Flash News

ബിജെപി കോഴ വിവാദം; കുമ്മനത്തെ വെള്ള പൂശി ഏഷ്യാനെറ്റ് ന്യൂസ്

July 24, 2017

kummanam_InPixioകേരളത്തില്‍ ബിജെപിയുടെ നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളജ് കോഴ അഴിമതി കത്തികയറുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയുടെ ആധികാരികത പോലും സംശയിക്കുന്ന രീതിയിലാണ് ചെയര്‍മാന്റെ പ്രതികരണം. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അന്നു മുതല്‍ കുമ്മനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് ഏഷ്യാനെറ്റ് ന്യൂസും അതിന്റെ മാധ്യമപ്രവര്‍ത്തകരും ശ്രമിച്ചത്. എന്നാല്‍ കോഴ സംബന്ധിച്ച് ഒരു ദിവസം മാത്രമാണ് ചര്‍ച്ച നടന്നതെന്നും രണ്ടാം ദിനം ആയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കുമ്മനത്തെ പ്രതികുട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് ബിജെപി എംപി കുടിയായ രാജീവ് ചന്ദ്രശേഖറോട് അമിത് ഷാ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഏതാനും വ്യക്തികളില്‍ അധിഷ്ഠിതമായി കേരള ബി ജെ പി ഘടകത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവവികാസങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി അംഗങ്ങളെയും എന്‍ ഡി എ പ്രവര്‍ത്തകരെയും തെല്ലു സ്തബ്ധരാക്കി എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംപി പറയുന്നത്. വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഒരു പാര്‍ട്ടിയിലെ ഏതാനും ചീഞ്ഞ ആപ്പിളുകള്‍ അതിവേഗം കണ്ടെത്തി നീക്കം ചെയ്യുന്നതിന് കുമ്മനത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിയ്ക്കു കളങ്കമുണ്ടാക്കാവുന്ന ഇത്തരം ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എ യുടെയും ഭാഗമായിരിക്കില്ല എന്നത് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുണ്ട്. തികഞ്ഞ ആഭിജാത്യത്തിനുടമയായ കുമ്മനം രാജശേഖരന്‍ ജനസ്പന്ദനം തിരിച്ചറിയുന്ന വ്യക്തിയാണ്. അധികാര രാഷ്ട്രീയത്തിന്റെ സകലമാന പ്രലോഭനങ്ങളില്‍ നിന്നും അകന്നു മാറി സംശുദ്ധമായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോരുന്ന ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. നിലയ്ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടു കൊണ്ട് കുമ്മനം സ്വീകരിച്ച നിലപാടുകള്‍ മാത്രം മതിയാകും അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം തിരിച്ചറിയുന്നതിനു.

അഴിമതിയ്ക്കു എതിരായ പോരാട്ടത്തില്‍ ഞാന്‍ കുമ്മനത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ജനക്ഷേമം മുന്‍നിര്‍ത്തി ശക്തമായ മറ്റൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ യത്‌നിക്കുന്ന അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ താനും പങ്കാളിയാകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളേജ് കോഴയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഉള്‍പ്പെടെയുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളാണ് അച്ചടക്കനടപടിക്ക് വിധേയരാകുക. അന്വേഷണക്കമ്മിഷന്‍ അധ്യക്ഷന്‍ കെ പി ശ്രീശന്‍, അംഗമായ എ കെ നസീര്‍ എന്നിവരാണ് മറ്റുള്ളവര്‍. റിപ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണെന്നുള്ള സുചനയും ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരികരിച്ചാല്‍ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് അമിത് ഷാ കടക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടത് ഇവരുടെ വീഴ്ചയാണെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ എം ടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് ഇവരുടേത്. എ കെ നസീറിന്റെ ഇമെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കെ പി ശ്രീശനും അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനായില്ലെന്നാണ് പരാതി. നസീറിന്റെ മെയില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് വി വി രാജേഷ് ആണെന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഈ മൂന്ന് പേര്‍ക്കുമെതിരെ എംടി രമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായില്ല. കൂടാതെ റിപ്പോര്‍ട്ടില്‍ രമേശിന്റെ പേര് അനാവശ്യമായി ശ്രീശന്‍ എഴുതിച്ചേര്‍ത്തതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ മറുപടി പറയാന്‍ യോഗത്തില്‍ വച്ച് ദേശീയ സഹസംഘടനാ സെക്രട്ടറി പി എല്‍ സന്തോഷ് ശ്രീശനെ അനുവദിച്ചില്ല.

ദേശീയ എക്‌സിക്യൂട്ടീവിനായി വ്യാജരസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വിമത വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ കരിവാരി തേയ്ക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ യോഗത്തില്‍ മൗനം പാലിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top