Flash News

ലോകത്താകമാനം ഭീതി പരത്തുന്ന മാല്‍‌വെയര്‍ ‘അഥീന’ നിര്‍മ്മിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും സൈബര്‍ സുരക്ഷാ സ്ഥാപനമായ സീജ് ടെക്‌നോളജീസും ചേര്‍ന്ന്

May 23, 2017

wikileaksathenamay17ലോകം ഒന്നടങ്കം ഭീതിയുടെ മുള്‍മുനയിലാണ്. സൈബര്‍ ആക്രമണങ്ങളും മറ്റും ദിവസം കഴിയുംതോറും കൂടുകയല്ലാതെ കുറയുന്നില്ല.. വന്‍ സുരക്ഷയുള്ള കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളാണ് ദിവസവും ആക്രമിക്കപ്പെടുന്നത്. കേവലം ഒരു വൈറസിന്റെ ആക്രമണത്തില്‍ ലോകത്തെ മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളാണ് മുടങ്ങികിടക്കുന്നത്. എല്ലാം അമേരിക്കയുടെ ചെറിയ പിഴവുകളില്‍ നിന്ന് സംഭവിച്ച വലിയ ദുരന്തം.

മൈക്രോസോഫ്റ്റിന്റെ പുതിയ ഓപറേറ്റിംങ് സിസ്റ്റങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി അമേരിക്കന്‍ ചാര ഏജന്‍സി സിഐഎ ഉപയോഗിക്കുന്ന മാല്‍വെയറിന്റെ വിവരങ്ങളും വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ ഹാക്കിങ് ടൂളുകളുടെ പുതിയ വിവരങ്ങള്‍ വിക്കിലീക്‌സിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലായ #Vault7ലാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ മാല്‍വെയര്‍ പ്രോഗ്രാമായ അഥീനയെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത് വന്‍ ഭീഷണി തന്നെയാണ്. വിന്‍ഡോസില്‍ പ്രവൃത്തിക്കുന്ന ഒട്ടുമിക്ക സിസ്റ്റങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള മാല്‍വെയര്‍ പ്രോഗ്രാമാണിത്.

വിന്‍ഡോസ് എക്‌സ്പി പ്രോ, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് 2008 എക്‌സ്‌പെര്‍ട്ടൈസ് സര്‍വര്‍, വിന്‍ഡോസ് 2012, വിന്‍ഡോസ് 10 എന്നീ അഞ്ച് ഓപറേറ്റിംങ് സിസ്റ്റങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള ശേഷി അഥീന മാല്‍വെയര്‍ പ്രോഗ്രാമിനുണ്ട്. ഒരിക്കല്‍ കംപ്യൂട്ടറില്‍ കയറിക്കൂടിയാല്‍ അഥീന വഴി ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരെ ലഭിക്കും. ഏതൊക്കെ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ ആ കംപ്യൂട്ടറിലുണ്ടെന്ന വിവരം പോലും ഉടമസ്ഥന്‍ അറിയും മുന്‍പെ ഹാക്കര്‍ക്ക് അഥീന കൈമാറും.

ഇന്റര്‍നെറ്റിന്റെ വേഗത കുറയാതിരിക്കുന്നതിന് കംപ്യൂട്ടറിലുള്ള സംവിധാനമായ ഡിഎന്‍എസ്‌കാഷ് ഉപയോഗിച്ചാണ് അഥീന കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ സ്വകാര്യ സൈബര്‍ സുരക്ഷാ സ്ഥാപനമായ സീജ് ടെക്‌നോളജീസുമായി ചേര്‍ന്നാണ് അഥീനയെ നിര്‍മിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുന്നിലെ വിക്കിലീക്‌സ് വെളിപ്പെടുത്തലില്‍ സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട് ടിവികളും വഴി എങ്ങനെ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതിന്റെ രേഖകളാണ് പുറത്തുവിട്ടിരുന്നത്.

കംപ്യൂട്ടര്‍ പ്രോഗ്രാമിംങ് ഭാഷയായ പൈഥണിലാണ് അഥീന തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 2015ഓടെയാണ് ഇത് നിര്‍മിച്ചതെന്ന സൂചനകളും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ നല്‍കുന്നു. ഇത് മൈക്രോസോഫ്റ്റിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വിവരമാണ്. കാരണം 2015 ജൂലൈയിലാണ് വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ വിന്‍ഡോസ് 10നെ തകര്‍ക്കാനുള്ള മാല്‍വെയര്‍ പ്രോഗ്രാം സിഐഎ നിര്‍മിച്ചുവെന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

ഓരോ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറാനുള്ള അഥീനയുടെ ശേഷിയെക്കുറിച്ചും വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങളിലുണ്ട്. ഒരിക്കല്‍ കംപ്യൂട്ടറിലെത്തിയാല്‍ ഹാക്കര്‍മാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകളും വിവരങ്ങളും അഥീന വഴി ലഭിക്കും. പ്രത്യേകം ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആവശ്യമുള്ള മെമ്മറി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പോലും ഈ മാല്‍വെയര്‍ പ്രോഗ്രാമിനാകും. സിഐഎ അഥീന ഉപയോഗിച്ച് നടത്തിയ ഓപറേഷനുകളുടെ വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top