Flash News

വാക്കിന്റെ കാട്ടില്‍ ഉള്‍ക്കാഴ്ചയോടെ (വായനാനുഭവം)

July 9, 2017 , ഫൈസൽ ബാവ, അബുദാബി

vakinte banner size

“വാക്സ്ഥലി” (അതിജീവനത്തിന്റെ പുസ്തകം) ബിന്ദു സന്തോഷ്

“നിഴലുകള്‍
ഉണ്ടാക്കിയെടുത്ത വെയ്ക്കുക
സന്ദര്‍ശകരില്ലാത്ത
ദുരിതനാളുകളില്‍ ഉപകരിച്ചേക്കും”

വാക്കുകളുടെ കാട്ടിലൂടെ സഞ്ചരിച്ച ബിന്ദു അകക്കണ്ണിലൂടെ കണ്ടെടുത്ത കാഴ്ച്ചകള്‍ നിറച്ച ഈ അതിജീവനത്തിന്റെ പുസ്തകത്തിന് കണ്ണിന്റെ കൃഷ്ണമണിയേക്കാള്‍ തിളക്കമാണ്, ഇരുട്ട് കുടിച്ച്, ഇരുട്ട് ശ്വസിച്ചു വരച്ചുവെച്ച ഈ ചിത്രങ്ങളുടെ വെളിച്ചത്തനേര്‍ത്തൊരു വെളിച്ചം, ജീവനുള്ള അക്ഷരങ്ങള്‍ നമുക്ക് ചുറ്റും കൂടിയ പ്രതീതി ഓരോ അക്ഷരങ്ങള്‍ ഒരായിരം കഥകള്‍ പറഞ്ഞു തന്നു നമ്മെ വീര്‍പ്പു മുട്ടിക്കുന്നു. ഇരുട്ടിന്റെ മാസ്മരികത തിരിച്ചറിയാന്‍ നമ്മുടെ ഈ കാഴച്ചകള്‍ക്കാവുന്നില്ല, എന്നാല്‍ ബിന്ദു കവിതകളിലൂടെ വരച്ചിടുന്ന ചിത്രങ്ങള്‍ക്ക് അത്തരം പരിധികള്‍ ഇല്ല. പരിധികള്‍ക്കപ്പുറം സഞ്ചരിക്കാന്‍ ബിന്ദുവിനാകുന്നു.

vakk1“കരച്ചിലിനൊപ്പം
ഒലിച്ചുപോയ കൃഷ്ണമണി
തിരയുകയാണ് ഞാന്‍
മഷിയുടഞ്ഞ്
ഏതു കടലിലായിരിക്കുമിപ്പോള്‍”

എന്ന് ബിന്ദു എഴുതുമ്പോള്‍ അകക്കണ്ണിനാല്‍ വരച്ചെടുത്ത ചിത്രത്തില്‍ താനനുഭവിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്ന ഇരുട്ടിന്റെ വേദനയുടെ മേല്‍വിലാസം ഒട്ടിച്ചു വെച്ചിരിക്കുന്നു. പ്രതീക്ഷ കൈവിടാതെ ബിന്ദു പറയുന്നു …

“നിഴലുകള്‍
ഉണ്ടാക്കിയെടുത്ത വെയ്ക്കുക
സന്ദര്‍ശകരില്ലാത്ത
ദുരിത നാളുകളില്‍
ഉപകരിച്ചേക്കും”

ഉള്ളില്‍ നിറഞ്ഞ സ്നേഹം തുളുമ്പി വാക്കിന്റെ കാടുകള്‍ നനയ്ക്കാന്‍ ബിന്ദുവിന് ആകുന്നു. ജീവിതത്തിന്റെ മരവിപ്പ് ഇരുട്ടില്‍ പൊതിഞ്ഞ അക്ഷമാക്കിയപ്പോള്‍ ഓരോ അക്ഷരവും ഓരോ മിന്നാമിനുങ്ങുകളായ് വെളിച്ചം വിതറി പാറി നടക്കുന്നത് നമുക്ക് കാണാനാനും. സഹതാപത്തിന്റെ ഒരു മഴയിലും നില്‍ക്കാനിഷ്ടപ്പെടാത്ത ബിന്ദു വാക്കുകള്‍ കൊണ്ട് അക്ഷര ഗോപുരം തീര്‍ക്കുന്നു. ജീവിത മരവിപ്പിന്റെ ഇരുട്ടില്‍ നിന്നും വിശാലമായ ഒരു ലോകത്തിന്റെ മാനവികതയുടെ ഏകീകരണത്തിന്റെ സ്നേഹത്തിന്റെ ഒരു പുതുലോകം തുറക്കാന്‍ ശ്രമിക്കുകയാണ് ബിന്ദു പാന്‍ഗിയ എന്ന കവിതയില്‍ “പഴയ രാജ്യങ്ങളൊക്കെയും മറന്ന്, മുറതെറ്റിയ അഴകുഴമ്പന്‍ ഭൂപടങ്ങളാണ് എന്റെ ഭൂമി ശാസ്ത്രത്തില്‍” ലോകത്തെ മുഴുവന്‍ തന്റെ അകക്കണ്ണിലൂടെ കാണുന്നുണ്ട്. ഒന്നായ ഒരു ഭൂമികളുടെ അതിര്‍ത്തികളിലാത്ത ഭൂപടം തേടി അലയുകയാണ് ബിന്ദു. ഒരിക്കലും തിരിച്ചുവരാത്ത തുണ്ടുതുണ്ടുകളായ പാന്‍ഗിയയും കീറിയ ചെലപ്പോള്‍ പലതായി മാറിയ പന്തലാസയും ആ മനസില്‍ തിരയിളക്കുന്നു ഈ കവിതയിലൂടെ.

“പ്രണയം ഒന്നാം പാദത്തില്‍ കൃത്യതയുള്ള ഘടികാരം ഓരോ നിമിഷവും സ്പന്ദിക്കും” എന്ന് തുടങ്ങുന്ന ദൈര്‍ഘ്യം എന്ന കവിതയില്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യം എഴുതി വെക്കുന്നു “ദൈവത്തിനാണെ മുപ്പത് നാള്‍ക്കകം പ്രണയം ചത്ത് തുലയും” എന്ന് അവസാനിക്കുമ്പോള്‍ പ്രണയത്തിന്റെ എല്ലാ രേഖകളിലൂടെയും കയറിയിറങ്ങി ജീവിതമെന്ന പ്രായോഗികതയയില്‍ പ്രണയം ഇല്ലാതാകുമെന്ന് യാഥാര്‍ഥ്യം മറച്ചുവെക്കുന്നില്ല.

“കടലിത്ര കടന്നിട്ടും
തിരായറിയാ മത്സ്യം
വഴിയിത്ര പറന്നിട്ടും
വാനാറിയാ പറവ
മണ്ണിത്രയളന്നിട്ടും
ദിക്കറിയാപഥികന്‍
ഒപ്പം നീന്തിയിട്ടും
ഒരുമിച്ച് പറന്നിട്ടും
തോള്‍ ചേര്‍ന്ന്
ദൂരങ്ങള്‍ അളന്നിട്ടും
നാമറിയാതെ പോയ് നമ്മളും”.

(ഗ്രാഹ്യം) കവിതയിലൂടെ അന്വേഷിക്കുന്ന അടുപ്പമെത്രയകലെയാണ്. വാക്കുകളില്‍ നിന്നും വാക്കുകളിലേക്ക് പറക്കുമ്പോള്‍ മണ്ണും വിണ്ണും കടലും ആകാശവും ഒന്നാകുന്നു, ഏതൊരാളും അവന്‍ അല്ലെങ്കില്‍ അവള്‍ ഒറ്റക്ക് സഞ്ചരിക്കുന്നുണ്ട്. അകക്കണ്ണിൽ നിറയുന്ന കാഴ്ചയും ബോധമനസിനപ്പുറം തീര്‍ത്ത ലോകവും അവിടെ ഒരു ഗ്രഹം പോലെ ജ്വലിക്കുന്നുണ്ട്. അതിലേക്ക് നടന്നടുക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. കൈ നീട്ടുമ്പോള്‍ ഒരു സ്നേഹ സ്പര്‍ശം പ്രതീക്ഷിച്ചുകൊണ്ട് ആരെയാണ് നാം എപ്പഴും തിരയുന്നത്?

“ചങ്ങാതി നന്നല്ലാത്ത നാളുകളില്‍ ഞാനെന്റെ കണ്ണാടി കളയാതെ സൂക്ഷിച്ചുവെച്ച, ചങ്ങാതി നന്നായപ്പോള്‍ എനിക്ക് കൂടുതല്‍ തെളിച്ചമുള്ള മറ്റൊരെണ്ണം വാങ്ങേണ്ടിവന്നു” കുറഞ്ഞ വരിയില്‍ വലിയ യാഥാര്‍ഥ്യങ്ങള്‍ പറയുക മാത്രമല്ല അനുഭവിപ്പിക്ക കൂടിയാകുന്നു. കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട എന്ന പഴഞ്ചൊല്ല് കേട്ട് ശീലിച്ചവരില്‍ മറ്റൊരു അനുഭവത്തിന്റെ നേര്‍രേഖ വരക്കുകയാണ്. കാഴ്‌ചക്കപ്പുറത്തെ ആഴമേറിയ ജീവിതത്തിന്റെ വിശാല ലോകത്ത് വാക്കിന്റെ കാടുകള്‍ ഉണ്ടാക്കുകയാണ് ഇവിടെ, ജീവിത യാഥാര്‍ഥ്യങ്ങളെ തന്നെ മറ്റാരും കാണാനിടയില്ലാത്ത ഇരുട്ടില്‍ മാത്രം വരക്കപ്പെട്ട കറുത്ത രേഖകളാല്‍ ഉള്ള നേര്‍ത്ത ചിത്രങ്ങള്‍ ആ അകക്കണ്ണില്‍ പതിയുന്നു, സൂക്ഷ്മമായ ഈ നോട്ടം കാഴ്ചയെന്ന പരിധിക്കപ്പുറം കടക്കുന്നു.

വാക്കുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ വാക്കുകള്‍ തന്നെ തന്നോട് ചോദിക്കുന്നു “എങ്ങനെ നീ എന്നെ കണ്ടെത്തിയെന്ന്”. കളഞ്ഞു കിട്ടിയ വാക്കുകളും ഇരുട്ടില്‍ ഒളിപ്പിച്ചുവെച്ച വാക്കുകളും ഖനനം ചെയ്‌തതാണ് കവിതകള്‍ തീര്‍ക്കുന്നത്. തിരിച്ചറിയാതെ പോയ വാക്കുകള്‍ തിരഞ്ഞുകൊണ്ടാണ് അന്വേഷണം തുടരുന്നത്. വാക്കുകളുടെ ഈ അന്വേഷണം ചവപ്പശയായ് ജീവിതം തിന്നുന്നുവെന്ന് ബിന്ദു പറയുന്നു.

“ഇളം മധുരത്തില്‍
പെപ്പര്‍മിന്റ് സുഖത്തില്‍
പൊതിയഴിച്ച് വായിലിട്ട
ച്യൂയിഗം കണക്കെ ജീവിതം
വായ നീളെ തെന്നി തെന്നി തെന്നി”

(ചവപ്പശ) ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും ചുണ്ടിലോട്ടാമെന്നും ചവപ്പശയായി പരിണമിക്കാമെന്നും പറയാതെ പറയുന്നു. കുറച്ചു വാക്കുകളില്‍ തന്നെ തീര്‍ത്ത വിശാലമായ തലം ജീവിതത്തെ തുറന്നു വെച്ച് വാക്കിലൂടെ അതിന്റെ രുചിയറിയുകാണ്, ഒറ്റ തുപ്പില്‍ കളയാവുന്ന ഒന്നല്ല ജീവിതമെന്ന സത്യം. ഈ വാക്കിന്റെ കാട്ടില്‍ അലയുമ്പോള്‍ ജീവിതത്തിന്റെ ചൂരും ചൂടും വേദനയും സന്തോഷവും ഇരുട്ടും വെളിച്ചവും തിരിച്ചറിയാന്‍ ആകുന്നു. വാക്കുകള്‍ കൊണ്ടാണ് കാടുണ്ടാക്കിയത് എങ്കിലും അതില്‍ പച്ചപ്പിന്റെ തുരുത്തുകള്‍ ധാരാളം ഉണ്ട്. ഏതു തുരുത്തിലും നാം ചെന്ന്ചേരും ഓരോ തുരുത്തും പുതു അനുഭവങ്ങള്‍ നിറയ്ക്കും. വരൂ നമുക്ക് വാക്സ്ഥലിയിലേക്ക് നടന്നു നീങ്ങാം, അതിജീവനത്തിന്റെ കഥ പറയാനുള്ള ഈ പുസ്തകം ഇരുട്ടിനെ വകഞ്ഞു മാറ്റി നടന്ന ഒരു ഹെലന്‍ കെല്ലറെ നമുക്ക് കണ്ടെത്താനാകും. ദൈവം ഒരു വാതില്‍ അടയ്ക്കുമ്പോള്‍ മറ്റൊരു വാതില്‍ തുറന്നിടുന്നുണ്ട്, തുറന്നിട്ട വാതിലുകളിലൂടെ അപ്പോഴും ഏതൊരു ഇരുട്ടിലും അകക്കണ്ണിന്റെ വെട്ടത്തില്‍ ബിന്ദു പറഞ്ഞുകൊണ്ടിരിക്കും.

“എങ്കിലും
ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും
എന്റെ ഇച്ഛാശക്തിയുടെ ആഴങ്ങള്‍
വറ്റുന്നതുവരെ,
എന്റെ നേരമ്പോക്കുകള്‍
അവസാനിക്കുന്നത് വരെ…”
—-

കാരുണ്യത്തിന്റെ ഒത്തുചേരലില്‍ ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഏറെ ബിദ്ധിമുട്ട് അനുഭവിക്കുന്ന ബിന്ദു സന്തോഷിനെ സഹായിക്കാന്‍ തയ്യാറായി അക്ഷരക്കൂട്ടവും സുഹൃത്തുക്കളും മുന്നോട്ട് വന്നപ്പോള്‍ അതൊരു കാരുണ്യത്തിന്റെ സദസ്സായി മാറി എന്നത് അക്ഷരത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

vakk2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top