Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തത് ട്രം‌പ് ആണെന്ന് റിപ്പോര്‍ട്ടുകള്‍; തീരുമാനം ട്രം‌പിന്റെ സൗദി സന്ദര്‍ശന വേളയില്‍

June 5, 2017

trump-saudiദോഹ: ഭീകരസംഘടനകളെ സഹായിക്കുന്നെന്ന് ആരോപിച്ച് ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയില്‍ ഒറ്റപ്പെട്ട തുരുത്തായി ഖത്തര്‍. സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, യെമന്‍, ലിബിയ, ഈജിപ്ത്, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. അതേസമയം, ഖത്തറിനെതിരെ പട നയിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു പ്രചോദനമായതു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ സൗദി സന്ദര്‍ശിച്ച ട്രംപ്, ഭീകരതയ്‌ക്കെതിരെ ഒരുമിക്കാന്‍ മുസ്‌ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു, മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം ഏഴു രാജ്യങ്ങള്‍ വിഛേദിച്ചത്. ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ രാജ്യങ്ങള്‍ 48 മണിക്കൂറിനകം രാജ്യംവിടാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്‌ലാമിക് സ്റ്റേറ്റും (ഐഎസ്) അല്‍ ഖായിദയും മുസ്‌ലിം ബ്രദര്‍ഹുഡും അടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കു ഖത്തര്‍ സാമ്പത്തികസഹായം നല്‍കുന്നെന്നാണു വിമര്‍ശനം. അറബ് വസന്തം മുതല്‍ ആറുവര്‍ഷത്തോളം പുകഞ്ഞ അഗ്‌നിപര്‍വതമാണ് ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരെ പൊട്ടിത്തെറിച്ചത്.

2011ല്‍ മധ്യപൂര്‍വേഷ്യയില്‍ പല ഭരണകൂടങ്ങളെയും തകര്‍ത്തെറിഞ്ഞ അറബ് വസന്തത്തെ ഖത്തര്‍ പിന്തുണച്ചിരുന്നു. അന്നുമുതലേ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് അയല്‍വാസികള്‍ ഖത്തറുമായി ഉരസലിലുമായി. സൗദിയുടെ ബദ്ധവൈരികളായ ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചതും വിദ്വേഷത്തിനിടയാക്കി. സൗദി-ഇറാന്‍ വിഷയത്തില്‍ സമദൂര നിലപാടാണു ഖത്തര്‍ സ്വീകരിച്ചിരുന്നത്. സൗദിയെ അനുകൂലിക്കുമ്പോഴും ഇറാനെ പൂര്‍ണമായി പിണക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

അതേസമയം ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണ് ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിര്‍ത്തു. ഇതോടെ കാര്യങ്ങള്‍ ഖത്തറിനെതിരായി. മേഖലയിലെ കരുത്തുറ്റ രാജ്യമാണ് ഇറാനെന്നും ഹിസ്ബുള്ള പ്രതിരോധ മുന്നേറ്റമാണെന്നുമുള്ള തരത്തില്‍ ഖത്തര്‍ അമീര്‍ പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു റിപ്പോര്‍ട്ട് നീക്കംചെയ്ത അധികൃതര്‍ ന്യൂസ് ഏജന്‍സി ഭീകരര്‍ ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കി. ഇതോടെ ഖത്തറിനെതിരേ സൗദി, യുഎഇ മാധ്യമങ്ങള്‍ ആക്രമണം കനപ്പിച്ചു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തര്‍ അനുകൂല മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ടു. ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top