Flash News

ഡി.വൈ.എഫ്.ഐയ്ക്ക് അറിയുമോ പപ്പു യാദവിനെ?

May 15, 2017

DYFI pappu sizeകണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്വദേശാഭിമാനിയുടെ സ്മൃതിമണ്ഡപമാണ് ഡി.വൈ.എഫ്.ഐ അവരുടെ നീതിയാത്രയുടെ തുടക്കസ്ഥാനമായി തെരഞ്ഞെടുത്തത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയ ചരിത്രത്തിന്റെ പ്രതീകാത്മകത ചേര്‍ത്തുവെച്ച്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപോലെ കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് കാരായി രാജനും ചന്ദ്രശേഖരനും നാടുകടത്തപ്പെട്ടിരിക്കുന്നു എന്നാണ് യാത്രയില്‍ ഡി.വൈ.എഫ്.ഐ ഉന്നയിച്ചത്. നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായും.

ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തിലെ യുക്തിഭംഗമാണ് ആദ്യമേ കല്ലുകടിയാകുന്നത്. രാജ്യഭരണാതിര്‍ത്തിക്കപ്പുറത്തേക്ക് സ്വദേശാഭിമാനിയെ നാടുകടത്തിയതുപോലെയല്ല കാരായി രാജനും ചന്ദ്രശേഖരനും എറണാകുളം ജില്ലയില്‍ കഴിയുന്നത്. ഇതൊരു ഭരണകൂടത്തിന്റെ ശിക്ഷാവിധിയുമല്ല. ഭരണഘടനയ്ക്ക് വിധേയമായി നമ്മുടെ നീതിപീഠമെടുത്ത മുന്‍കരുതലാണ്. രണ്ടുപേരും പ്രതിയായ ഫസല്‍ കൊലക്കേസിലെ തെളിവുകള്‍ അട്ടിമറിക്കപ്പെടരുത് എന്ന കരുതലിന്റെ പേരില്‍ കോടതി ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥ.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇതുപോലെയുള്ള കേസുകളില്‍ അന്വേഷണ പരിധിയില്‍നിന്ന് കോടതികള്‍ പുറത്തുനിര്‍ത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഇക്കാലമത്രയും അത്തരം സംഭവങ്ങളില്‍ നീതിയാത്ര ആരും നടത്തിയിട്ടില്ലെന്നതുകൊണ്ട് ഡി.വൈ.എഫ്.ഐയുടേത് ഒരു അസാധാരണ പ്രതിഷേധംതന്നെ. ഹൈക്കോടതി വിധിക്കെതിരെ മുമ്പ് നടത്തിയ പ്രതീകാത്മക നാടുകടത്തല്‍പോലെ.

അതിലേറെ ചരിത്രപരവും രാഷ്ട്രീയവുമായ വലിയൊരു വൈരുദ്ധ്യം ഡി.വൈ.എഫ്.ഐയുടെ ‘സഞ്ചാരസ്വാതന്ത്ര്യത്തിനു’വേണ്ടി നടത്തിയ ഈ സമരത്തിനുണ്ട്. ഫ്യൂഡലിസവും നാടുവാഴിത്തവും ജാതി-വര്‍ണ വ്യവസ്ഥയും സൃഷ്ടിച്ച സാമൂഹികാനീതികളുടെ ഭാഗമായിരുന്നു തൊട്ടുകൂടായ്മയും സഞ്ചാരസ്വാതന്ത്ര്യ നിഷേധവും കേരളത്തില്‍. ഇതിനെതിരെയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്. ദേശീയപ്രസ്ഥാനവും തുടര്‍ച്ചയായ ഇടതുപക്ഷ പ്രസ്ഥാനവും ഈ സാമൂഹ്യ അനീതി തുടച്ചുമാറ്റാനാണ് വിവിധ തലങ്ങളില്‍ പോരാടിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും പാലിയം സമരവും മറ്റും. ഇതിന്റെ മുന്നില്‍ നിന്നിരുന്നത് ദേശീയ പ്രസ്ഥാനത്തിലെയും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും യുവാക്കളായിരുന്നു.

നമ്മുടെ ഭരണഘടന വ്യക്തിയുടെ അന്തസ് മൗലികാവകാശമായി ഉറപ്പുനല്‍കിയതും സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്താനാണ്. ഇത് പ്രയോഗത്തില്‍ വരുത്തുന്നതിന് കേരളത്തില്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് കാര്‍ഷിക പരിഷ്‌ക്കരണംപോലുള്ള നടപടികള്‍ സ്വീകരിച്ചത് ഇതിന്റെ പൂര്‍ത്തീകരണത്തിനാണ്. വിവിധവിഭാഗം ജനങ്ങള്‍ നടത്തിപ്പോന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്തരം ഭരണനടപടികള്‍.

ഇപ്പോള്‍ ഇടതുപക്ഷ – ജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരവസ്ഥ നിലനില്‍ക്കുന്നു എന്നാണ് ഡി.വൈ.എഫ്.ഐയുടെ നീതിയാത്ര നല്‍കുന്ന തെറ്റായ സന്ദേശം. തൊഴിലുള്ളവരും തൊഴിലില്ലാത്തവരും എന്ന വര്‍ഗവൈരുദ്ധ്യത്തിനെതിരെ പൊരുതാന്‍ രൂപംകൊടുത്ത ഡി.വൈ.എഫ്.ഐ എന്ന പുരോഗമനേച്ഛുക്കളായ യുവാക്കളുടെ സംഘശക്തി ഇത്തരമൊരു സമരം നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യവും സത്യസന്ധതപോലുമാണ് സ്വയം തുറന്നുകാട്ടുന്നത്. അതും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നെടുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ രണ്ട് സി.പി.എം നേതാക്കളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി!

ഫസല്‍വധക്കേസില്‍ പ്രതികളാക്കപ്പെട്ട രണ്ട് സി.പി.എം നേതാക്കളുടെ പേരിലാണ് നീതിയാത്ര നടത്തിയത്. മകന്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതിന്റെ വേദനയുമായി നീതിപീഠത്തിനു മുമ്പില്‍ കരുണ യാചിക്കുന്ന ഫസലിന്റെ അമ്മയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐയും ആവശ്യപ്പെടുന്നുണ്ട്. ആ നിലയ്ക്ക് സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്കെതിരെ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ക്കപ്പുറമൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. സാമ്രാജ്യത്വ -നാട്ടുരാജ്യ ഭരണകൂടങ്ങള്‍ക്കു കീഴില്‍ നടന്ന ക്രൂരവും പൈശാചികവുമായ നാടുകടത്തലിനോട് ഇതിനെ തുലനംചെയ്തത് തെറ്റിദ്ധരിപ്പിക്കലും സ്വന്തം വിശ്വാസ്യതയെ തകര്‍ക്കുന്നതുമാണ്.

കാരായിമാര്‍ക്കെതിരായ കോടതിയുടെ തീരുമാനം തെറ്റാണെന്നുതന്നെ ഇരിക്കട്ടെ. ഇത്തരമൊരു സമരത്തിലൂടെയാണോ അതിനെതിരെ പ്രതികരിക്കേണ്ടത്. രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട ഘടകങ്ങളില്‍ അംഗമാണ്. നഗരസഭകളിലെ ജനപ്രതിനിധികളുമാണ്. ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവും എന്നുകരുതുന്ന കോടതി വിലക്കിനെതിരെ അവര്‍ക്കുതന്നെ സുപ്രിംകോടിവരെ പോയി തെറ്റുതിരുത്തിക്കാന്‍ കഴിയേണ്ടതാണ്.

അതേസമയം, കേരളത്തിലെ ജയിലുകളില്‍ വിചാരണപോലും നടക്കാതെ ഏകപക്ഷീയമായി തടങ്കലില്‍ വെച്ചിട്ടുള്ള നിരവധി യുവാക്കളുണ്ട്. യു.എ.പി.എ വകുപ്പു ചുമത്തപ്പെട്ടവര്‍. ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷവും ഇങ്ങനെ നാല്പതിലേറെപേരെ ജയിലിലടച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിതന്നെ കണ്ടെത്തി. എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ജയിലറയുടെ ഇരുട്ടില്‍ കഴിയുന്ന ഇവരുടെ നീതിക്കുവേണ്ടിയാണ് ഡി.വൈ.എഫ്.ഐ തെരുവിലിറങ്ങിയതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു.

ഹൈക്കോടതി ഉത്തരവനുസരിച്ച് കേസ് ഏറ്റെടുത്ത സി.ബി.ഐ ആരെ പ്രതിചേര്‍ക്കണമെന്ന് കോടതിയോ രാഷ്ട്രീയപാര്‍ട്ടികളോ യുവജന സംഘടനകളോ അല്ല തീരുമാനിക്കേണ്ടത്. യഥാര്‍ത്ഥ പ്രതികള്‍ വേറെയാണെങ്കില്‍ അതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കില്‍ അത് വിചാരണക്കോടതിക്കു മുമ്പിലോ ഹൈക്കോടതിയിലോ ഹാജരാക്കി കാരായിമാരുടെ നിരപരാധിത്വം തെളിയിക്കേണ്ടത് സി.പി.എമ്മാണ്. അതിനു മുതിരാതെ നീതിയാത്രയെ കൊടിവീശി യാത്രയാക്കുന്നുവെങ്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വേറെയുമുണ്ടെന്ന് കരുതണം.

വിചാരണകൂടാതെ കരിനിയമങ്ങള്‍ മുറുക്കി കേരളത്തിന്റെ ജയിലുകളില്‍ കഴിയുന്നവരുടെയും ജാമ്യത്തില്‍ കഴിയുന്ന കാരായിമാരുടെ ‘സഞ്ചാരസ്വാതന്ത്ര്യ’വും ഒരുപോലെയാണോയെന്ന് നീതിബോധം തിളയ്ക്കുന്ന മനസുള്ള യുവാക്കളുടെ സംഘടന സത്യസന്ധമായി ചിന്തിക്കേണ്ടതുണ്ട്. കാരായിമാരുടെ കാര്യം ശ്രദ്ധിക്കുക. കൊലക്കേസില്‍ പ്രതികളായി ജയിലിലായെങ്കിലും അവരുടെ പൊതുപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ജയിലില്‍നിന്നു മത്സരിച്ചു ജയിച്ചു. ഒരാള്‍ മുന്‍സിപ്പല്‍ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയിലിലിരുന്ന് നഗരസഭാ ഭരണം നടത്തുന്നതിന്റെ പ്രായോഗികമോ സാങ്കേതികമോ രാഷ്ട്രീയമോ ആയ കാരണത്താല്‍ ആ പദവി വേണ്ടെന്നുവെച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് വാസസ്ഥാനമായി എറണാകുളം തെരഞ്ഞെടുത്തത്. ഒരാള്‍ എറണാകുളം ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമനും പാര്‍ട്ടി ഘടകവും രാഷ്ട്രീയ ജൈവ ബന്ധവും കണ്ണൂരോളം അംഗബലവും രാഷ്ട്രീയ പദവിയുമുള്ള എറണാകുളം ജില്ലയില്‍ നല്‍കിയിട്ടുണ്ട്. കുടുംബസമേതം സ്വന്തം ജില്ലയിലെന്നോണം ജീവിക്കാനുളള സാഹചര്യവും കോടതി നിഷേധിച്ചിട്ടില്ല.

തങ്ങള്‍ക്കെതിരായ കേസുകളില്‍ തെളിവ് നശിപ്പിക്കുന്നതിന്, സാക്ഷികളെ സ്വാധീനിക്കുന്നതിന് പ്രതികള്‍ക്ക് കഴിയുമെന്നാണ് കോടതി കണ്ടെത്തിയത്. അത് ശരിയാണുതാനും. കൊലക്കേസില്‍ പ്രതിയായിട്ടും പാര്‍ട്ടിയുടെ ഘടകങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തുടരാനും കഴിയുന്നവര്‍. തങ്ങള്‍ക്കെതിരായി തെളിവുമായി വരാവുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്. തെളിവുകള്‍ നശിപ്പിക്കാനും. കോടതി പറയുന്നതല്ലേ യുക്തി. വ്യക്തിസ്വാതന്ത്ര്യവും വ്യക്തിയുടെ അവകാശവും സംബന്ധിച്ച് അതിനപ്പുറമുള്ള ഒരു ലംഘനവും ഇവരുടെ കാര്യത്തില്‍ നടന്നിട്ടില്ല.

ajit-sarkar

അജിത് സര്‍ക്കാര്‍

സി.ബി.ഐ പ്രതിചേര്‍ത്ത് കോടതി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുള്ള രണ്ടു കാരായിമാരെയും ജനങ്ങളുടെ കോടതി വിജയിപ്പിച്ചില്ലേ എന്നാണ് ഡി.വൈ.എഫ്.ഐ ചോദിക്കുന്നത്. ഇതാണവരുടെ നീതിതേടിയുള്ള സമരത്തിന്റെ അടിത്തറയും. ജനാധിപത്യത്തില്‍ അവസാനവിധി ജനങ്ങളുടേതാണെന്ന മൗലിക തത്വം ശരിയാണ്. രണ്ടു വാര്‍ഡുകളില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കിട്ടിയ ജനവിധിയോട് അതിനെ തുലനംചെയ്യുന്നത് അബദ്ധവും. സത്യസന്ധമായി, വസ്തുതാപരമായി കാര്യങ്ങള്‍ സ്വയം വിലയിരുത്തി തീരുമാനമെടുക്കേണ്ട ഡി.വൈ.എഫ്.ഐയെപ്പോലെ ഒരു സംഘടന വിശേഷിച്ചും. അങ്ങനെയെങ്കില്‍ ചരിത്രത്തിന്റെ താളില്‍നിന്ന് ഒരു ചോദ്യം ഉയര്‍ന്നുവരുന്നതിനെ അവര്‍ അഭിസംബോധനചെയ്യേണ്ടതുണ്ട്.

രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് എന്ന ബിഹാറിലെ കുപ്രസിദ്ധ രാഷ്ട്രീയ നേതാവിനെ ഡി.വൈ.എഫ്.ഐയ്ക്ക് അറിയാതിരിക്കില്ല. 1991 മുതല്‍ രണ്ടുതവണ തോക്കിന്‍കുഴലിലൂടെ തെരഞ്ഞെടുപ്പു വിജയം ഉറപ്പുവരുത്തി ലോക്‌സഭയില്‍ എത്തിയ പപ്പു യാദവ്. ആദ്യം സ്വതന്ത്രനായും പിന്നീട് മാറിമാറി സമാജ് വാദിപാര്‍ട്ടി, ലോക് ജനതാപാര്‍ട്ടി, ആര്‍.ജെ.ഡി എന്നിവയുടെ സ്ഥാനാര്‍ത്ഥിയായും.

ഡി.വൈ.എഫ്.ഐ എന്നും ഓര്‍ത്തിരിക്കേണ്ട ബിഹാറില്‍നിന്നുള്ള മറ്റൊരു പേരുണ്ട്. അജിത് സര്‍ക്കാര്‍. പൂര്‍ണിയ നിയമസഭാ മണ്ഡലത്തില്‍നിന്ന് പതിനെട്ടുവര്‍ഷം തുടര്‍ച്ചയായി സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി ബിഹാര്‍ സഭയില്‍ എത്തിയിരുന്ന കൃഷിക്കാരുടെ പ്രിയപ്പെട്ട നേതാവ്. 1998 ജൂണ്‍ 14ന് പട്ടാപ്പകല്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുവെച്ച് അജിത് സര്‍ക്കാറിനെയും ജീപ്പിലുണ്ടായിരുന്ന രണ്ടുപേരെയും വെടിവെച്ചുകൊന്നത് പപ്പു യാദവായിരുന്നു.

നീണ്ട നിയമപോരാട്ടത്തിനുശേഷം 2008ലാണ് ആ കുറ്റത്തിന് പപ്പു യാദവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഞ്ചുവര്‍ഷം ജയിലില്‍ കഴിഞ്ഞ പപ്പുയാദവ് 2013 മെയ് മാസത്തില്‍ പറ്റ്‌ന ഹൈക്കോടതിയുടെ വിധിയില്‍ ജയില്‍ മോചിതനായി. മാസങ്ങള്‍ക്കുള്ളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണിയ നിയമസഭാ മണ്ഡലത്തോട് ചേര്‍ന്നുള്ള മാധേപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജനതാദള്‍ (യു)വിന്റെ ദേശീയ അധ്യക്ഷന്‍ ശരദ് യാദവിനെയാണ് പപ്പു യാദവ് തോല്പിച്ചത്. ജനങ്ങളുടെ കോടതി പപ്പു യാദവ് എന്ന കൊലയാളിയെ അംഗീകരിച്ചുവെന്ന് ഡി.വൈ.എഫ്.ഐയ്ക്ക് പറയാനാകുമോ.

രണ്ടുതവണ ബിഹാര്‍ നിയമസഭയിലേക്കും നാലുതവണ ബിഹാറിലെ സിവാന്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കും വിജയിച്ച മറ്റൊരു കഥാപാത്രമാണ് മുഹമ്മദ് ഷഹാവുദ്ദീന്‍. തനിക്കെതിരെ ജനകീയനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതിന് നാലുപേരെ വെടിവെച്ചുകൊന്ന ഷഹാവുദ്ദീന്‍ 2004ല്‍ ജയിലില്‍നിന്നാണ് ലോകസഭയിലേക്ക് മത്സരിച്ചത്. ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഷഹാവുദ്ദീനെ ജനങ്ങളുടെ കോടതി അംഗീകരിച്ചെന്ന് ആര്‍ക്കും പറയാനാവില്ല.

pappu-yadav

പപ്പു യാദവ്

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ടെന്നതു ശരിയാണ്. എന്നുവെച്ച് അജിത് സര്‍ക്കാറിനെയും ടി.പി ചന്ദ്രശേഖരനെയും മറ്റും കൊലചെയ്തവര്‍ക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശം നല്‍കണമെന്ന് വാദിക്കുന്നത് രാഷ്ട്രീയ പക്ഷപാദിത്വത്തിന്റെ ന്യായവാദം മാത്രമാണ്. ഇത് തടയാനുള്ള അവകാശം കോടതികള്‍ക്കില്ലെന്ന് അധികാര രാഷ്ട്രീയത്തിന്റെ മേച്ചില്‍പുറങ്ങളില്‍ വിരാചിക്കുന്നവര്‍ക്കു മാത്രമേ വാദിക്കാനാവൂ. ജീവിക്കാനുള്ള അവകാശം തടയാന്‍ കോടതികള്‍ക്ക് എന്തവകാശമെന്ന് നീതിയാത്രയുടെ പ്രചാരണവേദിയില്‍നിന്ന് ചോദ്യങ്ങള്‍ ഉയരുകയുണ്ടായി. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ കൊലചെയ്ത നരാധമന്മാര്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഡി.വൈ.എഫ്.ഐ നീതിതേടുമോ. ഇത് രണ്ടും രണ്ടാണെന്ന് തിരിച്ചറിയാത്തവരല്ലല്ലോ കേരളത്തിലെ യുവത.

അഭിഭാഷകര്‍ കേസ് വാദിക്കുന്നത് നീതി ലഭ്യമാക്കാനല്ല. വക്കാലത്തെടുത്ത പ്രതിയുടെ കേസ് ന്യായീകരിക്കാനാണ്. ബംഗളുരു സ്‌ഫോടനക്കേസില്‍ മഅദനിക്ക് ജാമ്യം നല്‍കുമ്പോള്‍ ബംഗളുരു വിട്ടുപോകരുതെന്ന് പറഞ്ഞതും കാരായിമാര്‍ നാട്ടില്‍വരാന്‍ പാടില്ലെന്ന് വ്യവസ്ഥവെച്ചതും വൈരുദ്ധ്യമാണെന്ന് വാദിക്കുന്നത് അതുകൊണ്ടാണ്. ബംഗളുരുവില്‍ കഴിയുന്നതുകൊണ്ട് മഅദനിക്ക് തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്ന് കോടതിക്ക് ബോധ്യമാണ്. സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയുടെ പിന്‍ബലമുള്ള പ്രമുഖ നേതാക്കള്‍ക്ക് കണ്ണൂരില്‍ അത് സാധിക്കുമെന്നതും.

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന് മുറിവേല്‍ക്കുമെന്ന് പറയുന്നു. അമ്പത്തൊന്ന് വെട്ടുകള്‍ വാടകക്കൊലയാളികളെക്കൊണ്ട് ഒരാളുടെ ശരീരത്തില്‍ ഏല്പിക്കുമ്പോള്‍ ജനാധിപത്യം മാത്രമല്ല മനുഷ്യത്വവും മാനവികതയുമാണ് വെട്ടിനുറുക്കപ്പെടുന്നത്. ആ ചോരക്കറപുരണ്ട കൈകളുയര്‍ത്തി നീതിയാത്രയ്ക്ക് പച്ചക്കൊടി കാട്ടുന്നത് ഒരു രാഷ്ട്രീയ പ്രഹസനത്തിന്റെ അവതരണമായി മാത്രമേ സമൂഹം സ്വീകരിക്കുകയുള്ളൂ. കോഴി കോട്ടുവായിട്ടതുപോലെ അത് ചരിത്രത്തില്‍ ഒരടയാളവും പതിപ്പിക്കാതെ മറയുകയും ചെയ്യും.

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കും യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കും വര്‍ഗീയതയുടെ കടന്നാക്രമണത്തിനും മറ്റുമെതിരെ ഡി.വൈ.എഫ്.ഐ സമരം നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യം വ്യക്തവും കൃത്യവുമായിരുന്നു. എല്‍.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ കൊച്ചി കായലിന്റെ തീരത്തുള്ള രാജേന്ദ്ര മൈതാനിയില്‍ അവസാനിപ്പിച്ച നീതിയാത്ര ആര്‍ക്കെതിരായിരുന്നു എന്ന് ഡി.വൈ.എഫ്.ഐ തന്നെ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. വര്‍ഗ-ബഹുജന സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതാണ് എന്ന് വ്യക്തമായ നിലപാടുള്ള ഒരു പാര്‍ട്ടിയുടെ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലുമാണ് ഡി.വൈ.എഫ്.ഐ ഈ നീതിജാഥ നടത്തിയത്. അത് ആ പാര്‍ട്ടിയുടെ ഏതോ അജണ്ട ഉയര്‍ത്തിപ്പിടിക്കാനോ അതിനുവേണ്ടി പൊതുജനാഭിപ്രായം സൃഷ്ടിക്കാനോ ആണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. പക്ഷെ, ഈ യാത്ര സംഘടനയോടും അതിന്റെ ലക്ഷ്യത്തോടും എത്രകണ്ട് നീതികാട്ടി എന്നാണ് സത്യസന്ധമായി ഡി.വൈ.എഫ്.ഐ നേതൃത്വം പരിശോധിക്കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top