Flash News

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യുദ്ധഭീതി

August 6, 2017 , ജോസഫ് പടന്നമാക്കല്‍

Indo china banner sizeഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന ഭൂപ്രദേശങ്ങളാണ് ചൈനയും ഭൂട്ടാനും സിക്കിമും. കഴിഞ്ഞ ജൂണില്‍ ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ റോഡ് പണിയുന്നതിനെ ഹിമാലയ രാജ്യമായ ഭൂട്ടാന്‍ എതിര്‍ത്തിരുന്നു. അത് ഭൂട്ടാന്റെ പരമാധികാര പരിധിയിലുള്ള ഭൂപ്രദേശമെന്നായിരുന്നു വാദം. ചൈനയുടെ ഈ അതിക്രമത്തെ തടയാന്‍ ‘ഭൂട്ടാന്‍’ ഇന്ത്യയുടെ സഹായം അപേക്ഷിച്ചു. അതനുസരിച്ച് ഇന്ത്യന്‍ പട്ടാളം അവിടെ എത്തുകയും 2012ല്‍ രൂപകല്‍പ്പന ചെയ്ത അതിര്‍ത്തി നിര്‍ണ്ണയം ചൈന ലംഘിച്ചെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ബെയ്ജിങ്ങിന്റെ കൈവശമുണ്ടായിരുന്ന കൊളോണിയല്‍ കാലത്തെ ബ്രിട്ടനും ചൈനയുമായുള്ള ഒരു ഉടമ്പടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഭൂട്ടാന്റെ അധീനതയിലുള്ള ആ ഭൂപ്രദേശത്തെ ചൈനയുടെ വകയെന്നു അവകാശമുന്നയിക്കുകയും ചെയ്തു. ഇന്ത്യന്‍ മിലിറ്ററിയും ഭൂട്ടാന്‍ പട്ടാളവും ഒന്നിച്ച് സൈനികാഭ്യാസം നല്‍കുന്ന പ്രദേശമായിരുന്നു അവിടം.

1962നു ശേഷം ചൈനയും ഇന്ത്യയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുമ്പെടുന്നത് ആദ്യമാണ്. അതിര്‍ത്തിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഇരുരാജ്യങ്ങളും സൈന്യങ്ങളെ ശക്തമായി വിന്യസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു യുദ്ധത്തിനുള്ള സന്നാഹങ്ങളോടെ സൈനിക വ്യൂഹങ്ങളെ രണ്ടുകൂട്ടരുടെയും അതിര്‍ത്തികളില്‍ വ്യാപിപ്പിക്കുന്നതും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യന്‍ ഭാഗത്തേയ്ക്ക് ചൈന അതിക്രമിച്ചു കയറുകയും ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തത് പ്രശ്‌നം രൂക്ഷമാകുന്നതിന് കാരണമായി. ബങ്കറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതെന്നും അത് ഇന്ത്യയുടേയോ ഭൂട്ടാന്റെതോ അല്ലെന്നും ചൈന അവകാശപ്പെട്ടു. 2012ല്‍ ഇന്ത്യ ടോക്ലായില്‍ നിര്‍മ്മിച്ച രണ്ടു ബങ്കറുകളായിരുന്നു അത്. ചൈനീസ് ലിബറേഷന്‍ ആര്‍മി ആ ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന സമയങ്ങളിലെല്ലാം ഇന്ത്യ നിരസിക്കുകയാണുണ്ടായത്. യുദ്ധ സമാനമായ അന്തരീക്ഷമാണ് ഇന്ന് അതിര്‍ത്തിയിലുള്ളത്. ഏതു നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാവുന്ന സ്ഥിതിവിശേഷം ചൈന ഇന്ത്യ അതിര്‍ത്തികളില്‍ നെടുനീളെ സംജാതമായിരിക്കുന്നു.

വീണ്ടും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ഇരുസൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ എത്തിച്ചുകൊണ്ടുമിരിക്കുന്നു. പ്രശ്‌ന മേഖലകളില്‍ ചൈനീസ് പട്ടാളം കയ്യേറുന്നതോടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ഇന്ത്യയും നിര്‍ബന്ധിതമായി.

aഇന്ത്യ ചൈന അതിര്‍ത്തികള്‍ രണ്ടു സ്ഥലങ്ങളിലായി നിലകൊള്ളുന്നു. വടക്കേ ഇന്ത്യയും പടിഞ്ഞാറേ ചൈനയും കൂടുന്ന അതിരുകളിലും കിഴക്കേ ഇന്ത്യയും തെക്കേ ചൈനയും കൂടുന്ന അതിരുകളിലുമായിരിക്കും പ്രശ്‌നങ്ങളുണ്ടാകുന്നത്. 1962ല്‍ ഈ രണ്ടു ഭൂവിഭാഗങ്ങളിലും ചൈന ആക്രമിച്ചിരുന്നു. ഏകദേശം ഒരു മാസം നീണ്ട ആ യുദ്ധത്തില്‍ ചൈനയ്ക്ക് നേട്ടങ്ങളുണ്ടാവുകയും ചെയ്തു. 2013ലും ജമ്മു കാശ്മീരിലെ ലഡാക്കിനു സമീപം ദുലാത്ത് ബാഗില്‍ ചൈനീസ് സൈന്യം മുപ്പത് കിലോമീറ്ററോളം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കുതിച്ചു കയറിയിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതുകൊണ്ടു ചൈനീസ് സംഘം പിന്മാറിയെങ്കിലും അന്നും സംഘര്‍ഷം മുപ്പത് ദിവസത്തോളം നീണ്ടു നിന്നിരുന്നു. ഈ മേഖല ചൈനായുടെ ഷിന്‍ചിയാങ് പ്രവിശ്യയുടെ ഭാഗമെന്നായിരുന്നു അന്ന് ചൈനയുടെ അവകാശവാദം. സിക്കിമിലുള്ള നാഥുല ചുരം വഴി കൈലാസത്തിലേക്കുള്ള തീര്‍ത്ഥാടകരെ ചൈന തടഞ്ഞതു കാരണം അതുവഴിയുള്ള തീര്‍ത്ഥാടകരുടെ യാത്ര ഇന്ത്യ നിര്‍ത്തല്‍ ചെയ്തിരുന്നു.

ഇന്ന് ഭൂട്ടാന്‍ ഭരിക്കുന്ന രാജാവ് ജിഗ്മെ വാങ്ചക്ക് (Jigme Khesar Namgyel Wangchuck) ബിരുദമെടുത്തത് ഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നാണ്. രാജാവ് ഒരു പരിസ്ഥിതി പ്രേമി കൂടിയാണ്. മകന്‍ ജനിച്ചപ്പോള്‍ ഒരു ലക്ഷത്തില്‍പ്പരം മരങ്ങള്‍ നട്ടുകൊണ്ടായിരുന്നു ജിഗ്മെ ആഘോഷിച്ചത്. ഭൂട്ടാനുമായി മുഴുവനായ ഒരു നയതന്ത്രം ചൈന വര്‍ഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്നു. രണ്ടു വന്‍ ശക്തികളുടെ നടുവിലുള്ള കെണിയിലാണ് ഭൂട്ടാന്‍. ആയുധ മത്സരത്തില്‍ ഏഷ്യയില്‍ ആരു മുന്നിട്ടു നില്‍ക്കുമെന്ന പ്രേരണയാണ് ചൈനയെ നയിക്കുന്നത്. അമേരിക്കയും ഇന്ത്യയും ജപ്പാനും ഒത്തൊരുമിച്ചുള്ള നാവിക പരിശീലനവും ചൈനയെ വെറുപ്പിക്കുകയും പരിഭ്രാന്തമാക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ സബ്മറൈന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വന്നതും ഈ മൂന്നു രാജ്യങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ടിബറ്റ് കാര്യത്തില്‍ ദലൈലാമായേ പിന്തുണയ്ക്കുന്നതും ഇന്ത്യയുടെ കൈവശമുള്ള അരുണാചല്‍ പ്രദേശില്‍ ദലൈലാമയെ സന്ദര്‍ശിക്കാന്‍ അനുവദിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍തട്ടിയിരുന്നു. ആ പ്രദേശം തങ്ങളുടെ അവകാശപരിധിയിലുള്ളതെന്നും ചൈന വാദിക്കുന്നു.

1951ല്‍ ചൈന ഹിമാലയന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന രാജ്യമായ ടിബറ്റിനെ ആക്രമിച്ചു കീഴടക്കി. അന്ന് ടിബറ്റിലേയ്ക്ക് ചൈനീസ് പട്ടാളം നീങ്ങിയത് സിങ്കിയാങില്‍ നിന്ന് കരക്കാഷ് നദിയുടെ തീരത്തുകൂടെയായിരുന്നു. ചൈനക്കാര്‍ കടന്നുപോയ അന്നത്തെ യുദ്ധതന്ത്രമായ വഴികളില്‍ക്കൂടി മദ്ധ്യചൈനയില്‍നിന്ന് നെടുനീളെ ഒരു റോഡ് നിര്‍മ്മിച്ചിരുന്നു. ഭാവിയില്‍ കൂടുതല്‍ മിലിട്ടറിയുടെ കാര്യക്ഷമത്തിനായി ഈ റോഡുനിര്‍മ്മാണം ഉപകരിക്കുമെന്ന കണക്കുകൂട്ടലുകളും ചൈനയ്ക്കുണ്ടായിരുന്നു. ചൈനീസ് പട്ടാളം വളരെ രഹസ്യമായി തന്നെ ആ ഭൂപ്രദേശങ്ങള്‍ വാഹന ഗതാഗതാഗതത്തിനു അനുയോജ്യമുള്ളതാക്കി തീര്‍ത്തിരുന്നു. 1951ല്‍ പണി തുടങ്ങിയ ഒരു റോഡ് ചൈന നിര്‍മ്മിച്ചുവെന്ന വിവരം ഇന്ത്യ അറിഞ്ഞത് 1956നു ശേഷമായിരുന്നു. അന്ന് ഇന്ത്യയും ചൈനയുമായി നല്ല സൗഹാര്‍ദ്ദ ബന്ധമുള്ള കാലവുമായിരുന്നു.

a2‘ഇന്ത്യ ചൈന ഭായി ഭായി’ എന്നു പറഞ്ഞു നടന്നിരുന്ന കാലത്ത് ഇന്ത്യയ്ക്ക് ചൈനയെ എന്തുകാര്യത്തിനും അമിത വിശ്വസമുണ്ടായിരുന്നു. 1959ല്‍ ടിബറ്റില്‍ ആഭ്യന്തര വിപ്ലവം പൊട്ടി പുറപ്പെട്ടു. അതുമൂലം ദലൈലാമായും അനുയായികളും ടിബറ്റില്‍ നിന്ന് പലായനം ചെയ്തു അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ചൈനാക്കാര്‍ ലഡാക്കില്‍ക്കൂടി നിര്‍മ്മിച്ച റോഡ് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ചായിരുന്നുവെന്ന കാര്യവും ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടു. അതുമൂലം ഇന്ത്യന്‍ പട്ടാളവും ചൈനീസ് പട്ടാളവും ലഡാക്കിലും ആസാമിന്റെ അതിര്‍ത്തി മേഖലകളിലും ഏറ്റു മുട്ടലുകള്‍ ആരംഭിച്ചു. ഇത് 1962ലെ ഇന്ത്യ ചൈന യുദ്ധത്തിലേക്ക് വഴി തെളിയിച്ചു.

യുദ്ധത്തില്‍ ഇന്ത്യയ്ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടാവുകയും ഇന്ത്യയുടെ വക 26000 ചതുരശ്ര മൈല്‍ വിസ്തൃതിയേറുന്ന സ്ഥലം ചൈന കൈവശപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്ന് ദിവസത്തെ ‘ഇന്ത്യ ചൈന’ യുദ്ധത്തിനു ശേഷം ചൈന ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ ചെയ്യുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1962ല്‍ ചൈനയുമായി ഒരു യുദ്ധം ചെയ്യാന്‍ ഇന്ത്യ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. നെഹ്രുവിന്റെ നിരായുധികരണവും പഞ്ചശീലവും ഇന്ത്യയ്ക്ക് യുദ്ധത്തില്‍ തോല്‍വി സംഭവിക്കാന്‍ കാരണമായി. കൂടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല പദ്ധതികളില്‍ പരസ്പരം ഇരുരാജ്യങ്ങളും സമാധാന സഹവര്‍ത്തിത്വത്തില്‍ കഴിയുമെന്ന വ്യവസ്ഥകളുമുണ്ടായിരുന്നു.

1962ലെ ഇന്ത്യ ചൈന യുദ്ധം നെഹ്രുവിന്റെ നോട്ടക്കുറവു മൂലം സംഭവിച്ചതായിരുന്നു. സാമ്രാജ്യ കാലത്തുണ്ടായിരുന്ന അതിര്‍ത്തി നിര്‍ണ്ണയിച്ചിരുന്ന മാക്‌മോഹന്‍ രേഖ ചൈന അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ നിശബ്ദമായി അംഗീകരിക്കുന്നുവെന്ന ഒരു ധാരണയും ചൈനീസ് ഭരണകൂടത്തിനുണ്ടായി. ചൈനയെ ഇന്ത്യയ്‌ക്കെതിരെ ഒരു ആക്രമണത്തിന് പ്രേരിപ്പിച്ച കാരണവും അതായിരുന്നു. വാസ്തവത്തില്‍ ചൈനയുടെ ആഭ്യന്തര പ്രശ്‌നമെന്ന നിലയില്‍ ടിബറ്റിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും പില്‍ക്കാലത്തു ചൈന ആരോപിച്ച ചില രൂക്ഷവിമര്‍ശനങ്ങളില്‍നിന്നും അവരുടെ ഈ ആശങ്ക പ്രകടമായിരുന്നു.

a1 (2)1954ല്‍ ചൈനയും ഇന്ത്യയും ബലഹീന രാഷ്ട്രങ്ങളായിട്ടായിരുന്നു അമേരിക്ക കരുതിയിരുന്നത്. മാവോ സേതുങ്ങ് ഇന്ത്യയില്‍ വന്നപ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചു നില്‍ക്കണമെന്ന് നെഹ്‌റുവിനെ ഉത്‌ബോധിപ്പിച്ചിരുന്നു. രണ്ടു രാജ്യങ്ങളും സാമ്പത്തികമായി പിന്നോക്കമാണെങ്കിലും മനുഷ്യശക്തിയും മനുഷ്യാദ്ധ്വാനവും ലോകത്തില്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമെന്ന് നെഹ്‌റു അന്ന് മാവോയെ ബോധിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും യോജിച്ചു നിന്നാല്‍ പിന്നീട് ഏഷ്യയില്‍ ഒരു ശക്തിയും ഈ രണ്ടു രാജ്യങ്ങള്‍ക്കുമേലെ തലയുയര്‍ത്തില്ലെന്നും നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും വര്‍ദ്ധിച്ചു വരുന്ന ബില്യന്‍ കണക്കിനുള്ള ജനസംഖ്യയെയും വിലയിരുത്തിയിരുന്നു.

ആറു പതിറ്റാണ്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ചൈനയും ഇന്ത്യയും ലോക ജനസംഖ്യയുടെ 36 ശതമാനം വസിക്കുന്ന രാജ്യങ്ങളെന്നും അറിയപ്പെട്ടു. ലോകത്തില്‍ അതിവേഗം വളരുന്ന രണ്ടു സാമ്പത്തിക ശക്തികളുമായി രൂപം കൊള്ളുകയും ചെയ്തു. അടുത്ത കാലത്തെ റിപ്പോര്‍ട്ടില്‍ സാമ്പത്തിക മുന്നേറ്റത്തില്‍ ഇന്ത്യ, ചൈനയുടെ മുമ്പിലുമായിരുന്നു. ഇന്ത്യക്കാരും ചൈനാക്കാരും സഹോദരന്മാരെന്ന അര്‍ത്ഥമുള്ള ‘ഹിന്ദി ചീനി ഭായി ഭായി’ എന്ന നെഹ്‌റുവിന്റെ ഉദ്ധരണി പിന്നീട് വെറും പാഴ്!വാക്കുകളായി മാറുകയും ചെയ്തു.

ചൈനയും ഇന്ത്യയും 1962നു ശേഷം വീണ്ടും ഹിമാലയന്‍ രാജ്യമായ ഭൂട്ടാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നേര്‍ക്കുനേരെ പടയൊരുക്കങ്ങളുമായി നില്‍ക്കുന്നു. ചൈനീസ് സ്‌റ്റേറ്റിന്റെ ‘വാര്‍ത്താ മീഡിയ’ ഇന്ത്യയും ചൈനയും തമ്മിലൊരു ഏറ്റുമുട്ടലുണ്ടായാല്‍ 1962 യുദ്ധത്തേക്കാളും നഷ്ടം ഭവിക്കുമെന്ന് ഇന്ത്യയ്ക്ക് താക്കിത് കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രീ അരുണ്‍ ജെയ്റ്റിലി ചൈനയുടെ ഈ അവകാശത്തിനു തക്ക മറുപടി കൊടുത്തു. ‘2017ലെ ഇന്ത്യ 1962 ഇന്ത്യയേക്കാള്‍ വ്യത്യസ്തമെന്നും ഏഷ്യയുടെ നിയന്ത്രണം ചൈനയുടെ അധീനതയിലല്ലെന്നും ഓര്‍മ്മിപ്പിച്ചു.

a1 (3)ചൈനയോട് കൂട്ടുപിടിച്ച് പാക്കിസ്ഥാനും അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ തലങ്ങളില്‍ ഒച്ചപ്പാടുകളുണ്ടാവുമ്പോള്‍ ചൈന പാക്കിസ്ഥാനെയാണ് പിന്താങ്ങാറുള്ളത്. പാക്കിസ്ഥാന്റെ അധീനതയിലുള്ള കാശ്മീര്‍ അതിര്‍ത്തിയിലും ബെയ്ജിങ്ങിന് റോഡുകള്‍ പണിയാനുള്ള പദ്ധതികളുണ്ട്. കാശ്മീര്‍ പ്രശ്‌നത്തില്‍ ചൈന പാക്കിസ്ഥാനെ എക്കാലവും പിന്താങ്ങിക്കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. അത് ഈ ഭൂഖണ്ഡത്തില്‍ അസമാധാനം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനില്‍ റോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നത് ചൈനയുടെ കൊളോണിയല്‍ അഭിലാഷമെന്നും ഇന്ത്യ കരുതുന്നു. ഇന്ന് പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരിക ഘടനകളിലും ചൈനയുടെ സഹായം കൂടിയേതീരൂ.

a2 (2)ഇന്ത്യയുടെ ആഭ്യന്തര രംഗത്തും പ്രതിരോധ രംഗത്തും ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീക്ഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി ഇന്ത്യയുടേയും ചൈനയുടെയും അതിര്‍ത്തികളില്‍ ഒരു വെടി പോലും പൊട്ടിയില്ലെന്നുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും ശ്രദ്ധേയമാണ്. വ്യാവസായിക മേഖലയില്‍ ചൈന ഇന്ത്യയുടെ വലിയൊരു ബിസിനസ്സ് പങ്കാളിയുമാണ്. 165 ബില്യണ്‍ ഡോളര്‍ മൂലധനം ചൈന ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കാവശ്യമുള്ള വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈന ആറാമതായി നിലകൊള്ളുന്നു. ചൈനീസ് വ്യവസായികള്‍ ഇന്ത്യയും ആയി വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥിതിക്ക് ചൈന ഇന്ത്യയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറാവുകയില്ലെന്നും നിരീക്ഷകര്‍ ചിന്തിക്കുന്നു. ഇന്ത്യ അമേരിക്കയുമായി നല്ല അടുപ്പത്തിലാവുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദി അമേരിക്കയും തെക്കേ വിയറ്റ്‌നാമും ജപ്പാനുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം ചൈനയെയും ചൈനയുടെ വളര്‍ച്ചയെയും സംശയത്തോടെയാണ് നോക്കുന്നത്. എങ്കിലും ചൈനയുമായി ഒരു യുദ്ധം ഉണ്ടാവുകയാണെകില്‍ അമേരിക്കയും പടിഞ്ഞാറേ രാജ്യങ്ങളും നിഷ്പക്ഷമായി നില്‍ക്കാനേ സാധ്യതയുള്ളൂ. ഭൂട്ടാന്‍ പ്രദേശത്തുനിന്ന് ഇന്ത്യയും ചൈനയും പട്ടാളത്തെ പിന്‍വലിക്കുകയെന്നതാണ് ആ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗമെന്നും അന്തര്‍ദേശീയ നിരീക്ഷകര്‍ വിലയിരുത്തുന്നുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മില്‍ രണ്ടാമതൊരു യുദ്ധത്തിലേക്ക് വഴുതാനുള്ള സാധ്യത കാരണം രാജ്യം വളരെയധികം ജാഗ്രതയോടെയാണ് ചൈനയുടെ നീക്കങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള ഒരു യുദ്ധത്തിന് രണ്ടു രാജ്യങ്ങളും തയ്യാറാവുകയില്ല. കാരണം ഇരുരാജ്യങ്ങള്‍ക്കും അതു വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കും. എന്നിരിക്കലും ഇന്ത്യയുടെ പട്ടാളവും ആയുധങ്ങളും മിസൈലുകളും ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭൂപ്രദേശങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ഫ്രാന്‍സും ഇസ്രായേലും ഇന്ത്യയോടൊപ്പം ചൈനക്കെതിരായി പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും ഏറെയാണ്. ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങളുള്ള രാജ്യങ്ങളുമായി ഇന്ത്യ ഇന്ന് നല്ല മൈത്രിയിലുമാണ്. തായ്‌വാനിലെയും സൗത്ത് കൊറിയായിലെയും മിലിട്ടറിയും ചൈനയിലെയും നോര്‍ത്ത് കോറിയായിലെയും പട്ടാളത്തെ നേരിടാന്‍ വളരെയധികം ജാഗ്രതയായി തന്നെ നിലകൊള്ളുന്നു.

a1സാമ്പത്തികമായി കുതിച്ചു കയറുന്ന ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ ഇന്ന് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം മൂലം അതിഘോരമായി രണ്ടു രാജ്യങ്ങളും സാമ്പത്തികമായി തകരുകയും ചെയ്യും. അതുമൂലം വലിയ തോതിലുള്ള ഒരു യുദ്ധത്തില്‍നിന്നും ഇരു കൂട്ടരും പിന്മാറേണ്ടിയും വരും. യുദ്ധം തുടരുന്നുവെങ്കില്‍ അത് ഏഷ്യയിലെ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന ഒരു യുദ്ധമായി മാറും. ആയിരക്കണക്കിന് മനുഷ്യജീവിതങ്ങള്‍ ഇന്‍ഡോ പെസിഫിക്ക് തീരത്ത് പൊലിഞ്ഞുപോകും. ആഗോള സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം തന്നെ ഒരു തിരിച്ചടിയുമാകാം. ആര്‍ക്കും ഇന്ത്യ ചൈന യുദ്ധത്തില്‍ വിജയം അവകാശപ്പെടുവാനും സാധിക്കില്ല. രാജ്യം അരാജകത്വത്തില്‍ വഴുതുമ്പോള്‍ ജനം പ്രതികരിക്കുകയും ചെയ്യും. യുദ്ധത്തെ ജനങ്ങള്‍ എതിര്‍ക്കും. ചൈനയിലെ മീഡിയാകള്‍ക്ക് ആ രാജ്യത്തിലെ നിയമം അനുസരിച്ച് പരിമിതമായേ പ്രതികരിക്കാനും വാര്‍ത്തകള്‍ കൊടുക്കാനും സാധിക്കുള്ളൂ. എന്നിരുന്നാലും വിദേശത്ത് താമസിക്കുന്ന ചൈനാക്കാര്‍ യുദ്ധത്തിനെതിരെ പ്രതിക്ഷേധിക്കും. യുദ്ധം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് ഇരു രാജ്യങ്ങള്‍ക്കും ബോധ്യവുമുണ്ട്.

ഒരു യുദ്ധം സംഭവിക്കുകയാണെങ്കില്‍ ചൈനയുടെയും ഇന്ത്യയുടേയും സ്‌റ്റോക്ക് മാര്‍ക്കറ്റ് തകരും. അമേരിക്കന്‍ ഡോളറിന്റെയും സ്വര്‍ണത്തിന്റെയും വിലകൂടും. യൂറോപ്പിലും തായ്‌വാനിലും സൗത്ത് കൊറിയായിലും ഇസ്രായിലിലും യുദ്ധോപകരണങ്ങള്‍ക്ക് മാര്‍ക്കറ്റ് കൂടുന്നതുകൊണ്ട് അവരുടെ ഷെയര്‍ വില കൂടുകയും ചെയ്യും. അമേരിക്കയിലെയും ആസ്‌ട്രേലിയായിലെയും റിയല്‍ എസ്‌റ്റേറ്റുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പ്രവഹിക്കും. ഓയില്‍വില അനയിന്ത്രിതമായി വര്‍ദ്ധിക്കും. പെട്ടെന്ന് താഴുകയും ചെയ്യും. യുദ്ധംമൂലം ഏഷ്യയിലെ വ്യവസായങ്ങള്‍ മുഴുവനായി മന്ദീഭവിക്കുന്നതിനും കാരണമാകും.

zo9gddvഇന്ത്യയും ചൈനയും തമ്മില്‍ ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അമേരിക്കയും ജാഗരൂകമായിരിക്കേണ്ടതുണ്ട്. തായ്‌വാനെ ചൈന വന്‍കരയോട് ചേര്‍ക്കാന്‍ ചൈന ഉദ്യമിച്ചേക്കാം. വടക്കന്‍ കൊറിയാ തെക്കേ കൊറിയായെ ആക്രമിക്കാന്‍ ഒരുമ്പട്ടേക്കാം. ചൈനയുടെയും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സാറ്റലൈറ്റുകള്‍ വളരെ ശ്രദ്ധാപൂര്‍വം അമേരിക്കയ്ക്ക് വീക്ഷിക്കേണ്ടി വരും. അമേരിക്കയുടെ കപ്പലുകള്‍ യാത്രകള്‍ ചെയ്യുന്ന വഴികളും സുരക്ഷിതമാവാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരും. ഇന്ത്യന്‍ നേവിയോടും ചൈനീസ് നേവിയോടും യാദൃശ്ചികമായി ഏറ്റുമുട്ടേണ്ട സ്ഥിതിവിശേഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുകയും വേണം. യുദ്ധമുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യുണൈറ്റഡ് നാഷന്‍സ് അസംബ്ലി സമ്മേളിക്കാം. റഷ്യയും അമേരിക്കയും നിഷ്പക്ഷമായിരിക്കും. യുദ്ധത്തില്‍ പങ്കാളിയെങ്കില്‍ ചൈനയ്ക്ക് യൂഎന്നില്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ‘വീറ്റോ’ അധികാരവും ഉണ്ടായിരിക്കില്ല. അമേരിക്ക ഒരു പക്ഷെ യുദ്ധത്തില്‍ ഇടപെട്ടേക്കാം. തായ്‌വാനെ രക്ഷിക്കാന്‍ പുതിയതരം ആയുധങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്യും.

രണ്ടു രാജ്യങ്ങളും ആദ്യം ന്യൂക്ലിയര്‍ ആയുധം പ്രയോഗിക്കില്ലെന്നുള്ള നയമാണ് അവലംബിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒന്നേകാല്‍ ബില്യണ്‍ വീതം ജനസംഖ്യയുണ്ട്. അതുകൊണ്ടു ഒരു രാജ്യത്തെ പരിപൂര്‍ണ്ണമായി കീഴടക്കുക എന്നതും അസാധ്യമാണ്. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു രാജ്യങ്ങളിലും ഒരു തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഭൂപ്രകൃതി തടസമായതുകൊണ്ടു ഇരു രാജ്യങ്ങള്‍ക്കും ആയുധങ്ങളെത്തിക്കാനും പ്രയാസമാകും. ഭൂമി ശാസ്ത്രപരമായി കരവഴിയുള്ള യുദ്ധം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ചില താഴ്വരകളും കുന്നുകള്‍ കടക്കാനുള്ള ദുര്‍ഘട വഴികളുമുണ്ട്.യുദ്ധം കരവഴിയും ആകാശം വഴിയും സമുദ്രം വഴിയുമൊരുപോലെ സംഭവിക്കാം. ഇരുകൂട്ടരുടെയും വിമാനങ്ങള്‍ പരസ്പ്പരം മിസെയിലുകള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്യും.

സമുദ്രത്തിലെ യുദ്ധത്തില്‍ ഇന്ത്യ മുമ്പില്‍ നില്‍ക്കും. അത് ചൈനയുടെ സാമ്പത്തികം തകര്‍ക്കാന്‍ കാരണമാകും. യുദ്ധമുണ്ടായാല്‍ 1962ലെ യുദ്ധമായിരിക്കില്ല. രണ്ടു രാജ്യങ്ങള്‍ക്കും ശക്തമായ വൈമാനിക സേനയുണ്ട്. ചൈനീസ് എയര്‍ ഫോഴ്‌സ് പഞ്ചാബിന്റെ മുകളില്‍ക്കൂടി പറന്ന് ഹിമാചല്‍ പ്രദേശും, ഉത്തര്‍ഖണ്ഡും, അരുണാചല പ്രദേശവും ആക്രമിക്കും. ഇന്ത്യയുടെ അതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ ചൈനയ്ക്ക് ശക്തിയേറിയ ബാലിസ്റ്റിക്ക് മിസൈലും ഉണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ നന്നേ പാടുപെടേണ്ടി വരും. യൂറോപ്പും മിഡില്‍ ഈസ്റ്റും ആഫ്രിക്കയുമായുള്ള ചൈനയുടെ വ്യാവസായികകപ്പലുകളെ ഇന്ത്യയ്ക്ക് തടയാന്‍ സാധിക്കും. ഇന്ത്യ നടത്തുന്ന ബ്ലോക്കേടിനെ നേരിടാന്‍ ചൈനീസ് നേവി പ്രാപ്തമല്ല. ആയിരക്കണക്കിന് സ്ക്വയര്‍ മൈലുകള്‍ വിസ്തൃതിയില്‍ ഇന്ത്യ സമുദ്രം വ്യാപിച്ചു കിടക്കുന്നതുകൊണ്ട് നേവല്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നേട്ടങ്ങളുണ്ടാകാം.

super-sukhoi-1പ്രതിരോധത്തിന് ഇന്ത്യയുടെ എയര്‍ ഫോഴ്‌സും ചൈനയുടെ എയര്‍ ഫോഴ്‌സും തുല്യ ശക്തികളാണ്. ഇന്ത്യയുടെ മിഗ് 29, മിറാജ് 2000 യുദ്ധവിമാനങ്ങള്‍ ചൈനീസ് യുദ്ധ വിമാനങ്ങളെ നേരിടാന്‍ പ്രാപ്തവുമാണ്. പാക്കിസ്ഥാന്റെ അതിര്‍ത്തിയിലും ചൈനയുടെ അതിര്‍ത്തിയിലും ഒരേ സമയം യുദ്ധം ചെയ്യാനുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ആകാശ്‌റേന്‍ജ് മീഡിയം മിസൈലും രാജ്യത്തെ സുരക്ഷിതമാക്കുന്നു. ഇന്ത്യയുടെ എയര്‍ ഫോഴ്‌സ് ശക്തമാണെങ്കിലും ചൈനയുടെ ബാലിസ്റ്റിക്ക് മിസൈലിനെ തടയാനുള്ള കഴിവുകള്‍ ഇന്ത്യയ്ക്കില്ല. വടക്കേ ഇന്ത്യ മുഴുവന്‍ ചൈനയുടെ മിസൈലുകള്‍ നാശങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയുടെ മിസൈലുകള്‍ ന്യുക്ലിയര്‍ യുദ്ധങ്ങള്‍ക്ക് പര്യാപ്തമെങ്കിലും പരമ്പരാഗതമായ ഒരു യുദ്ധത്തിന് യോജിച്ചതായിരിക്കില്ല.

പ്രകൃതി രമണീയത നിറഞ്ഞ സുന്ദരമായ ഒരു ഭൂമി നമുക്കു ചുറ്റുമുള്ളപ്പോള്‍ നാം എന്തിന് നാശത്തിന്റെ വിത്തു പാകുന്ന ഒരു യുദ്ധത്തെ തീറ്റിപോറ്റി വളര്‍ത്തണം. മാതാപിതാക്കള്‍ മൂന്നു വയസുള്ള ഒരു കുട്ടിയുടെ കൈകളില്‍ കളിക്കാന്‍ കൊടുക്കുന്നതും കളിത്തോക്കാണ്. ആറു വയസുള്ളപ്പോള്‍ അവനെ ബോയ് സ്കൗട്ടില്‍ ചേര്‍ക്കുന്നു. മാര്‍ച്ചു ചെയ്യുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ നിഷ്കളങ്കരാണ്. അവര്‍ പട്ടാള വേഷം ധരിക്കുന്നു. ആയുധങ്ങള്‍ വഹിക്കുന്നു. പതിനെട്ടു വയസ്സാകുമ്പോള്‍ റിക്രൂട്ടര്‍ സ്കൂളില്‍ വരും. ഒരു പേനാ കൊണ്ട് ഒപ്പിടുവിക്കും. പിന്നീട് കൊല്ലും കൊലയുമായുള്ള ശോഭനമായ ഒരു ഭാവിയുടെ തുടക്കവും കുറിക്കും. മഞ്ഞു മലകളിലും ഇറാക്കിലും ഹിമാലയത്തിലും പീഠഭൂമികളിലും അവന്‍ പോരാടും. പിന്നീടുള്ള ജീവിതത്തില്‍ വീര സാഹസികതയ്ക്കുള്ള പരമ ചക്രംപോലുള്ള മെഡലുകള്‍ വാരിക്കൂട്ടുന്നു. യുദ്ധക്കളത്തില്‍ നിന്നും വീരമൃത്യുയടഞ്ഞ ശവശരീരങ്ങള്‍ രക്തക്കറകള്‍ നിറഞ്ഞ ദേശീയ പതാകയില്‍ പൊതിഞ്ഞ് കേഴുന്ന മാതാപിതാക്കളുടെ മുമ്പില്‍ രാഷ്ട്രം സമര്‍പ്പിക്കുകയും നമിക്കുകയും ചെയ്യും. നശീകരണങ്ങളായ ന്യുക്ലിയറായുധങ്ങള്‍ മനുഷ്യര്‍ ശേഖരിക്കുന്നതെന്തിന്?യുദ്ധം നമുക്കു വേണ്ട. അത് മാനവ രാശിയെ നശിപ്പിക്കും. യുദ്ധമെന്നുള്ളത് രാഷ്ട്രീയക്കാരന്റെ ചട്ടുകമാണ്. നാം അതിനെ ത്യജിക്കണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top