Flash News

ഏഴു വര്‍ഷം മുന്‍പ് ശിക്കാര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ മരണപ്പെട്ട നടന്‍ ശ്രീനാഥിന്റെ കേസ് ഫയല്‍ കാണാനില്ലെന്ന് കോതമംഗലം പോലീസ്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍

July 14, 2017

Sreenath (5)_InPixioകൊച്ചി: നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് കാണാതായി. ഏഴുവര്‍ഷംമുമ്പായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം. ഇതിന്റെ വിവരങ്ങള്‍തേടി ഒരുമാസംമുമ്പ് വിവരാവകാശം നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നല്‍കി. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെയാണ് ശ്രീനാഥിന്റെ മരണവും ചര്‍ച്ചയാകുന്നത്. താര സംഘടനയില്‍ അംഗമാകണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം. അതില്ലെങ്കില്‍ വിലക്കും. ശ്രീനാഥിന്റെ മരണത്തിലും ഇത് പ്രധാന വില്ലനായിരുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

2010 മെയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു ശ്രീനാഥ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു.

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോണ്‍ സംഭാഷണത്തില്‍ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. ‘മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അങ്ങനെ ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ശ്രീനാഥിന്റെ മരണം ‘ശിക്കാര്‍’ സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ വീട്ടില്‍ ആരും വന്നില്ല’, ഇതായിരുന്നു അന്ന് ലത പറഞ്ഞത്.

‘ശിക്കാര്‍’ എന്ന സിനിമയില്‍ ലാലിന്റെ സുഹൃത്തായ ചായക്കടക്കാരന്റെ വേഷമായിരുന്നു ശ്രീനാഥിന് ആദ്യം നല്‍കിയത്. നാല്‍പ്പതോളം സീനുകളില്‍ ശ്രീനാഥിന്റെ കഥാപാത്രം വരുന്നുണ്ട്. ഇതിനായി 40 ദിവസത്തെ ഡേറ്റാണ് ശ്രീനാഥില്‍ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ലാലു അലക്‌സ്. ഈ വേഷത്തിലെത്തി. സിനിമയിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരസംഘടനയായ ‘അമ്മ’യില്‍ അംഗമല്ലാത്ത ശ്രീനാഥിനെ അനുവദിക്കില്ലെന്ന് ഒരു ‘അമ്മ’ ഭാരവാഹി പറഞ്ഞതായും തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതായും ശ്രീനാഥിന്റെ സഹോദരന്‍ സത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ സമ്മര്‍ദ്ദം മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുമുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ശ്രീനാഥ് ഹോട്ടലില്‍ താമസിക്കുന്നതിന്റെ ബില്ല് നല്‍കില്ലെന്നും അദ്ദേഹം പുറത്തിറങ്ങാന്‍ വിസമ്മതിച്ചാല്‍ ബാഗുകളും മറ്റ് സാധനങ്ങളും എടുത്ത് പുറത്തേക്കിട്ടുകൊള്ളാനും ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നതായും സത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്റെ സംസ്‌കാരം നടക്കുന്ന സമയത്തും ശിക്കാര്‍ സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തിലും ഒന്നും സംഭവിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top