിക്കു പോകുന്ന ഒരു സ്വഭാവം അവനില്ല. തനിക്ക് കള്ളു കുടിക്കാനും അത്യാവശ്യം വട്ടചിലവിനുമുള്ള പണത്തിനു മാത്രം പണിക്കു പോകുകയെന്നതാണു വിനുവിന്റെ ഒരു ശൈലി.

രാവിലെ എട്ടു മണിയാകുമ്പോള്‍ വീട്ടിലെ എല്ലാ പണികളും കഴിഞ്ഞു ഒരു ഭക്ഷണ പാത്രവുമായി അടുത്തുള്ള കരിങ്കല്‍ മടയിലേയ്ക്കു യാത്രയാകും നമ്മുടെ സീമ. പിന്നീട് അന്തിമയങ്ങുമ്പോഴാണു തിരിച്ചെത്തുന്നത്. കരിങ്കല്‍ തലയിലേറ്റി ലോറികളിലേക്കും അത് പൊടിക്കുന്ന മെഷിനിലേക്കും നിറയ്ക്കുന്ന ജോലിയാണവള്‍ ചെയ്യുന്നത്. താന്‍ ജോലി ചെയ്തില്ലെങ്കില്‍ തന്റെ കുഞ്ഞുങ്ങള്‍ക്കായി അടുപ്പു പുകയില്ല എന്ന സത്യം അവളുടെ ശരീരത്തെ ഒരിയ്ക്കലും തളര്‍ത്താറില്ല. കഠിനമായ ഈ കരിങ്കല്‍ തുണ്ടുകള്‍ പലപ്പേഴും ഭ്രാന്തമായ മനുഷ്യന്റെ മനസ്സിനേക്കാള്‍ മാര്‍ദ്ദവമുള്ളതാണെന്നവള്‍ക്ക് തോന്നാറുണ്ട്. കഠിനമായ ഈ ജോലി കഴിഞ്ഞു അന്തിമയങ്ങുമ്പോള്‍ വീട്ടിലേക്ക് വേണ്ടുന്ന സാധങ്ങളുമായി അവളെത്തും. പിന്നെ ആഹാരം പാകം ചെയ്യണം, കുട്ടികളുടെ കാര്യങ്ങള്‍ ചെയ്യണം, അതൊന്നുമല്ല പ്രധാനം അതുവരെ തന്റെ കുഞ്ഞുങ്ങളെ നോക്കിയ അമ്മായിയമ്മയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അതൊരു മഹാ അപരാധമാകും. ഇതിനിടയില്‍ മദ്യലഹരിയില്‍ നാലു കാലിലോ അല്ലാതെയോ വരുന്ന ഭര്‍ത്താവിന്റെ ആഗമനമായി. വന്നു കയറുമ്പോഴേയ്ക്കും വേണ്ട രീതിയിലുള്ള പരിചരണം വേണം. അതിനുശേഷം അമ്മയും മകനും തമ്മിലുള്ള കുശലം പറച്ചില്‍. മരുമകളെക്കുറിച്ചെന്തെങ്കിലും മകന്റെ കാതില്‍ നിറച്ച് അവര്‍ തമ്മിലുള്ള വഴക്കു കേട്ടാല്‍ പട്ടുമെത്തയില്‍ കിടന്നുറങ്ങുന്ന സംതൃപ്തിയില്‍ കിടന്നുറങ്ങാന്‍ ശീലിച്ച അമ്മായിയമ്മ. പിന്നെ കലാപരിപാടികള്‍ ആരംഭിക്കുകയാണു “എടീ നീ ഇന്ന് ആരുടെ കൂടെയായിരുന്നെടീ രാവിലെ മുതല്‍? ആരാണു നിന്നെ അന്വേഷിച്ച് ഇവിടെ വന്നത്? അവനാരാ?എന്നെ മഠയനാക്കുകയൊന്നും വേണ്ട.” ആദ്യമെല്ലാം ഈ ഒഴുകി വരുന്ന ചോദ്യ പ്രവാഹത്തിനു ഒന്നുരണ്ടു വാക്കിലെങ്കിലും ഉത്തരം പറയാന്‍ സീമ ശ്രമിച്ചു. ഉത്തരം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടുത്ത നടപടി അടി തന്നെ. പിന്നീട് സീമ ഉത്തരം പറയാനൊന്നും മുതിരാറില്ല. അവിശ്വാസം കൊണ്ട് ഭ്രാന്തു പിടിച്ച ഒരു മനുഷ്യന്‍ ഒരു ദിവസമല്ല എല്ലാ ദിവസവും എന്തെങ്കിലും ഒരു വിഷയത്തില്‍ തുടുങ്ങും. അവസാനിപ്പിക്കുന്നത് ഈ അവിശ്വാസത്തില്‍ തന്നെ. പിന്നെ കുട്ടികളുടെ കൂട്ട നിലവിളി തുടങ്ങുംവരെ അടിതന്നെ. ആദ്യമെല്ലാം അയല്‍ക്കാര്‍ ഓടിവന്നു തടയാറുണ്ട്. പകല്‍ മുഴുവന്‍ എല്ലുമുറിയെ പണിയെടുത്തു വരുന്ന ഇവളെ എന്തിനാണിങ്ങിനെ പട്ടിയെപ്പോലെ തല്ലുന്നതെന്നവര്‍ ചോദിക്കാറുണ്ട്. ഇത് ഞാനും എന്റെ ഭാര്യയും തമ്മിലുള്ള പ്രശ്നം എന്തിനിതില്‍ ഇടപെടുന്നുവെന്നായിരുന്നു വിനുവിന്റെ ഉത്തരം. പിരിമുറുക്കം കൂടുതലുള്ള ദിവസമാണെങ്കില്‍ സഹായിക്കാന്‍ വന്ന മാന്യന്മാരുടെ പേരെടുത്ത് വിനു ചോദിക്കും “ആഹാ … അപ്പോള്‍ നീ ഇവന്റെ കൂടെയായിരുന്നുവല്ലേ?” ഇതു കേട്ട പലരും അവനെ കൈവയ്ക്കാന്‍ ഒരുങ്ങിയതാണ്. പക്ഷെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സീമയേയും ഓര്‍ത്തവര്‍ വെറുതെ വിട്ടു. ഇതൊരു നിത്യസംഭവമായി അയല്‍വാസികള്‍ക്ക്. പിന്നെ മാന്യന്മാരൊന്നും ഈ പ്രശ്നത്തില്‍ ഇടപെടാറില്ല. സുന്ദരിയായ ഭാര്യ തന്നെ ചതിക്കുന്നുവെന്ന അവിശ്വാസം പലപ്പോഴും അവളെ പിന്തുടരാന്‍വരെ അവനെ പ്രേരിപ്പിക്കുംവിധം ഭാന്തമായി മാറ്റി.

അന്നും പതിവുപോലെ ഒരു കാരണത്തില്‍ തുടങ്ങി ഇതേ സംശയം പൊറുതി മുട്ടിയ അവള്‍ പറഞ്ഞു ‘ നിങ്ങളെപ്പോലെ ഒരുവന്റെ കൂടെ താമസിക്കുന്നതിലും ഭേദം ഏതെങ്കിലും നട്ടെല്ലുള്ളവന്റെ കൂടെപ്പോയി കുട്ടികളേയും കൊണ്ട് ജീവിക്കുന്നതാണു” പറഞ്ഞു തീരുംമുമ്പേ അമ്മായിയമ്മ അതിനെ പിന്താങ്ങി “കണ്ടില്ലേ അവളുടെ മനസ്സിലിരുപ്പ്! നിന്നെക്കാള്‍ ഭംഗിയുള്ള ആരെയെങ്കിലും കണ്ടു കാണും അവള്‍” ഇതുകൂടെ കേട്ടപ്പോള്‍ മദ്യലഹരിയില്‍ മുഴുഭ്രാന്തനായി മാറിയ വിനു മതിയാകുംവരെ തലയ്ക്കും ശരീരത്തിലുമായി അവളെ തല്ലി. കുട്ടികളുടെ രോദനമൊന്നും അന്നവന് ഒരു പ്രശ്നമായില്ല. ഒരു റബ്ബര്‍ പൈപ്പുപോലെ അവള്‍ അതെല്ലാം സഹിച്ചു. അസഹനീയമായ ശരീരമാസകലമുള്ള വേദന കൊണ്ട് അവള്‍ക്ക് കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.

ഒന്നും അറിയാത്ത മട്ടില്‍ പ്രഭാത സൂര്യന്‍ അന്നും ഉദിച്ചുപൊങ്ങി. ശരീരം തീരെ അനുവദിച്ചിരുന്നില്ല. എന്നാലും സീമ അന്നും പതിവുപോലെ പണിക്കായി ഇറങ്ങിത്തിരിച്ചു. താന്‍ എന്തു തെറ്റു ചെയ്തിട്ടാണ് ഇത്രയും സഹിക്കേണ്ടിവന്നതെന്ന ചോദ്യം അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. തലയില്‍ കയറ്റിവച്ച കരിങ്കല്‍ കഷണങ്ങള്‍ക്ക് അവളുടെ മനസ്സിനോളം ഭാരം തോന്നിയില്ല. ഒന്നുരണ്ടു പ്രാവശ്യം തലയില്‍ കല്ലേറ്റി അവള്‍ നടന്നു. അടുത്ത തവണ തലയിലേറ്റിയപ്പോള്‍ കണ്ണിലെന്തോ ഒരു ഇരുട്ടു പടരുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു. കാലിടറി തലയിലേറ്റിയ കരിങ്കല്ലുമായി അവള്‍ നിലം പതിച്ചു. എല്ലാവരും ചേര്‍ന്നവളെ ആശുപത്രിയില്‍ എത്തിച്ചു. തലേദിവസം തലയ്ക്കേറ്റ പ്രഹരത്തിന്റെയോ, അതോ തലയില്‍ വീണ കരിങ്കല്‍ കൊണ്ടോ തലയ്ക്കേറ്റ ക്ഷതം ഒരുപക്ഷെ അവളുടെ ജീവനുതന്നെ അപകടമായേക്കാം എന്ന ഡോക്ടറുടെ വാക്കുകള്‍ എല്ലാവരേയും ഞെട്ടിപ്പിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയവരില്‍ വിനുവും ഉണ്ടായിരുന്നു. പ്രത്യേക മുറിയിലേക്കവളെ കൊണ്ടുപോകുന്നതിനിടയില്‍ അവനവളെത്തന്നെ ഉറ്റു നോക്കി. പക്ഷെ അവന്റെ നോട്ടത്തിനെ പ്രതികരിക്കാന്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ക്ക് ശേഷിയില്ലായിരുന്നു. തന്റെ രണ്ടു വശങ്ങളിലായി വിങ്ങിപ്പൊട്ടി കരയുന്ന തന്റെ പിഞ്ചോമനകളുടെ മുഖം വിനുവിലെ മനുഷ്യത്വത്തെ ഉണര്‍ത്തി. ‘സംശയ രോഗം’ അതിനിതുവരെ മരുന്നു കണ്ടെത്താന്‍ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. പരസ്പരം വിശ്വാസമാണ് ഏതു ബന്ധങ്ങളുടേയും അടിത്തറ. സംശയരോഗം ആര്‍ക്കു പിടിച്ചാലും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല ഇത് മാരകം തന്നെ. സ്വയം തെറ്റ് മനസ്സിലാക്കിയ വിനുവിന്റെ ജീവിതത്തില്‍ കുറെ നഷ്ടങ്ങള്‍ക്കുശേഷം ഒരു പുതിയ സൂര്യോദയമുണ്ടായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top