Flash News

പിതൃദിനം (ജോണ്‍ ഇളമത)

June 17, 2017

pithrudinam sizeഈ പിതൃദിനത്തില്‍ ഞാന്‍ ഓര്‍ത്തത് എന്‍െറ ദേശത്തെപ്പറ്റിയാണ്. എന്‍െറ ദേശം എവിടെയാണ്? ഇവിടെ, ഇവിടെ! , ഈ തണുത്ത കാനഡയില്‍. ആദ്യമൊക്കെ ഞാനിവിടെ ഒരു പ്രവാസിയായിരുന്നു. അകലെ ജന്മനാടിനെ സ്വപ്നം കണ്ട് ഗൃഹാതുരത്വം പേറി നടന്നയാള്‍. പണമുണ്ടാക്കി തിരികെ പോകുക. കുബേരനായി നാട്ടില്‍ സര്‍വ്വസുഖങ്ങളോടെ വാഴുക! ഇപ്പോള്‍ ഞാനാര്‍ക്കുന്നു, ഇതൊരു മുട്ടക്കച്ചവടക്കാരന്‍െറ കഥ പോലെ!

ഈ കഥ പലകുറി എന്‍െറ പിതാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മുട്ട കച്ചവടക്കാരന്‍ കുട്ടയില്‍ നിറയെ മുട്ടകള്‍ തലയില്‍ താങ്ങി വലിയ മനോരാജ്യം കണ്ടു നടന്ന കഥ! ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് മറ്റൊരു ഭേദപ്പെട്ട ബിസിനസ്, വീണ്ടും, വീണ്ടും, വീണ്ടും….അങ്ങനെ കുബേരനായി….. പെട്ടന്ന് ഒരു മരത്തിന്‍െറ വേരില്‍ തട്ടി മുട്ടക്കച്ചവടക്കാരന്‍ വീണു. പൊട്ടിയ മൊട്ടകളുടെ കൂന, പൊട്ടിയ മോഹങ്ങളും,മോഹഭംഗങ്ങളും !

ഇത്തരം കഥകള്‍ കേട്ടു വളര്‍ന്നതുകൊണ്ടാകാം, എനിക്കെന്നിലുള്ള ആത്മവിശ്വാസം വളര്‍ന്നതെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. സ്വയം കലഹിച്ചു വളര്‍ന്ന സാഹചര്യങ്ങളെ അതിജീവിക്കാന്‍ എന്നെ കരു പിടിപ്പിച്ചതും എന്‍െറ പിതാവു തന്നെ. നാട്ടിന്‍പുറത്തെ നിരവധി ചൊല്ലുകള്‍ ഞാന്‍ എന്‍െറ പിതാവില്‍ നിന്ന് കേട്ടിട്ടുണ്ട്. “നാടോടുമ്പം നടുവേ ഓടണം, തുള്ളി കൊണ്ട് തൊടച്ചാല്‍ തൊടം കൊണ്ടു തേകാം, കാറ്റൊള്ളപ്പം തൂറ്റണം, തെമ്മാടിക്കും തേക്കു തടിക്കും എവിടേം കിടക്കാം, നാ കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ” ഇങ്ങനെ നിരവധി നാട്ടുചൊല്ലുകള്‍. മാതാവ് സ്‌നേഹത്തിന്‍െറ തൂവല്‍സ്പര്‍ശം കൊണ്ട് നമ്മെ തലോടുമ്പോള്‍, വ്യക്തി എന്ന നിലയില്‍ നമുക്ക് ഊടും, പാവും നെയ്ത് നമ്മെ സമൂഹത്തില്‍ ഉറപ്പിക്കന്നത് പിതാവ് തന്നെ. ശിക്ഷണം, മര്യാദ, ചട്ടങ്ങള്‍ എന്നീ നാനാദിശയിലുള്ള വ്യക്തിത്വ പരിപാലനം പിതാവില്‍ നിന്നെത്രെ കരഗതമാകുന്നത്.

എന്‍െറ പിതാവ് കര്‍ക്കശക്കാരനും, അതിനുപരി തികഞ്ഞ ആദര്‍ശവാദിയുമായിരുന്നു. മക്കള്‍ വിദ്യാഭ്യസമുള്ളവരായിരിക്കണം, അവര്‍ ചിട്ടയില്‍ വളരണം, സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം, പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനോവീര്യമുള്ളവരായിരിണം. ഒരിക്കല്‍ കൈവരുന്ന സൗഭാഗ്യത്തെ അപ്പോഴപ്പോള്‍ ഉപയോഗിക്കണം. കാലം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുകയില്ല എന്ന സത്യം ഞങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള പിതാവിന്‍െറ കരുത്തുറ്റ പ്രോത്സാഹനം കൊണ്ടു തന്നെയാകണം, ഞാന്‍ നാല്പത്തിനാലാമത്തെ വയസില്‍ ജര്‍മ്മനിയില്‍ നിന്ന് കാനഡിലേക്ക് കുടിയേറിയത്.

എന്‍െറ പിതാവ് ഗവണ്മെന്റ് ഹൈസ്കൂളില്‍ പ്രധാന അദ്ധ്യാപകനായും, വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്പെക്ടറായും ഒക്കെ പ്രവര്‍ത്തിച്ചിരുന്ന കാലം എന്‍െറ ഓര്‍മ്മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു. “അക്ബര്‍ പാദുഷയുടെ കൊട്ടാരത്തില്‍ ഒരു ഈച്ചപോലും പറക്കില്ല” എന്ന ചൊല്ലുപോലെ തൂവെള്ള ജുബയും, മുണ്ടും, കിറുകിറെ ശബ്ദമുണ്ടാക്കുന്ന തുകല്‍ ചെരുപ്പം ധരിച്ച് കായംകുളം ഹൈസ്ക്കൂളിന്‍െറ വരാന്തയിലൂടെ നടക്കുമ്പോള്‍, അന്നത്തെക്കാലത്തെ മീശ കുരുത്ത തലമൂത്ത കുട്ടികള്‍ പോലും അഗാധ നിശ്ബ്ദതയിലേക്ക് മടങ്ങുന്നത് ബാലനായിരുന്ന എന്‍െറ മനസ്സില്‍ ഒരു കൊടുങ്കാറ്റ് പൊടുന്നനവെ നിശ്ശബ്ദം ആകുംപോലെയായിരുന്നു !

കാലപ്രവാഹത്തില്‍ ഒഴുകിപ്പോയ ഒരു വൃക്ഷം പോലെ നാമോരുത്തരും ഒഴുക്കില്‍ നാം പലയിടങ്ങളില്‍ ഉറക്കുന്നു. സമാധാനത്തോടെയും ,സന്തോഷത്തോടെയും, നമുക്ക് വസിക്കാന്‍ ഉതകിയ ഭൂമി തന്നെ നമ്മുടെ ജന്മഭൂമി. പണ്ട് നമുക്ക് ഒരു മാതൃഭൂമിയുണ്ടായിരുന്നു. ശുദ്ധമായ ഒരു ഗ്രാമത്തില്‍ ജനിച്ച് എനിക്ക് നഷ്ടപ്പെട്ടുപോയത് ഒരു ഗൃഹാതുരത്വത്തിന്‍െറ നല്ല ഓര്‍മ്മകളാണ്. പമ്പാ നദിയുടെ തീരത്താണ് ഞാന്‍ ജനിച്ചത്. നവോഢയേപ്പോലെ കുണുങ്ങി ഒഴുകിയിരുന്ന സുന്ദരിയും യുവതിയുമായ പമ്പയാണ് എന്‍െറ മനസ് മുഴുവന്‍! എന്നാല്‍ ഇന്ന് പമ്പ ജരാനരകള്‍ ബാധിച്ച വൃദ്ധയാണ്. ഉണങ്ങി വരണ്ട തീരങ്ങള്‍. കലങ്ങി ഒഴുകുന്ന നീര്‍ചാലുകളായി ചുരുങ്ങി അന്ത്യശ്വാസം വലിക്കുന്നുവോ എന്നു തോന്നുന്നു. നദി. ഒഴുക്കില്ലാാത്ത തീരങ്ങളില്‍ കാക്ക പോളകളുടെ നിരാളിപിടുത്തത്തില്‍ നിര്‍ജ്ജീവമായ നദി!

ഇതുപോലൊക്കെ തന്നെ മാറിമാറി വരുന്ന പരിതസ്ഥിതികളില്‍ നമുക്കൊക്കെ ഓര്‍ക്കാന്‍ ഒരു മാതൃദിനവും, പിതൃദിനവും, നമ്മെ പഴയകാല സുന്ദര സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുബോള്‍ വീണ്ടും മനസ്സില്‍ പുതിയൊരു ”നൊസ്റ്റാള്‍ജിയാ”വിടരുന്നു…മാതൃദനത്തിനോ, പിതൃദിനത്തിനോ ഏതാണ് മാഹാത്മ്യകൂടുതല്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാതുപോലെ.”പിതാവില്ലാതെ മാതാവില്ല, മാതാവില്ലാതെ പിതാവില്ല.” ഏതാണ് ആദ്യമുണ്ടായതെന്ന ചോദ്യം പോലെ അത് അനാദിയായി നിലനില്‍ക്കുന്നു. പ്രത്യക്ഷത്തിലല്ലെങ്കില്‍ തന്നെ പരോക്ഷത്തില്‍ ഇവരണ്ടും തുല്യപ്രാധാന്യത്തോടെയല്ലേ നിലനില്‍ക്കുന്നത്.

ഇനിയും എത്രകാലം ഈ ഒഴുക്ക്! അത് അനര്‍ഗളം ഒഴുകി തീരും വരെ. പിതൃദിനവും, മാതൃദിനവും, ഇനിയും നിലനില്‍ലക്കും, മറ്റൊരു രൂപത്തില്‍, ഭാവത്തില്‍. ബന്ധങ്ങള്‍ ശിഥിലവും, ആഴവുമില്ലാത്തതുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥതയും, ഒറ്റപ്പെടലും, എല്ലാ ആചാരാനുഷ്ടാനങ്ങളുടെയും പവിത്രത എടുത്തുകളയുന്നു. എല്ലാമൊരു പ്രഹസനം പോലെ വ്യാവസായികമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ഈ ഒഴുക്കിനെതിരെ ആര്‍ക്കു നീന്താനാകും!

നല്ലൊരു പിതൃദിനത്തിന്‍െറ ആശംസകള്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top