തിരുവനന്തപുരം: മലയാള സിനിമയില്‍ താരങ്ങളടക്കമുള്ളവരുടെ പുരുഷമേല്‍ക്കോയ്മക്കെതിരെ സ്ത്രീകളായ സിനിമാപ്രവര്‍ത്തകരുടെ മുന്‍കൈയില്‍ പുതിയ സംഘടന രൂപീകരിച്ചു. സിനിമയിലെ അടിച്ചമര്‍ത്തലുകള്‍ക്കും ചുഷണങ്ങള്‍ക്കും എതിരെയാണ് വിമണ്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന പുതിയ സംഘടന നിലവില്‍വന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, നടി മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്, സയനോര, അഞ്ജലി മേനോന്, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി എന്നിവരാണ് സംഘടനയുടെ നേതൃസ്ഥാനത്ത്. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സിനിമാമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
പല ഷൂട്ടിംഗ് സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ഷൂട്ടിംഗ് സൈറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരണം. സൈറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ വേണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ 30 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോല്‍സാഹനമായി സബ്സിഡി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ പ്രതിനിധികൾ മുഖ്യമന്ത്രിയെ അഭിനന്ദനമറിക്കുകയും ചെയ്തു.
പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ നടപടിയെടുക്കും. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതുതരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കണം. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ചലച്ചിത്രമേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകൾക്ക് ഭാഗമാകാം. ഒരു സംഘടനക്കും ബദലായിട്ടല്ല ഇത് രൂപവത്കരിച്ചത്. വരും ദിവസങ്ങളിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും അവർ അറിയിച്ചു.
സിനിമാമേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അമ്മ പോലുള്ള താരസംഘടനകള്‍ സ്ത്രീകളായ സിനിമാപ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ പൂര്‍ണപരാജയമാണെന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന വരുന്നത്. കൊച്ചിയില്‍ നടി ഭാവന പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മ വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിച്ചില്ല എന്ന വിമര്‍ശനം പ്രമുഖ നടിമാര്ക്കുണ്ടായിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാനും കേസ് ദുര്‍ബലമാക്കുന്ന മൊഴികള്‍ സംഘടിപ്പിക്കാനും പ്രമുഖ നടന്മാരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. ഇതാണ് മഞ്ജുവാര്യരും റീമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരെ പ്രകോപിപ്പിച്ചത്. ചില പ്രത്യേക താരങ്ങളുടെ മേല്‍ക്കോയ്മ പൊളിക്കുക എന്ന ലക്ഷ്യം കൂടി പുതിയ സംഘടനക്കുണ്ടെന്ന് വ്യക്തമാണ്.

Leave a Reply