ബെര്‍മിങ്ഹാം : ആവേശപൂര്‍വ്വം ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് മത്സരം മഴ വില്ലനായതോടെ നിര്‍ത്തിവെച്ചു. മത്സരം നടക്കുന്ന ബര്‍മിങ്ഹാമില്‍ മഴക്കുള്ള സാധ്യത 40 ശതമാനമാണെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഡക്വര്‍ത്ത് ലൂയിസ് നിയമം മത്സരഫലത്തെ നിര്‍ണയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ നല്കിയ സൂചന. ഞായറാഴ്ച രാത്രി മഴയോ ഇടിയോടു കൂടിയ മഴയോ ഉണ്ടാകുമെന്ന പ്രവചനം ഇരു ടീമുകളെയും നേരത്ത മുതല്‍ ആശങ്കയിലാക്കിയിരുന്നു.
കളി 9.5 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ കളി മുടക്കിയത്. നിലവില്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 46 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സുമായി രോഹിത് ശര്‍മ്മയും 20 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍. ടോസ് നേടി ബൗളിങ് തുടങ്ങിയ പാകിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. പാകിസ്താന്റെ ഓപ്പണിങ് ബൗളര്‍ മുഹമ്മദ് ആമിര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ഒരു റണ്‍ പോലും കണ്ടെത്താനായില്ല.. നാല് ഓവര്‍ എറിഞ്ഞ ആമിര്‍ 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്. തുടക്കത്തില്‍ ആമിറിനൊപ്പം ഇമാദ് വാസിമും റണ്‍ വിട്ടുകൊടുക്കന്നതില്‍ പിശുക്ക് കാട്ടിയതോടെ ഇന്ത്യ വിയര്‍ക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറില്‍ 15 റണ്‍സ് മാത്രമാണ് ഇന്ത്യ അടിച്ചത്. എന്നാല്‍ പിന്നീട് താളം കണ്ടെത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിചചുവരുമ്പോളാണ് മഴ രസം കൊല്ലിയായെത്തിയത്.
ബര്‍മിങ്ഹാമില്‍ തന്നെ വെള്ളിയാഴ്ച നടന്ന ഓസീസ് ന്യൂസിലാന്‍ഡ് മത്സരവും മഴ കവര്‍ന്നിരുന്നു. മൂന്നു തവണ മത്സരം തടസപ്പെടുത്തുന്ന തരത്തില്‍ മഴ എത്തിയതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിട്ട് നല്‍കുകയായിരുന്നു. പരാജയത്തിന്റെ പാതയിലായിരുന്ന തങ്ങള്‍ക്ക് മഴ അനുഗ്രഹമായെന്ന് ഓസ്ത്രേലിയന്‍ നായകന് സ്മിത്ത് തുറന്ന് സമ്മതിക്കുകയും ചെയ്തു.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ-പാകിസ്താന് മത്സരത്തിന് വേദിയായത് എഡ്ബാസ്റ്റണ്‍ തന്നെയായിരുന്നു, ശക്തമായ മഴയെ തുടര്‍ന്ന് മത്സരം 40 ഓവര്‍ വീതമായി കുറച്ചു. പിന്നെയും മഴ കളിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 22 ഓവറില്‍ 102 റണ്‍സായി കുറച്ചു. ധോണിയും സംഘവും ഇത് അനായാസം മറികടക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യ -പാകിസ്താന് മത്സരങ്ങളില്‍ ഇന്ത്യ വിജയികളായ ആദ്യ അവസരം കൂടിയായിരുന്നു അത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply