Flash News

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്

July 20, 2017

modi-voting-president-poll-pib_650x400_81500269521ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി മീരാകുമാറിന് പകരം എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ട്. മീരാകുമാറിന്റെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍ നിന്നടക്കം മൂന്നു സംസ്ഥാനങ്ങളിലെ ഏതാനും എംഎല്‍എമാരാണ് രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തത്. ഈ ക്രോസ് വോട്ടുകള്‍ കൊണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഫലത്തില്‍ യാതൊരു വ്യത്യാസവും വന്നില്ലെങ്കിലും സ്വന്തം താവളത്തില്‍ വന്ന ഈ ചോര്‍ച്ച ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചയാകും.

ബിഹാറിനെ കൂടാതെ ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരാണ് എതിര്‍ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചത്. ഓരോ സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരുടെയും വോട്ടുകളും പ്രത്യേകമായാണ് എണ്ണുന്നത്. ഇങ്ങനെ എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് മൂന്നു സംസ്ഥാനങ്ങളിലെയും ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്ത കാര്യം വ്യക്തമായത്. മീരാകുമാറിനെ സ്വന്തം സംസ്ഥാനത്ത് നിന്നുള്ള സ്വന്തം എംഎല്‍എമാരില്‍ ചിലര്‍ പോലും എതിര്‍ത്തത് ഏറെ ചര്‍ച്ചയാകും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിന് 7,02,644 വോട്ടുമൂല്യം ലഭിച്ചു. 3,67,314 വോട്ടുമൂല്യമാണ് എതിര്‍ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ലഭിച്ചത്. ഇലക്ട്രല്‍ കോളേജിന്റെ മൊത്തം വോട്ടുമൂല്യത്തിന്റെ 65.65 ശതമാനം വോട്ടുകളും നേടിയാണ് കോവിന്ദിന്റെ വിജയം. 34.35 ശതമാനം വോട്ടാണ് മീരാകുമാറിന് നേടാനായത്.

ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ടാണ് നേടാനായത്. ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്. ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. എംപിമാരുടെയും എംഎല്‍എമാരുടെയും ഉള്‍പ്പെടെ 77 വോട്ടുകള്‍ അസാധുവായി.

സ്വന്തം പാളയത്തിലെ വോട്ടുകള്‍ ചോര്‍ന്നത് നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും കോണ്‍ഗ്രസിന് തലവേദനയാകും. ഇവിടെ നിന്ന് എട്ടു വോട്ടുകള്‍ രാംനാഥ് കോവിന്ദിന് ലഭിച്ചെന്നാണ് കരുതുന്നത്. മുന്‍ മുഖ്യമന്ത്രിയും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവുമായ ശങ്കര്‍ സിംഗ് വഗേലയും എതിര്‍ചേരിക്ക് നേതൃത്വം നല്‍കുന്ന പിസിസി ആധ്യക്ഷന്‍ ഭാരത് സിംഗ് സോളങ്കി പക്ഷവും തമ്മിലുള്ള പടലപിണക്കമാണ് ഗുജറാത്തിലെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് നിരീക്ഷണം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ഇടപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല.

ഗോവയിലും കോണ്‍ഗ്രസിന് വോട്ടു ചോര്‍ച്ചയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ബിജെപിയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമായത് എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ പേരിലുള്ള ഭിന്നത ഇപ്പോഴും ഇരുകൂട്ടരും തമ്മില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചില എംഎല്‍എമാര്‍ കേന്ദ്രനേതൃത്വത്തോടുള്ള എതിര്‍പ്പ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതാകുമെന്നാണ് വിലയിരുത്തല്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top