Flash News

മൂന്നു പതിറ്റാണ്ടു മുന്‍പ് 360 രൂപ മോഷ്ടിച്ച കുറ്റത്തിന് രണ്ടു പ്രതികള്‍ക്ക് 5 വര്‍ഷം വീതം തടവും പിഴയും

July 19, 2017

6a25052bdf3d2c41044564c4f1a4bd2e (1)ബറേലി: 29 വര്‍ഷം മുന്‍പ് 360 രൂപ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷല്‍ ജില്ലാ കോടതിയാണ് പെറ്റിക്കേസില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം നീതി നടപ്പാക്കി വാര്‍ത്ത സൃഷ്ടിച്ചത്.

1988 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാജിദ് ഹുസൈന്‍ എന്നയാളാണ് കേസിലെ പരാതിക്കാരാന്‍. ഷാജഹാന്‍പുറില്‍ നിന്ന് പഞ്ചാബിലേക്ക് ജോലി അന്വേഷിച്ചു ട്രെയിനില്‍ പോകുകയായിരുന്ന വാജിദ് ഹുസൈനെ ചന്ദ്ര പാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് പോക്കറ്റടിച്ചെന്നാണ് കേസ്.

ട്രെയിന്‍ യാത്രയ്ക്കിടെ വാജിദിനോട് സൗഹൃദപൂര്‍വ്വം അടുത്ത മൂവര്‍സംഘം ഇയാള്‍ക്ക് ചായയില്‍ ലഹരിമരുന്ന് കലക്കി കൊടുത്ത് ബോധരഹിതനാക്കിയ ശേഷം പോക്കറ്റിലുണ്ടായിരുന്ന 360 രൂപ കൈക്കലാക്കുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് പ്രതികളെ പിടികൂടി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചെങ്കിലും പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോയതോടെ വിചാരണ തടസ്സപ്പെട്ടു. പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004ലാണ് ചന്ദ്രപാല്‍ മരിച്ചു പോയ വിവരം കോടതി അറിയുന്നത്. ഇതോടെ അവശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണയാരംഭിച്ചു.

2012ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. എന്തായാലും അനന്തമായി നീണ്ട കോടതി നടപടികള്‍ ഒടുക്കം പൂര്‍ത്തിയാക്കി കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു… അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും. സംഭവം നടക്കുമ്പോള്‍ 30കാരനായിരുന്ന വാജിദ് ഹുസൈന് ഇപ്പോള്‍ 59 വയസ്സാണ് പ്രായം. കനയ്യയും സര്‍വേശും അറുപതുകളിലും. ഉത്തര്‍പ്രദേശിലെ ഹരോദിയില്‍ താമസിക്കുന്ന ഇരുവര്‍ക്കും മുതിര്‍ന്ന മക്കളും പേരക്കുട്ടികളുമൊക്കെയായി.

തങ്ങള്‍ ചെയ്തത് വലിയ തെറ്റാണെന്ന് സമ്മതിക്കുന്ന സര്‍വേശും കനയ്യയും അത് ചെറുപ്പത്തിന്റെ അറിവില്ലായ്മ കൊണ്ടു ചെയ്തു പോയതാണെന്നാണ് പറയുന്നത്. ഇപ്പോള്‍ കിട്ടിയ ജയില്‍ ശിക്ഷയല്ല വിചാരണയുടെ പേരില്‍ ഇത്രകാലം കേസിന്റെ പിറകില്‍ നടക്കേണ്ടി വന്നതാണ് യഥാര്‍ത്ഥ ശിക്ഷയെന്നും അഞ്ച് വര്‍ഷം തടവ് കിട്ടിയെങ്കിലും കേസ് തീര്‍ന്നു കിട്ടിയതാണ് ഏറ്റവും വലിയ ആശ്വസമെന്നും ഈ പഴയ കള്ളന്‍മാര്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top