Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

പ്രഭാതമെവിടെ; പ്രകാശമെവിടെ ? (ലേഖനം) ജയന്‍ വര്‍ഗീസ്

May 18, 2017

prabhadamevide size(“ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു” എന്ന ഭാവത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ വാര്‍ഷിക സമ്മേളനത്തിനെത്തുന്ന മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ചൂണ്ടുപലക.)

മനുഷ്യ വംശ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള സര്‍ഗാത്മക വ്യാപാരങ്ങളാണ് കലയും, സാഹിത്യവും. ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന അസാധാരണക്കാരായ മനുഷ്യരുടെ ചിന്താവിസ്‌ഫോടനങ്ങളായിരുന്നു ഇവ. വാമൊഴിയിലും, വരമൊഴിയിലുമായി ഇവര്‍ പുറത്തുവിട്ട ആശയങ്ങള്‍ നെഞ്ചിലേറ്റിയ സാധാരണ ജനങ്ങള്‍, സ്വന്തം ജീവിതത്തില്‍ അവ പ്രായോഗികമാക്കിയതിന്റെ അനന്തര ഫലങ്ങളെയാണ് നാം സംസ്കാരം എന്ന് വിളിക്കുന്നത്. ഇത് പറയുമ്പോള്‍ ഏതൊരു സംസ്ക്കാരവും രൂപപ്പെട്ടതിനു പിന്നില്‍ അതാത് കാലത്തെ പ്രതിഭാശാലികളുടെ ചിന്താനാളങ്ങള്‍ പ്രകാശിച്ചിരുന്നതായി കാണാവുന്നതാണ്. ക്രിസ്തുവിന്റെ ചിന്ത ക്രൈസ്റ്റിസവും, മാര്‍ക്‌സിന്റേതു മാര്‍ക്‌സിസവും, ഗാന്ധിയുടേത് ഗാന്ധിസവുമായി രൂപപ്പെട്ടത് ഇങ്ങിനെയാണ്.

മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത മഹത്തായ കാഴ്ചകള്‍ സ്വന്തം ദാര്‍ശനിക തലത്തില്‍ കണ്ടെത്താന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പ്രതിഭാശാലി. ഈ കാഴ്ചകള്‍ സ്വന്തം കാലഘട്ടത്തിനുവേണ്ടി പങ്കുവെക്കുമ്പോഴാണ്, യഥാര്‍ത്ഥത്തില്‍ അങ്ങിനെയും ഒന്നുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നത്. കാഴ്ചകളുടെ ഈ വര്‍ണ്ണപ്പൊട്ടുകള്‍ കോറിയിടുവാന്‍ കലാകാരന്‍ ഒരു മാധ്യമം തെരഞ്ഞെടുക്കുന്നു. ഈ മാധ്യമം എഴുത്താണിയാവാം, കല്ലുളിയാവാം, ബ്രഷ് നാരുകളാവാം.

കാലാകാലങ്ങളില്‍ ലോകത്താകമാനം സംഭവിച്ച ഇത്തരം കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജനപഥങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത വ്യാപാരങ്ങളില്‍ ഏര്‍പ്പെടുകയും, പുരോഗതിയുടെ പുത്തന്‍ മാനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു!

പ്രതിഭാശാലികളുടെ ചിന്താവിസ്ഫോടനങ്ങള്‍ കലയും സാഹിത്യവുമായി ജനമനസുകളില്‍ പടര്‍ന്നിറങ്ങുകയായിരുന്നു. ഇവയെ ദൈവദത്തമായ അനുഗ്രഹ വിശേഷങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അത്തരം പ്രതിഭാശാലികളെ ആരാധനയോടെയാണ് ജനപഥങ്ങള്‍ അഭിവീക്ഷിച്ചിരുന്നത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, ഫ്രോയിഡിന്റെ മനോവിഭ്രമ സിദ്ധാന്തവും കൂടിക്കുഴഞ്ഞ് പടിഞ്ഞാറന്‍ നാടുകളില്‍ പുതിയൊരു ജീവിതതാളം രൂപപ്പെട്ടതോടെ പലര്‍ക്കും ദൈവം ഒരയാഥാര്‍ഥ്യമാണെന്നു തോന്നിത്തുടങ്ങി. കണ്ണ് കൊണ്ട് കാണുകയും, കൈകൊണ്ടു സ്പര്‍ശിക്കുകയും ചെയ്യാനാവുന്ന ഒരു ദൈവത്തെ തേടി അവരലഞ്ഞു. വ്യര്‍ത്ഥമായ ഈ അന്വേഷണങ്ങളുടെ അവസാനം, പടിഞ്ഞാറന്‍ നാടുകളുടെ അപക്വ മനസുകളില്‍ ആധിപത്യം സ്ഥാപിച്ച ശൂന്യതാബോധം സൃഷ്ടിച്ചെടുത്ത ആസ്തിത്വവേദനയുടെ അനന്തര ഫലങ്ങളായിരുന്നൂ, കഴിഞ്ഞ നൂറ്റാണ്ടിലെ പടിഞ്ഞാറന്‍ യുവാക്കളെ മദ്യത്തിലും, മയക്കുമരുന്നിലും, അക്രമത്തിലും, അനാശാസ്യത്തിലും കൂടി ഇഴഞ്ഞുവലിഞ് തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന ത്രികോണത്തില്‍ തളച്ചു കൊണ്ട്, ഇരതേടലിനും, ഇണചേരലിനുമുള്ള ഒരു വ്യര്‍ഥ വ്യാപാരമാണ് ജീവിതം എന്ന ഉള്‍ക്കാഴ്ച്ചയോടെ സ്വവര്‍ഗ്ഗ രതിയുടെ ഇരുണ്ട മാളങ്ങളില്‍ വരെ ഇന്നും അവരെ തളച്ചിട്ടിരിക്കുന്നതു?

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ത്തന്നെ പടിഞ്ഞാറിന്റെ ഈ സാംസ്കാരികാപചയം ലോകത്താകമാനം കടന്നു കയറുകയായിരുന്നു. ഇന്ത്യ ഉള്‍പ്പടെ തനതായ സാംസ്ക്കാരിക തനിമയുള്ള രാജ്യങ്ങളില്‍ ഇതത്ര എളുപ്പമായിരുന്നുല്ലങ്കിലും, കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ എല്ലാ ചെറുത്തു നില്‍പ്പുകളെയും കീഴ്‌പ്പെടുത്തിക്കൊണ്ട് ആ പടിഞ്ഞാറന്‍ യാഗാശ്വം ലോകത്തെ മുഴുവനുമായിത്തന്നെ കീഴടക്കിക്കളഞ്ഞു! ശദ്ധമലയാളത്തില്‍ നമ്മളിതിനെ ‘അടിപൊളി’ എന്ന് വിളിക്കുന്നു.

അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വഴിപിരിഞ്ഞ കലയും സാഹിത്യവും അമാലന്മാരുടെ വേഷം ധരിച്ചു പുതിയ സംസ്ക്കാരത്തെ ചുമലിലേറ്റി നടന്നു! ഫലമോ? ഇര തേടലിനും, ഇണ ചേരലിനുമുള്ള പ്രചോദനങ്ങള്‍ മാത്രമായി അവ തരം താണു. അടിപൊളി സംഗീതവും, അടിപൊളി സാഹിത്യവും മാത്രമല്ല, അടിപൊളി നൃത്തങ്ങളും, അടിപൊളി ആരാധനകളും, അടിപൊളി ആള്‍ദൈവങ്ങളും വരെ നിലവില്‍ വന്നു!

സമകാലീന മാദ്ധ്യമങ്ങള്‍ മത്സര ബുദ്ധിയോടെ ഇത് നന്നായി ആഘോഷിച്ചു. ബിഗ്‌ സ്ക്രീനിലും, മിനി സ്ക്രീനിലും മീഞ്ചന്തയിലെപ്പോലെ സെക്‌സ് വിറ്റഴിഞ്ഞു. ഇര തേടാനുള്ളത് വിറ്റാല്‍ ഇണ ചേരാമെന്നും, ഇണ ചേരാനുള്ളത് വിറ്റാല്‍ ഇര തേടാമെന്നും അനായാസം അവര്‍ തിരിച്ചറിഞ്ഞു! തൊലി വെളുപ്പുള്ള സകലമാന പെണ്ണുങ്ങളെയും അവര്‍ തുണിയുരിച്ചു വിറ്റു. മാധ്യമങ്ങളോട് സഹകരിക്കാന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകളും രംഗത്തു വന്നതോടെ ലോകജനതയുടെ ജീവിതതാളമായി അത് മാറി. തുടുത്ത പെണ്ണുങ്ങള്‍ തുണിയുരിഞ്ഞു നിന്ന് പറഞ്ഞപ്പോള്‍ ആട്ടിന്‍കാഷ്ഠം മുതല്‍ ആനപ്പിണ്ടം വരെ വാങ്ങിത്തിന്ന് ജനങ്ങള്‍ രോഗികളായിത്തീര്‍ന്നു? പക്ഷെ, കുഴപ്പമില്ല. മൂക്കിപ്പനി മുതല്‍ മുടിഞ്ഞ കാന്‍സറിന് വരെയുള്ള ഉടന്‍കൊല്ലി മരുന്നുകളുടെ പരസ്യവുമായി വീണ്ടും അര്‍ദ്ധനഗ്‌നകള്‍. ഇര തേടലും, ഇണ ചേരലുമായി കുഴഞ്ഞു മറിഞ്ഞ ഒരു വന്‍ ബിസിനസ്! എല്ലാവര്‍ക്കും സുഖം. തുണി ഉരിയുന്നവര്‍ക്ക്, ഉരിയിപ്പിക്കുന്നവര്‍ക്ക്, അത് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്, ‘മൈഥുനം പാതി ദര്‍ശന’ പരുവത്തില്‍ അത് കണ്ടാസ്വദിക്കുന്ന അടിപൊളി ആശാന്മാര്‍ക്ക് !

വേദകാലത്തോളം പിന്‍ ചെല്ലുന്ന പുരാതന ഇന്ത്യയിലെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ മൂല്യാധിഷ്ടിതവും, ധാര്‍മ്മികവുമായ ഒരടിത്തറ നില നിന്നിരുന്നതായിക്കാണാം. മനുഷ്യനും, അവന്‍ അധിവസിക്കുന്ന ഭൂമിയും നന്മയില്‍ നിന്ന് നന്മയിലേക്കു വളരുന്നതിനുള്ള പ്രചോദകങ്ങള്‍ അവയില്‍ നില നിന്നിരുന്നു! ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ കഥാപാത്രങ്ങള്‍ ദൈവപ്രതീകങ്ങളായി നിലകൊള്ളുകയും, അവരെ അംഗീകരിക്കുകയോ, അനുകരിക്കുകയോ ചെയ്യുന്ന മനുഷ്യ കഥാപാത്രങ്ങള്‍ ജനങ്ങളോടൊപ്പം ജീവിക്കുകയും, മരിക്കുകയും ചെയ്തുവെങ്കിലും, പാത്രസൃഷ്ടിയിലെ പരമമായ നന്മയുടെ സന്നിവേശം കൊണ്ടായിരിക്കണം, ജനങ്ങള്‍ അവരെയും ദൈവങ്ങളായി അംഗീകരിച്ചു ആരാധിക്കുവാന്‍ തുടങ്ങിയത്. അതായത്, അവരെ സംവേദിച്ച് നെഞ്ചലേറ്റി ഒരു പുത്തന്‍ ജീവിത ക്രമം രൂപപ്പെടുത്തയത്. ഈ ജീവിത ക്രമത്തെയാണ് നമ്മള്‍ സിന്ധുഗംഗാ നദീതട സംസ്ക്കാരം എന്ന് പേരിട്ടു വിളിക്കുന്നത്!

ഫാന്റസിയും റിയാലിറ്റിയും ഇഴചേര്‍ന്ന ഈ രചനകളില്‍ ദൈവവും മനുഷ്യനും കഥാപാത്രങ്ങളായി നിന്നു. സര്‍വ നന്മ്മകളുടെയും സാക്ഷാല്‍ക്കാരമായ ദൈവത്തെ സ്വാംശീകരിക്കുന്നതിനുള്ള ഉപാധിയാണ് മനുഷ്യന്‍ എന്ന് ഈ രചനകള്‍ പറഞ്ഞുവെച്ചു.

നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന് എങ്ങിനെ അതിനെ അതിജീവിച്ചു മുന്നേറാനാകുമെന്ന് സത്യവാന്റെയും, സാവിത്രിയുടെയും കഥയിലൂടെ അവര്‍ വെളിപ്പെടുത്തി.

അകാലത്തില്‍ മരണപ്പെട്ട യുവാവായ സത്യവാന്റെ ജീവനെ കയറില്‍ കുടുക്കിക്കൊണ്ട് തന്റെ പോത്തിന്‍ പുറത്തേറി പോവുകയാണ് കാലന്‍. എത്ര നിര്‍ബന്ധിച്ചിട്ടും തിരിച്ചു പോകാന്‍ കൂട്ടാക്കാതെ സാവിത്രിയും കാലനെ പിന്തുടരുന്നു. നിര്‍വാഹമില്ലാതെ സാവിത്രിക്ക് ഒരു വരം കൊടുക്കുവാന്‍ കാലന്‍ നിര്ബന്ധിതനാവുന്നു. ആ വരത്തിന്റെ പിന്‍ബലത്തില്‍ ധര്‍മ്മിഷ്ഠനായ കാലന് സത്യവാന്റെ ജീവനെ അവള്‍ക്കു തിരിച്ചു കൊടുക്കേണ്ടി വരുന്നു. മരണത്തെപ്പോലും തോല്‍പ്പിച്ചു തന്റെ കാന്തനെ സ്വന്തമാക്കിയ സാവിത്രി ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമാണ്! ഒരു ജനതയ്ക്ക് അഭിമാനത്തോടെ സംവദിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം? കെട്ടുറപ്പോടെ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുടുംബ ബന്ധങ്ങളുടെ അടിവേരുകള്‍ സാവിത്രിയോളം വരെ നീണ്ടു, നീണ്ട് ചെല്ലുന്നുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!

ജനപഥങ്ങളെ ആവേശം കൊള്ളിച്ചു കൊണ്ട് ക്‌ളാസിക്കുകളായി നിലനില്‍ക്കുന്ന ഇത്തരം ചിന്താവിസ്‌ഫോടനങ്ങള്‍ ലോകത്താകമാനം സംഭവിച്ചിട്ടുണ്ട്. പുരാതന ഗ്രീക്ക് രചനകളിലെ പ്രോമിത്യുസ് എന്ന കഥാപാത്രവും, യൂറോപ്പിന്റെ മൊത്തം അഭിമാനമായ ഗോയ്‌ഥെയുടെ ഡോക്ടര്‍ ഫൗസ്റ്റ് എന്ന കഥാപാത്രവും തന്നെ ഉദാഹരണങ്ങള്‍:

അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു ജനങ്ങള്‍ക്കവകാശപ്പെട്ട അഗ്‌നി കൈവശപ്പെടുത്തി സൂക്ഷിച്ച ‘സിയൂസ് ‘ ദേവനില്‍ നിന്ന് , ജനങ്ങള്‍ക്ക് വേണ്ടി അത് മോഷ്ടിച്ചു കൊണ്ട് വന്ന കഥാപാത്രമാണ് പ്രോമിത്യുസ്. ഇതിന്റെ ശിക്ഷയായി ക്രൂരനായ ഒരു കഴുകന്റെ മുന്നില്‍ തന്റെ കരള്‍ കൊത്തിപ്പറിക്കുവാന്‍ വേണ്ടി ദിവസവും പ്രോമിത്യുസിനു കിടന്നു കൊടുക്കേണ്ടി വന്നു. സ്വന്തം കരള്‍ കഴുകന് കൊത്തിപ്പറിക്കുവാന്‍ കൊടുത്ത് കൊണ്ട് ജനങ്ങള്‍ക്ക് അഗ്‌നിയുടെ അനുഗ്രഹം സമ്മാനിച്ച പ്രോമിത്യുസിനേക്കാള്‍ മഹത്തായ ഒരു മാതൃകയെവിടെ?

ഗൊയ്‌ഥെയുടെ ഡാക്ടര്‍ ഫൗസ്റ്റ് അഹങ്കാര ലേശമില്ലാത്ത ഒരു മനുഷ്യനായിരുന്നു. ദൈവത്തിന് പ്രിയപ്പെട്ടവനായ ഫൗസ്റ്റിനെ, ഒരവസരം തന്നാല്‍ അഹങ്കാരിയാക്കി മാറ്റി ആ ആത്മാവിനെ സ്വന്തമാക്കികൊള്ളാം എന്ന് പിശാച് വെല്ലുവിളിയുയര്‍ത്തുന്നു. ഇരുപത്തി നാല് വര്‍ഷത്തിനുള്ളില്‍ എന്ന് കരാര്‍.

ഫൗസ്റ്റിന്റെ വിരസതയില്‍ പിടിമുറുക്കിക്കൊണ്ട് ‘മെഫിസ്‌റ്റോഫീസ്’. എന്നപേരില്‍ പിശാച് വേഷം മാറിയെത്തുന്നു. ഫൗസ്റ്റിന്റെ ഉറ്റ മിത്രമായി അഭിനയിച്ചു കൊണ്ട് സമീപിച്ച പിശാചിന്റെ പ്രലോഭനങ്ങളില്‍ നിഷ്ക്കളങ്കനായ ഫൗസ്റ്റ് വീണു പോകുന്നു. നിഷ്ക്കളങ്കയും, അതിസുന്ദരിയുമായ ‘ഗ്രെച്ചന്‍ ‘ എന്ന യുവതിയെ ഫൗസ്റ്റീന് ഭാര്യയായി മെഫിസ്‌റ്റോഫീസ് കണ്ടെത്തുന്നു. ഫൗസ്റ്റു ആഗ്രഹിച്ചതെല്ലാം പിശാച് അയാള്‍ക്ക് നിവര്‍ത്തിച്ചു കൊടുക്കുന്നു! ഉപയോഗശൂന്യമായിക്കിടന്ന ഒരു ചതുപ്പ് സുഹൃത്തിന്റെ സഹായത്തോടെ ഫൗസ്റ്റ് നികത്തിയെടുക്കുന്നു. അതി മാനഹാരവും, ഫലഭൂയിഷ്ഠവുമായ ഒരു ഗ്രാമമാക്കി അത് ജനങ്ങള്‍ക്ക് നല്‍കി ഡാക്ടര്‍ ഫൗസ്റ്റ് . സന്തോഷവും, സംതൃപ്തിയും, സമാധാനവും നിറഞ്ഞു നിന്ന ആ ഗ്രാമപാതയിലൂടെ കൃതാര്‍ത്ഥനായി നടക്കുന്‌പോള്‍ ഫൗസ്റ്റിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു പോയി. അവസരം കാത്തിരുന്ന ചെകുത്താന്‍ കരാര്‍ കാലത്തിനു മുന്‍പ് തന്നെ ഇതാ ഫൗസ്റ്റ് അഹങ്കാരിയായിരിക്കുന്നുവെന്നും, ഉടന്‍ തന്നെ അയാളുടെ ആല്‍മാവിനെ തനിക്കു വിട്ടുതരണമെന്നും ദൈവത്തോട് ആവശ്യം ഉന്നയിക്കുന്നു. തന്റെ സല്‍പ്രവര്‍ത്തികളുടെ ഫലം കണ്ട് അഭിമാനിച്ചു പോയ ഡാക്ടര്‍ ഫൗസ്റ്റ് കുറ്റക്കാരനല്ലെന്ന് ദൈവം വിധിച്ചു! ചെകുത്താന്റെ കൈവശത്തില്‍ നിന്ന് ഫൗസ്റ്റിന്റെ ആല്‍മാവിനെ വീണ്ടെടുത്ത് നിത്യമായി സ്വാതന്ത്രമാക്കുന്നിടത്ത് ഡാക്ടര്‍ ഫൗസ്റ്റ് ഗോയ്‌ഥേ അവസാനിപ്പിക്കുന്നു!

കാലം പ്രവഹിക്കുകയാണ്. ലോകത്താകമാനം സാഹിത്യ രൂപങ്ങളുടെ എണ്ണം കൂടുകയും, വണ്ണം കുറയുകയും ചെയ്തു. ശതകങ്ങളും, ദശകങ്ങളും ഈ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ഇന്ത്യയില്‍ത്തന്നെ സ്വാതന്ത്ര്യത്തിനു മുന്‍പും, പിന്‍പുമായി ഈ മൂല്യത്തകര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു!

എഴുത്തുകാര്‍ എന്ന് പറയാവുന്നവര്‍ അധികം ഉണ്ടെന്നു തോന്നുന്നില്ല. വെറും ‘പേനയുന്തുകാര്‍ ‘മാത്രമായി അവര്‍ തരം താണു കഴിഞ്ഞിരിക്കുന്നു. തങ്ങളെ താങ്ങിനിര്‍ത്തുന്ന കോര്‍പറേറ്റുകള്‍ക്കോ, രാഷ്ട്രീയങ്ങള്‍ക്കോ വേണ്ടി അവര്‍ പേനയുന്തുന്നു. ഇത് സംവദിക്കുന്ന ജനങ്ങളാകട്ടെ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചു, മാനസികവും , ശാരീരികവുമായി തകര്‍ന്നു, ദാരിദ്ര്യത്തിലും, കഷ്ടതയിലും തളക്കപ്പെട്ട്, രോഗത്തിലും, ദുരിതത്തിലും വലിച്ചെറിയപ്പെട്ട്, മരണത്തിന്റെ ഗുഹാമുഖങ്ങളിലേക്ക് കൂപ്പുകുത്തി രക്ഷപ്പെടുന്നു!

മലയാള സാഹിത്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കുറെ ആഢ്യന്മാരുടെ അരസിക രചനകള്‍ അവരുടെ ആശ്രിതര്‍ പൊക്കിപ്പിടിച്ചു നടക്കുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ഒന്നെങ്കിലുമുണ്ടോ അക്കൂട്ടത്തില്‍? ഒരു കുമാരനാശാന്‍ മാത്രം കുറച്ചു വ്യത്യസ്തനായി നില കൊള്ളുന്നുണ്ട്.

ആധുനിക മലയാളത്തിന്റെ അഭിമാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്ന മുകുന്ദനും, വിജയനും വരെ ഒരു തിരി തെളിക്കാന്‍ സാധിച്ചിട്ടില്ല. മയ്യഴിയുടെ മോചന നായകന്‍ ദാസന്‍ കടലാഴങ്ങളിലേക്ക് നടന്നു മറഞ്ഞും, ഖസാക്കിന്റെ ഇതിഹാസ നായകന്‍ രവി പൂറ്റില്‍ നിന്ന് നീണ്ടുവരുന്ന വിഷപ്പല്ലുകള്‍ക്ക് കാല്‍വച്ചു കൊടുത്തും ആത്മഹത്യയില്‍ അഭയം തേടുന്നു! അനുവാചകന്റെ ആത്മദാഹത്തിന് അവര്‍ നിര്‍ദ്ദേശിക്കുന്ന ഒറ്റമൂലികളാണോ ഇത്?

പ്രവാസി സാഹിത്യത്തെപ്പറ്റി എടുത്തുപറയാന്‍ ഒന്നുമില്ല. അമേരിക്കയിലെ പ്രമുഖ മലയാള സാഹിത്യ ചരിത്രകാരന്‍ ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ വാക്കുകളില്‍, അധികവും ‘കണ്ണോക്ക് ‘ സാഹിത്യമാണ്. ഒരാളുടെ ആശയം അടിച്ചുമാറ്റി പേരും നാളും മാറ്റി വീണ്ടും അവതരിപ്പിക്കുക. എഴുത്തുകാരികളായ സ്ത്രീകള്‍ കുറെയുണ്ട്. കടുത്ത വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നു വെളിവാക്കികൊണ്ട് അവരില്‍ മിക്കവരുടെയും രചനകള്‍ അടുക്കള കാര്യങ്ങളിലും, കിടപ്പറക്കാര്യങ്ങളിലും ഒതുങ്ങുന്നു.

എങ്കില്‍പ്പോലും ആര്‍ക്കും അവഗണിക്കാനാവാത്തവിധം നമ്മുടെ പ്രവാസി സാഹിത്യവും സജീവമാണ്. കഠിനമായ രചനാ പരിശ്രമങ്ങള്‍ ഇവിടെയും നടക്കുന്നുണ്ട്. എന്നിട്ടും പരിമിതികളുടെ വിഷമവൃത്തങ്ങള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ അതിനു സാധിക്കുന്നില്ല. ഭാഷയുടെ ഈറ്റില്ലം കേരളത്തിലായതിനാലും, അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ അവിടെ കാലുറപ്പിച്ചു നില്‍ക്കുന്നതിനാലും പ്രവാസി രചനകള്‍ ക്രൂരമായി അവഗണിക്കപ്പെടുകയാണ്.

പിന്നെ ഏതെങ്കിലും നാട്ടുമാധ്യമ പ്രമാണിയെ എഴുന്നള്ളിച്ചുകൊണ്ടു വരികയും, അവന് നല്ല കള്ളും കഞ്ചാവുമൊക്കെ കൊടുത്ത് സുഖിപ്പിച്ചു വിടുകയും ഒക്കെ ചെയ്തിട്ടാവണം, ഏതെങ്കിലും പ്രവാസി രചനകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം നേടുന്നത് പോലും?

മതവും രാഷ്ട്രീയവും, ശാസ്ത്രവും സാങ്കേതികവിദ്യയും, കലയും സാഹിത്യവും എല്ലാംകൂടി ഇഴചേര്‍ന്ന് മനുഷ്യനെ ഒരു യന്ത്രപ്പാവയാക്കി മാറിക്കഴിഞ്ഞിരിക്കുന്നു! അവന്റെ ആത്മാവിന്റെ ആഴങ്ങളില്‍ ദൈവം കൊളുത്തിവച്ച നന്‍മയുടെ തിരിവെട്ടം എന്നേ അണഞ്ഞുകഴിഞ്ഞു? സത്യവും, ധര്‍മ്മവും മരിച്ചു മണ്ണടിഞ്ഞ ഈ ജീവിത ഭൂമികയില്‍ ജാതിയുടെയും, മതത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും, വര്‍ണ്ണത്തിന്റെയും ലേബലുകള്‍ നെറ്റികളില്‍ ഒട്ടിക്കപ്പെട്ട്, രാജ്യങ്ങളുടെയും, കോളനികളുടെയും അതിരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട്, സ്വപ്നങ്ങളും, പ്രതീക്ഷകളും അസ്തമിച്ചു, രോഗത്തിന്റെയും, മരണത്തിന്റെയും ഇരുണ്ട ഗലികളില്‍ വെളിച്ചത്തിനായി കേഴുന്ന മനുഷ്യരാശിക്ക് വേണ്ടി; രക്ഷയുടെയും, സാന്ത്വനത്തിന്റെയും സൈദ്ധാന്തിക വിസ്‌പോടനങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗരചനാ വിപ്ലവങ്ങള്‍ എന്നാണു, എവിടെയാണ് നമുക്ക് കരഗതമാവുക? കാത്തിരിക്കാം!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top