Flash News

ദിലീപ് കുറ്റക്കാരനോ ? വിധിക്കു മുമ്പ് ജനവിധി

July 19, 2017 , വാസുദേവ് പുളിക്കല്‍

dileep sizeസദാചാരമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ലക്ഷണമാണ് കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡന സംഭവങ്ങള്‍. ഒരു വിഭാഗം ജനങ്ങളുടെ സാംസ്‌കാരികാധഃപതനം നമ്മുടെ നാടിന്റെ തേജോമയമായ മുഖത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ ദേവതയായാണ് എന്ന ഭാരതീയ സങ്കല്‍പവും നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വവും അസ്തമിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ പരസ്യമായി അപഹസിക്കപ്പെടുന്നു. ഭാരതീയ സംസ്‌കാരത്തില്‍ സ്തീകള്‍ക്ക് നല്‍കിയിരുന്ന സുരക്ഷിതത്വവും അവരോട് സമൂഹം കാണിച്ചിരുന്ന ആദരവും മണ്‍മറഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തം മക്കളെപ്പോലും ലൈംഗികമായി പീഡിപ്പിക്കാന്‍ മടിക്കാത്ത കാപാലികന്മാരും സമൂഹത്തിന് നിത്യശാപമാണ്.

Picture 2017ഈയ്യിടെ പ്രശസ്ത നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും അതിനെത്തുടര്‍ുന്നുണ്ടായ സൂപ്പര്‍ സ്റ്റാറിന്റെ അറസ്റ്റും കേരളത്തില്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്താമാധ്യമങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നതുകൊണ്ട് ആര്‍ക്കും അവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല എന്ന് സൂപ്പര്‍സ്റ്റാറിന്റെ അറസ്റ്റ് തെളിയിക്കുന്നു. നടിയെ ആക്രമിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഒന്നാം പ്രതിയില്‍ ഒതുക്കി നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ കേസന്വേഷണം പുരോഗമിക്കുകയില്ലായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീപീഡനം മൃഗീയമാണ്, സസ്‌കാരധഃപതനമാണ്. നടി ആക്രമിക്കപ്പെട്ടതില്‍ അതിയായ ഖേദമുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അവരുടെ പാതിവൃത്യവൃതം പിച്ചിച്ചീന്തിയെറിയപ്പെടുമ്പോള്‍ അവരുടെ മാനസികാവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ പോര. സ്ത്രീകളുടെ വികാരങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത പുരുഷമേധവിത്വത്തിന്റെ വികൃതമായ വശമാണ് ബലാത്സംഗം. സ്ത്രീശാക്തീകരണം അനിവാര്യം, സ്ത്രീനീതിക്കായുള്ള പോരാട്ടം അഭിനന്ദനീയം. താനല്ല തല കുനിക്കേണ്ടത്, തന്നെ പീഡിപ്പിച്ചവരാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഉള്ള നടിയുടെ നിലപാട് ഒരു മാതൃകയാകണം. സ്തീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാണുള്ള സാഹചര്യം
സംജാതമാകേണ്ടത് അനിവാര്യമാണ്.

ആര്‍ഷസംസ്‌കാരത്തിന്റെ മഹത്വത്തെപ്പറ്റി പുകഴ്ത്തു പാട്ടുകള്‍ പാടുകയും അതേ സമയം തന്നെ ഒരു വിഭാഗം കേരളീയ ജനത സംസ്‌കാരാധഃപതനത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് സൂപ്പര്‍ സ്റ്റാറിന്റെ അറസ്റ്റിനെ തുടന്നുര്‍ണ്ടായ പ്രത്യാഘാതം. മഗ്ദലന മറിയത്തെ കല്ലെറിയാന്‍ തയ്യാറെടുത്തു നിന്ന ജനക്കുട്ടത്തോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് യേശുദേവന്‍ പറഞ്ഞപ്പോള്‍ അവരുടെ കൈകള്‍ പൊങ്ങാതിരുന്നത് തെറ്റ് ചെയ്യാത്തവരായി ആരുമില്ല എന്നു തെളിയിക്കുന്നു. ആ ജനക്കൂട്ടം തങ്ങളിലേക്കു തന്നെ തിരിഞ്ഞു നോക്കി ഒരു ആത്മപരിശോധനക്ക് തയ്യാറായി. അതുപോലെ ഒരു ആത്മപരിശോധന സൂപ്പര്‍ സ്റ്റാറിനെ പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊള്ളുന്ന ജനങ്ങള്‍ ചെയ്യേണ്ടതാണ്. കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാവരും കുറ്റവാളികളായി വിധിയെഴുതി ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടവരില്‍ സംശയത്തിന്റെ നിഴല്‍ പരന്നിട്ടുണ്ടെങ്കിലും കോടതി കുറ്റവാളിയെന്നു വിധിക്കുംവരെ അവരെ നിരപരാധികളായി വേണം കാണാന്‍ എന്നാണല്ലൊ. വിധിക്കു മുമ്പ് ജനങ്ങള്‍ വിധി കല്‍പിച്ച് സൂപ്പര്‍ സ്റ്റാറിനെ തെളിവെടുപ്പിനായി കൊണ്ടുപോയ സ്ഥലങ്ങളില്‍ എല്ലാം പിന്തുടര്‍ന്ന് കൂക്കു വിളിച്ച് അപമാനിച്ചത് വെളിപ്പെടുത്തുന്നത് ഒരു സമൂഹത്തിന്റെ സംസ്‌കാരശൂന്യതയാണ്. സംസ്‌കാര സമ്പന്നരെന്നഭിമാനിക്കുന്ന മലയാളികളുടെ സംസ്‌കാരമില്ലായ്മയാണ് ഈ കൂക്കുവിളികളിലൂടെ പ്രതിധ്വനിക്കുന്നത്. ഒരിക്കല്‍ അനുമോദനങ്ങളുടെ പുഷ്പാര്‍ച്ചന നടത്തിയവര്‍ ഇപ്പോള്‍ അപഹാസത്തിന്റെ മുള്ളകള്‍ എറിയുന്നു. ജീവിതം കുമിളപോലെ പൊട്ടിപ്പോകുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വമോര്‍ത്ത് വിലപിക്കുമ്പോഴും മനുഷ്യന് ആശ്വാസത്തിന്റെ ശ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കണം. ആ ശ്രോതസ്സുകള്‍ ഒഴുകി വരുന്നത് ഈശ്വരനില്‍ നിന്നാണ്. ‘ഉണ്ണിക്കണ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്’ എന്ന് പൂന്താനം ആശ്വസിച്ചതുപോലെ അനിഷ്ട സംഭവങ്ങളുടെ ആഘാതത്തില്‍ നിന്ന് മോചനം നേടാന്‍ ഈശ്വരനില്‍ അഭയം പ്രാപിക്കണം.

സൂപ്പര്‍ സ്റ്റാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അദ്ദേഹം തന്നെ അനുഭവിച്ചു കൊള്ളും. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള ഹീനമായ ആക്രോശം അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആയതിന്റെ അസൂയയില്‍ നിന്ന് ഉടലെടുത്തതാണെന്ന് കരുതുന്നതാണ് യുക്തി. കേരളത്തിലെ ഒരു വിഭാഗം മാത്രമല്ല പ്രവാസികളില്‍ പലരും വിധിക്ക് മുമ്പ് സുപ്പര്‍ സ്റ്റാര്‍ കുറ്റക്കാരെനെന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നതും അത്ഭുതാവഹമാണ്. അഭയകേസ് തുടങ്ങി എത്രയോ കേസുകള്‍ നമ്മുടെ മുന്നിലുണ്ട്. അവിടെയൊന്നും കൂക്കുവിളികള്‍ ഉയര്‍ന്നില്ലല്ലോ. സുപ്പര്‍ സ്റ്റാറായതുകൊണ്ടും പ്രശസ്തനായതും കൊണ്ടും ആയിരക്കണം അദ്ദേഹത്തെ കശക്കിയെറിയാന്‍ ജനം ആവേശത്തോടെ മുന്നോട്ട് വരുന്നത്. കുറ്റക്കരനെന്ന് തെളിയിക്കപ്പെടാത്ത ഒരാളെ കുറ്റക്കാനനെന്ന് മുദ്ര കുത്തി അപമാനിക്കുന്നത് ലജ്ജാവഹകമാണ്. കൈക്കൂലി വാങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്റെ ഒരു സുഹൃത്ത് റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാന്‍ 25000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള അഴിമതിക്കാരെ വേണം കൂക്കു വിളിച്ച് നാണം കെടുത്താന്‍. എല്ലാവരേയും ഞെട്ടിപ്പിച്ച ഒരു വാര്‍ത്ത നിങ്ങള്‍ വായിച്ചു കാണും. ഒരാള്‍ കരമടക്കാന്‍ പഞ്ചായത്താഫീസില്‍ ചെന്നപ്പോള്‍ അയാളെ കരമടക്കാന്‍ അനുവദിച്ചില്ല. അയാള്‍ ആത്മഹത്യ ചെയ്തു.

അഴിമതിക്കാരേയും കൈക്കൂുലി വാങ്ങുന്നവരേയും കൂക്കുവിളിക്കാന്‍, അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഒരു പ്രശസ്ത നടനെ കൂക്കുവിളിക്കുന്നതിനു കാരണം തങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത ഉയരത്തില്‍ എത്തിയ ഒരാളോടുള്ള അസൂയ അല്ലാതെ ഇരയാക്കപ്പെട്ട നടിയോടുള്ള സഹാനുഭൂതിയൊന്നുമല്ല. എങ്കില്‍ നാട്ടില്‍ തന്നെ കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂക്കുവിളിയും മാധ്യമവിചാരണയുമൊന്നും നടന്നില്ലല്ലോ. അവിടെയൊക്കെ ജനത തല താഴ്ത്തുന്നു. അവരുടെ ശബ്ദം ഉയരുന്നില്ല, പരിഹാസങ്ങളില്ല. അമേരിക്കന്‍ മലയാളികളില്‍ പലരും നടനെ ക്രൂശിക്കണമെന്ന് വിളിച്ചു പറയുന്നതു കേള്‍ക്കുന്നുണ്ട്. ചില സിനിമാ താരങ്ങളുടെ പ്രസ്താവന കേട്ടാല്‍ നടന്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടതു പോലെ തോന്നും. അതൊക്കെ അവരുടെ അഭിപ്രായങ്ങള്‍. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ഒന്നായിരിക്കണമെന്നില്ലല്ലോ. ഇത് നടനെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു ലേഖനമല്ല. കോടതിവിധി വരും മുമ്പേ എന്തിനാണ് ജനം വിധിക്കുന്നത് എന്ന സംശയം തോന്നിയതുകൊണ്ട് ഇത്രയും എഴുതി എന്നു മാത്രം. ചിന്തിക്കുകയും അതിനനുസരണമായി ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. ഈ സവിശേഷതയാണ് മൃഗലോകത്തില്‍ നിന്ന് മനുഷ്യലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. സംസ്‌കാരശൂന്യരാകാതെ വിവേകപൂര്‍വം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ദിലീപ് കുറ്റക്കാരനോ ? വിധിക്കു മുമ്പ് ജനവിധി”

  1. സുധീന്ദ്രന്‍ says:

    ലേഖകന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. എല്ലാവരേയും സോപ്പിട്ട് നിര്‍ത്തി ദിലീപിനെ മാത്രം കുളിപ്പിച്ച് കുട്ടപ്പനാക്കാനുള്ള വെമ്പല്‍ ലേഖനത്തില്‍ കാണാം. ദിലീപിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തു എന്ന് ആലോചിക്കാതെ എന്തൊക്കെയോ വിഢിത്തരങ്ങള്‍ എഴുതി. ജനങ്ങളേയും മാധ്യമങ്ങളേയും കുരിശില്‍ തറയ്ക്കുന്നതിനു മുന്‍പ് വാര്‍ത്തകളൊക്കെ ഒന്ന് വായിക്കണം. അപ്പോള്‍ അറിയാം എന്തുകൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന്. ഏത് കുറ്റം ചെയ്താലും പ്രതിയാകുന്നത് കോടതി ശിക്ഷിക്കുമ്പോള്‍ മാത്രമാണ്. പക്ഷെ, ഇവിടെ ദിലീപ് ചെയ്തത് ഒരു ഹീനകൃത്യം തന്നെയാണ്. കോടതി ശിക്ഷിക്കുന്നതുവരെ ജനവും മാധ്യമങ്ങളും കാത്തിരിക്കണമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. ഏത് മൂഢ സ്വര്‍ഗത്തിലാണ് താങ്കള്‍ ജീവിക്കുന്നത്.

    താങ്കള്‍ പറഞ്ഞതെല്ലാം ശരിയാണെന്നിരിക്കട്ടെ, ഒരു ചോദ്യത്തിനു മാത്രം ഉത്തരം തരാമോ? പള്‍സര്‍ സുനി എന്ന വാടക ഗുണ്ട പറഞ്ഞിട്ടാണല്ലോ ദിലീപിനെ അറസ്റ്റു ചെയ്തത്. എങ്കില്‍ എന്തുകൊണ്ട് പോലീസ് മറ്റു സിനിമാ താരങ്ങളെ അറസ്റ്റു ചെയ്തില്ല? എന്തുകൊണ്ട് ദിലീപിനെ മാത്രം അറസ്റ്റു ചെയ്തു? ആയിരക്കണക്കിന് നടീനടന്മാരും ടെക്നീഷ്യന്‍സും ഉള്ള മലയാള സിനിമാ ഫീല്‍ഡില്‍ നിന്ന് ദിലീപിനെ മാത്രം അറസ്റ്റു ചെയ്യാന്‍ കാരണമെന്തെന്നുകൂടി ഒന്നു പറഞ്ഞു തരാമോ?

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top