കമല്‍ഹാസനുമായി വേര്‍പിരിഞ്ഞത് തന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നുവെന്ന് ഗൗതമി. ഗൃഹലക്ഷ്മി മാഗസിനില്‍ കെ. ഷാജിയുമായി നടത്തിയ അഭിമുഖത്തിലാണ് ഗൗതമി ഇങ്ങനെ പറഞ്ഞത്.
വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ് വിശദീകരിക്കേണ്ടത്. അതിന് വാക്കുകളില്ല. ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍. പിണക്കം, സംസാരം, പങ്കുവയ്ക്കല്‍ എല്ലാം ചേരുന്നതാണ് ജീവിതം. അതൊന്നുമുണ്ടാകാതെ വന്നാല്‍ എന്തുചെയ്യണം? ഗൗതമി അഭിമുഖത്തില്‍ പറഞ്ഞു.
കമലിന്റെ മകള്‍ ശ്രുതി ഹാസനുമായുളള പിണക്കമാണ് വേര്‍പിരിയലിനു കാരണമെന്ന വാര്‍ത്തകളെ ഗൗതമി നിഷേധിച്ചു. അതൊന്നുമല്ല വിഷയം. രണ്ടുപേര്‍ ഒന്നിച്ചു നില്ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള് നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ചു ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുളളത്. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളെക്കാളും വലുതെന്നും ഗൗതമി പറയുന്നു.
ബന്ധങ്ങള്‍ ഏതായാലും പരസ്പരം മനസിലാക്കണം. വിശ്വാസം, കരുതല്‍ എന്നിവയും വേണം. ഇതൊന്നുമില്ലാത്തത് ബന്ധമല്ല, ബന്ധനമാണ്. ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ സഹിച്ച് കഴിയുന്നത് എന്ത് ജീവിതമാണ്. വാര്ധക്യത്തിലെത്തിയിട്ട് നന്നായി ജീവിച്ചുകളയാമെന്ന് ചിന്തിക്കുന്നതിലും പറയുന്നതിലും എന്തെങ്കിലും അര്‍ഥമുണ്ടോ? ജീവിതം ഒന്നേയുളളു. അത് നന്നായി ജീവിക്കണമെന്നും അഭിമുഖത്തില്‍ ഗൗതമി വ്യക്തമാക്കി.

Leave a Reply