കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപുമൊത്ത് കൊച്ചിയിലും തെളിവെടുപ്പ്. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഈ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയിലാണ് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാല്‍ താരത്തെ പൊലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ ‘വരവേറ്റത്’. ആള്‍ക്കൂട്ടത്തില്‍ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി.
2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ‘സിഫ്റ്റ്’ ജംക്ഷന്, നവംബര്‍ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. ‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13നു തൃശൂര്‍ ടെന്നിസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവന് വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.
നേരത്തെ, ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കസ്റ്റഡി കാലാവധി തീര്‍ന്നശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചത്. വെള്ളിയാഴ്ച 11 വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി. അതിനിടെ, നാദിര്‍ഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
നേരത്തെ, ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി.
ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചെറിയ സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply