Flash News

നയങ്ങളെ ‘എതിര്‍ക്കുന്നവരെ’ സ്ഥാനമാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുന്ന എല്‍‌ഡി‌എഫ് തന്ത്രം; വി‌എസ് നടത്തിയ നിയമപോരാട്ടത്തില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി

May 17, 2017

r-balakrishna-pillai-830x412കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാന്‍ എല്‍ഡിഎഫ് തീരുമാനം. നേരത്തെ യുഡിഎഫ് മന്ത്രിസഭ കാലത്തും ബാലകൃഷ്ണപ്പിള്ള തന്നെയായിരുന്നു ചെയര്‍മാന്‍.

നേരത്തെ യുഡിഎഫ് പക്ഷത്തായിരുന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ബാലകൃഷ്ണപ്പിള്ളയെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് പക്ഷത്തേക്ക് വന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് മത്സരിച്ചത്.

കഴിഞ്ഞ ദിവസം ആര്‍ ബാലകൃഷ്ണപ്പിള്ള എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിമര്‍ശനം. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഐഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

മന്ത്രിസഭ ഇന്നെടുത്ത മറ്റു പ്രധാന തീരുമാനങ്ങള്‍:

നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റജിസ്ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.

കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും.

ഇപ്പോള്‍ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

അവധിയിലുളള വയനാട് കളക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് കളക്ടറുടെ ചുമതല തല്‍ക്കാലം എ.ഡി.എമ്മിനായിരിക്കും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top