Flash News

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് വനം-പരിസ്ഥിതി മന്ത്രി

June 13, 2017

harsh_InPixioന്യൂഡല്‍ഹി: കശാപ്പിന് കന്നുകാലി വില്പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഫാസിസമെന്ന വാക്ക് ഏറെ വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഈ രാജ്യത്തെ ആത്മാര്‍ഥമായി സേവിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഹര്‍ഷവര്‍ധന്‍ അവകാശപ്പെട്ടു.

ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള യോഗത്തില്‍ പങ്കെടുക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വെങ്കയ്യ നായിഡുവും ഇതേ അഭിപ്രായവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം ഉത്തരവിട്ടതോടെ, രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍പ്രതിഷേധമാണുണ്ടായത്. പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റിവല്‍ അടക്കമുള്ളവ നടത്തുകയും ചെയ്തു. ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ രണ്ടു ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top