Flash News

താര സായിപ്പന്മാരും, ചാനല്‍ സാറാമാരും (പ്രതികരണം)

August 6, 2017 , ജയന്‍ വര്‍ഗീസ്

thara size

തായിപ്പു തമ്പിരാന്‍
താഴത്ത് ചെന്നപ്പോ
താറ തലാം കൊടുത്തേ താരാ,
താറ തലാം കൊടുത്തേ!

മോട്ടോറു വണ്ടീടെ
ശീറ്റല് കേട്ടപ്പോ
താറാ നിലവിളിച്ചേ താരാ,
താറാ നിലവിളിച്ച!

കോണ്‍ക്രീറ്റ് കാടുകള്‍ നെല്‍വയലുകളെ കീഴടക്കുന്നതിന് മുന്‍പ്, പാടത്ത് ഞാറുനടുന്ന പെണ്ണാളുകള്‍ താളത്തില്‍ പാടിയിരുന്ന ഒരു നാടന്‍ പാട്ടാണിത്.

കഥ ബ്രിട്ടീഷുകാരന്റെ കാലത്തു തന്നെ. തന്റെ എസ്‌റേറ്റിലേക്കു പതിവായി മോട്ടോര്‍ സൈക്കിളില്‍ പോയിരുന്ന ഒരു സായിപ്പിനെ, ‘സലാം’ കൊടുത്ത് തന്റെ കുടിലില്‍ സ്വീകരിച്ച പാവപ്പെട്ട സാറയുടെ കഥയാണ് പാട്ടിലുള്ളത്. സാറ കൊടുത്ത സലാമില്‍ ആകൃഷ്ടനായി സായിപ്പ് സാറയുടെ കുടിലില്‍ എത്തുകയും, വിലപ്പെട്ട ‘സലാമിന്’ പകരമായി കനപ്പെട്ട എന്തോ ഒന്ന് സമ്മാനിക്കുകയും ചെയ്തിരിക്കാം. കഥ അവിടം കൊണ്ടവസാനിച്ചിരുന്നെങ്കില്‍, ഞാനുള്‍പ്പടെ ആരും ഇതറിയുകയോ, പാടത്ത് ഞാറുനടുന്ന പെണ്ണുങ്ങള്‍ ഇത് പാടിനടക്കുകയോ ചെയ്യില്ലായിരുന്നു. തിരിച്ചു പോകാനായി സായിപ്പ് തന്റെ മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്തു ചീറ്റിക്കുന്‌പോള്‍, ആ ‘ശീറ്റലില്‍’ പേടിച്ചരണ്ട സാറ വലിയവായിലേ നിലവിളിച്ചു പോയീ പോല്‍? സാറയുടെ നിലവിളി കേട്ടെത്തിയവര്‍ കാര്യമറിഞ്ഞു കണ്ണിറുക്കുകയും, കഥ നാട്ടില്‍ പാട്ടാവുകയും ചെയ്തുവത്രേ?

തറവേലക്കാരായ സിനിമാ താരങ്ങളെയും, അവരുടെ ആശ്രിതരെയും, അമാനുഷിക അവതാരങ്ങളായി അവതരിപ്പിച്ചുകൊണ്ട്, അവരുടെ കാലുനക്കി നടന്ന നമ്മുടെ ചാനലുകള്‍, ‘അബദ്ധായി’ എന്ന ഭാവത്തോടെ ‘അണ്ടികളഞ്ഞ അണ്ണാന്മാരെപ്പോലെ’ ഇന്നവരെ തെറി വിളിക്കുന്നത് കാണുന്‌പോള്‍, പാവം നമ്മുടെ സാറക്ക് പറ്റിയ അബദ്ധം വെറുതേ ഓര്‍ത്തു പോവുകയാണ്!

റോഡിലൂടെ വെറുതേ മോട്ടോര്‍ സൈക്കിളില്‍ പോയ സായിപ്പിനെ നാടന്‍പെണ്ണായ സാറക്ക് കണ്ടില്ലന്നു നടിക്കാമായിരുന്നു. അഥവാ കണ്ടാല്‍ത്തന്നെ തനി സായിപ്പന്‍ രീതിയില്‍ ഒരു ‘സലാം’ കൊടുക്കാതിരിക്കാമായിരുന്നു? താറയുടെ ‘തലാം’ സായിപ്പ് സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ സാറയുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോയി. കുടിലിലേക്ക് കുനിഞ്ഞുവന്ന സായിപ്പിനോട് വേണ്ടാന്ന് പറയാനാകുമോ സാറക്ക് ? പോകാന്‍നേരം മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി റെയ്‌സ് ചെയ്യുന്‌പോള്‍, ചീറുന്ന എന്‍ജിന്‍ ‘പട,പട,പട’ എന്ന് വെടിപടഹം മുഴക്കുന്‌പോള്‍ പാവം സാറക്ക് പേടിച്ചു നിലവിളിക്കാനല്ലേ കഴിയൂ?

മലയാളത്തിലെ മോന്തകാട്ടികളുടെ യഥാര്‍ത്ഥ താവളം ഈ ചാനല്‍ മുഖങ്ങളാണ്. ചാനലിലൂടെ ഒന്ന് മോന്ത കാട്ടിയാല്‍ ജീവിത സാഫല്യമായി എന്ന് കരുതുന്ന വിഡ്ഢിയാന്മാരുടെ ഒരു വലിയ കൂട്ടമുണ്ട് കേരളത്തില്‍. നൂറുകഴിഞ്ഞ പടുകിഴവന്മാര്‍ വരെ തങ്ങളുടെ മോന്ത ചാനലില്‍ ഒന്ന് കാട്ടാന്‍ പെടുന്ന പാട് കണ്ടാല്‍ ചിലരെങ്കിലും ഊറിച്ചിരിച്ചു പോകും. അതിനെല്ലാം അവര്‍ കൂട്ട് പിടിക്കുന്നത് ചാനല്‍ക്കുട്ടന്മ്മാരായ സിനിമാക്കാരെയാണ്. അവരുടെ കൂടെ നിന്ന് ഒന്ന് മോന്ത കാട്ടുവാന്‍ വേണ്ടി തങ്ങളുടെ വിലയും, നിലയും വരെ ഇവര്‍ കളഞ്ഞുകുളിക്കുന്നു.

സെലിബ്രിറ്റികള്‍ക്ക് അവസരം കൊടുക്കുകയാണ് എന്ന ന്യായം ചാനലുകാര്‍ക്ക് പറയാനുണ്ടാവും. ഏതൊരു സെലിബ്രിറ്റിയും ഒരു വെറും മനുഷ്യനാണ് എന്ന സത്യം ഏവരും മനസ്സിലാക്കണം .നമ്മളെപ്പോലെ ഉണ്ണുകയും, ഉറങ്ങുകയും, തൂറുകയും, ഇണചേരുകയും ഒക്കെ ചെയ്യുന്ന വെറും മനുഷ്യര്‍. എത്ര ഉയരത്തില്‍ പറന്നാലും കാല് നിലത്ത് മണ്ണില്‍ക്കുത്തിയെ നില്‍ക്കൂ എന്ന് ഏതൊരു സെലിബ്രിറ്റിയും മനസ്സിലാക്കിയിരിക്കുന്നത് നന്ന്!.
.
,ഒരിക്കല്‍ ആള്‍ദൈവങ്ങളാക്കി എഴുന്നള്ളിച്ചുകൊണ്ട് നടന്നവര്‍ ഒരു കുഴിയില്‍ വീഴുന്‌പോള്‍ അവരുടെ തലയില്‍ കല്ലെടുത്തിടുന്നത് നല്ല സംസ്ക്കാരമല്ല. ആര്‍ക്കും വലിഞ്ഞു കയറാന്‍ പാകത്തിന് തങ്ങളുടെ മസ്തകം താഴ്ത്തിക്കൊടുക്കുന്‌പോള്‍ ഓര്‍ക്കാമായിരുന്നു?വെറുതേ വഴിയേപോയ സായിപ്പിനെ സലാം കൊടുത്ത് കുടിലിലേക്ക് വിളിച്ചു കയറ്റുന്‌പോള്‍ നമ്മുടെ സാറാ ഓര്‍ക്കാതെ പോയതും ഈ പരിണാമമാണ്.

തങ്ങള്‍ വലിയ സദാചാര സംരക്ഷകരും, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ആണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചാനലുകളുടെ ആത്യന്തിക ലക്ഷ്യം. അതവരുടെ ബിസിനസ്സിന്റെ ഭാഗമാണ് എന്ന് സമ്മതിച്ചാല്‍ത്തന്നെയും, ഇപ്പോഴത്തെ ഈ കൂട്ടക്കരച്ചില്‍ സ്വയം കൃതാനര്‍ഥത്തില്‍ പേടിച്ചു കരഞ്ഞുപോയ നമ്മുടെ സാറയുടെ കരച്ചില്‍ പോലെയേ ആകുന്നുള്ളു എന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

നിഷ്പക്ഷമത്തിയും, മൂല്യാവബോധവുമുള്ള ഒരു പ്രേക്ഷകന് ഈ ചാനലുകള്‍ സമ്മാനിക്കുന്നത് അയഥാര്‍ത്ഥപരവും, ഊതിവീര്‍പ്പിച്ചതുമായ ഏതോ സാമൂഹ്യാവസ്ഥയുടെ പരിച്ഛേദങ്ങളാണ്. അടിപൊളിയുടെ കൊടിപ്പടത്തിനടിയില്‍ അണിനിരക്കുന്ന ഒരു കൂട്ടം അവതാരകര്‍, മനുഷ്യാവസ്ഥയുടെ യഥാതഥങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞു, വേദനകളും, ദുരിതങ്ങളും ഇല്ലാത്തതും, അടിച്ചും, പൊളിച്ചും, അര്‍മ്മാദിച്ചും കാലം കഴിക്കുന്നതുമായ ഒരുകൂട്ടം സുഖലോലുപന്മാരുടെ തറവാടാണ് കേരളം എന്ന മാനസികാവസ്ഥ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിടുപണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ലിപ് സ്റ്റിക്കിലും ഫേഷ്യല്‍ ക്രീമുകളിലും മുഖം പൊതിഞ്ഞുവച്ചു കൊണ്ട്, സ്വര്‍ണ്ണത്തമ്പുരാക്കന്മാരുടെ പ്രദര്‍ശനക്കോലുകളായും, വസ്ത്രമുതലാളിമാരുടെ ഷോവിങ് ബൊമ്മകളായും പ്രത്യക്ഷപ്പെട്ട് , മനുഷ്യന്റെ മോഹഭംഗങ്ങളുടെ വയലേലകളില്‍ കൊയ്ത്തു നടത്തി സന്പാദിക്കുന്ന ഈ ചാനല്‍ ജീവികള്‍ എന്ത് തരം സാമൂഹ്യ പരിഷ്ക്കരണമാണ് നടപ്പിലാക്കുന്നതെന്നു എത്ര ആലോചിച്ചട്ടും മനസ്സിലാവുന്നില്ല?

അരദിവസത്തോളം അടിച്ചെടുക്കുന്ന അടിപൊളി സീരിയലുകളില്‍ മുക്കാല്‍ പങ്കും വിഷയമാക്കുന്നത് അവിഹിത ഗര്‍ഭമാണ്. ഒരുത്തനെ പ്രേമിക്കുന്നു, മറ്റൊരുത്തനെ വിവാഹം കഴിക്കുന്നു, രഹസ്യകാരന്റെ കൂടെ ജീവിക്കുന്നു, സീരിയലിന്റെ പേര് പതിവ്രത? ഇതിനെ ചുറ്റിപ്പറ്റി വാല്‍സ്യായന കാമശാസ്ത്രത്തെ പിന്നിലാക്കുന്ന കുറെ ഷോട്ടുകള്‍. ഈ ഷോട്ടുകളിലെ സമൃദ്ധമായ കുലുക്കിന്റെ താളബോധം, പരുക്കന്‍ യാഥാര്‍ഥ്യങ്ങളുടെ പാഠശാലയായ ജീവിതത്തില്‍ നിന്ന് പ്രേക്ഷകനെ പറിച്ചെടുത്ത്, മോഹഭംഗങ്ങളുടെ മുള്‍ക്കിരീടം ചാര്‍ത്തിപ്പിച്, അനിവാര്യമായ ആത്മഹത്യാ മുനന്പില്‍ അടുത്ത ഊഴക്കാരനാക്കുന്നു!

സ്ഥിരം പാട്ടുപരിപാടികളില്‍ പ്രക്ത്യക്ഷപ്പെടുന്ന ചില കുട്ടന്മാര്‍ ‘മൈഥുനം പാതി ദര്‍ശനം’ എന്ന പരുവത്തിലാണ് മറ്റുള്ളവരെ നോക്കുന്നത്. കണ്ണുകൊണ്ടും ഇത് സാധിക്കാം എന്ന നിലയിലാണ് പ്രമുഖരായ ചില അവതാരകരുടെ ഭാവം.

കോമഡിയാണ് മറ്റൊരു പ്രധാന വധം. ചിരിപ്പിക്കാനല്ല, ഇളിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ അടിച്ചുവിടുന്ന വളിപ്പുകള്‍, ‘മാവേലിനാടിന്‍ മധുര സ്വപ്‌നങ്ങള്‍’ വിരിഞ്ഞു നില്‍ക്കുന്ന നാടിനെ താറടിക്കുകയാണ്. ഏതു കോപ്രായവും, കോമാളിത്തരവും കോമഡിയാണത്രെ? ജീവിതത്തിന്റെ സ്ഥായീഭാവം സീരിയസ്‌നെസ് ആണെന്ന് തിരിച്ചറിയാത്ത ഈ ചാനല്‍ ഇളിപ്പുകാര്‍, മനുഷ്യ ബന്ധങ്ങളുടെ കടക്കല്‍ കത്തി വയ് ക്കുകയും , സാമൂഹ്യ കെട്ടുപാടുകളുടെ ചരടുകള്‍ അറുത്തു, ഒറ്റപ്പെടലിന്റെ തുരുത്തുകളില്‍ മനുഷ്യനെ തളച്ചിടുന്നതിലൂടെ, ആത്മഹത്യയുടെ അവസാന മുനന്പിലേക്കാണ് അവനെ ആട്ടിത്തെളിക്കുന്നതെന്ന് അവര്‍ പോലുമറിയുന്നില്ല!

പരസ്യങ്ങള്‍! പരസ്യങ്ങളുടെ പ്രളയമാണ്. പേ പിടിച്ച നായകളെപ്പോലെ അവ കുരച്ചു ചാടുകയാണ്. സ്വര്‍ണ്ണവസ്ത്രവജ്ര മാഫിയകള്‍ക്ക് തങ്ങളുടെ പൃഷ്ഠം ഉരക്കാനുള്ള പ്രതലമായി മാറുകയാണ് ചാനല്‍മുഖം, സിനിമാസീരിയല്‍ രംഗങ്ങളിലെ താര പ്രഭയുടെ, സഹായത്തോടെ ജ്യോതിഷത്തെയും, മന്ത്രവാദത്തെയും വരെ കൂട്ട് പിടിച്ചു അവര്‍ തങ്ങളുടെ ചരക്കുകള്‍ വിറ്റഴിക്കുന്നു.

കറിപൗഡറുകളുടെ പരസ്യത്തില്‍ വരുന്ന ഒരാള്‍ കറിപ്പാത്രത്തില്‍ കയ്യിട്ടു നക്കുന്നു! മലയാളിയുടെ തനി സ്വഭാവം മറ്റു നാട്ടുകാരെകൂടെ അറിയിച്ചേ അടങ്ങൂ എന്നാണു വാശി! ആയുര്‍വേദത്തെ കൂട്ടുപിടിച്ചു വിറ്റഴിക്കുന്ന പ്രൊഡക്ടുകള്‍ നിരവധി. ചുക്കും, കുരുമുളകും, തിപ്പലിയും പൊടിച്ചെടുത്ത് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ഏതു ശ്വാസകാസ രോഗത്തിനും അത് ആശ്വാസം നല്‍കും എന്ന സത്യം ഏതൊരു നാട്ടിന്‍പുറം മുത്തശ്ശിക്കും അറിയാമെന്നിരിക്കെ, അത് നൂറ്റാണ്ടുകളുടെ ഗവേഷണ ഫലമാണെന്നാണ് ഒരു മെഗാ സ്റ്റാറിന്റെ സാക്ഷ്യം!

മനുഷ്യനുണ്ടായ കാലം മുതല്‍ അവനോടൊപ്പം നില നില്‍ക്കുന്നതും, ചിലതെങ്കിലും അവന്റെ നില നില്‍പ്പിന് അനിവാര്യമായതുമായ ബാക്ടീരിയകളെ സമൂലം തുരത്താന്‍ ഒരു പുതിയ വില്ലന്‍ ഇറങ്ങിയിരിക്കുന്നുവത്രെ! ഒരു മിസ്റ്റര്‍ സൈക്‌ളോസ്റ്റാന്‍! സൗന്ദര്യ സോപ്പുകളുടെയും, നരയെണ്ണകളുടെയും പരസ്യങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെ.പല്ലു വെളുപ്പിക്കാനും, കല്യാണം കഴിപ്പിക്കാനും പ്രൊഡക്ടുകളുണ്ട്. ഭാവിയില്‍ വല്യ ആളായിത്തീരാന്‍ അയഡിന്‍ ഉപ്പ് കഴിക്കണം പോലും!

പരസ്യങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുവാന്‍ ഈ അയഡിന്‍ ഉപ്പിനെ മാത്രം എടുക്കുന്നു. ഗെയിറ്റര്‍ എന്നറിയപ്പെടുന്ന തൊണ്ട വീക്കത്തെ തടയാനാണ് അയഡിന്‍ കഴിക്കുന്നത്. ലോക ജന സംഖയ്യില്‍ രണ്ടു ശതമാനത്തോളം പേര്‍ക്ക് ഗോയിറ്റര്‍ ഉണ്ടെന്നു കണ്ടു പിടിച്ചതിനെത്തുടര്‍ന്നാണ് ലോക വ്യാപകമായി അയഡിന്‍ ഉപ്പില്‍ കലര്‍ത്തി വില്‍ക്കാന്‍ തുടങ്ങിയത്. ഗോയിറ്റര്‍ ബാധിക്കാത്ത തൊണ്ണൂറ്റി എട്ടിലധികം ശതമാനം ആളുകള്‍ യാതൊരാവശ്യവുമില്ലാതെ അയഡിന്‍ ഉപയോഗിക്കുകയാണ്. ഇതുമൂലം അവരുടെ ശരീരത്തിലെ നൈസര്‍ഗ്ഗിക അയഡിന്‍ ഉല്‍പ്പാദക സ്രോതസ്സുകള്‍ ഉറങ്ങുകയും, അതുവരെ ഇല്ലാതിരുന്ന ഗോയിറ്റര്‍ വിളിച്ചു വരുത്തുന്നതിനുള്ള സാഹചര്യം ഉളവാക്കുകയും ചെയ്യുന്നു. ഫലത്തില്‍ ഈ വസ്തു വിപരീത ഫലമാണുളവാക്കുന്നത്.( പ്രകൃതി ചികിത്സാ ആചാര്യനും എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന ശ്രീ സി,ആര്‍, ആര്‍ വര്‍മ്മയോട് കടപ്പാട്).

കൂടുതല്‍ വിവരിക്കുന്നില്ല.അടിക്കാനും,പൊളിക്കാനുമുള്ള ഒരാഘോഷമാണ് ജീവിതം എന്ന് വരുത്തിത്തീര്‍ക്കുകയും, അതിനുള്ള ആശയങ്ങളും, ചരക്കുകളും ആവോളം വിറ്റഴിക്കുകയും, ആള്‍ദൈവങ്ങള്‍ക്കു ആമ്മേന്‍ പാടുന്ന കപട സദാചാരം വളര്‍ത്തിയെടുക്കുകയും ചെയ്ത ചാനലുകള്‍ ‘ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തോടെയാണ് ഇപ്പോള്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.

ഒന്നേ പറയാനുള്ളു. മുതലക്കണ്ണീര്‍ ഒഴുക്കി ഞങ്ങളെ വിഡ്ഢികളാകരുതേയെന്ന്. ജാഡകളാണ് ജീവിതം എന്ന് വരുത്തിത്തീര്‍ത്തൂകൊണ്ട്, വെറുതേ ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി അത്താഴമില്ലന്ന് പറയരുതേയെന്ന്. വഴിയേ പോയ സായിപ്പിനെ സലാം കൊടുത്ത് വിളിച്ചു വരുത്തിയിട്ട്, അവന്റെ മോട്ടോര്‍ സൈക്കിള്‍ ചീറുന്‌പോള്‍ പേടിച്ചരണ്ട് നിലവിളിക്കരുതേയെന്ന് ?

കലയും, സാഹിത്യവും ജനകീയമാവുകയും, അതിന്റെ സന്ദേശവും,സൗരഭ്യവും ഉള്‍ക്കൊണ്ട് ജനതയ്ക്ക് മാനസിക വളര്‍ച്ച നേടാനാവുകയും ചെയ്യുന്‌പോള്‍ മാത്രമേ ഒരു നാട് വികസിക്കുകയുള്ളു. ആദര്‍ശ വിശുദ്ധിയോ, സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു വലിയ കൂട്ടം മിനി സ്ക്രീനിലും, മെഗാ സ്ക്രീനിലും പറ്റിപ്പിടിച്ചിരുന്ന് കുളയട്ടയേപ്പോലെ സമൂഹത്തിന്റെ ചോര വലിച്ചു കുടിക്കുന്നതിന്റെ അനേക പാര്‍ശ്വഫലങ്ങളില്‍ ചിലതു മാത്രമാണ് ആത്മഹത്യ ചെയ്യുന്ന ആയിരങ്ങള്‍, കാണാതാവുന്ന പതിനായിരങ്ങള്‍, തിരിച്ചറിയാനാവാത്ത അജ്ഞാത ജഡങ്ങളുടെ അനേക ശതങ്ങള്‍. എന്നിട്ട് ഇതിന്റെയൊക്കെ ഉപജ്ഞാതാക്കളുടെ വഹ കുറെ മുതലക്കണ്ണീരും?

തായിപ്പു തമ്പിരാന്‍ താഴത്ത് വന്നപ്പം,
താറ തലാം കൊടുത്തേ, താരാ,
മോട്ടോറു വണ്ടീടെ ശീറ്റല് കേട്ടപ്പം,
താറാ നിലവിളിച്ചേ, താരാ,………?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top