Flash News

പുതിയ ആകാശം പുതിയ ഭൂമി (കവിത)

May 8, 2017

puthiya akasam size(രാഷ്ട്രങ്ങളുടെ ആയുധപ്പുരകളില്‍, അപരന്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ അധികാരികളുടെ ആജ്ഞ കാത്തിരിക്കുന്ന ആഗോള സൈനിക സഹോദരങ്ങളെ, നിങ്ങള്‍ക്ക് ഒരു പുതിയ സുവിശേഷം!)

വരിക സഹോദരാ, യീയുഗസംഗമ –
പ്പടിയിലൊരു നവ പരിമളം ചാര്‍ത്തു നീ !
ഒരുമിച്ചു നമ്മളുയര്‍ത്തുക തമസ്സിന്റെ
വിരിമാറിലായിരം പുലരിപ്പതാകകള്‍ !

ഒരു കോടി വര്‍ഷങ്ങ, ളൊരുകോടി ജന്മങ്ങ –
ളിനിയും വരാനുണ്ടിവിടെയീ ഭൂമിയില്‍.
ഒരു വിരല്‍ത്തുമ്പുകൊ,ണ്ടവയുടെ വേരുക –
ളൊരുമിച്ചറുക്കുവാന്‍ പ്രാപ്തരാണിന്ന്‌ നാം.

ഒരു നിമിഷത്തിന്റെ പാതിയിലൊരു വിടന്‍
ഭരണാധികാരി യലറിയാലതുമതി,
ഞൊടിയിട കൊണ്ടെന്റെ വര്‍ഗ്ഗം നശിക്കുവാ –
നൊരു കരിക്കട്ടയായ്‌ത്തീരാന്‍ വസുന്ധര !

കരുതി വച്ചിട്ടുണ്ടൊരായിരം ഭൂമിയെ
കുരുതി കൊടുക്കുവാനാകുന്ന ബോംബുകള്‍…
ഒരു സ്വിച്ചമര്‍ത്തിയാ, ലുപരിതലം പിള –
ര്‍ന്നവയും വഹിച്ചു കുതിക്കും മിസൈലുകള്‍ !

കോടാനുകോടി യുഗങ്ങളായ് നമ്മുടെ
ഭാവന കെട്ടിയുയര്‍ത്തിയ കോട്ടകള്‍,
കേവലം ചാരമായ്‌ത്തീരും, ഫണം വിരി –
ച്ചാടുമീ വഹ്നിയില്‍ മണ്ണും, മനുഷ്യനും !

ഇല്ലെനിക്കാവില്ലതിനായി, യീവിരല്‍ –
ത്തുമ്പോന്നമര്‍ത്തുവാന്‍ നിന്നെ മറക്കുവാന്‍ !
(അജ്ഞാത സ്നേഹിതാ നിനവിരല്‍ത്തുമ്പിലും
നിത്യനാശത്തിന്റെ വിത്താണറിയുക ! )

നിന്നേയും നിന്നുടെ പെണ്ണിന്‍മടിത്തട്ടി –
ലമ്മിഞ്ഞ യിറ്റിക്കുടിക്കും മകനെയും,
കൊന്നുകുഴിച്ചു മൂടാനെനിക്കാവില്ല –
യെന്നോടും നീയീക്കരുണ കാട്ടീടുമോ ?

പാതിയടഞ്ഞ മിഴിയുമായമ്മതന്‍,
മാറിലുറങ്ങി ക്കിടക്കുകയാണവന്‍.
എന്‍മകന്‍ എന്റെ കിനാക്കളും പൂക്കളും ,
എന്നുമുയര്‍ത്തി പിടിക്കേണ്ട മാനവന്‍ !

എന്നുവിടരേണ്ട പൊന്‍പ്രഭാതങ്ങളെ –
യുമ്മകള്‍ നല്‍കി, യുണര്‍ത്തേണ്ട നാളെകള്‍,
ഇങ്ങിനി വന്നുചേരേണ്ടന്നു നമ്മുടെ
പൊങ്ങന്‍ ഭരണാധികാരികള്‍ ചൊല്ലിയാല്‍,

ഇല്ലെന്നുറക്കെ യലറി കരയുവാന്‍,
എന്നിലും, നിന്നിലും ചങ്കൂറ്റമാവണം!
ജന്മാന്തരങ്ങള്‍ തഴക്കുമീ ഭൂമിയെന്‍,
ജന്മാവകാശ മാണെന്നു പറയണം.

തോക്കുകള്‍ നിന്റെ നെഞ്ചിന്‍‌കൂട്ടിലെ തുടി –
പ്പാര്‍ന്ന കുരുവിയെത്തച്ചുകൊല്ലാന്‍ വരും ?
സാരമില്ലീ വഴിത്താരയില്‍ മുള്ളുകള്‍
പേറി വിടര്‍ന്നതാണീ യുഗപ്പൂവുകള്‍ !

എങ്ങുംവിടരട്ടെ സ്നേഹമതിലൂറും,
ഫല്ല സൗരഭ്യം താഴുകട്ടെ ഭൂമിയെ !
ഗംഗയും, വോള്‍ഗയും, നൈലും, മിസ്സൂറിയു-
മൊന്നിച്ചൊഴുകി പ്പുണരട്ടെ ഭൂമിയെ !

ഒരുമിച്ചു നമ്മളുയര്‍ത്തുക താമസ്സിന്റെ
വിരിമാറിലായിരം പുലരിപ്പതാകകള്‍ !
പാടിയുണര്‍ത്തൂ പ്രഭാതങ്ങളെ സ്നേഹ –
ഗായത്രികള്‍ നവ സൂര്യഗായത്രികള്‍ !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top