Flash News

ബിജെപി കോഴ വിവാദം; എം‌ടി രമേശ് കേന്ദ്രത്തിന് പരാതി നല്‍കുമെന്ന്; വിജിലന്‍സ് അന്വേഷണം ഇന്ന് ആരംഭിക്കും

July 21, 2017

mt-ramesh_InPixioതിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും. റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായതായി ധരിപ്പിക്കും. നാളത്തെ ഭാരവാഹി യോഗത്തിലും രമേശ് അന്വേഷണം ആവശ്യപ്പെടും. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ഇന്ന് ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡല്‍ഹിയി കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരിലേക്ക് അന്വേഷണം നീളുമെന്നാണ് റിപ്പോര്‍ട്ട്. ഇടനിലക്കാരന്‍ സതീഷ് നായരെ കുറിച്ച് വിശദമായി അന്വേഷിക്കും.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം എം.ടി.രമേശ് മറുപടി പറഞ്ഞിരുന്നു. മെഡിക്കൽ കോളഡജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണ് താനെന്ന് എം.ടി.രമേശ് പറഞ്ഞു. കേരളത്തിൽ എവിടെയെങ്കിലും മെഡിക്കൽ കോളേജിന് അനുതി കിട്ടാനായി താൻ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് അനുവദിക്കണം എന്നു പറഞ്ഞുകൊണ്ട് ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചു കൊടുക്കാൻ കഴിയാത്ത ആളാണ് താനെന്നു വ്യക്തമായി അറിയാം. വിഷയത്തിൽ തനിക്ക് പങ്കില്ലെന്നും രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം വി. മുരളീധരനും പറഞ്ഞിരുന്നു. അഴിമതിക്കാരായ ആരെങ്കിലും പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇത്തരമൊരു പരാതിയെക്കുറിച്ചോ റിപ്പോര്‍ട്ടിനെക്കുറിച്ചോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് ഇത്തരം അഴിമതിക്കാരുമായി ഒരു ബന്ധവുമില്ല. അഴിമതിക്കാരായ ആരും ബിജെപിയില്‍ ഉണ്ടാവില്ല. അങ്ങനെയുള്ള ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പണം നല്‍കിയ ആളെ വഞ്ചിച്ചിട്ടുണ്ടാകാം. ഒരു വിധത്തിലും സര്‍ക്കാരിനെ സ്വാധീനിക്കാനാവില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ തനിക്ക് ചുമതലകളില്ല. അതുകൊണ്ട് ഇത്തരമൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും മുരളീധരന്‍ പറഞ്ഞു. നാളെ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കുമെന്ന സൂചനയാണ് മുരളീധന്‍ നല്‍കിയത്.

സംസ്ഥാന ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോളെജ് അനുവദിക്കാന്‍ കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറി. ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് 5.60 കോടി നല്‍കിയെന്ന് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയാണ് പണം നല്‍കിയത്. ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് തുക കുഴല്‍പ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. അതേസമയം, പരാതിക്കാരന്റെ മൊഴിയില്‍ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളെജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റ് കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുളളവരാണ് ഇതു ചെയ്തത്. ഇവരിലൊരാള്‍ക്ക് ഒരു പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്തബന്ധം ഉണ്ടെന്നു കണ്ടതോടെ എതിര്‍ചേരികള്‍ പടയൊരുക്കം തുടങ്ങുകയായിരുന്നു. പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുകയായിരുന്നു.

എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി സഹകരിക്കുന്ന ഇയാള്‍ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തില്‍ ഇതു ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top