Flash News

‘ആവിഷ്‌കാരങ്ങളുടെ ആഘോഷം’ – യൂത്ത് ലൈവ് സമാപിച്ചു

May 13, 2017

Image for news

യൂത്ത്ഫോറം യൂത്ത് ലൈവ് സമാപന സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യയെന്നത് സാംസ്‌കാരിക വൈവിധ്യങ്ങളുടെ അദ്ഭുത ഭൂമിയാണ്. വ്യത്യസ്തതകള്‍ ഇല്ലാതാക്കി ഏകാഭിപ്രായ വ്യവസ്ഥിതിയിലേക്ക് ചുരുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പതിറ്റാണ്ടുകളായി രാജ്യം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ തകര്‍ക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പ്രസിഡണ്ട് ടി.ശാക്കിര്‍ പറഞ്ഞു. യൂത്ത്ഫോറം സംഘടിപ്പിച്ച ‘യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെയും ഖിലാഫത്ത് പ്രസ്ഥാനത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ട്പോയ ചരിത്രവും സാമൂതിരി രാജാവിനൊപ്പം അണിനിരക്കല്‍ ഒരാളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് തുഫ്ഫത്തുല്‍ മുജാഹിദീനിലൂടെയുള്ള മതപണ്ഠിതന്‍ സൈനുദ്ദീന്‍ മഖ്തൂമിന്റെ അഹ്വാനവുമെല്ലാം ഈ വൈവിദ്ധ്യങ്ങളുടെ ഉദാഹരണങ്ങളാണ്. ഇന്ന് സ്നേഹത്തെ കുറിച്ചും സൗഹാര്‍ദ്ദത്തെ കുറിച്ചും പറയുന്നത് തന്നെ വലിയ രാഷ്ട്രീയവും സാമൂഹിക സാഹോദര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് വലിയ സമരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്ഥതകളെയും മുന്നോട്ട് വെക്കാന്‍ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ യുവ സിനിമാ സംവിധായകന്‍ മുഹ്സിന്‍ പരാരി പറഞ്ഞു. സ്വത്വങ്ങള്‍ നിരാകരിക്കാതെ ഉള്‍ക്കൊണ്ടുകൊണ്ടും, പരിമിതികളും പരിധികളും മറ്റുള്ളവര്‍ നിശ്ചയിച്ച് അടിച്ചേല്‍പ്പിക്കാത്ത ആവിഷ്‌കാരങ്ങളും ആഘോഷങ്ങളും കൊണ്ട് സാമൂഹിക സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാന്‍ കഴിയും. സമൂഹത്തെ കുറിച്ച ആധികളും വലിയ സ്വപ്നങ്ങളുമാണ് യൂത്ത് ലൈവിലൂടെ കാണാന്‍ കഴിഞ്ഞതെന്നും അത് തന്നെയാണ് യുവാക്കള്‍ക്ക് ഇത് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാവുമ്പോള്‍ യോജിപ്പ് ഉത്തരവാദിത്തമാണെന്നും അതിനാല്‍ പൊതുനന്മകളില്‍ യോജിക്കാന്‍ കഴിയുന്നവരുടെ വേദിയൊരുക്കല്‍ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തില്‍ നിന്നാണ് സ്നേഹത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി യൂത്ത് ലൈവ് സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു. വിഭാഗിയതകളെ സ്നേഹം കൊണ്ട് പ്രതിരോധിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത്ഫോറം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫോറം ഉപദേശക സമിതിയംഗം കെ.സി. അബ്ദുല്ലത്തീഫ്, യൂത്ത്ഫോറം ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, വൈസ് പ്രസിഡണ്ടുമാരായ സലീല്‍ ഇബ്രാഹീം, ഷാനവാസ് ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഖത്തര്‍ നാഷണല്‍ തിയേറ്ററിലെ യൂത്ത് ലൈവിന്റെ ഒന്നാം ദിനത്തില്‍ വിവിധ കലാവിഷ്‌കാരങ്ങള്‍ അരങ്ങേറി. ‘അഭിനയ സംസ്‌കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ച, നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ശിഹാബുദീന്‍ പൊയ്ത്തും കടവിന്റെ ”മത ഭ്രാന്തന്‍ എന്ന കഥയെ ആസ്പതമാക്കി ‘സലാം കോട്ടക്കല്‍ സംവിധാനം ചെയ്ത് ‘ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിച്ച നാടകം ‘പേരിന്റെ പേരില്‍’, കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ”സ്നേഹ ജ്വാല”, ജമീല്‍ അഹമ്മദ് രചിച്ച് റിയാസ് കുറ്റ്യാടി വേഷം പകര്‍ന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേര്‍ സാക്ഷ്യമായ യൂത്ത്ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്നീം അസ്ഹര്‍ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ റിഥം ഓഫ് ലൗ, തനത്’ കലാ വേദിയുടെ നാടന്‍ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലര്‍വാടിയുടെ കുരുന്നുകള്‍ അവതരിപ്പിച്ച വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ഫോക്ക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയായി.

ജേണലിസം അദ്ധ്യാപകനും ഫ്രീലാന്‍സ് ഡിസൈനറുമായ പ്രഭുല്ലാസ് സംവിധാനം ചെയ്ത് സിനിമാ താരം നിര്‍മ്മല്‍ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദര്‍ശനവും നടന്നു. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരന്ന ഗസല്‍ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും അരങ്ങേറി. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ‘സ്‌നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top