Flash News

ദിലീപിനെതിരെ സം‌വിധായകന്‍ ലാല്‍; അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്ന്

June 27, 2017

LAL-830x412ആക്രമിക്കപ്പെട്ട നടിക്ക് കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നു എന്ന നടന്‍ ദിലീപിന്റെ വാദം തള്ളി നടനും സംവിധായകനുമായ ലാല്‍. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചത്.

ആക്രമിക്കപ്പെട്ട നടിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് താന്‍ ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റിദ്ധാരണ മൂലമാവാം ദിലീപ് അങ്ങിനെ പറഞ്ഞത്. ഇക്കാര്യം ഞാന്‍ സലീം കുമാറിനോട് പറഞ്ഞിട്ടുണ്ട്. സുനിക്ക് നടിയുമായി അടുത്ത ബന്ധമൊന്നുമില്ല. ഹണീബിയുടെ ഷൂട്ടിങ് സമയത്ത് സുനി ഗോവയിലെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഈയൊരു മാസത്തെ പരിചയം മാത്രമാണ് അവര്‍ തമ്മിലുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല – ലാല്‍ പറഞ്ഞു.

ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹണിബീയുടെ ഡബ്ബിങ്ങിനിടെയാണ് നടി കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവത്തിനുശേഷം നടി ആദ്യം ചെന്നത് കൊച്ചിയിലെ ലാലിന്റെ വീട്ടിലേയ്ക്കാണ്. ലാലാണ് മറ്റുള്ളവരെ വിവരം അറിയിച്ചതും പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതും.

തന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകന്‍ ലാലിന്റെ നിലപാട്. ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ സുഹൃത്തുക്കളോട് പറഞ്ഞു.

dileep1_InPixioഎനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. ഇപ്പോള്‍ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. നടിക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ പറയുന്നു. ഇതോടെ സിനിമയില്‍ ദിലീപ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഉണ്ടാകുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ഇതാദ്യമായി ഇന്ന് കൊച്ചിയില്‍ അമ്മയുടെ യോഗം ചേരാനിരിക്കെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരി രൂപപ്പെട്ടിരുന്നു. ദിലീപിനെ അനുകൂലിച്ച് ചിലര്‍ രംഗത്ത് വന്നിരിക്കുമ്‌ബോള്‍ എതിര്‍ക്കുന്നവര്‍ മൗനം പാലിച്ച് അത് പ്രകടമാക്കാതിരിക്കുകയാണെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന ഉടന്‍ തന്നെ നടിക്ക് പിന്തുണ നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപും സംബന്ധിച്ചിരുന്നു. അന്ന് നടിക്ക് അനുകൂലമായാണ് ദിലീപ് സംസാരിച്ചത്. സംഭവത്തില്‍ നടുക്കവും രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പുതിയ പ്രസ്താവന ചര്‍ച്ചയാകുന്നത്. ദിലീപിനെ പിന്തുണച്ച പലരും ഇതോടെ മലക്കം മറിയുകായണ്.

bhavana-suni-830x412പള്‍സര്‍ സുനി എഴുതിയ കത്തിനേപ്പറ്റിയും ഫോണ്‍കോളിനേപ്പറ്റിയുമുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്‌ബോഴാണ് ഇരുവരും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താന്‍ ഒരിക്കലും ഇത്തരം ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ വളരെ ശ്രദ്ധിക്കുന്നയാളാണ്. പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുള്ള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല ദിലീപ് പറഞ്ഞു.

തന്റെ ഇമേജ് തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കരിവാരിത്തേയ്ക്കാന്‍ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്‍ഡസ്ട്രിയിലെ ഒരുപാട് പേര്‍ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താന്‍ ഇല്ലാതായാല്‍ അനവധി പേരെ അതു ബാധിക്കും. ആര്‍ക്കെങ്കിലും തന്നോടു പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തി മാറി നില്‍ക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതില്‍ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ ഏറ്റു പറയും. തേജോവധം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top