Flash News

നടിയെ ആക്രമിച്ച കേസ്; അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യുന്നതോടൊപ്പം കാവ്യാ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യും

July 3, 2017

dileeനടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. പൊലീസിന് ലഭിച്ച പുതിയ തെളിവുകളുടെ കൂടി പിന്‍ബലത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കാവ്യാ മാധവന്റെ അമ്മയെയും ഇതിനൊപ്പം ചോദ്യം ചെയ്യും. പള്‍സര്‍ സുനിയെ ജയിലിലേക്ക് നാദിര്‍ഷ വിളിച്ചതായും സുനി തിരിച്ചുവിളിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. ഈ ഫോണ്‍ ദിലീപാണ് ഉപയോഗിച്ചതെന്നാണ് അപ്പുണ്ണി പൊലീസിന് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി. ആവശ്യമായി വന്നാല്‍ കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

പുതുതായ ചില ശാസ്ത്രീയ തെളിവുകളും രേഖകളും കൂടി ലഭിച്ച സാഹചര്യത്തിലാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്ന് സിസി ടിവി ഫുട്ടേജുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് പുറമേ കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ കണ്ടെത്താനാണ് കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ലോക്നാഥ് ബെഹ്റ രാവിലെ നല്‍കിയത്. പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്.

ജയിലില്‍ വച്ച് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ട്. പള്‍സര്‍ സുനിയുടെ ഡോകോമോ നമ്പരിലേക്ക് നാദിര്‍ഷ വിളിച്ച കോള്‍ എട്ട് മിനുട്ട് നീണ്ടിരുന്നു. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ദിവസം വരെയുള്ള ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ആദ്യഘട്ട ചോദ്യം ചെയ്യല്‍ നടന്ന ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനോടും നാദിര്‍ഷയോടും കാവ്യയുടെ അമ്മയോടും ഇന്ന് ഉച്ച കഴിഞ്ഞ് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കാവ്യയുടെ അമ്മ പ്രതി സുനില്‍കുമാറിന് രണ്ട് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

കൃത്യം നടന്നതിന് ശേഷം പള്‍സര്‍ സുനിക്കും പ്രതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്ണികളെ കൂടി കണ്ടെത്തുന്നതിലേക്കാണ് അവസാന ഘട്ട അന്വേഷണം നീങ്ങുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. എഡിജിപി ബി സന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ച് മണിക്കൂര്‍ കൂടി ഇരുവരെയും ചോദ്യം ചെയ്യേണ്ടിയിരുന്നുവെന്നും എന്നാല്‍ തലസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top