ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 65 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ബജരംഗ് പുനിയ്ക്ക് സ്വര്‍ണം. വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ സരിത ഇന്ത്യക്കായി വെള്ളി മെഡലും നേടി. ഇന്ന് നടന്ന ഫൈനലില്‍ കൊറിയന്‍ എതിരാളിക്കെതിരേ തുടക്കത്തില്‍ പിന്നിലായിരുന്ന ബജരംഗ് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് സ്വര്‍ണം പിടിച്ചെടുത്തത്. 6-2നാണ് കൊറിയന്‍ താരം ലീ സെങ് ചുലിനെ ബജരംഗ് കീഴടക്കിയത്. ആദ്യ പകുതിയില്‍ 2-0നു പിന്നിലായിപ്പോയ ബജരംഗ് രണ്ടാം പകുതിയില്‍ കൊറിയന്‍ താരത്തിന് ഒരു പഴുതും അനുവദിച്ചില്ല.
തങ്ങളുടേതായ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയാണ് ബജരംഗും സരിതയും ഫൈനല്‍ ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഉസ്ബെക്കിസ്ഥാന്റെ സിറോജിദ്ദീന്‍ ഹസനോവിനെ 4-3നും ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞതവണത്തെ സ്വര്‍ണമെഡല്‍ ജേതാവ് ഇറാന്റെ മിസാം നസിറിയെയുമാണ് ബജരംഗ് പരാജയപ്പെടുത്തിയത്. മൂന്നുവെള്ളി ഉള്‍പ്പെടെ അഞ്ചുമെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍ വനിതാ ഗുസ്തിയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. 2003ല്‍ ഇന്ത്യ മൂന്നു വെങ്കലവും രണ്ടുവെള്ളിയും ഉള്‍പ്പെടെ അഞ്ചു മെഡലുകള്‍ നേടിയിരുന്നു.
ഫൈനലിലേക്കുള്ള യാത്രയില്‍ ഉസ്ബെക്കിസ്ഥാന്റെ അസിം സെയ്ദമെട്ടോവയെ 10-0നും വിയറ്റ്നാമിന്റെ തി ഹുഓങ് ദാവുനെ 12-0നും സരിത പരാജയപ്പെടുത്തി. ബജരംഗ് സെമി ഫൈനലില്‍ കടുത്ത പോരാട്ടത്തില്‍ കുക്വാങ് കിമ്മിനെ 3-2നാണു പരാജയപ്പെടുത്തിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വനിതാ ഗുസ്തിതാരം സാക്ഷി മാലികിന്റെ ഭര്‍ത്താവ് സത്യവ്രത് കഡിയന്‍ 97 കിലോഗ്രാം വിഭാഗത്തില്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസം സാക്ഷിമാലിക് വനിതാ വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു.

Leave a Reply