Flash News

ദേശാടനപ്പക്ഷി (കഥ)

July 19, 2017 , ജ്യോതിലക്ഷ്മി നമ്പ്യാര്‍

Desadanapakshi sizeകാര്യമായ ബഹളങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വസ്തു ഭാഗം വെപ്പ് കഴിഞ്ഞു. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കാത്തതുകൊണ്ട് മക്കള്‍ തമ്മില്‍ കശപിശ ഉണ്ടാകുമോയെന്നു സംശയിച്ചു.

മണ്ണുകൊണ്ട് തീര്‍ത്ത, ഓടുമേഞ്ഞ ആ പഴയ വീട്, മക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വൃത്തിയാക്കിയാലും വൃത്തിയാകാത്ത വീട് മക്കളായ അനിലിനും അനൂപിനും വേണ്ട എന്നായിരുന്നു തീരുമാനം. അച്ഛന്റെയും, അമ്മയുടെയും ജീവന്‍ തുടിയ്ക്കുന്ന, തങ്ങളുടെ ചിരിയും, കളിയും, കുസൃതികളും, പിടിവാശികളും, ആഗ്രഹങ്ങളും, അച്ഛന്റെയും അമ്മയുടെയും സന്തോഷവും, വാത്സല്യങ്ങളും, അഭിലാഷങ്ങളും, പ്രതീക്ഷകളും, വിയര്‍പ്പും, കഠിനാദ്ധ്വാനവും വിടര്‍ന്നു കൊഴിഞ്ഞ കളിമുറ്റം അത് ഒരു പുസ്തകത്താളിലൊളിപ്പിച്ച മയില്‍പീലി പോലെ സൂക്ഷിയ്ക്കണമെന്ന അതിയായ മോഹം ഇളയവനായ അനൂപിനുണ്ടായിരുന്നു. പക്ഷെ ഭാര്യ (പ്രിയങ്ക) പറയുന്നതിലും കാര്യമില്ലാതില്ല. ആ വീട് അതുപോലെ നിലനിര്‍ത്തണമെങ്കില്‍ വരുന്ന പണച്ചിലവ്, കുട്ടികളുടെ പഠിപ്പും, തന്റെ ജോലിയും, കഷ്ടപ്പെട്ടുണ്ടാക്കിയ പട്ടണത്തിലെ വീടും ഉപേക്ഷിച്ച് ഇവിടെ ആര് വന്നു നില്‍ക്കും. പിന്നെ ഏട്ടന്‍ അനിലിന്റെ അഭിപ്രായത്തോടു യോചിയ്ക്കാമെന്നു അനൂപും തീരുമാനിച്ചു. ആ വീട് വിറ്റ് പണം തുല്യമായി വീതിച്ചെടുക്കുക. അമ്മ ആറുമാസകാലം മൂത്തമകന്റെയടുത്തും, ആറുമാസകാലം അനിയന്റെ അടുത്തതും അതായിരുന്നു തീരുമാനം. അന്നുവരെ മക്കളുടെ ഇഷ്ടത്തിനുമാത്രം മുന്‍തൂക്കം നല്‍കിയ അമ്മ തങ്കത്തിനും എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

“നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുടുംബമായി, കൂടെ ഉത്തരവാദിത്വങ്ങളും. അപ്പോള്‍ ഇതുതന്നെയാണ് ശരി” അമ്മ പറഞ്ഞു

“അമ്മേ അവധി ഏകദേശം ഒരു മാസത്തോളമായി കുട്ടികള്‍ക്കും മറ്റന്നാള്‍ സ്കൂള്‍ തുറക്കുകയാണ്. അമ്മ എന്റെ കൂടെ വരൂ നാളെ തന്നെ നമുക്ക് പുറപ്പെടണം. അമ്മയ്ക്ക് എന്തൊക്കെയാണ് എടുക്കാനുള്ളതെങ്കില്‍ എടുത്ത് വച്ചോളു.” അനില്‍ പറഞ്ഞു

“ശരി മോനെ” അമ്മ പറഞ്ഞു.

ഇതുവരെ തന്റെ ജീവിതത്തിലെ സുഖത്തിലും, ദുഖത്തിലും ഇണപക്ഷിയായിരുന്ന ഗോപാലേട്ടന്‍ തന്നെ ഉപേക്ഷിച്ച് പോയി. ഇരുപത്തിനാലു വയസ്സില്‍ നവവധുവായി ഞാന്‍ കയറിവന്നു. അതിനുശേഷം തന്റെ ജീവിതം ഒതുങ്ങിനിന്ന ലോകമാകുന്ന ഈ വീടും ഇന്ന് ഉപേക്ഷിയ്ക്കണമെന്നായി. പിന്നെ എന്റെ അഭിമാനമായ മക്കള്‍, അവര്‍ക്കു കൂടെ ഞാന്‍ പോകുന്നു. ആയുസ്സിന്റെ കലണ്ടറില്‍ ചീന്തികളയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിയ്ക്കുന്ന എനിയ്ക്കിനി എന്തെടുക്കാനാ! തങ്കം ആലോചിച്ച് നെടുവീര്‍പ്പിട്ടു.

കാലങ്ങളോളം തന്റെ സൂക്ഷിപ്പുകാരനായ സേവനം ചെയ്ത് തുരുമ്പുപിടിച്ച വിയ്യാവരികളോട് കൂടിയ മരപ്പെട്ടി തുറന്നു അലക്കി കഞ്ഞിമുക്കി കിടയ്ക്കടിയില്‍ വച്ച് വടിവുതീര്‍ത്ത മുണ്ടും നേരിയതും ഓരോന്നായി തങ്കം എടുത്ത് നോക്കി, ഓരോ അവസരങ്ങളിലും ഗോപാലേട്ടന്‍ തനിയ്ക്ക് വാങ്ങിത്തന്ന മുണ്ടുകള്‍. ഈ പഴയ മുണ്ടുകള്‍ എന്റെ മക്കള്‍ക്ക് അന്തസ്സിനു ചേരുമോ എന്ന ഒരു സ്വയം ചോദ്യവുമായി അതില്‍ നിന്നും കുറയെണ്ണം എടുത്ത് ഒരു കൊച്ചു പെട്ടിയില്‍ അടക്കിവച്ചു. അനിലിന്റെ മകന്‍ ആകാശിനെ വിളിച്ചു

“എന്താ അമ്മുമ്മേ” അവന്‍ ചോദിച്ചു.

“മോനെ മുത്തശ്ശിയ്ക്ക് ആ ചുമരില്‍ തൂക്കിയിരിയ്ക്കുന്ന അപ്പൂപ്പന്റെ ഫോട്ടോ ഒന്ന് എടുത്ത് തരാമോ? സൂക്ഷിച്ചെടുക്കണം അമ്മൂമ്മയ്ക്ക് കൊണ്ടുപോകാനാ” തങ്കം പറഞ്ഞു.

“ശരി” ആകാശ് ശ്രദ്ധയോടെ ചുമരില്‍ ജീവന്‍ തുളുമ്പുന്ന കണ്ണുകളുമായി സ്ഥാനം പിടിച്ച അപ്പൂപ്പന്റെ ഫോട്ടോ എടുത്തുകൊടുത്തു. തന്റെ തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് തങ്കം ആ ഫോട്ടോയെ തുടച്ചു എന്ന് പറയാന്‍ കഴിയില്ല, തലോടി. ആ ഫോട്ടോയും പെട്ടിയ്ക്കകത്ത് വച്ചു.

ഒരു മാസമായി ആ വീട്ടില്‍ നിറഞ്ഞുനിന്ന ആഹ്ലാദത്തിന്റെ അഗ്‌നി കെട്ടടഞ്ഞു. എല്ലാവരും പിറ്റേ ദിവസം പോകാനുള്ള തയ്യാറടുപ്പിനുശേഷം ഉറങ്ങി. അമ്പത്തിരണ്ട് വര്‍ഷത്തെ തന്റെ ജീവിതാനുഭവങ്ങളുടെ ആ ഗ്രന്ഥശാലാവിട്ടു പോകണം എന്നോര്‍ത്തപ്പോള്‍ മനസ്സിലെന്തോ ഒരു തീ പൊള്ളലേറ്റതുപോലെ തങ്കത്തിന് തോന്നി. ആ വീട് തീര്‍ത്ത ഓരോ മണല്തരിയ്ക്കും തന്റെ കൗമാരത്തിന്റെ, വാര്‍ദ്ധക്യത്തിന്റെ, തേങ്ങലുകളുടെ, പൊട്ടിച്ചിരിയുടെ കഥകള്‍ അറിയാം. ചാരിവച്ചിരിയ്ക്കുന്ന ജനല്‍ പാളികളെ തുറന്ന തങ്കം പുറത്തേക്കു നോക്കി. ജനലഴികളിലൂടെ അകത്തേയ്ക്കു തള്ളിക്കയറി വന്ന കുളിര്‍കാറ്റ് തന്നെ ആ വീട്ടില്‍ കെട്ടിവരിയുന്നതുപോലെ തോന്നി. ഇലകളുടെ മറകുടയ്ക്കുള്ളില്‍ നിറയൗവ്വനത്തോടെ നാണം കുണുങ്ങി നില്‍ക്കുന്ന പാരിജാതപ്പൂക്കളില്‍നിന്നും കുസൃതിക്കാറ്റ് തട്ടിയെടുത്തുകൊണ്ടുവന്ന നറുമണം താന്‍ ഗോപാലേട്ടനുവേണ്ടി കാഴ്ചവച്ച തന്റെ യൗവ്വനം തിരിച്ചുകൊണ്ടുവന്നുവോ എന്ന് തോന്നി. തന്റെ യാത്ര പറച്ചില്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ നിര്‍ജീവമായി നില്‍ക്കുന്ന പ്രകൃതി. ഇലകളെ ഈറനണിയിച്ച് ഇറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങള്‍ തന്റെ യാത്രയില്‍ അശ്രു പൊഴിയ്ക്കുന്നുവോ! അസ്വസ്ഥമായ മനസ്സുമായി തങ്കം ഊഷ്മളമായ തന്റെ ഓര്‍മ്മകളുടെ പുതപ്പിനുള്ളിലൊതുങ്ങി ഉറങ്ങാന്‍ ശ്രമിച്ചു പക്ഷെ ആരോ പുറകില്‍ നിന്നും വിളിയ്ക്കുന്നതുപോലെ ഒരു തോന്നലില്‍ അവിടെനിന്നും എഴുനേറ്റു ഒരു അപരിചിത സ്ഥലം പോലെ ചുറ്റിലും നോക്കി. വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ ഗോപാലേട്ടന്‍ തന്നില്‍ ചാര്‍ത്തിയ, ഞങ്ങളുടെ മനസ്സും ശരീരവും ഒന്നാകുന്ന ആ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച വരണമാല്യം ഉരിവച്ച ചുമരിലെ ഇരുമ്പുകൊളുത്തുകള്‍, പിന്നീടതില്‍ തൂങ്ങികിടക്കാറുള്ള ഗോപാലേട്ടന്റെ മണമുള്ള ഷര്‍ട്ട്, ആരെയും കാണിയ്ക്കാതെ തേനറയിലെ തേന്‍പോലെ മനസ്സില്‍ തനിയ്ക്കുമാത്രം സംഭരിച്ചുവച്ച സ്‌നേഹത്തട്ടിന്റെ തേന്‍തുള്ളികള്‍ തനിയ്ക്കായി പകര്‍ന്നുതന്ന പഴയ, മാവിന്‍ തടിയില്‍ തീര്‍ത്ത കട്ടില്‍. ഓര്‍മ്മയുടെ തീച്ചൂളയില്‍ എന്തോ വീര്‍പ്പുമുട്ടുന്നതുപോലെ. വല്ലാത്ത ദാഹം. അടുക്കളയില്‍ മണ്‍കൂജയില്‍ വച്ച തണുത്ത വെള്ളത്തെ ലക്ഷ്യമാക്കി തങ്കം നടന്നു. അടുക്കളയില്‍ ജനലഴികള്‍ക്കുള്ളില്‍ പൊടിപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന, താന്‍ ആദ്യമായി ഗോപാലേട്ടനു ചോറു വിളമ്പിക്കൊടുത്ത മരകയിലുകള്‍, അനിലിനും, അനുപിനും പാല്‍ച്ചോറു കുഴച്ചുകൊടുത്ത ചെമ്പുകിണ്ണങ്ങള്‍. അവിടെയും ഓര്‍മ്മകളുടെ ചിന്നിച്ചിതറിയ ശകലങ്ങള്‍. എത്ര കണ്ടാലും മതിവരാത്ത ഒരു മനോഹരമായ കൊട്ടാരം പോലെ കൗതുകത്തോടെ തങ്കം ആ വീടിന്റെ ഓരോ മുറികളും കയറിയിറഞ്ഞി. വടക്കേ അകത്ത് താനും ഗോപാലേട്ടനും ഇരുവശങ്ങളിലായിരുന്നു അനിലിനെയും അനുപിനെയും കളിപ്പിച്ചു പാട്ടുപാടിയുറക്കിയ ആട്ടു തൊട്ടില്‍ ഉപയോഗശൂന്യമായ സാധനങ്ങളും പേറി ഒരു മൂലയില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നു. കുട്ടികള്‍ക്കു കളിയ്ക്കാന്‍ ആശാരി പരമു ഉണ്ടാക്കിത്തന്ന മരപ്പാവ, അവര്‍ പഠിയ്ക്കാനുപയോഗിച്ചിരുന്ന കുട്ടിമേശ. കാണുന്നതെല്ലാം വിടപറച്ചലിന്റെ നൊമ്പരങ്ങള്‍ മാത്രം ഒരു ഒച്ച് അതിന്റെ പുറംതോടില്‍ ഒതുങ്ങും പോലെ ആ കട്ടിലില്‍ കയറി പുതച്ചുമൂടി കിടന്നു. ഓളങ്ങളില്‍ ആടിയുലയുന്ന കരിയില പോലെയുള്ള മനസ്സിനെ നിദ്രയുടെ ആഴക്കടലില്‍ താഴ്ത്താന്‍ ശ്രമിയ്ക്കുംതോറും ഓര്‍മ്മകളിലൂടെ അത് പൊങ്ങിവന്നു. ചുമരില്‍ തൂങ്ങിക്കിടക്കുന്ന വാച്ചില്‍ നോക്കി. ആ സമയ സൂചികളും സഞ്ചരിയ്ക്കാന്‍ മറന്നു അന്തംവിട്ട നിന്ന് രാത്രിയുടെ ദൈര്‍ഘ്യം കൂടുന്നതുപോലെ തോന്നി.

പുലരൊളി രാത്രിയുടെ കറുത്ത മുഖത്തെ ചുംബിച്ചു വെളുപ്പിച്ചു എല്ലാവരും എഴുന്നേറ്റ് പോകാനൊരുങ്ങാനുള്ള തിടുക്കത്തിലായി. ആകാശ് അച്ഛമ്മയുടെ പെട്ടിയുമായി കാറിനരികിലെത്തി. കൂട്ടത്തില്‍ അമ്മുമ്മ ആകാശ് ചേട്ടനോടൊപ്പമാണല്ലോ എന്ന വിഷാദഭാവത്തോടെ അനൂപിന്റെ മകള്‍ ശ്രേയയും. യാത്ര പുറപ്പെടുവാനായി എല്ലാവരും മുറ്റത്തിറങ്ങി. തങ്കം ഇറങ്ങി ആ ചവിട്ടുപടിയില്‍ ഇരുന്നു

“എന്തുപറ്റി അമ്മേ വല്ല വല്ലായ്മയും” അനില്‍ ചോദിച്ചു.

“ഏയ് ഒന്നുമില്ല വെറുതെ രണ്ടു മിനിട്ടു ഇവിടെയൊന്നിരിയ്ക്കാന്‍ തോന്നി” തങ്കം പറഞ്ഞു.

നവവധുവായി ഐശ്വര്യത്തിന്റെ നിറദീപവുമായി വലതുകാല്‍ വച്ച് താന്‍ കയറിവന്ന ഈ ചവിട്ടുപടികള്‍ ചവിട്ടിയിറങ്ങുമ്പോള്‍ കുടുംബത്തിന്റെ കെട്ടുറപ്പിന്റെ, ഐശ്വര്യത്തിന്റെ നെഞ്ചില്‍ ചവിട്ടിയിറങ്ങുന്നതുപോല്‍ തങ്കത്തിന് തോന്നി. തങ്കം കാറിനരികിലേയ്ക്ക് നടക്കാന്‍ തുടങ്ങി. പോകരുതേ എന്ന് വിലക്കി തന്റെ വസ്ത്രത്തില്‍ കുടുങ്ങിയ താന്‍ നട്ടുവളര്‍ത്തിയ റോസാപ്പൂക്കളുടെ മുള്ളുകള്‍ അടര്‍ത്തിമാറ്റി മുന്നോട്ടു നടന്നു കാറില്‍ കയറി.

രണ്ടുമൂന്നു മണിക്കൂര്‍ നീണ്ട വിമാന യാത്രയ്ക്കുശേഷം അനിലിന്റെ വീട്ടിലെത്തി. കുറച്ചുനേരം വിശ്രമിച്ച് ഭക്ഷണം കഴിച്ച് അനൂപും കുടുംബവും യാത്രയായി. അമ്മുമ്മയെ ആകാശ് ചേട്ടന്റെ മാത്രമായി വിട്ടുകൊടുത്ത് പോകാന്‍ ശ്രേയയ്ക്കു വ്യസനമുണ്ടായിരുന്നു എന്നാലും ആറുമാസത്തിനുശേഷം എനിയ്ക്കു കൊണ്ടുപോകാലോ അമ്മുമ്മയെ എന്ന സമാധാനത്തോടെ ഉമ്മ കൊടുത്തവളും ഇറങ്ങി.

ആ മണിമാളികയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മുറി തങ്കത്തിനായി ഒരുങ്ങി. ദിവ്യ അമ്മയെ മുറിയെല്ലാം പരിചയപ്പെടുത്തി. ബാഗില്‍ നിന്നും കൊണ്ടുവന്ന തുണികളെല്ലാം അലമാരയില്‍ അടുക്കിവച്ചു. ഗോപാലേട്ടന്റെ ഫോട്ടോയും കയ്യിലെടുത്ത് തങ്കം ചുറ്റും നോക്കി.

“അനി ഒന്നിങ്ങു വരൂ” തങ്കം വിളിച്ചു.

“എന്താ അമ്മേ” വിളികേട്ടു വന്നത് ദിവ്യ ആയിരുന്നു.

“ഈ അച്ഛന്റെ ഫോട്ടോ തൂക്കാന്‍ ചുമരില്‍ ഒരു കൊളുത്ത് വേണമായിരുന്നു. ഇവിടെ ഒന്നും കാണുന്നില്ല അവനോടു ഒരു ആണി തറച്ചു തരാന്‍ പറയാനായിരുന്നു” തങ്കം പറഞ്ഞു.

“അത് അമ്മേ …ഇത് പുതിയ വീടല്ലേ ഇവിടെ കൊളുത്തോന്നും വയ്ക്കാന്‍ പറ്റില്ല. മാത്രമല്ല ഈ മരിച്ചവരുടെ ഫോട്ടോയൊന്നും ഇവിടെ ആരും ചുമരില്‍ തൂക്കാറില്ല. മരിച്ചവരുടെ പടം കാണുന്നത് നല്ലതല്ല എന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിയ്ക്കുന്നത്. അമ്മയ്ക്ക് അച്ഛന്റെ പടം വയ്ക്കാന്‍ ഞാന്‍ അലമാരയില്‍ ഒരു സ്ഥലം ഉണ്ടാക്കിത്തരാം.” ദിവ്യ പറഞ്ഞു.

“മക്കളെ വളര്‍ത്തി വലുതാക്കി നല്ല നിലയില്‍ എത്തിച്ച മനുഷ്യന്‍ മരിച്ചപ്പോള്‍ ഒരു അപശകുനമാകുന്നു മക്കള്‍ക്ക്” വേദനയോടെ തങ്കം ഓര്‍ത്തു.

“ശെരി മോളെ” ഇടറുന്ന സ്വരത്തില്‍ തങ്കം മറുപടി പറഞ്ഞു.

മണിക്കൂറുകള്‍ ഓടി ഒളിച്ചു. ആ തനിയ്ക്കന്യമായ നാട്ടില്‍ രാത്രി തന്നെയും തേടി എത്തി. എല്ലാവരും ഉറക്കമായി തന്റെ ഗ്രാമത്തിന്റെ താരാട്ടുപാട്ടു കേള്‍ക്കാതെ തങ്കത്തിനുറങ്ങാന്‍ കഴിഞ്ഞില്ല വാശിപിടിയ്ക്കുന്ന ഒരു കുഞ്ഞിനെ എടുത്ത് നടക്കും പോലെ തന്റെ മനസ്സിന്റെ ഭാരത്തെയെടുത്ത് ആ മുറിയില്‍ തങ്കം അങ്ങുമിങ്ങും നടന്നു. വര്‍ണ്ണശഭളമായ തിരശീലകള്‍ മാറ്റി സുതാര്യ ഗ്‌ളാസ്സിലൂടെ തങ്കം പുറമേയ്ക്ക് നോക്കി രാത്രിയുടെ കറുത്ത കൈകള്‍ക്ക് മറയ്ക്കാനാകാത്ത പ്രസന്നയായ നഗരം. പണത്തിനും പ്രതാപത്തിനുംവേണ്ടി രാപ്പകലില്ലാതെ ഉറക്കമില്ലാതെ തളര്‍ച്ചയില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യരെ പേറി പുകതുപ്പിയോടുന്ന വാഹനങ്ങള്‍, വിശ്രമമില്ലാത്ത വീഥികള്‍ കുറച്ചുനേരം ആ നിശാസുന്ദരിയെ ആസ്വദിച്ച തങ്കത്തിന്റെ കണ്ണുകളെ നിദ്ര തഴുകി.

പൂങ്കോഴി കൂവാതെ, പള്ളിമണികള്‍ മുഴങ്ങാതെ, ഭക്തിഗീതങ്ങള്‍ ഒഴുകാതെ നേരം പുലര്‍ന്നു. എല്ലാവരും തന്റെ ദിവസത്തില്‍ തിരക്കിലായി. ഏകദേശം ഏഴു മണിയായപ്പോള്‍ ആകാശും, അനിയും യാത്രപറഞ്ഞു സ്കൂളിലേയ്ക്കും ഓഫീസിലേയ്ക്കും യാത്രയായി. തങ്കം തന്റെ ദിനചര്യകളില്‍ മുഴുകി . ഏകദേശം എട്ടുമണിയായപ്പോള്‍ ദിവ്യയും, കൂടെ മുഖത്തെല്ലാം ചായം തേച്ചോരുങ്ങിയ ഒരു പെണ്ണും തങ്കത്തിന്റെ മുറിയിലെത്തി..”അമ്മെ ഞാന്‍ ഓഫീസിലേയ്ക്ക് ഇറങ്ങുന്നു. അമ്മെ ഇവളാണ് വൈശാലി താംബെ അമ്മയുടെ എല്ലാ കാര്യങ്ങളും ഇവള്‍ നോക്കിക്കൊള്ളും. അമ്മയ്ക്ക് അവളുടെ ഭാഷ അറിയില്ല എന്ന് വിചാരിച്ച് വിഷമിയ്ക്കരുത്. എല്ലാം ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവള്‍ എല്ലാം സമയാസമയത്തിനു ചെയ്തുകൊള്ളും.” ദിവ്യ പറഞ്ഞു.

വൈശാലി ഒന്ന് തങ്കത്തിനെ നോക്കി ചിരിച്ചു. എല്ലാവരും പോയി ആ വീട്ടിലാകെ മൂകത മാത്രം അവശേഷിച്ചു. ആ മൂകതയെ ഭിന്നിച്ച് സ്വീകരണമുറിയിലിരിയ്ക്കുന്ന ടെലിഫോണ്‍ ശബ്ദിച്ചു ഫോണെടുത്ത് വൈശാലി എന്തുപറയുന്നുവെന്നൊന്നും മനസ്സിലായില്ല. ചിലപ്പോള്‍ ആ സംഭാഷണം ചിരിയും അടക്കം പറച്ചിലുമായി മണിക്കൂറുകളോളം നീണ്ടുപോകാറുണ്ട്.

ഏകദേശം മൂന്നുമണിയായപ്പോള്‍ അമ്മുമ്മേ എന്നും വിളിച്ചുകൊണ്ടു ആകാശ് വന്നു. ഇപ്പോള്‍ ഞാന്‍ ഫ്രഷായി ഭക്ഷണം കഴിച്ച് വരാമെന്നു പറഞ്ഞു ഓടിപ്പോയി ഞൊടിയിടയില്‍ അവന്‍ തിരിച്ച് അമ്മൂമ്മയ്ക്കരികിലെത്തി. പിന്നെ അവര്‍ ഓരോ കഥകള്‍ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. ആറു മണിയായപ്പോള്‍ ദിവ്യ വന്നു ആകാശിനെ അന്വേഷിച്ചു. തങ്കത്തിന്റെ മുറിയില്‍ അവനെ കണ്ടതും, വൈശാലിയുടെ വിശദികരണവും കൊണ്ട് ദേഷ്യത്തിന്റെ കാര്‍മേഘവും പേറി ദിവ്യ ചോദിച്ചു “നീ ഇന്ന് ക്ലാസ്സിനു പോകുന്നില്ലേ? എന്താ ഇതുവരെ ഉറങ്ങാഞ്ഞത്? ഹോം വര്‍ക്കെല്ലാം ചെയ്തു കഴിഞ്ഞോ?” അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍.

“അമ്മുമ്മ ഇവിടെത്തന്നെയില്ലേ! ആറുമാസം ഇനിയും ആകാമല്ലോ കഥ പറച്ചില്‍. അല്ലെങ്കില്‍ തന്നെ ഈ നാട്ടിലെ പഴങ്കഥകള്‍ കേട്ടിട്ടെന്തുകാര്യം. ഇതു വല്ലതും നിന്നെ പരീക്ഷയ്ക്ക് മാര്‍ക്കുകിട്ടാന്‍ സഹായിയ്ക്കുമോ. ആരെയും വീട്ടില്‍ താമസിപ്പിയ്ക്കുന്നതിനല്ല വീട്ടിലെ എല്ലാ കൃത്യങ്ങളും തെറ്റും. നാളെ മുതല്‍ നീ സ്കൂളില്‍ നിന്നും വന്നാല്‍ ഭക്ഷണം കഴിച്ച് ഉറങ്ങി പഠിയ്ക്കാനുള്ളതെല്ലാം പഠിച്ച് അരമണിക്കൂര്‍ മാത്രമേ അമ്മുമ്മയുടെ കൂടെ ചെലവഴിയാവു ഞാന്‍ വൈശാലിയോടും പറഞ്ഞു വയ്ക്കും” ഇങ്ങനെ ആകാശിനെ ശകാരിച്ചു ആ മുറിയില്‍ നിന്നും പിടിച്ചുവലിച്ച് കൊണ്ടുപോയി. തങ്കത്തിനൊരുപാട് വിഷമം തോന്നി “സമയപട്ടികയ്ക്കനുസരിച്ച് ചലിച്ചുകൊണ്ടിണ്ടിരിയ്ക്കുന്ന ഒരു യന്ത്രമാണ് പുതിയ തലമുറ” അവര്‍ സ്വയം സമാധാനിച്ചു.

എട്ടുമണിയായപ്പോള്‍ അനില്‍ വന്നു നേരെ അമ്മയുടെ മുറിയിലെത്തി “എന്തുപറയുന്നു അമ്മെ. നേരം പോകുന്നില്ല അല്ലെ? വൈശാലി എല്ലാം കൃത്യമായി ചെയ്യുന്നില്ലേ ? എന്തുവേണമെങ്കിലും പറയണം” ഇങ്ങനെ ഒരു അഞ്ചു നിമിഷം മാത്രം നീണ്ടു നിന്ന കുശലം പറച്ചിലിനുശേഷം അനില്‍ പോയി.

ഒരല്പസമയം ഒരുങ്ങി ദിവ്യ വന്നു പറഞ്ഞു “ഭക്ഷണം കഴിയ്ക്കാറായാല്‍ അമ്മ കഴിച്ചോളൂ.”

“എല്ലാവരും വരട്ടെ” തങ്കം പറഞ്ഞു.

“ആകാശിനു ഒരുപാട് പഠിയ്ക്കാനുണ്ട് അവന്റെ സമയമായില്ല. അനിയേട്ടന്‍ തയ്യാറായാല്‍ ഞങ്ങള്‍ ജിമ്മിന് പോകുകയാണ് ഞങ്ങള്‍ക്കും സമയമെടുക്കും” ദിവ്യ പറഞ്ഞു.

“ശരി” തങ്കം സമ്മതിച്ചു.

ഇങ്ങനെ ഓരോ ദിവസങ്ങളും പിന്നിട്ടു ഒരാഴ്ചയായി. സ്വീകരണ മുറിയില്‍ ഓരോ പ്രാവശ്യം ഫോണ്‍ ശബ്ദിയ്ക്കുമ്പോഴും തനിയ്ക്കുവേണ്ടി അനുപ് വിളിയ്ക്കുമെന്ന പ്രതീക്ഷയോടെ തങ്കം കാതോര്‍ത്തു. പക്ഷെ ആ പ്രതീക്ഷയ്ക്ക് ഒരിയ്ക്കലും അസ്തമനമുണ്ടായില്ല.

ഞായറാഴ്ചയായതിനാല്‍ അമ്മുമ്മയ്‌ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവഴിയ്ക്കാന്‍ അമ്മ അനുവദിച്ചു എന്ന ഒരു വലിയ സന്തോഷത്തിലാണിന്നു ആകാശ്. പതിവുപോലെ സ്വീകരണമുറിയില്‍ ടെലിഫോണ്‍ ശബ്ദിച്ചു. ഇത് എന്തായാലും അനുപ് തന്നെയാകുമെന്ന ശുപാപ്തിവിശ്വാസത്തോടെ തങ്കം കാതോര്‍ത്തു. ദിവ്യയാണ് ഫോണ്‍ എടുത്തത്.

“ഹായ്. അതേടി ഓര്‍മ്മയുണ്ട് ഇന്ന് ഞായറാഴ്ചതന്നെ. പക്ഷെ ഞാന്‍ നിന്നോട് പറഞ്ഞില്ലേ ഇനി ആറുമാസകാലം ഞാന്‍ പാരതന്ത്രത്തിലാണെന്നു. എനിയ്ക്ക് ഫ്രീ ആയി ഷോപ്പിങ്ങിനുമൊന്നും വരാന്‍ പറ്റില്ല. ഭര്‍ത്താവിന് വേണ്ടി കടമകള്‍ ചെയ്തതല്ലേ പറ്റു.” പതിഞ്ഞ സ്വരത്തിലവള്‍ പറഞ്ഞു.

“ഇന്നാണെങ്കില്‍ വൈശാലിയും ഇല്ല പിന്നെ പുറമെ നിന്നൊന്നും ഭക്ഷണം വാങ്ങി അമ്മയ്ക്ക് കൊടുക്കാന്‍ അനിയേട്ടന്‍ സമ്മതിയ്ക്കില്ല . നമ്മള്‍ തനിച്ചുള്ളപ്പോള്‍ എന്തും ആകാം ഇപ്പോള്‍ അങ്ങിനെയല്ല. ആറുമാസകാലം എവിടേക്കും തിരിയാന്‍ പറ്റില്ല. വെറും ആറുമാസകാലമല്ലേ പിന്നെ അടിച്ചുപൊളിയ്ക്കാമെടി” അവള്‍ തുടര്‍ന്നു.

എല്ലാം കേട്ട് തങ്കം തന്റെ മുറിയില്‍ നിര്‍ജ്ജീവമായിരുന്നു. തന്റെ ഓരോ ദിനവും മക്കള്‍ക്കും, മരുമക്കള്‍ക്കും ഒരു ഭാരമാകുന്നുവോ എന്ന ചിന്തയില്‍ മനസ്സുരുകി. അങ്ങിനെ ദിവസങ്ങള്‍ മാസങ്ങളായി. പതിവുപോലെ ഓഫീസില്‍ നിന്നും എത്തിയ അനില്‍ അമ്മയുടെ മുറിയിലെത്തി. എന്നും ഉണ്ടാകുന്ന ഹ്രസ്വമായ കുശലാന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായി അനില്‍ അമ്മയ്ക്കരികില്‍ ഇരുന്നു.

“എന്തെ അനൂപ് ഫോണ്‍ പോലും ചെയ്തില്ലല്ലോ” തങ്കം ചോദിച്ചു.

“അവന്‍ ഒന്നുരണ്ടു തവണ വിളിച്ചിരുന്നു അമ്മയെ പ്രത്യേകം ചോദിച്ചു” അലസമായി അനില്‍ മറുപടി പറഞ്ഞു. അവന്റെ ഉത്തരത്തില്‍ അമ്മയ്ക്ക് സംതൃപ്തിപെടേണ്ടി വന്നു. അനില്‍ തുടര്‍ന്നു. “അമ്മേ ഒരു പ്രത്യേക കാര്യം എനിയ്ക്കമ്മയോടു ചോദിയ്ക്കാനുണ്ട് അമ്മയുടെ പൂര്‍ണ്ണ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതേകുറിച്ച് ചിന്തിയ്ക്കു.”

“നീ എന്താണെങ്കിലും കാര്യം പറയു” തങ്കം പറഞ്ഞു.

“ആകാശിനു സ്കൂള്‍ ഒഴിവാണ്. അവന്റെ അവധിയില്‍ ഒരു മാസം എന്റെ ഒരു കൂട്ടുകാരന്‍ സിങ്കപ്പൂരിലുണ്ട് അവിടെ ചെല്ലാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവന്‍ അതിനുള്ള ടിക്കറ്റും താമസസൗകര്യങ്ങളും എല്ലാം ഏര്‍പ്പാടുചെയ്തുകഴിഞ്ഞു. അമ്മയ്ക്ക് വിരോധമില്ലെങ്കില്‍ ഞങ്ങള്‍ ഒരുമാസത്തിനു പോയി വരാം. ആ സമയത്ത് അനൂപും പുറമെ പോകുകയാണ് അതുകൊണ്ടു അമ്മയ്ക്ക് കുറച്ച് ദിവസം ഇവിടെ അടുത്തുള്ള ഒരു വൃദ്ധാശ്രമത്തില്‍ ഞാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്യാം ഇതൊരു തല്‍ക്കാല ക്രമീകരണം മാത്രം. കഷ്ടി ഒരു മാസത്തെ കാര്യമേ ഉള്ളു. അമ്മ നല്ലതുപോലെ ആലോചിച്ച് നാളെ പറഞ്ഞാല്‍ മതി.”

ഇതുംകൂടി കേട്ടപ്പോള്‍ മനസ്സിലെന്തോ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിയ ഒരു അനുഭവമായിരുന്നു തങ്കത്തിന്. രാത്രി മുഴുവന്‍ ആലോചിച്ചു. എന്നും മക്കളുടെ സന്തോഷം ആഗ്രഹിച്ച തങ്കത്തിന് എതിരഭിപ്രായം പറയാന്‍ കഴിഞ്ഞില്ല. അങ്ങിനെ ആ വീട്ടില്‍ നിന്നും വൃദ്ധാശ്രമത്തിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറടുപ്പും കഴിഞ്ഞു.

അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അനിലിനോടൊപ്പം തങ്കം യാത്രയായി. എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞു തങ്കം അവിടുത്തെ അന്തേവാസികള്‍ക്കിടയിലേയ്ക്ക് യാത്രയായി. എല്ലാ ഉത്തരവാദിത്വവും തീര്‍ത്ത ഒരു സംതൃപ്തി അനിലിന്റെ മുഖത്ത് നിഴലിയ്ക്കുന്നതായി തങ്കം കണ്ടു. ഒന്നിനെകുറിച്ചും ആലോചിയ്ക്കാതെ ചിരിച്ച മുഖവുമായി വിധിയെ നേരിടുന്നു ഞാന്‍ എന്ന ഒരു ആത്മവിശ്വാസമായിരുന്നു തങ്കത്തിന്റെ മനസ്സില്‍. ചെന്ന് കയറിയപ്പോള്‍ അവിടുത്തെ സന്തേവാസികള്‍ ഒന്നും തങ്കത്തിനൊടു ചോദിച്ചില്ല. നിഷ്കളങ്കമായി ചിരിച്ചുകൊണ്ടവര്‍ തങ്കത്തിനെ സ്വാഗതം ചെയ്തു. തന്റെ മനസ്സിനെ മറയ്ക്കാന്‍ തന്റെ മനോവികാരങ്ങളെ മറയ്ക്കാന്‍ എല്ലാവരെയും നോക്കി തങ്കം പറഞ്ഞു “ഏയ് ഇല്ല വളരെക്കുറച്ചു ദിവസം മാത്രമേ ഞാന്‍ ഇവിടെയുള്ളു. ഏകദേശം ഒരുമാസത്തെ കാര്യം മാത്രം. അതുകഴിഞ്ഞാലുടന്‍ എന്നെ മകന്‍ വന്നു കൊണ്ടുപോകും” ഒരു വിളറിയ ചിരിയോടാവര്‍ എല്ലാവരെയും നോക്കി പറഞ്ഞു.

ഈ ശേഷിയ്ക്കുന്ന ആയുസ്സില്‍ ഇനി ഇതുപോലെ എത്ര ആറുമാസകാലം, എത്ര ഒരുമാസക്കാലം ഈ ദേശാടനത്തിന് എന്ന സമസ്യയുമായി തങ്കം ദിവസങ്ങള്‍ തള്ളിനീക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

5 responses to “ദേശാടനപ്പക്ഷി (കഥ)”

 1. ആന്‍ മേരി says:

  വളരെ ഹൃദയസ്‌പൃക്കായ കഥ. അസ്വാഭാവികത തെല്ലും കൂട്ടിക്കലര്‍ത്താതെ സാഹചര്യങ്ങളെ കഥാകാരി വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു.

  അഭിനന്ദനങ്ങള്‍

  • Jyothylakshmy Nambiar says:

   Dear Ms. Ann Mery
   Many thanks for your valuable comment. This is the real inspiration for a writer

 2. തോമസ് മാത്യു says:

  വൃദ്ധരായ മാതാപിതാക്കളെ പഴന്തുണികളായി കരുതുന്ന മക്കള്‍ നമ്മുടെ കേരളത്തില്‍ അനുദിനം വര്‍ദ്ധിക്കുന്നത് ആപത്ക്കരമാണ്. പാശ്ചാത്യ സംസ്ക്കാരം കണ്ണടച്ച് അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹമായി മലയാളികള്‍ മാറുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ട ബാധ്യത രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കുണ്ട്.

 3. അനിത രാമചന്ദ്രന്‍ says:

  സമൂഹത്തില്‍ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള കഥകള്‍ ഒരു ബോധവല്‍ക്കരണവും കൂടിയാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിണാമം ഇങ്ങനെയുള്ള സംഭവങ്ങളിലാണ് അവസാനം എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top