Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

വയ്യാവേലി (കഥ)

August 1, 2017 , ജോണ്‍ ഇളമത

Vayyaveli sizeഞാന്‍ രണ്ടാഴ്ചത്തേക്ക് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. പെങ്ങള്‍ക്ക് ഒരു കല്യാണാലോചന. പെട്ടെന്നു വന്നതാണ്. ചെറുക്കന്‍ കുവൈറ്റില്‍. കുവൈറ്റില്‍ ദിനാറിന് നൂറ്റിപ്പത്തു രൂപയാണെന്ന് കേട്ടു. എന്നിട്ടും സ്ത്രീധനം അഞ്ചരലക്ഷം രൂപാ വേണമെന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്കു നിര്‍ബന്ധം.

പെണ്ണ് എം.എസ്.സി. ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായതാണ്. ചെറുക്കന്‍ കുവൈറ്റിലായതുകൊണ്ട് നാട്ടില്‍ അവള്‍ പഠിച്ച കോളേജില്‍ കിട്ടിയ ജോലി പോലും ഉപേക്ഷിച്ചു കല്യാണത്തിന് തയ്യാറെടുക്കുകയാണ്.

അമേരിക്കന്‍ ഡോളറിന് നാട്ടില്‍ മുപ്പത്തിരണ്ടു രൂപാ നിരക്കില്‍ അഞ്ചു ലക്ഷത്തിനും കല്യാണച്ചെലവിനും വേണ്ട ഡോളര്‍ പെട്ടെന്നുണ്ടാക്കി ഞാന്‍ പെട്ടി കെട്ടി തയ്യാറാക്കി.

അപ്പോഴാണ് ഉറ്റ സുഹൃത്ത് ഗീവര്‍ഗീസ് എന്നെ ഫോണില്‍ വിളിച്ചു പറയുന്നത്: “കുഞ്ഞുമോനേ, എനിക്കൊരുപകാരം ചെയ്യണം. എന്റെ പേരന്റ്‌സിന് ഇവിടത്തെ തണുപ്പു സഹിക്കാതെ വരുന്നു. പോരെങ്കില്‍ അച്ചായനു വാതവുമാണ്. അമ്മച്ചിക്ക് വല്ലപ്പോഴും ആസ്ത്മയും ഉണ്ട്. അതുകൊണ്ട് രണ്ടുപേര്‍ക്കും നാട്ടില്‍ തിരിച്ചുപോകണമെന്നു പറയുന്നു. കുഞ്ഞുമോന്റെ കൂട്ടത്തില്‍ അവരെക്കൂടെ നാട്ടിലേക്ക് വിടാമെന്നു കരുതുകയാണ്. കുഞ്ഞുമോന്റെ അതേ ഫ്‌ളൈറ്റില്‍ തന്നെ ടിക്കറ്റ് ഓക്കെ ആക്കി വച്ചിരിക്കുകയാണ്.”

ആരോടും പറയാതെ പെട്ടെന്നു നാട്ടില്‍ പോയി വരാനിരുന്നതാണ്. എങ്ങനറിഞ്ഞു ഗീവര്‍ഗീസ് ഈ വിവരം? നാരീവിനിമയം നടത്തിയിരിക്കണം. എന്നു പറഞ്ഞാല്‍ എന്റെ ഭാര്യ ഗീവര്‍ഗീസിന്റെ ഭാര്യയോട് പറഞ്ഞിരിക്കണം. ഞങ്ങള്‍ക്കും ഗീവര്‍ഗീസിന്റെ കുടുംബത്തിനും തമ്മില്‍ വലിയ അടുപ്പമാണ്. ഒന്നാമത് ഞാനും ഗീവര്‍ഗീസും ഒരേ നാട്ടുകാര്‍. രണ്ടാമത് എന്റെ ഭാര്യയും ഗീവര്‍ഗീസിന്റെ ഭാര്യയും ഒരേ ഹോസ്പിറ്റലിലെ നേഴ്‌സുമാര്‍.

എനിക്ക് ഗീവര്‍ഗീസിനോട് നോ, എന്ന് പറയാനായില്ല. അമേരിക്ക കാണാന്‍ വന്ന പേരന്റ്‌സിനെ നാട്ടിലേക്കു കൊണ്ടുപോകുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള പണിയാണ്. അന്തസ്സും അഭിമാനവും ചിലപ്പോള്‍ ചോര്‍ന്നുപോയെന്നും വരാം.

വയ്യാവേലി വന്ന് തോളില്‍ കയറിയത് കണ്ടില്ലേ! എന്തുചെയ്യാം? ഈയിടെയായി സമയം മോശമാണ്. ഈ ആഴ്ചത്തെ വാരഫലത്തില്‍ പറയുന്നത് മാനഹാനി പണനഷ്ടം എന്നൊക്കെയാണ്. ഇതുരണ്ടും ഉണ്ടാകാതെ കരുതി നടക്കണമെന്നാണ് ജോത്സ്യന്റെ ഉപദേശം. എത്ര കരുതിയാലും ചിലപ്പോള്‍ ചിലതൊക്കെവന്നു കുറിക്കു കൊള്ളും.

അങ്ങനെ ഞാനും ഗീവര്‍ഗീസിന്റെ പേരന്റ്‌സും കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് ബോംബംയ്ക്കുള്ള എയര്‍ ഇന്ത്യയില്‍ യാത്രയായി. ഗീവര്‍ഗീസിന്റെ ഫാദര്‍ (ഞാന്‍ ചേട്ടന്‍ എന്നാണ് വിളിക്കുന്നത്) സൂട്ടും ടൈയും അതിനു മീതെ നീളന്‍ ജാക്കറ്റും കൈയ്യുറയും ധരിച്ചിരുന്നു. ഇതൊന്നും പോരാഞ്ഞ് തലയില്‍ ഒരു നേര്യത് വട്ടം കെട്ടിയിട്ടുണ്ടായിരുന്നു. കക്ഷി നാട്ടില്‍ നിന്നു വന്നപ്പോഴേ തോളില്‍ ചുറ്റിയിട്ടുകൊണ്ടുവന്ന നേര്യതാണ്. വെള്ള വോയിലില്‍ കറുത്ത ചുട്ടിക്കരയുള്ള നേര്യത്! ഷര്‍ട്ട് കൈനീട്ടി, കഫ് റോള്‍ഡ് ഗോള്‍ഡ് ബട്ടണ്‍ കൊണ്ടു കുത്തി, വെള്ള ഒറ്റമുണ്ട് ഉടുത്ത്, നേര്യത് തോളില്‍ പാമ്പിനേപ്പോലെ വളച്ചുചുറ്റി, നരച്ച താടി മീശ വളര്‍ത്തി അരികു കത്രിച്ച്, വള്ളിച്ചെരുപ്പുമിട്ട രൂപത്തിലാണ് പുള്ളിക്കാരന്‍ അമേരിക്കയില്‍ എത്തിയത്.

ഗീവര്‍ഗീസിന്റെ മദറാകട്ടെ (ചേട്ടത്തി) അണിഞ്ഞു വന്ന മുണ്ടും ചട്ടയും കസവുനേര്യതും മാറ്റി വൂളന്‍ പാന്റ്‌സും സൈ്വറ്ററും, ജാക്കറ്റുമാക്കി. തലയില്‍ കമ്പിളിതൊപ്പിയും കൈകളില്‍ കമ്പിളി ഉറയും ധരിച്ചിരുന്നു.

എനിക്ക് അവരെ കുറ്റം പറയാന്‍ കഴിഞ്ഞില്ല. ന്യൂയോര്‍ക്കില്‍ ഇക്കൊല്ലം മുടിഞ്ഞ തണുപ്പാണ്. പെരുവിരല്‍ മുതല്‍ തലനാരു വരെ അരിച്ചുകേറുന്ന മരവിപ്പേറ്റാല്‍, വാതം മുതല്‍ ആത്സ്മ വരെ ഏത് ആരോഗ്യവാനും ഉണ്ടാകും.

എയര്‍ ഇന്ത്യയുടെ പടുകൂറ്റന്‍ ജറ്റ് മേഘക്കെട്ടുകളിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ക്ക് ഏതാണ്ട് മദ്ധ്യഭാഗത്തുള്ള സൈഡ് സീറ്റാണ് കിട്ടിയത്. ചേട്ടന് സൈഡില്‍ ഇരുന്ന് സീനറി കാണണെന്ന് ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അറ്റത്തു തന്നെ ഇരുത്തി. നടുക്ക് ചേട്ടത്തി, ഇങ്ങേയറ്റം ഞാന്‍. പ്ലെയിന്‍ പറന്നുയര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചേട്ടന്‍ തലയിലെ കെട്ടഴിക്കുകയോ ജാക്കറ്റ് ഊരിമാറ്റുകയോ, ചേട്ടത്തി കമ്പിളി തൊപ്പിയും കൈയ്യുറയും എടുത്തു മാറ്റുകയോ ചെയ്തില്ല. പ്ലെയിന്‍ എയര്‍ കണ്ടീഷന്‍ ചെയ്തതാണെന്ന വിവരം അവരോട് ഒന്ന് പറഞ്ഞാലോ? അവരെ അപ്‌സറ്റ് ആക്കണ്ട എന്നു കരുതി സംയമനം പാലിച്ചു.

അറ്റത്തിരുന്ന ചേട്ടന്‍ താഴേക്കു നോക്കി അത്ഭുതം വിടന്ന കണ്ണുകളുമായി എന്നോട് ഓതി: “എങ്കിലും കുഞ്ഞുമോനേ, താഴേക്ക് ഒന്നു നോക്ക്, ഈ ലോകം എത്ര ചെറുതാണ്.”

ഞാന്‍ ഉത്തരത്തിനു പകരമായി ചിരിച്ചു.

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഈ ലോകമെത്ര ചെറുതാണെന്നുള്ള കാര്യം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഞാന്‍ നിത്യമായി കാണുന്നതാണ്. അവിടെയുള്ള ഓരോരോ മനുഷ്യരുടെയും പ്രവര്‍ത്തനം കണ്ടാല്‍ ലോകം ചെറുതാണെന്നു തന്നെയല്ല, പുല്ലാണെന്നു പോലും തോന്നിപ്പോകാറുണ്ട്.

പ്ലെയിന്‍ അറ്റ്‌ലാന്റിക്കിന്റെ മദ്ധ്യത്തില്‍ അല്പാല്പം കാറ്റില്‍ ഉലഞ്ഞു. സീറ്റ്ബല്‍ട്ട് ഇടാന്‍ നിര്‍ദ്ദേശം വന്നു. കാറ്റിലുലഞ്ഞ പ്ലെയിനിന്റെ ആട്ടത്തില്‍ മദ്ധ്യത്തിലിരുന്ന ചേട്ടത്തി രണ്ടുകൈകൊണ്ടും എന്റെ കൈകളില്‍ ബലമായി അമര്‍ത്തിപ്പിടിച്ചു. എന്നിട്ടു മൊഴിഞ്ഞു: “മനം പുരട്ടുന്നു”.

അവരുടെ കൈ തട്ടിമാറ്റി, സീറ്റിന്റെ മുമ്പിലുള്ള പ്ലാസ്റ്റിക്ക് കൂട് അവര്‍ക്ക് വേണ്ടിവായുടെ മുമ്പില്‍ പിടിക്കാന്‍ ശ്രമിക്കവേ ചേട്ടത്തി എന്റെ മുഖത്തേക്കും, മടിയിലേക്കുമായി ഒരൊറ്റ തട്ട്! ദഹിച്ചതും, ദഹിക്കാത്തതുമായ ഇന്ത്യന്‍ വിഭവങ്ങള്‍; കറിയും ചോറും.

ഈ ലോകം ചെറുതുമല്ല, പുല്ലുമല്ല, പുല്ലുമല്ല, ഭയങ്കരമായ ഒന്നാണെന്ന് എനിക്കു തോന്നി. സംയമനത്തിന്റെ പടവുകള്‍ സാവാധാനം ഞാന്‍ ചവുട്ടിക്കയറി. അപ്പോഴേക്കും ഭാഗ്യത്തിന്, കാറ്റിലുള്ള ഉലച്ചില്‍ നിന്നു. സീറ്റ് ബല്‍ട്ട് അഴിച്ച് ഞാന്‍ ചേട്ടത്തിയേയും കൂട്ടി ടോയ്‌ലറ്റിലേക്കു പോയി. അവരെ കഴുകി വൃത്തിയാക്കാന്‍ സഹായിച്ചു. പിന്നീട് ഞാന്‍ എന്നേയും കഴുകി. വീണ്ടും പൂര്‍വ്വസ്ഥാനത്തേക്ക് സീറ്റില്‍ വന്നിരുന്നു.

പീന്നീട് ചേട്ടത്തി ഭക്ഷണം പോലും കഴിയ്ക്കാന്‍ തയ്യാറായില്ല. കഴിക്കാതെ ഇരിക്കട്ടെ എന്നു ഞാനും കരുതി. കഴിച്ചാല്‍ ഇനിയും ഛര്‍ദ്ദിക്കും. അതിനുശേഷം ചേട്ടത്തി തളര്‍ന്ന് എന്റെ തോളിലേക്ക് വീണ് കൂര്‍ക്കം വലിച്ച് ഒരൊറ്റ ഉറക്കം; ബോംബേവരെ നിര്‍ദ്ദയനായ ചേട്ടന്‍ അതു കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് താഴേക്കു കണ്ണും നട്ട് സീനറി കണ്ടുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ ഭയങ്കരമായ തെറികള്‍ തോന്നി. ശബ്ദമില്ലാത്ത ഭാഷയില്‍ ഞാന്‍ ഉരുവിട്ടുകൊണ്ട് ഒരുവിധം ബോംബെ വരെ എത്തി.

ഇനി കസ്റ്റംസ് കടക്കണം. ചേട്ടന്റെയും ചെട്ടത്തിയുടെയും പെട്ടിയില്‍ ഒന്നുമില്ലെന്നാണ് പറഞ്ഞത്. ധൃതിയില്‍ നാട്ടില്‍ പോകുന്ന എന്റെ പെട്ടിയിലും ഒന്നുമില്ലായിരുന്നു. ഞങ്ങള്‍ ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചു. എന്നിട്ടും ഒരാഫീസര്‍ക്കു നൂറു യു.എസ്.ഡോളര്‍ വേണം. ഗ്രീന്‍ ചാനലുപോലുമില്ലാതെ അദ്ദേഹം ഞങ്ങളെ കടത്താമെന്നായി. ഞാന്‍ സമ്മതിച്ചു.

ഗ്രീന്‍ ചാനല്‍ കടക്കുമ്പോള്‍ ചേട്ടത്തിയുടെ ദേഹപരിശോധനയില്‍ “കീ, കീ” എന്നൊരു ശബ്ദമുണ്ടായി. ചേട്ടത്തിയെ പ്രൈവറ്റ് റൂമില്‍ കൊണ്ടുപോയി. വസ്ത്രാക്ഷേപം നടത്തണമെന്നായി. പരിശോധനക്കാരി വനിതാപോലീസ്. ചേട്ടത്തിക്കു കാര്യം മനസ്സിലായി. ചേട്ടത്തി ചിരിച്ചു. “എന്റെ പൊന്നേ, അത് സ്വര്‍ണ്ണവും വെള്ളിയുമൊന്നുമല്ല, ന്യൂയോര്‍ക്കില്‍ നിന്നും വര്‍ഗീസ് കുട്ടിയുടെ ഭാര്യ വാങ്ങിച്ചു കൊടുത്ത റൗണ്ടില്‍ കമ്പി കെട്ടിയ ബ്രായാണ്. ഒരു ഭംഗിക്ക് അതൊന്നു ധരിച്ചെന്നേയുള്ളൂ.”

ഏതായാലും വനിതാപോലീസ് അടങ്ങി. എങ്കിലും അരിശം മൂത്ത് കസ്റ്റംസ് ഓഫീസര്‍ പെട്ടി മൂന്നും അഴിച്ചു പരിശോധിച്ചു. പൊടുന്നനവേ, ചേട്ടന്റെ പെട്ടിയില്‍ നിന്ന് മൂര്‍ച്ചയുള്ള ഒരു വെട്ടുകത്തി ഓഫീസര്‍ കണ്ടെടുത്തു. ഓഫീസറുടെ കണ്ണകള്‍ ചുവന്നു. വെട്ടുകത്തി സഹിതം ചേട്ടന്റെ കൈ പിടിച്ച് ഓഫീസര്‍ അകത്തെ മുറിയിലേക്കു പാഞ്ഞു. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.

ഇരുപതു മിനിട്ടിനു ശേഷം, തളര്‍ന്ന മുഖമുള്ള ചേട്ടനെയും പിടിച്ച് വെട്ടുകത്തിയുമായി ഓഫീസര്‍ തിരികെ വന്നു. എന്നിട്ടു സഹതാപപൂര്‍വ്വം മൊഴിഞ്ഞു: “സോറി ഇനിയും പെട്ടികള്‍ എല്ലാം അടച്ചോളൂ” ഓഫീസര്‍ വെട്ടുകത്തി എന്റെ കൈയ്യില്‍ തന്നിട്ടു പറഞ്ഞു: “ഈ മനുഷ്യനെപ്പറ്റി ഒരു സംശയമുണ്ടായി. താടിയും, തലയില്‍ കെട്ടുമുള്ള ഇതേ രീതിയിലുള്ള ഒരു സിക്ക് ഭീകരന് ഉണ്ട്. കഴിഞ്ഞ എയര്‍ ഇന്ത്യാ സംഭവത്തില്‍പ്പെട്ട ആള്‍. വെട്ടുകത്തി കൂടി കണ്ടപ്പോള്‍ സംശയം വര്‍ദ്ധിച്ചു. ചോദ്യം ചെയ്യാന്‍ അകത്തേക്ക് എടുത്തതാ.”

ചേട്ടന്‍ വിയര്‍ക്കുകയായിരുന്നു. ഓഫീസര്‍ മാറിക്കഴിഞ്ഞപ്പോള്‍, ഭയം കുറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വിറയ്ക്കുന്ന സ്വരത്തില്‍ ചേട്ടന്‍ പറഞ്ഞു: “എന്റെ പൊന്നുമോനേ, നാട്ടില്‍ മാടിന്റെ എല്ലുവെട്ടാന്‍ പറ്റിയ കത്തിയാണല്ലോ എന്നോര്‍ത്താ ഇതു പെട്ടിക്കകത്തു വച്ചത്. എന്നിട്ടവരെന്നെ അകത്തുകൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍, പഞ്ചാബിയൊണ്ടോ ഹിന്ദിയൊണ്ടോ ഇംഗ്ലീഷൊണ്ടോ എനിക്കറിയാവൂ; പറഞ്ഞു മനസ്സിലാക്കാനും പറഞ്ഞു പഠിപ്പിക്കാനും. അവര്‍ പാസ്‌പോര്‍ട്ടാണ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതിനിടെ ഒരു പോലീസുകാരന്‍ എന്റെ പള്ളക്കൊരു ചവിട്ട്. എന്നിട്ട് സിംഗാണോന്ന് ഒരു ചോദ്യം. അപ്പോള്‍ ഞാന്‍ വേദന കൊണ്ട് ഉറക്കെ പറഞ്ഞുപോയി! നോ സിക്ക്, നോ ഹിന്ദി, മലയാളി. ഇതിനിടെ മറ്റൊരു പോലീസ് എന്റെ പോക്കറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് തപ്പിയെടുത്ത് പരിശോധിച്ചു. അപ്പോഴാണ് അവര്‍ക്ക് ആശ്വാസം വന്ന് എന്നെ തിരികെ വിട്ടത്.

അരിശം കൊണ്ടു ഞാന്‍ വിറച്ചു. ഗീവര്‍ഗീസ് എങ്ങാനും ഇതറിഞ്ഞാല്‍ ഞാന്‍ എന്തു സമാധാനം പറയും? ഇനിയും ഇത് ഇവിടെ പരാതിപ്പെടാമെന്നു കരുതിയാല്‍, നിയമത്തിന് വാലും തലയുമില്ലാത്ത ഈ രാജ്യത്ത് രക്ഷപ്പെടുകയില്ല. ഞാന്‍ അരിശം കടിച്ചമര്‍ത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top