Flash News

ട്രംപ് കെയര്‍ അവബോധനവും ഖണ്ഡനങ്ങളും

May 14, 2017

avabodham sizeഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി മത്സരിക്കാന്‍ തീരുമാനിച്ച നിമിഷങ്ങള്‍ മുതല്‍ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (A.C.A) അഥവാ ഒബാമ കെയറിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ടായിരുന്നു. ഒബാമ കെയറിനെ ഇല്ലാതാക്കി പകരം പരിഷ്‌ക്കരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി (Health Care) നടപ്പാക്കണമെന്നുള്ളത് ട്രംപിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അതിനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ഒബാമ കെയര്‍ റദ്ദു ചെയ്തുകൊണ്ടുള്ള ഹെല്‍ത്ത് കെയര്‍ ബില്‍ പാസാക്കുകയും ചെയ്തു. ഇനി നിയമമാകാന്‍ സെനറ്റിന്റെ തീരുമാനവുമുണ്ടാകണം. സെനറ്റിലും വോട്ടിട്ടു വിജയിച്ചാല്‍ പ്രസിഡന്റിന്റെ ഒപ്പോടുകൂടി പുതിയ ബില്‍ പ്രാബല്യത്തിലാവുകയും ചെയ്യും.

padanna3ട്രംപിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബില്ലിലുള്ള വസ്തുതകളെന്തെല്ലാമെന്നും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാ വിഷയങ്ങളും ദേശീയ നിലവാരത്തില്‍ നിത്യ വാര്‍ത്തകളാണ്. ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യുകയും പകരം ട്രംപ് കെയര്‍ നടപ്പാക്കുകയുമാണ് ബില്ലിലെ പ്രധാന ലക്ഷ്യം. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടിയ മാറ്റങ്ങള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് രണ്ടു മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തേത് ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യുക; പകരം പുതിയ പരിഷ്‌കൃത നയങ്ങളോടെ മറ്റൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങുക. രണ്ടാമത് മെഡിക്കെയിഡ് വിപുലീകരണത്തിനായി അനുവദിക്കുന്ന ഗ്രാന്റ് നിശ്ചിതമായ ഒരു തുകയില്‍ ക്ലിപ്തപ്പെടുത്താനും പരിഗണിക്കുന്നു.

ഒബാമ കെയറും ട്രംപ് കെയറും തമ്മില്‍ സാമ്യപ്പെടുത്തുമ്പോള്‍ ഹെല്‍ത്ത് കെയറിന്റെ നിയമ വശങ്ങളിലുള്ള പല ഘടകങ്ങളും പരിഗണനയില്‍ എടുക്കേണ്ടതായി വരുന്നു. ടാക്‌സ് നിയമങ്ങളും നിലവിലുള്ള സര്‍ക്കാര്‍ പ്രോഗ്രാമുകളും, സാമ്പത്തിക സ്ഥിതിഗതികളും, കുടിയേറ്റ നിയമങ്ങളും പഠിക്കേണ്ടതായുണ്ട്. എന്തെല്ലാം ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍ ചെറിയ പ്രകോപനം മുതല്‍ വലിയ കോളിളക്കങ്ങള്‍ വരെ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഇത്തരുണത്തില്‍ ട്രംപ് കെയറും ഒബാമ കെയറും പരസ്പരം ബന്ധിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു. ട്രംപ് കെയര്‍ പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ കഴിവിനനുസരിച്ച് തയ്യാറാക്കിയതെന്നും താഴ്ന്ന വരുമാനക്കാര്‍ക്കും പ്രീമിയം താങ്ങാനാവുമെന്നും ഒബാമ കെയറിനേക്കാളും മെച്ചമെന്നും ട്രംപിനെ പിന്താങ്ങുന്നവര്‍ കരുതുന്നു.

മുന്‍ പ്രസിഡന്റ് ഒബാമ ഹെല്‍ത്ത് കെയര്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് ആറുകൊല്ലം മുമ്പ് തുടക്കമിട്ടു. അത് ദേശീയ ആരോഗ്യ സുരക്ഷക്കായും അമേരിക്കയിലെ 44 മില്യണ്‍ കൂടുതല്‍ ജനങ്ങള്‍ക്ക് കഴിവുകളനുസരിച്ചു ചെലവ് വഹിക്കാനുമായിരുന്നു. ഒബാമ കെയറില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ക്കാവശ്യമുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള താല്‍പ്പര്യങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. പ്രൈവറ്റ് ഇന്‍ഷുറന്‍സ് വാങ്ങിക്കാനും, തൊഴിലുടമ നല്‍കുന്ന ഇന്‍ഷുറന്‍സും ഗവണ്മെന്റ് പദ്ധതികളായ സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും മെഡിക്കെയറും മെഡിക്കെയിഡും വാങ്ങിക്കാനുള്ള അവകാശവും ഒബാമ കെയറിലുണ്ടായിരുന്നു.

a4ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സു വാങ്ങാന്‍ കഴിവില്ലാത്ത താഴ്ന്ന വരുമാനക്കാര്‍ക്ക് ടാക്‌സ് സബ്‌സിഡി ലഭിച്ചിരുന്നു. എങ്കിലും പോരായ്മകള്‍ ധാരാളം കാണാം. ഹോസ്പിറ്റല്‍ അല്ലെങ്കില്‍ ഡോക്ടറുടെ ബില്ലുകള്‍ വരുമ്പോള്‍ ആദ്യം ഭീമമായ തുക (High deductible) സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കണം. കോ-പേയ്‌മെന്റ് കൊടുത്തശേഷം ബില്ലിലുള്ള ബാക്കി തുക ഇന്‍ഷുറന്‍സ് നല്‍കും. ഗുരുതരമായ രോഗമുണ്ടെങ്കില്‍ മാത്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സുകൊണ്ടു പ്രയോജനം ലഭിച്ചേക്കാം. വിലകൂടിയ മരുന്നുകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യാറില്ല. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പാടില്ലാത്ത പ്രീമിയവും ഭീമമായ ഡിഡക്ടബളും (deductable) മരുന്നുകളുടെ അമിതവിലയും ഉപഭോക്ത്താക്കളുടെ പരാതികളായിരുന്നു. പ്രീമിയം അടയ്ക്കുന്ന ഭൂരിഭാഗം പേരും ഒബാമയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

ട്രംപ് കെയര്‍ പ്രകാരം മാര്‍ക്കറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വാങ്ങിക്കാന്‍ സാധിക്കും. അങ്ങനെ വാങ്ങുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രീമയത്തിന് നികുതിയിളവ് (TaxCredt) നല്‍കും. നികുതിയിളവുകള്‍ (TaxCredt) നികുതി ദായകന്റെ വരുമാനമനുസരിച്ചല്ല മറിച്ച് പ്രായമനുസരിച്ചായിരിക്കും നിശ്ചയിക്കുന്നത്. മുപ്പതു വയസുകാര്‍ക്കു രണ്ടായിരം ഡോളറും അറുപതു വയസുകാര്‍ക്ക് നാലായിരം ഡോളറും വരെ നികുതിയിളവ് (TAX Credit) പ്രതീക്ഷിക്കാം. ധനിക സമൂഹത്തിനു നികുതിയിളവുകള്‍ നല്‍കാനുള്ള വ്യവസ്ഥ ട്രംപ് കെയറില്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഒബാമ കെയറില്‍ ഐ.ആര്‍.എസിനു (IRS)ഇന്‍കം ടാക്‌സ് (IncomTax)ഫയല്‍ ചെയ്യുമ്പോള്‍ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനത്തില്‍ കൂടുതലായി വരുന്ന മെഡിക്കല്‍ ചെലവുകളും ഹെല്‍ത്ത് പ്രീമിയവും ഐറ്റമുകളായി ‘ഷെഡ്യൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതിയിളവ് നേടുമായിരുന്നു. ‘ഷെഡ്യൂള്‍ എ’ പൂരിപ്പിക്കാനുള്ള ആവശ്യകത സാധാരണ വീടും ബിസിനസുമുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്കെ സാധിക്കുള്ളൂ.

a1ട്രംപ് പ്ലാനിലുള്ള ഹെല്‍ത്ത് സേവിങ്ങ് അക്കൗണ്ടും (HSA) നിലവിലുള്ള ഒബാമ നിയമം പോലെ തന്നെയാണ്. ട്രംപ് കെയറില്‍ ഒബാമ കെയറിനേക്കാള്‍ ഇരട്ടി പണം നികുതിയിളവുകളായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപിച്ച തുക ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുന്നുവെങ്കില്‍ നികുതി കൊടുക്കേണ്ടതില്ല. നിക്ഷേപിക്കുന്ന തുകകള്‍ അവകാശികള്‍ക്ക് കൈമാറാനും സാധിക്കും. അങ്ങനെ മാര്‍ക്കറ്റില്‍ നിന്നും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേടിക്കാന്‍ പൗരജനങ്ങളെ കഴിവുള്ളവരാക്കുന്നു.

നിര്‍ബന്ധമായി ഓരോ പൗരനും ഒബാമ കെയറനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്നായിരുന്നു നിയമം. അല്ലാത്ത പക്ഷം പിഴ (Penatly) അടക്കേണ്ടി വരും. ട്രംപിന്റെ പദ്ധതി പ്രകാരം അങ്ങനെയൊരു നിബന്ധനയില്‍ ആരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ല. അതുമൂലം മില്യണ്‍ കണക്കിന് ജനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടും. മാര്‍ക്കറ്റില്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം ചെലവാക്കി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കരസ്ഥമാക്കാന്‍ ഭൂരിഭാഗവും തയ്യാറാവുകയില്ല. ഒരു സ്ഥാപനത്തില്‍ അമ്പതു പേരില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നവരുണ്ടെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കണമെന്നുള്ളതാണ് നിലവിലുള്ള നിയമം. തൊഴിലുടമകള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്തരം വ്യക്തിഗത ഇന്‍ഷുറന്‍സ് നല്‍കണമെന്നുള്ള നിയമം ട്രംപ് കെയര്‍ അസാധുവാക്കുന്നു.

ഒബാമ കെയറിലുള്ള നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം കുറയുമെന്ന വസ്തുത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അംഗീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് നിര്‍വാഹക സമിതിയും വൈറ്റ് ഹൌസ് മാനേജമെന്റും താഴ്ന്ന വരുമാനക്കാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന നികുതിയിളവ് (TaxCredit) അവര്‍ക്ക് സഹായമായിരിക്കില്ലെന്നും കരുതുന്നു. ട്രംപ് കെയറുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിക്കുമെന്നും അല്ലെങ്കില്‍ എത്രപേര്‍ക്ക് ദോഷം ഭവിക്കുമെന്നും വ്യക്തമായ ഒരു കണക്ക് നല്‍കാന്‍ സാധിക്കില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയിലെയും അംഗങ്ങളില്‍ ട്രംപ് കെയറിനെപ്പറ്റിയുള്ള വാദവിവാദങ്ങള്‍ ചൂടുപിടിച്ചു തന്നെ നടക്കുന്നു. ആയിരം പേജുകളില്‍പ്പരം നിയമ കോഡുകളുള്ള ഒബാമ കെയര്‍ വളരെയധികം സങ്കീര്‍ണ്ണമായുള്ളതാണ്. വ്യക്തികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമായും ഉണ്ടായിരിക്കണമെന്ന് ട്രംപിന്റെ ആദ്യത്തെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തെ തീരുമാനത്തില്‍ ഒബാമ കെയറിനെ പൂര്‍ണ്ണമായും റദ്ദാക്കുന്ന തീരുമാനം കൈകൊണ്ടു. ആരും നിര്‍ബന്ധമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടന്നു ട്രംപ് കെയറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഒബാമ കെയര്‍ മൂലം താഴ്ന്ന വരുമാനക്കാരായ ഡിഷ്‌വാഷര്‍, കാഷ്യര്‍, സ്റ്റോര്‍ കീപ്പര്‍ മുതല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിച്ചിരുന്നു. ന്യൂയോര്‍ക് ടൈംസ് നടത്തിയ ഒരു സര്‍വേയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവരുടെ എണ്ണം ക്രമാതീതമായി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. ലാറ്റിനോ, കറുത്ത വര്‍ഗക്കാര്‍, മെക്‌സിക്കന്‍സ്, പോര്‍ട്ടറിക്കന്‍സ് എന്നിവരില്‍ മൂന്നിലൊന്നു ജനങ്ങളും പുതിയതായി ഒബാമ കെയറനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങിയിരുന്നു.

ട്രംപ് പദ്ധതിയില്‍ തുടര്‍ച്ചയായി 63 ദിവസങ്ങളില്‍ കൂടുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലെങ്കില്‍ മുപ്പതു ശതമാനം അധികം പ്രീമിയം കൊടുക്കേണ്ടിയും വരും. മുന്‍കാല പ്രാബല്യമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്തവര്‍ അധിക പ്രീമിയം നല്‍കേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. 85 ശതമാനം ക്യാന്‍സര്‍ ബാധിതരായവര്‍ ജോലി നിര്‍ത്തിയവരാണ്. അവരില്‍ ഭൂരിഭാഗവും ഏറെ നാളുകളായി ഹെല്‍ത്ത് പോളിസി എടുത്തവരായിരുന്നില്ല. കോബ്രായോ പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സോ മേടിക്കാന്‍ കഴിവുള്ളവരുമായിരുന്നില്ല. ചെറുകിട കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ക്കു സ്വന്തമായി ഇന്‍ഷുറന്‍സുണ്ടായിരിക്കില്ല. ദൗര്‍ഭാഗ്യവശാല്‍ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി ലഭിക്കുന്നവരെ അയാള്‍ക്കും അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്കും മക്കള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കില്ല. അഥവാ മറ്റൊരു ജോലി കിട്ടിയാല്‍ തന്നെ പുതിയ കമ്പനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു യോഗ്യനാകാന്‍ പിന്നെയും മൂന്നു മാസം തൊട്ടു ആറു മാസംവരെ കാത്തിരിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍ യാതൊരു മെഡിക്കല്‍ ആനുകൂല്യങ്ങളുമില്ലാതെ ജീവിതം തള്ളിയും നീക്കണം.

a6ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം എത്രയെന്ന് നിശ്ചയിക്കാനുള്ള അവകാശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരിക്കും. കവറേജ് അനുസരിച്ച് പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാം. ഒബാമ പദ്ധതി പ്രകാരം പ്രായമായവര്‍ പ്രീമിയം ചെറുപ്പക്കാരായവരെക്കാള്‍ മൂന്നിരട്ടി കൊടുത്തിരുന്നു. അത് ട്രംപിന്റെ പദ്ധതിയില്‍ പ്രായമായവര്‍ക്കുള്ള പ്രീമിയം അഞ്ചിരട്ടിയായിരിക്കും. അറുപതിനും അറുപത്തിനാലു വയസിനുമിടയിലുള്ളവരുടെ പ്രീമിയം ഇരുപത്തിരണ്ടു ശതമാനം കൂടാം. അമ്പത് വയസുള്ളവര്‍ക്ക് പ്രീമിയം പതിമൂന്നു ശതമാനം വര്‍ദ്ധിക്കാം.

സ്റ്റേറ്റ് സര്‍ക്കാരുകള്‍ക്കു മെഡിക്കെയിഡ് ചെലവുകള്‍ക്കായുള്ള ഫണ്ടുകള്‍ ഫെഡറലില്‍നിന്നും ഗ്രാന്റായി ലഭിച്ചിരുന്നു. ഫിഫ്റ്റി ഫിഫ്റ്റിയെന്ന അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സര്‍ക്കാര്‍ ഒരു ഡോളര്‍ ചെലവാക്കിയാല്‍ തുല്യ തുക ഫെഡറലും വഹിക്കുമായിരുന്നു. എന്നാല്‍ ട്രംപ് കെയര്‍ പദ്ധതി സ്റ്റേറ്റിനുള്ള മെഡിക്കെയര്‍ ഗ്രാന്റ് നിശ്ചിതമായ ഒരു തുകയില്‍ ക്ലിപ്തതപ്പെടുത്തും. മെഡിക്കെയിഡ് സേവനങ്ങള്‍ക്കായി ചെലവുകള്‍ വര്‍ദ്ധിച്ചാലും ഫെഡറലില്‍ നിന്ന് പിന്നീട് ഗ്രാന്റ് ലഭിക്കില്ല. അതുമൂലം അംഗവൈകല്യം സംഭവിച്ചവര്‍ക്കും അതി ദാരിദ്ര്യമുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തില്‍ മാത്രം വരുകയോ കാലക്രമേണ ലഭിക്കാതെ പോവുകയോ ചെയ്യാം. ദരിദ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്ക് മെഡിക്കെയിഡ് ലഭിക്കാതെ വരും. മാനസിക രോഗികളുടെയും ഡ്രഗ് ഉപയോഗിക്കല്‍ ശീലമാക്കിയവരുടെയും ക്ഷേമങ്ങള്‍ക്കു തടസം വരാം. അമേരിക്കന്‍ പൗരത്വമില്ലാത്തവര്‍ക്കും സ്‌പോണ്‍സര്‍ ചെയ്തു വരുന്ന പുതിയ കുടിയേറ്റക്കാര്‍ക്കും മെഡിക്കെയിഡ് ലഭിക്കാതെ വരും.

a3മെഡിക്കെയിഡ് ഫണ്ട് ഫെഡറല്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്ന പക്ഷം അത് നാലു മില്യണ്‍ സ്ത്രീകള്‍ക്കു ദുരിതങ്ങളുണ്ടാക്കും. ഗര്‍ഭച്ഛിദ്രം, ഗര്‍ഭ നിരോധനം, കാന്‍സര്‍ സ്‌കാനിങ്ങ് എന്നിവകള്‍ സ്വന്തം ചെലവില്‍ നടത്തേണ്ടി വരും. രോഗനിവാരണങ്ങള്‍ക്കു പ്രതിവിധികള്‍ തേടാന്‍ സാധിക്കാതെ വരും. താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യമായി ഗര്‍ഭ നിരോധകങ്ങളും ഗുളികകളും നല്‍കി വരുന്നത് നിര്‍ത്തല്‍ ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ കൗമാരക്കാരുടെയിടയില്‍ ആവശ്യമില്ലാത്ത ഗര്‍ഭ ധാരണത്തിനും ഇടയാകാം. അതൊരു സാമൂഹിക പ്രശ്‌നമായി മാറുകയും ചെയ്യും. കുടുംബാസൂത്രണ പദ്ധതികള്‍ക്കും തടസം വരും. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ കൂടുതല്‍ ഗര്‍ഭഛിന്ദ്രങ്ങള്‍ക്കും കാരണമാകും. ഇഷ്ടപ്പെടാതെ അനേകം കൗമാര പ്രായത്തിലുള്ളവര്‍! ഗര്‍ഭിണികളാവുകയും ഭൂമിയിലേക്ക് അനവസരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യും. ഹോസ്പിറ്റലുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാകാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്ത രോഗികള്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തവരെങ്കില്‍ ഹോസ്പിറ്റലുകള്‍ക്ക് ഒബാമ കെയറില്‍ നിന്നും ഫണ്ട് അനുവദിക്കുമായിരുന്നു. ട്രംപ് കെയര്‍ അങ്ങനെയൊരു വാഗ്ദാനം നല്‍കുന്നില്ല.

നിലവിലുള്ള ഒബാമ കെയര്‍ ഇല്ലാതാക്കി ട്രംപ് പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്താകമാനം മരണച്ചുഴികള്‍ സൃഷ്ടിക്കുമെന്നു പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗമുള്ളവരും രോഗമില്ലാത്തവരോടൊപ്പം ഇന്‍ഷുറന്‍സ് എടുക്കാതെ പദ്ധതികളില്‍ നിന്ന് വിട്ടു നില്‍ക്കും. കാലക്രമേണ ആര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള ചെലവുകള്‍ വഹിക്കാന്‍ സാധിക്കാതെയും വരും. അങ്ങനെ വേണ്ടത്ര പരിചരണങ്ങള്‍ ലഭിക്കാതെ അനേകരുടെ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

aട്രംപ് കെയര്‍ പ്രോഗ്രാമിനു അടുത്ത പത്തു വര്‍ഷത്തേയ്ക്കുള്ള കണക്കനുസരിച്ച് ഒബാമ കെയറിനേക്കാളും അര ട്രില്യന്‍ ഡോളര്‍ കൂടുതല്‍ ഫണ്ട് ആവശ്യമായി വരുന്നു. ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യലും, പ്രീമിയത്തില്‍ നികുതിയിളവും, സബ്‌സിഡി നിയമങ്ങളും, മെഡിക്കെയര്‍ സേവിങ്ങും, സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കും. ഒപ്പം ഇരുപത്തി രണ്ടു മില്യണ്‍ ജനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെയാവും. ഹെല്‍ത്ത് പ്രീമിയത്തില്‍ നികുതിയിളവുകള്‍ അനുവദിക്കുന്നതുകൊണ്ട് ഒരു മില്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ഇന്നുള്ള നികുതി നയങ്ങളും, സാമ്പത്തിക സ്ഥിതികളും, കുടിയേറ്റ നിയമങ്ങളും പരിഷ്‌ക്കരിക്കാന്‍ ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്. ഒബാമ കെയര്‍ ഇല്ലായ്മ ചെയ്തുകൊണ്ട് ട്രംപ് പദ്ധതി നടപ്പാക്കുന്നതിനു തന്നെ 270 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നു കണക്കാക്കുന്നു. ഏകദേശം പത്തു വര്‍ഷം കൊണ്ട് 500 ബില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഒബാമയുടെ മെഡിക്കെയര്‍, മെഡിക്കെയിഡു പദ്ധതികള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇത്രയും സാമ്പത്തിക വളര്‍ച്ച ഉണ്ടാവുമായിരുന്നില്ല. മെഡിക്കെയിഡു വിപുലീകരിക്കാതെയും ഒബാമ കെയര്‍ ഇല്ലാതാക്കുന്നതു മൂലവും സര്‍ക്കാര്‍ 1.1 ട്രില്യണ്‍ ഡോളര്‍ മിച്ചം വരുത്തുന്നു.

മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉടമ്പടികളുണ്ടാക്കി മരുന്നുകളുടെ വില കുറയ്ക്കാനുള്ള പദ്ധതികളും ട്രംപ് കെയര്‍ ആസൂത്രണം ചെയ്യുന്നു. പുറം രാജ്യങ്ങളില്‍ നിന്ന് വില കുറച്ചു മരുന്നു മേടിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. മെഡിക്കെയിഡ് ഗ്രാന്റ് ബ്ലോക്ക് ചെയ്താലും താഴ്ന്ന വരുമാനക്കാര്‍ക്ക് മെഡിക്കെയിഡ് നല്‍കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പ്രാപ്തരോയെന്നും ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കും. നികുതിയിളവ് നല്‍കലും കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കലും മൂലം കൂടുതല്‍ ജനങ്ങള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനു പ്രാപ്തരാകുമെന്നു ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു.

മരുന്നുകള്‍ ഉത്ഭാദിപ്പിക്കുന്ന നിലവിലുള്ള വന്‍കിട കോര്‍പ്പറേഷനുകള്‍ മരുന്നുകള്‍ക്ക് അമിത വില ഈടാക്കിക്കൊണ്ട് കുത്തക വ്യാപാരം നടത്തുന്നു. മരുന്നുകള്‍ക്കു അമിതവില കാരണം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിവില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ചെറിയ കമ്പനികളെയും മരുന്നുല്‍പ്പാദനത്തിനായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പരിഗണിക്കുന്നു. ചെറിയ കമ്പനികള്‍ മാര്‍ക്കറ്റില്‍ വിലകുറച്ചു ജനറിക്ക് (Generic) മരുന്നുകള്‍ ഇറക്കുമ്പോള്‍ മരുന്നുകളുടെ വില കുത്തനെ കുറയുമെന്നും കരുതുന്നു. ഹോസ്പിറ്റലുകളുടെയും ഡോക്ടര്‍മാരുടെയും സേവനങ്ങള്‍ക്കുള്ള പ്രതിഫലങ്ങളുടെ (Fee) ലിസ്റ്റു തയ്യാറാക്കാനും ആലോചിക്കുന്നു. അങ്ങനെയെങ്കില്‍ കുറഞ്ഞ ചെലവുള്ള ഹോസ്പിറ്റലുകളുടെ സേവനവും ഡോക്ടര്‍മാരുടെ സേവനവും രോഗികളെ ബോദ്ധ്യപ്പെടുത്താന്‍ സാധിക്കും. അമിത ഫീസ് ഈടാക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വേറിട്ട് രോഗികള്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഹോസ്പിറ്റലുകളുടെയും ഡോക്ടര്‍മാരുടെയും സേവനവും ലഭിക്കും. സ്റ്റേറ്റുകളുടെ നിയന്ത്രണത്തില്‍ ചുരുങ്ങിയ പ്രീമിയത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൂടുതല്‍ കവറേജുകളോടുകൂടി നല്‍കാനും ട്രംപിന്റെ നിര്‍ദ്ദേശങ്ങളിലുണ്ട്. ഒബാമ അത്തരം നിര്‍ദ്ദേശം പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിലും പ്രാബല്യത്തില്‍ കൊണ്ടുവന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top