Flash News

ഉപേക്ഷിക്കപ്പെട്ടവര്‍ (മോപ്പസാങ്): പരിഭാഷ – സാറ ദീപ ചെറിയാന്‍

June 27, 2017

upekshikka size“നിനക്കിതെന്തിന്റെ കേടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല” കാഡ്യൂവര്‍ പ്രഭു തന്റെ ഭാര്യയോട് പറഞ്ഞു.

“ഈ വരണ്ട കടല്‍ത്തീരത്ത് വേനല്‍ക്കാലം ചിലവഴിക്കണമെന്നത് നിന്റെ വാശിയായിരുന്നു ഇപ്പോഴിതാ ഈ പൊരിയുന്ന വെയിലത്ത് നടക്കാന്‍ പോകണമത്രേ. വീട്ടിലായിരിക്കുമ്പോള്‍ ഒരടി എടുത്തുവെക്കാന്‍ കൂട്ടാക്കാത്തവളാണെന്നു ഓര്‍ക്കണം, എന്റെ പൊന്നെ ഞാനില്ല, ഈ ഉച്ചക്കിറുക്കിന്. ഇതാ നില്‍ക്കുന്നു നിന്റെ പാദദാസന്‍ ഡി ഏപ്രിവല്‍. വേണമെങ്കിൽ അദ്ദേഹത്തെ കൂട്ടിക്കൊള്ളു. ലഞ്ച്നു മുമ്പ് എനിക്ക് രണ്ടു മണിക്കൂര്‍ ഒന്ന് മയങ്ങണം. ഞാന്‍ മുറിയിലേക്ക് ചെല്ലട്ടെ ”

“താങ്കള്‍ എന്നോടൊപ്പം വരുമോ മോണ്‍സിഞ്ഞോര്‍ ?” പ്രഭ്വി ചോദിച്ചു.

നരച്ച അളകങ്ങളോട് കൂട്ടിയ മധ്യവയസ്സു പിന്നിട്ട ഒരു സുന്ദരിയായിരുന്നു പ്രഭ്വി.

“തീര്‍ച്ചയായും. എവിടേക്ക് വേണമെങ്കിലും വരാം”

പോയ കാലത്തിനു മാത്രം സ്വന്തമായിരുന്ന ആ കുലീനമായ തലയാട്ടലോടെ ഡി ഏപ്രിവല്‍ പ്രഭു പറഞ്ഞു. ഹോട്ടല്‍ ഗേറ്റ് കഴിഞ്ഞു പാതയിലേക്കിറങ്ങിയതും പ്രഭ്വി കരച്ചില്‍ തുടങ്ങി. ഏങ്ങലടികള്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ അവര്‍ ചുണ്ടുകള്‍ അമര്‍ത്തിക്കടിച്ചു.

“ഒടുവില്‍, ഒടുവില്‍ നമ്മളിതാ അവനെ കാണാന്‍ പോകുന്നു, അല്ലെ ഹെന്‍‌റീ?”

അവര്‍ തേങ്ങലിനിടയില്‍ കൂടി പറഞ്ഞു.

“ഇക്കാലമത്രയും ഞാന്‍ പിടിച്ചുനിന്നു. ഇനി ഒരു നിമിഷം പോലും എനിക്ക് സഹിക്കാന്‍ പറ്റില്ല, എനിക്ക് അവനെ കണ്ടേ തീരൂ എനിക്ക് എന്റെ മകനെ ഉമ്മ വെക്കണം.”

“ആ മനുഷ്യന് നമ്മെ പിടികിട്ടിയാല്‍ അതോടെ തീരും സര്‍വ്വതും”

അയാള്‍ പ്രതിവചിച്ചു.

“ആ മനുഷ്യനെന്നോ? സ്വന്തം മകനെ നിങ്ങള്‍ക്ക് എങ്ങനെ ആ മനുഷ്യന്‍ എന്നും മറ്റും പറയാന്‍ കഴിയുന്നു?”

അവര്‍ പൂര്‍വാധികം ശക്തിയില്‍ ഏങ്ങലടിക്കാന്‍ തുടങ്ങി.

“ഒരു കാര്യം ഓര്‍ക്കണം”

സങ്കടം അടക്കിക്കൊണ്ടു പ്രഭു പറഞ്ഞു.

“നീയൊരു ഭര്‍തൃമതിയാണ്, എനിക്കുമുണ്ട് ഭാര്യയും മക്കളും, നമ്മള്‍ സ്വയം മറന്നുകൂടാ.”

റോഡ് വിജനമായിരുന്നു. കടല്‍ക്കരയില്‍ നിന്നും ഗ്രാമത്തിലേക്ക് നീളുന്ന പാതയായിരുന്നു അത്. വേനല്‍ പൊള്ളിച്ച പുല്‍മേട്ടില്‍ ചീവീടുകള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. എങ്ങും ഒരു തണല്‍മരം പോലും ഉണ്ടായിരുന്നില്ല. വെയിലിന്റെ കാഠിന്യം അനുനിമിഷം രൂക്ഷമായികൊണ്ടിരുന്നു.

“നിനക്കു എവിടെയെങ്കിലുമൊന്നു ഇരിക്കണമെന്നുണ്ടോ?”

പ്രഭു ചോദിച്ചു.

എന്നിട്ട് അവരുടെ കൈ പിടിച്ചു അടുത്തുള്ള തോടിനരികിലേക്ക് നടത്തിച്ചു പുല്‍ത്തകിടിയില്‍ പിടിച്ചിരുത്തി.
ക്ഷണികവും തീക്ഷ്ണവുമായിരുന്ന തന്റെ യൗവനത്തെ കുറിച്ച് ഓര്‍ക്കുകയായിരുന്നു പ്രഭ്വി അപ്പോള്‍ .. വളരെ ചെറുപ്പത്തില്‍ തന്നെയായിരുന്നു അവരുടെ വിവാഹം. പക്ഷെ സ്നേഹരഹിതവും വിരസവും ഊഷരവുമായിരുന്നു ദാമ്പത്യം. വിവാഹം കഴിഞ്ഞു അധികം താമസിയാതെത്തന്നെ കഡ്യൂ വര്‍ പ്രഭുവിനു ഒരു ഉയര്‍ന്ന നയതന്ത്രപ്രതിനിധിയായി സ്ഥാനക്കയറ്റം കിട്ടി ഇന്ത്യയിലേക്ക് പോകേണ്ടതയായി വന്നു. അതില്‍ പിന്നീടാണ് ഡി ഏപ്രിവാള്‍ പ്രഭുവുമായുള്ള തന്റെ സൗഹൃദത്തിന്റെ നിറം മാറിയത്. അരികില്‍ നില്‍ക്കുന്ന ഈ വൃദ്ധന്‍ അന്ന് ഒരു സുന്ദരനായ ചെറുപ്പക്കാരന്‍ ആയിരുന്നു. അവന്റെ അന്നത്തെയാ ചിരിയുടെ ഭംഗി ഇപ്പോഴും ഓര്‍മയുണ്ട്. സായാഹ്നങ്ങളില്‍ ഒന്നിച്ചുള്ള സവാരി കഴിഞ്ഞെത്തിയാല്‍ താന്‍ കോണികയറി മുറിയിലെത്തുന്നതുവരെ അവന്‍ ഗേറ്റില്‍ കാവല്‍ നില്‍ക്കുമായിരുന്നു. അതൊരു സന്തോഷമുള്ള കാലമായിരുന്നു. ജീവിതത്തിലെ ആ ചുരുങ്ങിയ കാലത്തേ താന്‍ സന്തോഷമെന്തെന്നു അറിഞ്ഞിട്ടുള്ളു. അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.

പിന്നീടാണ് ദുരന്തങ്ങള്‍ ഓരോന്നായി കടന്നുവന്നത്. ഗര്‍ഭിണിയാണെന്ന തിരിച്ചറിവിന്റെ നടുക്കം ഇന്നും മറന്നിട്ടില്ല. പിന്നെ ഈ കടലോരഗ്രാമത്തിലേക്കുള്ള തിടുക്കം പിടിച്ച യാത്രയും. ഈ കടല്‍ക്കരയിലെ വിജനമായ ഒരു തോട്ടത്തിന്റെ പിന്നറ്റത്തുള്ള ഒരു കൊച്ചുപുരയിലായിരുന്നു അന്ന് തങ്ങള്‍ താമസിച്ചിരുന്നത്. ഏകാന്തവും അശാന്തവുമായ പകലുകളില്‍ താന്‍ ഉദ്യാനത്തിലെ നാരകവൃക്ഷങ്ങളുടെ തണലില്‍ കിടക്കുമായിരുന്നു. പഴുത്തു ചുവന്ന നാരങ്ങകള്‍ ഇലകള്‍ക്കിടയിലൂടെ തെളിഞ്ഞു കാണാം. മതിലിനു പുറത്തു മെഡിറ്ററേനിയന്‍ തിരമാലകളുടെ ശബ്ദഘോഷം. പുറത്തിറങ്ങി കടല്‍ക്കരയിലൂടെ ഓടാനും അകലെ വെയിലില്‍ തിളങ്ങുന്ന നീലമലകളെ കാണാനും അന്നൊക്കെ എത്ര കൊതിച്ചിരുന്നു, പക്ഷെ പുറത്തിറങ്ങാന്‍ ഭയമായിരുന്നു.

പ്രസവവേദന തുടങ്ങിയപ്പോഴും ഇവനന്നു കൂടെത്തന്നെ നിന്നു. ഇടക്കിടെ തന്റെ കൈകള്‍ പിടിച്ചുയര്‍ത്തി ഒരു ഭ്രാന്തനെപ്പോലെ ഉമ്മവെച്ചു. അന്നത്തെയാ ഡോക്ടറുടെ ക്ഷൗരം ചെയ്തു മിനുക്കിയ മുഖം ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെത്തന്നെ വെള്ളത്തലപ്പാവണിഞ്ഞ നേഴ്‌സിന്റെയും. പെറ്റുവീണപ്പോള്‍ മുതല്‍ ആ കുഞ്ഞോമന തന്റെ നെഞ്ചില്‍ പതിഞ്ഞു കിടന്നു. തന്റെ ഉടലിന്റെയും പ്രാണന്റെയും ഭാഗമായ ആ കുഞ്ഞു ജീവകണം. അവനെ തൊടുമ്പോഴൊക്കെയും താന്‍ അന്നുവരെയറിയാത്ത ആനന്ദങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. ഒരു ദിവസം മാത്രം, ഒരേയൊരു ദിവസം മാത്രം അവന്‍ തന്റെ മാറിലെ ചൂടില്‍ മയങ്ങിക്കിടന്നു. പിറ്റെന്നാള്‍ അവനെ അവന്റെയച്ഛന്‍ ആ കര്‍ഷക ദമ്പതിമാര്‍ക്ക് കൈമാറി. ഒപ്പം മോശമല്ലാത്ത ഒരു തുകയും. അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ നാല്പതു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മറ്റൊരു കുഞ്ഞിന്റെ മുഖം കാണാനുള്ള ഭാഗ്യം വിധി തനിക്ക് സമ്മാനിച്ചതുമില്ല. വ്യര്‍ത്ഥാഭിമാനത്തെപ്രതി മാത്രം താന്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ചു. കഷ്ടം. അത്രമാത്രം ത്യാഗം സഹിച്ചു തുടരേണ്ട വിധം ഊഷ്മളമായിരുന്നില്ല തന്റെ ദാമ്പത്യവും. ഇക്കാലത്തിനിടയില്‍ ഒരു നിമിഷം പോലും താന്‍ ആ കുഞ്ഞുമുഖം മറന്നിട്ടില്ല. ഉറങ്ങുന്നതുവരെയും ആ മുഖമായിരിക്കും മനസ്സില്‍. ഉണര്‍ന്നാലോ ആദ്യം ഓര്‍ക്കുന്നതും അവനെ മാത്രം.

“അതില്‍പിന്നെ നിങ്ങള്‍ക്ക് ഒരിക്കല്‍ പോലും അവനെയൊന്നു കാണണമെന്ന് തോന്നിയില്ലേ ഹെന്‍‌റീ?”

വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ചോദിച്ചു. വേദന നിഴലിക്കുന്ന ഒരു നോട്ടം മാത്രമായിരുന്നു അതിനുള്ള മറുപടി.
റോഡ് ഇടത്തോട്ട് തിരിഞ്ഞു ഗ്രാമത്തിലേക്ക് കടന്നു. അടുത്തുള്ള കൊല്ലന്റെ ആലയില്‍നിന്നും തട്ടലും മുട്ടലും കേള്‍ക്കാം.
വഴിയരികില്‍ കുറെ പേര്‍ ചേര്‍ന്നു ഒരു കുതിരയെ പിടിച്ചുകെട്ടി ലാടം തറക്കാനുള്ള ശ്രമത്തിലാണ്.

“ഈ പിയറീ ബെനഡിക്ട് എന്നയാളുടെ വീടു എവിടെയാണ്?”

പ്രഭു അവരോടു ചോദിച്ചു.

“തോട്ടിറമ്പിലൂടെ നേരെ പത്തടി ചെന്നാല്‍ ഒരു സ്പ്രൂസ് ദേവദാരം കാവല്‍ നില്‍ക്കുന്ന പടിപ്പുര കാണാം അത് തന്നെ വീട്.”

അവരിലൊരാൾ പറഞ്ഞു.

കണ്ണീര്‍ തുടച്ചുകൊണ്ട് പ്രഭ്വി അയാളുടെ പുറകെ നടന്നു. ഇനി ഏതാനും നിമിഷങ്ങള്‍ക്കകം തനിക്ക് തന്റെ മകന്റെ ഓമന മുഖം കാണാം.

“ഇനിയും കരയാതിരിക്കൂ പ്ളീസ്. അവര്‍ക്കൊരു സംശയവും വരുത്തിക്കൂടാ. സമചിത്തത പാലിക്കണം.”

പ്രഭു പറഞ്ഞുകൊണ്ടിരുന്നു.

അവര്‍ പടിപ്പുര കടന്നു ഉള്ളില്‍ പ്രവേശിച്ചു. മുറ്റത്തിന്റെ ഇരുവശത്തുമായി ആപ്പിള്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മേച്ചിലോടു പതിച്ച ഒരു നീളന്‍ കര്‍ഷകഭവനമാണത്. പീച്ചു മരചുവട്ടില്‍ കൂട്ടിയിട്ട വീപ്പകള്‍ക്കരികില്‍നിന്ന് ഒരു പട്ടി നിര്‍ത്താതെ കുരക്കാന്‍ തുടങ്ങി. പറമ്പില്‍ പശുക്കള്‍ മേയുന്നുണ്ട്. ഒപ്പം ചിക്കിചിനച്ചു ഒരു കൂട്ടം കോഴികളും. വീടിനോട് ചേര്‍ന്ന് തേന്‍ കൂടുകള്‍ നിരത്തി വെച്ചിട്ടുണ്ട്. കളപ്പുരയും വൈക്കോല്‍ പുരയും തൊഴുത്തും വണ്ടിപ്പുരയുമൊക്കെയായി വേറെയും കുറെ എടുപ്പുകള്‍ പുരക്ക് ചുറ്റുമുണ്ടു. ഒരു സവാരി വണ്ടിയും വളം കൊണ്ടുപോകുന്ന മറ്റൊരു വണ്ടിയും പിന്നെ ഒറ്റക്കുതിരയെ പൂട്ടുന്ന ഒരു ചെറുവണ്ടിയും മരത്തണലുകളില്‍ വിശ്രമിക്കുന്നു. വീടിന്റെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്.

“ഹേ ഇവിടെ ആരുമില്ലേ?”

പ്രഭു ഉറക്കെ വിളിച്ചു ചോദിച്ചു.

ഒരു പെണ്‍കുട്ടി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. മുഷിഞ്ഞ പെറ്റിക്കോട്ടാണ് വേഷം. ഉടല്‍ നീളെ ചെളിയടയാളങ്ങള്‍ കണ്ണുകളില്‍ കുസൃതിയും കൗശലവും.

“നിന്റെ അച്ഛന്‍ എവിടെ?”

“ആര്‍ക്കറിയാം?”

“അമ്മയോ?”

“തൊഴുത്തില്‍ കാണുമായിരിക്കും.”

ഇപ്പറയുന്നതിനിടയില്‍ നടപ്പാതയില്‍ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവളുടെ വലതു കാലിനു ചെറിയ ഒരു മുടന്തുണ്ടെന്നു തോന്നിച്ചു. കൈകളിലെ പാല്‍ നിറച്ച ബക്കറ്റുകള്‍ വെയില്‍ തട്ടി മിന്നിക്കൊണ്ടിരുന്നു. ഒരു വേലക്കാരിക്ക് ചേര്‍ന്ന വേഷവും കോലവുമാണ്. ചൈതന്യമറ്റതും വിലക്ഷണവുമായ കണ്ണുകള്‍. അഹങ്കാരവും അജ്ഞതയും വിളിച്ചോതുന്ന നോട്ടം. വെയിലും മഴയുമേറ്റു കഠിനമായ ഉടല്‍. ആഗതരെ തരിമ്പും ശ്രദ്ധിക്കാതെ അവള്‍ അകത്തേക്കു കയറിപ്പോകാന്‍ ഭാവിച്ചു.

“ഹേ, ഞങ്ങള്‍ വഴി നടന്നു ക്ഷീണിച്ചു. അല്പം പാല്‍ തരാമോ?”

പ്രഭു വിളിച്ചു ചോദിച്ചു.

“ഇവിടെ പുറത്തു വില്‍ക്കാന്‍ മാത്രം പാലില്ല.”

അവള്‍ അലക്ഷ്യമായി തിരിഞ്ഞുനോക്കിക്കൊണ്ടു പറഞ്ഞു.

“പ്ളീസ് മാഡം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.”

അവള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി രണ്ടു കസേരകള്‍ കൊണ്ട് വന്നു മരച്ചുവട്ടില്‍ ഇട്ടു. ഇരുവരും അതിലിരുന്നു. താമസിയാതെ വലിയ രണ്ടു മഗ്ഗുകളില്‍ നുരയുന്ന പാലുമായി ആ സ്ത്രീ കടന്നുവന്നു.

“നിങ്ങള്‍ വേനല്‍ക്കാലത്തു ഫീകോംപ് ല്‍ എത്തിയ സന്ദര്‍ശകരാണോ ?”

“അതെ ”

പ്രഭു തുടർന്നു

“നിങ്ങളിവിടെ കോഴികളെ വില്‍ക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ വാങ്ങിക്കോളാം.”

“നിങ്ങള്‍ ഇപ്പോള്‍ എന്ത് വിലക്കാണ് വാങ്ങുന്നത്?”

“നാല് ഫ്രാങ്ക് ചിലപ്പോള്‍ നാലര ഫ്രാങ്ക്”

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് പ്രഭ്വി പറഞ്ഞു.

“എന്ത് പറ്റിയിവര്‍ക്ക്? കരയുന്നതെന്തിന്? സുഖമില്ലേ?”

അവള്‍ സംശയപൂര്‍വം ഇരുവരെയും മാറിമാറി നോക്കികൊണ്ട്‌ ചോദിച്ചു.

“അവരുടെ വിലയേറിയ ഒരു സ്വര്‍ണവാച്ച് വഴിയിലെവിടെയോ വീണുപോയി.”

തെല്ലൊരു വെപ്രാളത്തോടെ പ്രഭു പറഞ്ഞു.

“നിങ്ങളുടെ ഭര്‍ത്താവു മിസ്റ്റര്‍ പിയറി ബെനഡിക്ട് എപ്പോഴാണ് വരിക ?”

“ആ പേര് നിങ്ങള്‍ക്കെവിടെനിന്നു കിട്ടി?”

പൂര്‍വാധികം ശങ്കയോടേയും അരിശത്തോടെയും അവള്‍ ചോദിച്ചു.

“വഴിയിലെ കൊല്ലന്റെ ആലയിലുള്ള ഒരാള്‍ പറഞ്ഞതാണ്.”

പ്രഭു അമ്പരപ്പോടെ പറഞ്ഞു.

“അതാ ആള്‍ വരുന്നുണ്ട്”

അവള്‍ നടപ്പാതയിലേക്ക് നോക്കിക്കൊണ്ട്‌ പെട്ടന്ന് പറഞ്ഞു.

പത്തുവാരയകലത്തായി ഒരു തടിച്ചി പശുവിനെ കയറില്‍ക്കെട്ടി വലിച്ചുകൊണ്ടു ഒരാള്‍ ശ്രമപ്പെട്ടു നടന്നു വരുന്നുണ്ടായിരുന്നു. അദ്ധ്വാനഭാരത്താല്‍ അയാള്‍ കിതക്കുന്നുണ്ട്. അയാളുടെ നടുവ് ഒടിഞ്ഞതുപോലെ മടങ്ങിപ്പോയിരുന്നു.

“പണ്ടാരമടങ്ങാന്‍ ഈ നശിച്ച ജന്തു”

കിതപ്പിനിടയില്‍ അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു.

ആരെയും ശ്രദ്ധിക്കാതെ അയാള്‍ ആ പശുവിനെയും വലിച്ചുകൊണ്ടു തൊഴുത്തിനുള്ളിലേക്ക് കയറിപ്പോയി.
ഇരുവരും സ്തബ്ധരായി തൊഴുത്തിന്റെ നേര്‍ക്ക് നോക്കികൊണ്ട്‌ നിന്നു. തുറന്നുകിടക്കുന്ന ഒരു വാതിലല്ലാതെ മറ്റൊന്നും അവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പുറത്തുവന്നു.

“എനിക്ക് ഒരു പാത്രം സൈഡര്‍ കൊണ്ടുവരൂ.”

വീടിന്റെ മുന്‍വാതിലിന്റെ നേര്‍ക്ക് നടക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു “വല്ലാത്ത ദാഹം.”

“ഇതാ ഇപ്പോള്‍ തരാം”

അവളും അയാളുടെ പുറകെ ഉള്ളിലേക്ക് കയറിപ്പോയി.

“പോകാം”

വിളറി ചാരം നിറം പൂണ്ട മുഖത്തോടെ പ്രഭ്വി എഴുന്നേറ്റു.

അവര്‍ ബോധരഹിതയായി വീഴുമോ എന്ന് പ്രഭു പേടിച്ചു.

ഒരു അഞ്ചു ഫ്രാങ്ക് നാണ്യം കസേരയില്‍ വെച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റു. പിന്നെ പ്രഭ്വിയുടെ കൈ പിടിച്ചുകൊണ്ട് പടിപ്പുര കടന്നു റോഡിലെത്തി..പ്രഭ്വി കരയാന്‍ തുടങ്ങിയിരുന്നു.

“നിങ്ങളെന്റെ മകനെ എന്താണ് ചെയ്തത് ”

തേങ്ങലിനിടയില്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

“എന്റെ പൊന്നു മകന്‍ എന്റെ പൊന്നു മകന്‍”

ഭ്രാന്ത് പിടിച്ചത് പോലെ അവര്‍ പുലമ്പി.

“ഞാനവനെ സംരക്ഷിച്ചു”

വിഷാദഭരിതമായ ഒരു സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.

“ഇന്നവന് ഏതാണ്ട് 80000 ഫ്രാങ്കിന്റെ മുതലുണ്ട്. ഒരിടത്തരം ഭൂപ്രഭുവിനു ചേര്‍ന്ന സ്വത്ത്.”

ഹോട്ടലില്‍ എത്തുവോളം പ്രഭ്വി കരഞ്ഞുകൊണ്ടിരുന്നു, ലോബിയില്‍ കാഡ്യൂവര്‍ പ്രഭു അവരെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു.

“വേഗം വരൂ, ഞാന്‍ ലഞ്ച് ഓര്‍ഡര്‍ ചെയ്യാന്‍ പോകുന്നു. ആട്ടെ എങ്ങനെയുണ്ടായിരുന്നു നടത്തം ?

“വെയിലുകൊണ്ടു വേണ്ടത്ര കരിവാളിച്ചില്ലേ?”

“നടത്തം ഒന്നാം തരമായിരുന്നു.”

ഒരടഞ്ഞ ശബ്ദത്തില്‍ പ്രഭ്വി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top