Flash News

അയോധ്യ; രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ടെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

May 31, 2017

_2f063cda-45c1-11e7-ae7e-b192f5497e3dഅയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുസ്ലിങ്ങള്‍ക്കിടയില്‍നിന്ന് പിന്തുണ ലഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിന് സ്ഥലം നല്‍കുന്നതിന് നിരവധി മുസ്ലിം സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലും രാമക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂലമാണ്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയിലൂടെ സമവായമുണ്ടാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇക്കാര്യത്തില്‍ ഏതുവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ അനുവദിക്കാതിരുന്ന 84കോസി പരിക്രമണ യാത്ര പുനരാരംഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാംലീല നടത്തുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശിച്ചുവെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യയിലെത്തുന്നത്.

ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാന്‍ ലഖ്‌നോവിലെത്തിയ ബി.ജെ.പി നേതാക്കളെ ബൊക്കെയുമായാണ് ആദിത്യനാഥ് സ്വീകരിച്ചത്. ബാബരി മസ്ജിദ് കേസില്‍ നേരിട്ട തിരിച്ചടിയെ വളരെ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് ബി.ജെ.പി നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ തെറ്റു ചെയ്യാത്തവരാണെന്നും അവര്‍ കളങ്കരഹിതരായി തന്നെ തിരിച്ചുവരുമെന്നാണ് ബി.ജെ.പി നേതൃത്വം അണികളോട് ആവര്‍ത്തിച്ചു പറയുന്നത്.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ബി.ജെ.പി തങ്ങളുടെ പഴയ ആയുധമായ ബാബരി മസ്ജിദ്അയോധ്യ പ്രശ്‌നം വീണ്ടും പൊടി തട്ടിയെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ 80ല്‍ 71 പാര്‍ലമെന്റ് സീറ്റുകളും ബി.ജെ.പി കരസ്ഥമാക്കിയിരുന്നു. രണ്ടാം തവണയും പ്രധാനമന്ത്രി പദം നോട്ടമിടുന്ന മോദിക്ക് ഉത്തര്‍പ്രദേശ് നിര്‍ണായകം തന്നെയാണ്.

അതിനിടെ, ബാബരി മസ്ജിദ് കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top