Flash News

നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപനം പ്രഹസനമായിരുന്നോ? മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന്‍

July 22, 2017

nurse-strike.jpg.image.784.410_InPixioതിരുവനന്തപുരം: 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചതിന്റെ നേട്ടം 5000 പേർക്ക് മാത്രമേ ലഭിക്കൂവെന്ന് വിവരം. അതേസമയം നഴ്സുമാരുടെ സമരം ഒത്തുതീർന്നുവെന്ന് പറയുമ്പോഴും സമരത്തിന്റെ ഭാഗമായി ജോലിക്കെത്താത്ത ദിവസങ്ങളിലെ ശമ്പളവും മുന്‍കാല പ്രാബല്യവും നൽകാൻ തയാറല്ലെന്ന നിലപാടിൽ മാനേജുമെന്റുകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും മിനിമം വേജസ് അഡ്വൈസറി കൗണ്‍സിലിന്റെ വിജ്ഞാപനം വരാതെ വേതനവര്‍ധന നടപ്പാക്കാനാകില്ലെന്ന നിലപാടിൽ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോ. (ക്യു.പി.എം.പി.എ) ഉറച്ചുനിൽക്കുകയാണ്.

മിനിമം വേജസ് അഡ്വൈസറി കൗണ്‍സിലിന്റെ വിജ്ഞാപനത്തില്‍ പഴുതുകളുണ്ടെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യുന്ന കാര്യവും മാനേജുമെന്റുകള്‍ ആലോചിക്കുകയാണ്. ക്യു.പി.എം.പി.എ അടക്കം മാനേജ്മെന്റുകള്‍ക്ക് ആറോളം സംഘടനകളാണുള്ളത്. തുടര്‍ നടപടിക്കായി അടുത്തയാഴ്ച അവയുടെ കോഒാഡിനേഷന്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. സർക്കാർ നിർദേശപ്രകാരം ആറ് കിടക്കകൾക്ക് ഒരു നഴ്സാണ് വേണ്ടത്. പോളി ക്ലിനിക് മുതൽ 50 കിടക്കകൾ വരെയുള്ള 2000 ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ രജിസ്ട്രേഡ് നഴ്സുമാരായി ഒന്നോ രണ്ടോ നഴ്സുമാരെയുള്ളൂ. സംസ്ഥാനത്താകെ ഏതാണ്ട് 5000വും. അവർക്കാവും 20,000 രൂപയുടെ നേട്ടം ലഭിക്കുക. കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ പക്കലില്ല. എന്നാല്‍ ഒന്നരലക്ഷത്തോളം നഴ്സുമാർ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 50 കിടക്കക്ക് മുകളിലുള്ള ആശുപത്രികൾ ഏതാണ്ട് 1200ഉം. 200 വരെ കിടക്കകളുള്ളത് 800ഉം വരും. 300ന് മുകളിലാണെങ്കിൽ അതിനെ മറ്റൊരു ആശുപത്രിയായി രജിസ്റ്റർ ചെയ്യാറാണ് പതിവ്.

സര്‍ക്കാർ തീരുമാനം നിര്‍ദേശമായി മാത്രമേ മിനിമം വേജസ് അഡ്വൈസറി കൗണ്‍സിലിന് പരിഗണിക്കാനാകുവെന്നാണ് മാനേജ്മെെന്റുകള്‍ വ്യക്തമാക്കുന്നത്. ഈ കൗണ്‍സിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. വിജ്ഞാപനം വന്നാലേ ശമ്പളവര്‍ധന നടപ്പാക്കൂ എന്നാണ് മാനേജുമെന്റുകളുടെ നിലപാട്. നിലവില്‍ മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി മാത്രമാണ് ഉള്ളത്. അതിന് മുകളിലാണ് മിനിമം വേതനം വിജ്ഞാപനം ചെയ്യേണ്ട കൗണ്‍സില്‍. കൗണ്‍സില്‍ ഇനിയും സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുപോലുമില്ലെന്നും മാനേജുമെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് മൂന്നുമാസമെങ്കിലും ഇല്ലാതെ വിജ്ഞാപനം സംബന്ധിച്ച നടപടി പൂര്‍ത്തിയാകില്ല. സർക്കാർ നിര്‍ദേശം ചെറിയ ആശുപത്രികളെ പ്രതിസന്ധിയിലാക്കുമെന്ന് കേരള അസോ. ഓഫ് സ്‌മോള്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്‌സ് ചെയര്‍മാന്‍ ഡോ. അലക്‌സ് ഫ്രാങ്ക്ലിനും കണ്‍വീനര്‍ ഡോ. ശ്രീജിത് എന്‍. കുമാറും അറിയിച്ചു. ചെറിയ ആശുപത്രികളെ സംരക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 25ന് തിരുവനന്തപുരത്ത് ചേരുന്ന പൊതുയോഗവും 29ന് ആലുവയില്‍ ചേരുന്ന സംസ്ഥാന പ്രതിനിധി യോഗവും തുടര്‍നടപടി ആലോചിക്കുമെന്നും അവർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top