Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ആച്ചിയമ്മയുടെ വികൃതികള്‍ (കഥ)

November 11, 2017

Achiyamma fullഒടുവില്‍ രണ്ടുപേരും അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി. ഒരു പെറ്റ്. അത് എന്തായിരിക്കണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒരു പട്ടി. പട്ടിക്ക് കുരയ്ക്കാന്‍ മാത്രം അറിയാം. പിന്നെ ഒരുതരം വൃത്തികെട്ട നാറ്റവും. അതുവേണ്ട. ആച്ചിയമ്മ പറഞ്ഞു. അവറാച്ചന്‍ അതിനെ അനുകൂലിച്ചു. ഒരു പൂച്ച. പൂച്ച വല്ലപ്പോഴും മാത്രമേ ‘മ്യാവൂ’ പറയുകയുള്ളു. കൂടാതെ സെറ്റിയും മറ്റും മാന്തിപ്പൊളിക്കും. അതും വേണ്ട. അക്വേറിയം…”ഓ മീനിനെ നോക്കി എത്രനേരമാണിരിക്കുക” – അവറാച്ച പറഞ്ഞു. ആച്ചിയമ്മ അതിനെ അനുകൂലിച്ചു.

ആച്ചിയമ്മയ്ക്ക് പെട്ടെന്ന് ഭൂതോദയം ഉണ്ടായി. ഒരു തത്ത.

“തരക്കേടില്ല” അവറാച്ചന്‍ അനുകൂലിച്ചു.

“തത്ത വര്‍ത്തമാനം പറയും. ഇടയ്ക്കിടയ്ക്ക് ചിലയ്ക്കും. കീര്‍ത്തനം ചൊല്ലും. കൂട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ മതി. പരിരക്ഷിക്കാനും പാടുകുറവ്” ആച്ചിയമ്മ അത്രയും കൂടി കൂട്ടിച്ചേര്‍ത്തു.

അവറാച്ചന്‍ ഓര്‍ത്തു. എന്തായാലും പരിരക്ഷണം മുഴുവന്‍ തന്റെ തലയില്‍ വരും. അപ്പോള്‍ പാടുകുറഞ്ഞവ തന്നെ നല്ലത്.

രണ്ടുപേരും കൂടി തത്തയെ തപ്പി പെറ്റ്‌ഷോപ്പില്‍ പോയി. പക്ഷി വിഭാഗത്തില്‍ പക്ഷികള്‍ പലതരം കര്‍ണകഠോരമായ ശബ്ദം. കൊച്ചുകുരുവികള്‍ മുതല്‍ വലിയ ഒട്ടകപ്പക്ഷിയുടെ സൈസുവരെ. പലതരം തത്തകളെ കണ്ടു. ചെറുതും വലുതും പച്ചപ്പനം തത്തകള്‍, കഴുത്തില്‍ ചുവന്ന മാലപോലെ തൂവലുള്ളവ, ഇളം ചാരനിറമാര്‍ന്ന നീല, ചുവപ്പ്, മഞ്ഞ നിറങ്ങള്‍ ഇടകലര്‍ന്ന വലിയ തത്തകള്‍. വളഞ്ഞ ചുണ്ടും കൂര്‍ത്തുവളഞ്ഞ നഖങ്ങളും ഉപയോഗിച്ച്, സര്‍ക്കസിലെ അര്‍ദ്ധനഗ്നകളായ സുന്ദരികളെപ്പോലെ, കൂട്ടില്‍ റിംഗുകളില്‍ സര്‍ക്കസ് ചെയുന്നു. വലിയ തത്തകള്‍ വിലയ കൂടുകളിലെ മരക്കൊമ്പുകളിലിരുന്ന് കലമ്പുന്നു. ചിലവ ഉറക്കം തൂങ്ങുന്നു. മറ്റു ചിലവ കൈയില്‍ കിട്ടിയ ഉണങ്ങിയ വിത്തുകള്‍ ഒറ്റക്കൈയിലുയര്‍ത്തി കറക്കി കൂര്‍ത്തുവളഞ്ഞ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചു കൊറിക്കുന്നു.

ആമസോണ്‍സ് എന്ന വലിയ ഇനം തത്തയെ ആച്ചിയമ്മയ്ക്കും അവറാച്ചനും ഇഷ്ടപ്പെട്ടു. മെയില്‍ ആണ്. ആമസോണിലെ ഘോരവനത്തില്‍ നിന്ന് പിടിച്ചെടുത്തതാണ്- ആച്ചിയമ്മ പറഞ്ഞു. “പണ്ട് റോബിന്‍സന്‍ ക്രൂസോ പിടിച്ചെടുത്ത് ഇണക്കിയത് ഇത്തരം ഒരു തത്തയെയാണ്.”

നല്ല വലിപ്പം, നീലയും ചുവപ്പും കലര്‍ന്ന നിറം. വയറിനു മഞ്ഞ നിറമാണ്. നീളമുള്ള ചുവന്ന വാല്‍, തെറിച്ചു നില്‍ക്കുന്ന ഉണ്ടക്കണ്ണുകള്‍, നീണ്ടുവളഞ്ഞ ശക്തിയുള്ള മേല്‍‌ച്ചുണ്ട്. പല്‍‌ക്കത്രിക പോലെയുള്ള ബലിഷ്‌ഠമായ കാലുകള്‍ ‘അവന്‍’ സുന്ദരന്‍ തന്നെ. അവര്‍ ചെല്ലുമ്പോള്‍ അവന്‍ വൃക്ഷക്കൊമ്പില്‍ ഒറ്റക്കാലില്‍ നില്‍ക്കുകയായിരുന്നു. അവന്റെ നീണ്ട ചുവന്ന വാല്‍ നിലം‌വരെ നീണ്ടുകിടക്കുന്നു. അവന്‍ കണ്ണുകള്‍ മുകളിലേക്കും താഴേക്കും കറക്കി അവരെ സൂക്ഷ്മനിരീക്ഷണം നടത്തി. വലിയ കൂട്ടിലെ വൃക്ഷത്തിന്റെ താണ കൊമ്പില്‍ നിന്ന് അവന്‍ ചിറകടിച്ചൊന്ന് പറന്ന് ഏറ്റവും മുകളിലെത്തി അവരെ നോക്കി ഒന്നുകൂടി ചിറകടിച്ചു. അപ്പോള്‍ ആച്ചിയമ്മ അവറാച്ചനെ നോക്കി പറഞ്ഞു “ഇതു തന്നെ നമ്മുടെ തത്ത”

അവറാച്ചന്‍ വില നോക്കി “എണ്ണൂറു ഡോളര്‍ ഒരു തത്തയ്ക്ക്” എന്ന് അവറാച്ചന്‍ പറഞ്ഞുപോയി. ആ തത്തയെപ്പറ്റി കൂടിന്റെ ഒരരുകില്‍ വെച്ചിരിക്കുന്ന വിവരണം ആച്ചിയമ്മ വായിച്ചിട്ടു പറഞ്ഞു “ചുമ്മാതല്ല ഇത്രയും വില. ആമസോണ്‍ വനത്തില്‍ നിന്ന് ഒരു റെഡ് ഇന്ത്യന്‍ ഇതിന്റെ തള്ളയെ നിഷ്ക്കരുണം അമ്പെയ്തു കൊന്നിട്ട് പിടിച്ചെടുത്ത് ഇണക്കിയ കുഞ്ഞുങ്ങളില്‍ ഒന്നാണ്, അല്പാല്പം റെഡ് ഇന്ത്യന്‍ ഭാഷ സംസാരിക്കും. ഒരു മാസത്തിനുള്ളില്‍ ഏതു ഭാഷയും വശമാക്കാനുള്ള സാമര്‍ത്ഥ്യം ഈ തത്തയ്ക്കുണ്ടത്രേ.

എണ്ണൂറു ഡോളറും ടാക്സും കൊടുത്ത് അവര്‍ തത്തയെ വാങ്ങി. അത്രയും ഡോളര്‍ കൊടുത്ത് ഒരു തത്തയെ വാങ്ങാന്‍ അവറാച്ചന് ഇഷ്ടമായിരുന്നില്ല. എങ്കിലും ഭാര്യയുടെ ഹിതത്തെ മറികടക്കാന്‍ അവറാച്ചനു കഴിഞ്ഞില്ല.

തത്തയെ കൈയ്യില്‍ കിട്ടിയപ്പോള്‍ ആച്ചിയമ്മയ്ക്കൊരാഗ്രഹം. അതിനെ സുകൃത് വാക്യങ്ങള്‍ പഠിപ്പിക്കണമെന്ന്. അതിനും ഒരു വഴി ആച്ചിയമ്മ കണ്ടു. ഉമ്മനുപദേശിയുടെ വീട്ടില്‍ തത്തയെ ഒരു മാസം താമസിപ്പിക്കുക. വേദവാക്യങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ പഠിക്കട്ടെ. അവറാച്ചനും അതിനെ അനുകൂലിച്ചു. ഒന്നുമിലെങ്കിലും നാലാള്‍ വീട്ടില്‍ വന്നിരിക്കുമ്പോള്‍ നല്ല വചനങ്ങള്‍ പറയുന്ന തത്തമ്മയുടെ രക്ഷിതാക്കള്‍ എന്ന മതിപ്പു വരട്ടെ.

തത്തയെ ഒരു മാസത്തെ പരിശീലനത്തിനത്തിനായി ഉപദേശിയുടെ വീട്ടില്‍ പാര്‍പ്പിച്ചു. കാലക്രമേണ ആമസോണ്‍ തത്ത റെഡ് ഇന്ത്യന്‍ ഭാഷ മറന്നു. പകരം മലയാളം മാതൃഭാഷയാക്കി. പ്രാര്‍ത്ഥനകളും വേദവാക്യങ്ങളും അല്പാല്പം പഠിച്ചു. ഉപദേശിക്കും സന്തോഷമായി. തത്തയില്‍ക്കൂടി ദൈവ വചനം പ്രഘോഷിക്കാനുള്ള അവസരം ഉപദേശി കണക്കിന് ഉപയോഗിച്ചു.

ഒരു മാസം കൊണ്ട് തത്ത കുറെയൊക്കെ പഠിച്ചെടുത്തു. “മദ്യപാനി സ്വര്‍ഗരാജ്യത്തു പ്രവേശിക്കുകയില്ല” ആ വചനം പഠിപ്പിച്ചെടുത്തു. അതിനൊരു കാരണം കൂടിയുണ്ട്.അവറാച്ചന് ആ ദുശ്ശീലം ഉണ്ട്. പക്ഷേ കുടിച്ചു കഴിഞ്ഞാല്‍ അവറാച്ചന് മൗനമാണ്. കല്ലുപോലെ നില്‍ക്കും. സാധാരണ ആര്‍ക്കും മനസ്സിലാകുകയില്ല. അവറാച്ചന്‍ കുടിച്ചിട്ടുണ്ടെന്ന് ആച്ചിയമ്മയ്ക്കൊഴികെ. ഈ കുടി ഒന്നു നിര്‍ത്തണം. അതുകൂടി കണക്കുകൂട്ടിയാണ് ആച്ചിയമ്മ ഇക്കാര്യം പ്രത്യേകം ഉപദേശിയെ അനുസ്മരിപ്പിച്ചിരുന്നത്. കൂടാതെ, തത്ത കുറെ ചെറിയ ചെറിയ വാക്യങ്ങളും പഠിച്ചെടുത്തു. അതിലൊന്നായിരുന്നു ‘കര്‍ത്താവേ, സ്തോത്രം.’

പരിശീലനം കഴിഞ്ഞ തത്ത ആച്ചിയമ്മയുടേയും അവറാച്ചന്റേയും വീട്ടിലേക്ക് കുടിയേറി. തത്തയുടെ മഹദ്‌വചനങ്ങള്‍ കേട്ട് ഇരുവരും സന്തോഷിച്ചു. “ഇവന്‍ എത്ര മിടുക്കന്‍, എത്ര പെട്ടെന്ന് മലയാളം പഠിച്ചെടുത്തിരിക്കുന്നു. ഇവിടെ അമേരിക്കയില്‍ ജനിച്ച പിള്ളേര്‍ എത്രകാലം മലയാളം പഠിച്ചാലും പഴം വായിലിട്ടപോലെയാണ് വര്‍ത്തമാനം ! ഇവനെ നോക്ക് പച്ചമലയാളം പറയുന്നു.”

തത്ത വര്‍ത്തമാനം പറഞ്ഞു പറഞ്ഞ് ‘മദ്യപാനി സ്വര്‍ഗരാജ്യത്തു പ്രവേശിക്കുകയില്ല’ എന്ന് നീട്ടിപ്പറഞ്ഞപ്പോള്‍ അവറാച്ചന് ഞെട്ടലുണ്ടായി. അതു തന്നെപ്പറ്റിയാണോ എന്നയാള്‍ക്കൊരു തോന്നല്‍. ഉപദേശി തനിക്കിട്ടു വച്ചല്ലോ? ആ വാക്യം അവറാച്ചന് അരോചകമുണ്ടാക്കി.

അവറാച്ചന്‍ ഓര്‍ത്തു. ഒരു പെറ്റിനെ വളര്‍ത്താനുണ്ടായ സാഹചര്യം ! മക്കളില്ലാതിരുന്നതുകൊണ്ട് ആച്ചിയമ്മയ്ക്ക് ഏറെ ആഗ്രഹം ! മക്കളില്ലാത്ത ദുഃഖം തന്നെയാണ് തന്നെ മദ്യപാനത്തിനു പ്രേരിപ്പിച്ചുതുടങ്ങിയത്. ഉപദേശി തത്തയെ പഠിപ്പിച്ചു വിട്ടിരിക്കുന്നതു കണ്ടില്ലേ? വേറെ എത്രയെത്ര വാക്യങ്ങള്‍ ബൈബിളിലുണ്ടായിരുന്നു. ആച്ചിയമ്മയുടെ ഭാഷയില്‍ താനാകെ ചെയ്യുന്ന വേണ്ടാതീനമാണ് മദ്യപാനം.

വൈകുന്നേരമായാല്‍ രണ്ടു പെഗ് വിടണം. അതിനവള്‍ സമ്മതിക്കുകയില്ല. അത് അവള്‍ കണ്‍‌ട്രോളില്‍ എടുത്ത് ഒരു പെഗ്ഗാക്കി മാറ്റിയിരിക്കുകയാണ്. അതും ഒരു സ്മോള്‍. മദ്യമെല്ലാം ഡൈനിംഗ് ഹാളിലെ ചില്ലലമാരിയില്‍ അവള്‍ മൂടിവെച്ചിരിക്കുകയാണ്. താക്കോല്‍ അവള്‍ പാത്തുവെച്ചിരിക്കുകയാണ്.

ഒരു ദിവസം അവറാച്ചനൊരു സല്‍ബുദ്ധി തോന്നി. താക്കോല്‍ തിരയാന്‍ ഒരു പ്രചോദനം. തിരഞ്ഞുതിരഞ്ഞ് കണ്ടെത്തി. അടുക്കളയിലെ അരിച്ചാക്കിന്റെ അടിയില്‍. അന്നുമുതല്‍ ആച്ചിയമ്മ അറിയാതെ ബാക്കി ക്വാട്ട ഒന്നര പെഗ്ഗുകൂടി വീശാന്‍ അവറാച്ചന്‍ മറന്നില്ല. തത്തയുടെ വലിയ കൂട് ഡൈനിംഗ് ഹാളില്‍. മിനിബാറിനു നേരെ എതിര്‍‌വശത്തായിരുന്നു. അവറാച്ചന്‍ ആച്ചിയമ്മ അറിയാതെ മദ്യം ഊറ്റുമ്പോള്‍, എപ്പോഴും തത്ത ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ തത്ത പറഞ്ഞുതുടങ്ങി…’സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു’ നീ പോടാ തത്തേ എന്ന് പിറുപിറുത്ത് അവറാച്ചന്‍ മദ്യം സേവിച്ച് മത്തനായ്, മൂകനായി നടന്നു.

മറ്റൊരു ദിവസം അപ്രതീക്ഷിതമായി അത് സംഭവിച്ചു. അവറാച്ചന്‍ രഹസ്യമായി മദ്യം ഊറ്റിക്കുടിച്ചുനിന്നപ്പോള്‍ തത്തമ്മ വലിയ ശബ്ദത്തില്‍ വിളിച്ചുകൂവി “ആച്ചിയമ്മേ, അവറാച്ചന്‍ കള്ള് കട്ടുകുടിക്കുന്നു. കര്‍ത്താവേ സ്തോത്രം !”

തല്‍ക്ഷണം അടുക്കളയില്‍ നിന്നു പാഞ്ഞുവന്ന ആച്ചിയമ്മ കള്ളനെ കൈയ്യോടെ പിടികൂടി. ആച്ചിയമ്മ ആക്രോശിച്ചു. “കുറെ നാള്‍ ഈ മൗനം കണ്ടപ്പഴേ എനിക്കു മനസ്സിലായി. നിങ്ങള്‍ കള്ള് കട്ടുകുടിക്കുന്നുണ്ടെന്ന്.” എന്നിട്ട് തത്തയെ ചൂണ്ടിപ്പറഞ്ഞു…”കഴിഞ്ഞ ഒന്നരയാഴ്ചയായി ഞാനിവനെ ഈ വിധം ട്രെയിന്‍ ചെയ്യുന്നു. ഇന്നാണ് അവന് ഉശിര് വന്നത്. എനിക്കു മക്കളില്ലാത്ത എല്ലാ കുറവും തീര്‍ന്നു.”

പിന്നീടൊരിക്കലും മദ്യക്കുപ്പികള്‍ ആ മിനിബാറില്‍ ഉണ്ടായില്ല. ആച്ചിയമ്മ അതൊക്കെ എവിടെയോ ഒളിച്ചുവെച്ചു.

പിറ്റേന്നു മുതല്‍ അവറാച്ചന്‍ അര പെഗ്ഗുകൊണ്ട് മത്തനായില്ല. പകരം വിഷാദവും അരിശവും പൂണ്ടു നടന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആച്ചിയമ്മ, ആ കാഴ്ച കണ്ടു. തത്തമ്മ കൂട്ടിലെ മരക്കൊമ്പില്‍ തലചായ്ച്ച് ചത്തുകിടക്കുന്നു. ആച്ചിയമ്മ നെഞ്ചത്ത് കൈവെച്ച് കരച്ചിലോടെ അവറാച്ചനെ വിളിച്ചു.

അവറാച്ചന്‍ വന്നു നിര്‍‌വ്വികാരനായി തത്തയെ സൂക്ഷിച്ചു നോക്കിയിട്ടു മൊഴിഞ്ഞു…”ആത്മഹത്യ ആണെന്നാണ് തോന്നുന്നത്. ആമസോണിലെ തിമിംഗലങ്ങളെപ്പോലെ തത്തകളും ചിലപ്പോളൊക്കെ ആത്മഹത്യ ചെയ്യാറുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.”

ആച്ചിയമ്മ തത്തയുടെ കഴുത്തു പരിശോധിച്ചു. ആരോ കയറിട്ടു മുറുക്കി ശ്വാസം മുട്ടിയ പാടുകണ്ട് ഞെട്ടി. എന്നിട്ട് അവറാച്ചനെ രൂക്ഷമായി നോക്കി അലറി; ഇത് ആത്മഹത്യയല്ല കൊലപാതകം! ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍”

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top