Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ബിജെപി മെഡിക്കല്‍ കോഴ വിവാദം; കുലം‌കുത്തികളോട് കരുതിയിരിക്കാന്‍ ബിജെപി മുഖപത്രം ജന്മഭൂമി

July 21, 2017 , .

bbb_0തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമി. റിപ്പോര്‍ട്ട് ചോര്‍ത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണം. കമ്മീഷന്‍ അംഗം റിപ്പോര്‍ട്ട് എന്തിന് ഒരു ഹോട്ടലിലേക്ക് ഇ മെയില്‍ ചെയ്തുവെന്നും പത്രത്തില്‍ കുറിക്കുന്നു. റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കോഴ ഇടപാടില്‍ എന്‍ഐഎ അന്വേഷണമാണ് വേണ്ടത്. വിജിലന്‍സ് അന്വേഷണം അഭികാമ്യമാകില്ലെന്നും ജന്മഭൂമിയില്‍ പറയുന്നു. കേരളത്തിന് പുറത്തും ഇതിന്റെ കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാല ഇടപാട് കൂടി ചര്‍ച്ച ചെയ്യന്ന സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം തന്നെ നടക്കുകയാണ് അഭികാമ്യമെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല. ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെ കുറിച്ചുള്ള ചിന്തയിലമര്‍ന്നപ്പോള്‍ ബലി കൊടുത്ത ഒരു തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാമ് എന്നറിയുന്നത് കൊണ്ടാണ്. പ്രതിയോഗികളുടെ അടിയും അവഹേളനവും സഹിച്ചും വിയര്‍പ്പും ചോരയും ജീവന്‍ തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്നവരാണ് അണികള്‍. ജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലേക്കൊഴുകി എത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരോപണം വന്നയുടന്‍ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചതെന്നും ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

‘കോഴ സ്വീകരിക്കുന്ന ഭരണമല്ല ഇന്ന് കേന്ദ്രത്തിലുള്ളത്. കോഴ കൊടുത്ത് മെഡിക്കല്‍ കോളെജ് എന്നല്ല ഒരു കോഴിക്കുഞ്ഞിനെ പോലും കിട്ടിയെന്ന് പറയാനാര്‍ക്കും കഴിയില്ല. കേരളത്തില്‍ നിന്ന് പോയ കോഴ എങ്ങോട്ട് പോയി എന്നറിയണം. ഡല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന നായരും നമ്പൂതിരിയും നായാടിയൊന്നും ബിജെപിയുമായി പുലകുടി ബന്ധം പോലുമില്ലാത്തവരാണ്. എന്നിട്ടും സമൂഹത്തിനിടയില്‍ അപഖ്യാതി വരുത്തിവെച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയതാരെന്ന് കണ്ടെത്തണം. കമ്മീഷനംഗത്തിന്റെ വ്യക്തഗത ഇമെയിലില്‍ നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത? ആരായാലും ആ കുലംകുത്തി കുദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷെ കരുതിയിരുന്നേ പറ്റൂ’.ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

അതേസമയം ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീറിനെ സസ്പെൻഡ് ചെയ്യും. അന്വേഷണ റിപ്പോർട്ട് ചോർന്നത് നസീറിന്റെ ഇ– മെയിൽ ഐഡിയിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. സംഭവത്തിൽ കൂടുതൽ കുറ്റവാളികളുണ്ടെന്നു കരുതുന്നില്ലെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഇന്നലെ പറഞ്ഞിരുന്നു. കുറ്റവാളിക്കെതിെര നടപടിയെടുത്തെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും രാജ വിശദമാക്കി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും രാജ പറഞ്ഞു. കോഴ നൽകി മെഡിക്കൽ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ മേയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ ആയിരുന്നു അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗം. കമ്മിഷൻ ജൂൺ ആറിനു സംസ്ഥാന നേതൃത്വത്തിനു റിപ്പോർട്ട് സമർപ്പിച്ചു. പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കു മാത്രമാണു റിപ്പോർട്ട് ലഭിച്ചത്. എന്നാൽ ഇതിനിടെയാണ് അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നു കിട്ടുന്നതും സംഭവം വിവാദമായതും.

തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളെജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റ് കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുളളവരാണ് ഇതു ചെയ്തത്. ഇവരിലൊരാള്‍ക്ക് ഒരു പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്തബന്ധം ഉണ്ടെന്നു കണ്ടതോടെ എതിര്‍ചേരികള്‍ പടയൊരുക്കം തുടങ്ങുകയായിരുന്നു. പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുകയായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി സഹകരിക്കുന്ന ഇയാള്‍ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തില്‍ ഇതു ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചിരിക്കുന്നത്.

janmabhumi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top