Flash News

ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യയൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല; ഇതുവരെ ശരിയാക്കിയത് വെറും മൂന്നു ലക്ഷം മാത്രം

May 26, 2017

MODI-1ന്യൂഡല്‍ഹി: ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം മൂന്നു വര്‍ഷം പിന്നിട്ടിട്ടും പാലിക്കാത്ത സാഹചര്യത്തില്‍ ഇനിയുള്ള ഊന്നല്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍. ഇതോടൊപ്പം വികസനത്തിലേക്കുമായിരിക്കും അടുത്ത രണ്ടുവര്‍ഷം ലക്ഷ്യം വയ്ക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നാണു കണക്കുകള്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലാണിത്. ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014ല്‍ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദിയുടെ വാഗ്ദാനം. തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോയില്‍നിന്നുള്ള ഔദ്യോഗികകണക്കനുസരിച്ച് 2015ല്‍ 1.55 ലക്ഷവും 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 2.31 ലക്ഷവുമാണ് സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം.

ഭാവിയില്‍ പുതിയ നയങ്ങളുടെ രൂപവത്കരണം, തൊഴില്‍ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണം, നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതികള്‍ നടപ്പാക്കല്‍ മുതലായവയിലൂടെ കൂടുതല്‍ തൊഴിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനു ശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിത മേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വരുന്നമാസങ്ങളില്‍ ചില ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് സൂചന.

പുതിയ ഉത്പാദന നയം സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മേഖലയ്ക്കുവേണ്ടിയുള്ള നയവും പുറത്തിറങ്ങും. അത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് ആക്കംകൂട്ടുകയും കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരുകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വ്യക്തമാക്കുന്ന പുതിയ ‘സംഭരണ നയം’ കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രതിരോധസാമഗ്രികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള നയവും നടപ്പാക്കിത്തുടങ്ങി.

തൊഴിലുമായി ബന്ധപ്പെട്ട യഥാര്‍ഥകണക്കുകള്‍ ലഭ്യമാക്കാന്‍ നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസമിതി അടുത്തിടെ രൂപവത്കരിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയുടെ ശരിയായ കണക്കുകള്‍ ഇപ്പോള്‍ ഇല്ലെന്നും ലേബര്‍ ബ്യൂറോ തയ്യാറാക്കുന്ന ഡേറ്റമാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം. ഓരോവര്‍ഷവും 1.80 കോടി പുതിയ ചെറുപ്പക്കാര്‍ തൊഴിലന്വേഷകരാവുന്നുണ്ടെന്നാണ് കണക്ക്. 2011-12 മുതല്‍ 2015-16 വരെ വര്‍ഷം 36 ലക്ഷം എന്ന തോതിലാണത്രേ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top