Flash News

എം.ടി.യുടെ രണ്ടാമൂഴം അഥവാ മഹാഭാരതം; ഭീഷണികള്‍ക്ക് വഴങ്ങി സിനിമയുടെ പേരു മാറ്റുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; രണ്ടാമൂഴം അതേ പേരില്‍ തന്നെ; ഇതര ഭാഷകളില്‍ ‘മഹാഭാരതം’ തന്നെയായിരിക്കുമെന്ന് സം‌വിധായകന്‍ ശ്രീകുമാര്‍ മേനോന്‍

June 5, 2017

sreekumar-mohanlal-830x412_InPixioഎംടിയുടെ രണ്ടാമൂഴത്തിനെതിരേ രംഗത്തെത്തിയ സംഘപരിവാറിനു കര്‍ക്കശ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഭീഷണിക്കു വഴങ്ങില്ല. അഞ്ചു ഭാഷകളില്‍ ആയിരം കോടി മുടക്കി നിര്‍മിക്കുന്ന ചിത്രത്തിന്റെ പേരു മലയാളത്തില്‍ രണ്ടാമൂഴം എന്നുതന്നെയാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മഹാഭാരതമെന്നു തന്നെയാകും പേര്. ഹിന്ദുവിന്റെ സംസ്‌കാരത്തില്‍ കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും മഹാഭാരതമെന്ന പേരില്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ രംഗത്തുവന്നിരുന്നു. ഇതു സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരവും നേടിയിരുന്നു.

മലയാളം ഒഴികെയുള്ള ഭാഷകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ‘മഹാഭാരതം’ എന്ന പേര് മാറ്റാനില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കൊപ്പം അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന്‍ ഇതു സംബന്ധിച്ച നിലപാടു വ്യക്തമാക്കിയത്. ‘മഹാഭാരതം’ എന്ന പേരിനെക്കുറിച്ച് ചില കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നെന്ന ചോദ്യത്തിനാണു കൃത്യം മറുപടി അദ്ദേഹം നല്‍കിയത്. സിനിമയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യമായി ഞങ്ങള്‍ പ്രോജക്ടിന്റെ പേരാണ് അനൗണ്‍സ് ചെയ്തത്. ‘രണ്ടാമൂഴം’ എന്നത് തമിഴിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പരിഭാഷപ്പെടുത്തുമ്പോള്‍ പലതാവും. ഒരു സിനിമയ്ക്ക് പല ഭാഷകളില്‍ പല പേര് പറ്റില്ല. രണ്ടാമൂഴം മഹാഭാരതം തന്നെയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതം. സിനിമയ്ക്ക് ‘മഹാഭാരതം’ എന്ന് പേരിട്ടതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. മലയാളികള്‍ക്ക് അറിയാം മഹാഭാരതത്തെ ആസ്പദമാക്കിയുള്ളതാണ് രണ്ടാമൂഴമെന്ന് എന്നും ശ്രീകുമാര്‍ പറഞ്ഞു.

randamoozham1

സംവിധായകൻ വി.എ. ശ്രീകുമാർ മേനോനും നിർമാതാവ് ബി.ആർ. ഷെട്ടിയും അബുദാബിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

1000 കോടി എന്ന ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ അതിന്റെ അന്‍പത് ശതമാനവും വിഎഫ്എക്‌സിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നും എഫക്ട്‌സിന് അത്രയധികം പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാലിനെ കൂടാതെ എട്ട് പ്രമുഖ താരങ്ങളെ വിവിധ വേഷങ്ങളിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും പക്ഷേ അതാരൊക്കെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മറുപടി. കൂടാതെ പ്രോജക്ട് സംബന്ധിച്ച കൗതുകകരമായ പല സംശയങ്ങള്‍ക്കും ശ്രീകുമാര്‍ മേനോന്‍ മറുപടി പറഞ്ഞു.

ചലച്ചിത്രത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നൂറ് ദിവസത്തിനകം ലോഞ്ചിംഗ് നടത്തും. 2018 മേയില്‍ ചിത്രീകരണം തുടങ്ങും. അബൂദബിയിലായിരിക്കും ചിത്രീകരണത്തിന്റെ തുടക്കം. ശ്രീലങ്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളും ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളും ചിത്രീകരണത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ചലച്ചിത്രത്തിന്റെ നിര്‍മാതാവും പ്രമുഖ ബിസിനസുകാരനുമായ ബി.ആര്‍. ഷെട്ടി അറിയിച്ചു. തന്റെ ഉയര്‍ച്ചക്ക് കാരണമായ നാട് എന്നതിനാലാണ് അബൂദബിയില്‍ ചിത്രീകരണം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

mohanlal-mtമലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഭീമന്റെ വേഷമിടുന്ന ചിത്രത്തില്‍ മറ്റു ഭാഷകളിലെയും സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുമെന്ന് വി.എ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അവര്‍ ആരൊക്കെയെന്ന് പറയാറായിട്ടില്ല. ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെയും ലോക ചലച്ചിത്രത്തിലെയും ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമാണ് ചിത്രത്തിനായി അണിനിരക്കുക. ലോകപ്രശസ്തരായ കാസ്റ്റിംഗ് ഡയറക്ടറായിരിക്കും ആഗോള സംഘത്തിന് നേതൃത്വം നല്‍കുക. ഇൗ ചിത്രത്തിനായി മോഹന്‍ലാല്‍ രണ്ട് വര്‍ഷമാണ് മാറ്റിവെച്ചിരിക്കുന്നത്. വി.എഫ്.എക്സില്‍ പ്രത്യേകേ ശ്രദ്ധ ചെലുത്തുമെന്നും നിര്‍മാണ ബജറ്റിന്റെ 50 ശതമാനം ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷ് പതിപ്പിനുവേണ്ടിയുള്ള പ്രാഥമികമായ പരിഭാഷ എംടിയാണ് ചെയ്തത്. പക്ഷേ ഇംഗ്ലീഷിലേക്ക് അഡാപ്റ്റ് ചെയ്യുന്നത് മറ്റൊരാളായിരിക്കും. ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും അത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളായിരിക്കും. മലയാളവും ഹിന്ദിയും ഇംഗ്ലീഷും. ആകെ ആറ് മണിക്കൂര്‍ ഉണ്ടാവും ചിത്രം. അത് രണ്ട് ഭാഗങ്ങളായി പുറത്തെത്തും. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യും. ബാഹുബലിയിലെ ചില സാങ്കേതികവിദഗ്ധര്‍ രണ്ടാമൂഴത്തിലുമുണ്ടാവാന്‍ സാധ്യതയുണ്ട്. സാബു സിറിളിനെപ്പോലുള്ളവര്‍. അക്കാര്യത്തിലും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top